FAQ

മുടി പ്രവാചകന്റേതാണെന്ന്‌ ഉറപ്പുണ്ടെങ്കില്‍?

പ്രവാചകകേശത്തെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളില്‍ മിക്കപ്പോഴും അതിന്റെ ആധികാരികത മാത്രമാണ്‌ ചര്‍ച്ചയാവുന്നത്‌. ആ മുടി പ്രവാചകന്റേതാണെന്നതിന്‌ തെളിവില്ല എന്ന രൂപത്തില്‍. എന്നാല്‍, അത്‌ പ്രവാചകന്റേതാണ്‌ എന്ന്‌ ഉറപ്പാണെങ്കില്‍ അതുമുഖേന ബര്‍കത്തെടുക്കുന്നതിന്‌ വിലക്കുണ്ടോ? നബിയുടെ ഉമിനീരും മറ്റും പലപ്പോഴും പല നിലയ്‌ക്കുള്ള ബര്‍കത്തുകള്‍ക്ക്‌ ഹേതുവായിട്ടുള്ളത്‌ ഹദീസുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.
അമീന്‍ ചേന്നര, തിരൂര്‍
.ഇത്‌ സംബന്ധമായി വിശദമായ ലേഖനങ്ങള്‍ ഇതിനകം ശബാബില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. രണ്ടു കാര്യങ്ങള്‍ മാത്രമേ ഈ വിഷയകമായി ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ഒന്ന്‌, അല്ലാഹുവിന്‌ മാത്രമേ ബര്‍കത്ത്‌ അഥവാ അനുഗ്രഹം നല്‌കാന്‍ കഴിവുള്ളൂ. മറ്റുള്ളവര്‍ക്കോ മറ്റു വസ്‌തുക്കള്‍ക്കോ `അനുഗ്രഹദാതാവ്‌' ആകാന്‍ കഴിയില്ല. അത്തഹിയ്യാത്തിന്നു ശേഷമുള്ള സ്വലാത്തില്‍ നമ്മളൊക്കെ ചൊല്ലുന്നത്‌ അല്ലാഹുമ്മ ബാരിക്‌ അലാമുഹമ്മദ്‌ (അല്ലാഹുവേ, മുഹമ്മദ്‌ നബിയുടെ മേല്‍ നീ അനുഗ്രഹം ചൊരിയണമേ) എന്നാണല്ലോ നബി(സ)ക്കോ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ സ്വന്തം നിലയില്‍ ബര്‍കത്ത്‌ നല്‌കാനുള്ള കഴിവുണ്ടെങ്കില്‍ ഇങ്ങനെ പ്രാര്‍ഥിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലാഹു ഇഷ്‌ടപ്പെടുന്ന ഏത്‌ കാര്യം മുഖേനയും അവന്റെ അനുഗ്രഹം നമുക്ക്‌ ലഭിച്ചേക്കാം. അതിനായി അവനോട്‌ പ്രാര്‍ഥിക്കുകയും ചെയ്യാം. നബി(സ)യെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതമാതൃക പിന്തുടരുന്നതും അല്ലാഹു ഇഷ്‌ടപ്പെടുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നു. അതിനാല്‍ അത്‌ മുഖേന അല്ലാഹുവിന്റെ ബര്‍കത്ത്‌ നമുക്ക്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. നബി(സ)യെ സ്‌നേഹിക്കേണ്ടത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രാമാണികമായ ഹദീസുകളും ഉണ്ട്‌. അതിലൊന്നും അദ്ദേഹത്തിന്റെ മുടിയിട്ട വെള്ളം കുടിക്കുകയോ ശരീരത്തില്‍ പുരട്ടുകയോ ചെയ്‌തുകൊണ്ടാണ്‌ സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന്‌ പറഞ്ഞിട്ടില്ല.
നബി(സ)യെ സ്വന്തത്തേക്കാളേറെ സ്‌നേഹിച്ചവരായിരുന്നു സ്വഹാബികള്‍; വിശിഷ്യാ സച്ചരിതരായ ഖലീഫമാര്‍. അവരാരും അദ്ദേഹത്തിന്റെ മുടിയിഴകളെ സ്‌നേഹപ്രകടനത്തിനുള്ള ഉപാധിയോ ഉപകരണമോ വരുമാനമാര്‍ഗമോ ആക്കിയിട്ടില്ല. അവരാരും മുടിപ്പള്ളികള്‍ ഉണ്ടാക്കിയിട്ടില്ല. നബി(സ) ധാരാളമായി നമസ്‌കരിച്ച മക്കയിലെ മസ്‌ജിദുല്‍ ഹറമിലോ മദീനയിലെ മസ്‌ജിദുന്നബവിയിലോ മഹാന്മാരായ ഖലീഫമാര്‍ ഒരിക്കലും തിരുകേശം പ്രതിഷ്‌ഠിച്ചിട്ടില്ല. ഹജ്ജിനും ഉംറയ്‌ക്കും സിയാറത്തിനും വരുന്ന ദശലക്ഷക്കണക്കിലാളുകള്‍ക്ക്‌ ഓരോ മുടിവെള്ളക്കുപ്പി വില്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നെങ്കില്‍ ഭരണാധികാരികള്‍ക്കും ഇമാമുകള്‍ക്കും കോടാനുകോടി ദിര്‍ഹമുകളും ദീനാറുകളും സമ്പാദിക്കാമായിരുന്നു. വികസന പദ്ധതികള്‍ക്ക്‌ ആ പണം ഉപയോഗപ്പെടുത്താനുള്ള വിപുലമായ സാധ്യതയുണ്ടായിരുന്നു. ഇക്കാലം വരെയും മുസ്‌ലിം സമൂഹത്തിന്റെ സാരഥികള്‍ അങ്ങനെയൊരു കേശചൂഷണത്തിന്‌ മുതിരാതിരുന്നത്‌ അത്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യമുണ്ടായതുകൊണ്ടാണ്‌. സച്ചരിതരായ നാലു ഖലീഫമാരുടെ കാലത്തും അവര്‍ക്ക്‌ ശേഷം അധികാരത്തില്‍ വന്ന ബനൂഉമയ്യാ-അബ്ബാസിയാ ഖിലാഫത്തുകളുടെ കാലത്തും ബസറ, കൂഫ, ബഗ്‌ദാദ്‌, ഡമസ്‌കസ്‌ തുടങ്ങിയ നഗരങ്ങളിലും മറ്റും ധാരാളം പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. അവിടെയൊന്നും മുടി പ്രതിഷ്‌ഠയോ മുടിവെള്ള വില്‌പനയോ നടന്നിട്ടില്ല.


