Saturday, December 24, 2011

തിരുകേശപ്പള്ളിയുമായി കാന്തപുരം മുന്നോട്ട്


Published on Fri, 12/23/2011 

കോഴിക്കോട്: തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഇടവേളയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ 40 കോടിയുടെ ശഅ്റെ മുബാറക് മസ്ജിദ് നിര്‍മാണവുമായി മുന്നോട്ട്. ജനുവരി 30ന് കാരന്തൂര്‍ മര്‍കസില്‍ പള്ളിയുടെ ശിലാസ്ഥാപനം നടക്കും.
പ്രവാചകന്‍െറ തിരുകേശം മര്‍കസിന് നല്‍കി എന്ന് പറയപ്പെടുന്ന യു.എ.ഇയിലെ ഡോ. അഹ്മദ് ഖസ്റജി, മര്‍കസിന് ആദ്യം ‘പ്രവാചകകേശം’ നല്‍കിയ ഇഖ്ബാല്‍ ജാലാവാല (മുംബൈ), അബ്ബാസ് മാലികി (മക്ക) തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ശിലാസ്ഥാപനം നടത്തുക. അതേസമയം, ശിലയിടുന്ന പള്ളി എവിടെയാണ് നിര്‍മിക്കുകയെന്ന് ഇതുവരെ മര്‍കസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ശിലാസ്ഥാപനചടങ്ങില്‍പോലും പള്ളി എവിടെ പണിയുമെന്ന് പ്രഖ്യാപിക്കില്ളെന്നാണ് സൂചന.
കഴിഞ്ഞദിവസം മര്‍കസില്‍ നടന്ന ശഅ്റെ മുബാറക് സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ ഇതുസംബന്ധിച്ച് സൂചനപോലും നല്‍കിയില്ല. 1433 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. വിവാദങ്ങള്‍ ഇനിയും കത്തിപ്പടരാതിരിക്കാന്‍ കരുതലോടെയാണ് നീക്കം. ശഅ്റെ മുബാറക് സംബന്ധമായ പ്രസിദ്ധീകരണങ്ങള്‍, സീഡികള്‍, ദൃശ്യ-ശ്രാവ്യ മാധ്യമരേഖകള്‍ തുടങ്ങിയവ മര്‍കസ് പി.ആര്‍ വിഭാഗത്തിന്‍െറ അനുമതി ഇല്ലാതെയും മര്‍കസ് അധികൃതരെ ബോധ്യപ്പെടുത്താതെയും പുറത്തിറക്കരുതെന്ന് കഴിഞ്ഞദിവസം കാന്തപുരം സുന്നി വിഭാഗത്തിന്‍െറ മുഖപത്രത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.
കിനാലൂരിനടുത്ത് 400 ഏക്കര്‍ സ്ഥലത്ത് പള്ളിയും ടൗണ്‍ഷിപ്പും നോളജ് സിറ്റിയും നിര്‍മിക്കാനായിരുന്നു ആദ്യ തീരുമാനം, പദ്ധതിയുടെ രൂപരേഖ പരസ്യപ്പെടുത്തിയതോടെ ഇതിനുപിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്ന ആരോപണമുയര്‍ന്നു. തിരുകേശവിവാദം ഒരുഭാഗത്ത് ചൂടുപിടിച്ചപ്പോള്‍ പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന ആരോപണം കാന്തപുരത്തെ വെട്ടിലാക്കി. 40 കോടിയുടെ എയര്‍കണ്ടീഷന്‍ ചെയ്ത പള്ളിയാണ് വരുന്നത് എന്നുവരെ പ്രചാരണമുണ്ടായി. ഇതെല്ലാം നിഷേധിച്ച്, പള്ളി പണിയാന്‍ മാത്രമേ തങ്ങളുദ്ദേശിച്ചിട്ടുള്ളൂ എന്ന് കാന്തപുരം വ്യക്തമാക്കി.
പള്ളി നിര്‍മാണത്തിനുള്ള 40 കോടി കണ്ടെത്താന്‍ നാലു ലക്ഷം പേരില്‍നിന്ന് 1000 രൂപ വീതം സ്വരൂപിച്ചുതുടങ്ങിയിരുന്നു. ഏപ്രില്‍ മാസം ആരംഭിക്കാന്‍ പോകുന്ന കാന്തപുരത്തിന്‍െറ കേരളയാത്രയില്‍ ശഅ്റെ മുബാറക് മസ്ജിദിനുവേണ്ടിയുള്ള സംഭാവന കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, കാന്തപുരം പള്ളി നിര്‍മാണത്തിനൊരുങ്ങുമ്പോള്‍ കടുത്ത എതിര്‍പ്പുമായി വീണ്ടും രംഗത്തുവരാന്‍ പോവുകയാണ് എസ്.കെ.എസ്.എസ്.എഫ്. ജനുവരി ഒന്നിന് കോഴിക്കോട്ട് തിരുകേശപ്പള്ളി നിര്‍മാണത്തിനെതിരെ സമസ്ത പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ പ്രവാചകനിന്ദക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭ സമിതി രൂപവത്കരിച്ചിരുന്നു. പള്ളിനിര്‍മാണത്തെക്കുറിച്ച് കാന്തപുരം മൗനംപാലിച്ചതോടെ പ്രക്ഷോഭസമിതി നിര്‍ജീവമായി. പുതിയ സാഹചര്യത്തില്‍ സമിതി ഊര്‍ജിതമാക്കാനാണ് നീക്കം. തിരുകേശത്തെ ന്യായീകരിക്കാന്‍ തയാറാക്കിയ പുസ്തകത്തില്‍ പ്രവാചകന്‍െറ ചരിത്രം വളച്ചൊടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിനിറങ്ങുന്നത്.

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More