കശ്മീരിലെ ഹസ്രത്ത് ബാല്‍ പള്ളിയിലും കേരളത്തിലെ കാരന്തൂരിലും നബിയുടെ കേശം ഉണ്ടെന്ന് പറയപ്പെടുന്നു. ലോകത്ത് മറ്റെവിടെയെങ്കിലും നബിയുടെ ശരീരഭാഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ? കാരന്തൂരിലെ കേശം ഒറിജിനല്‍ അല്ലെന്ന് ഇതര സുന്നി വിഭാഗം പറയുന്നു. ശാസ്ത്ര പരിശോധനയിലൂടെ ഇവ രണ്ടിന്റെയും സമാനതയും കാലപ്പഴക്കവും തെളിയിക്കപ്പെട്ടാല്‍ അതിനോടുള്ള ഇസ്ലാമിന്റെ സമീപനമെന്ത്? പ്രവാചകന്റെ ശരീരഭാഗങ്ങള്‍ക്ക് ആദരവിന് അപ്പുറം ശിഫയോ പുണ്യമോ കല്‍പിക്കപ്പെട്ടിട്ടുണ്ടോ?
വന്‍ പ്രചാരണം നടത്തി മുസ്ലിംകളെ ദിശ തിരിച്ചുവിടുമ്പോള്‍ മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങള്‍ മൌനം അവലംബിക്കുന്നത് ഇസ്ലാമില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം ഉള്ളതുകൊണ്ടാണോ?
-പി.വി റഷീദ് കൊട്ടപ്പുറം

'രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചു പോവുന്നു. രണ്ടും നിങ്ങള്‍ മുറുകെ പിടിക്കുന്നേടത്തോളം കാലം നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതരുടെ ചര്യയുമാണത്.' റസൂല്‍(സ) അരുള്‍ ചെയ്തതായി ഏതാണ്ടെല്ലാ ഹദീസ് ഗ്രന്ഥങ്ങളും സ്ഥിരീകരിച്ചതാണിത്. തന്റെ മുടി, നഖം, വിയര്‍പ്പ്, മലം, മൂത്രം എന്നീ വസ്തുക്കള്‍ വിട്ടേച്ചുപോവുന്നുവെന്ന് നബി(സ) പറഞ്ഞില്ല. അവ സൂക്ഷിക്കണമെന്നോ ബര്‍ക്കത്തിന് വേണ്ടി ഉപയോഗിക്കണമെന്നോ നിര്‍ദേശിച്ചില്ല. തിരുമേനിയെ പ്രാണനു തുല്യം സ്നേഹിച്ച സ്വഹാബത്തും അവയൊന്നും സൂക്ഷിച്ചതായി തെളിവുകളില്ല. ശാഫിഈ മദ്ഹബിന്റെ ആധികാരിക പണ്ഡിതനായ ഇമാം നവവി(റ)യുടെ അഭിപ്രായത്തില്‍ മയ്യിത്തിന്റെ മുടിയും നഖവും കുഴിച്ചുമൂടേണ്ടതാണ്. സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യുടെ മുടിയോ നഖമോ അതുപോലുള്ള വസ്തുക്കളോ സഹാബത്ത് എടുത്ത് സൂക്ഷിച്ചില്ല, എല്ലാം ഖബറടക്കുകയാണ് ചെയ്തത്. 'ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്' എന്ന് പ്രഖ്യാപിക്കാനാണ് ഖുര്‍ആനില്‍ അല്ലാഹു നബിയോട് ആവശ്യപ്പെടുന്നത്. വഹ്യ് ലഭിച്ചു എന്നതാണ് സാധാരണ മനുഷ്യരില്‍നിന്ന് നബിയെ വേര്‍തിരിക്കുന്ന ഘടകമെന്നും ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അതേറ്റവും വലുതും ശ്രേഷ്ഠവുമായ അന്തരം തന്നെ. പക്ഷേ, അതുമാത്രമാണന്തരം. അല്ലാതെ മനുഷ്യരുടെ സാമാന്യമായ തീറ്റ, കുടി, കുളി, ഉറക്കം, വസ്ത്രധാരണം, ആരോഗ്യം, രോഗം, വിയര്‍ക്കല്‍, വേദന, വിവാഹം, സന്താനോല്‍പാദനം തുടങ്ങിയ കാര്യങ്ങളിലെല്ലാം മനുഷ്യനില്‍നിന്ന് വ്യത്യസ്തനായ ഒരത്ഭുത ജീവിയായിരുന്നില്ല അദ്ദേഹം. ഇത്തരം കാര്യങ്ങളിലെല്ലാം മറ്റു മനുഷ്യരില്‍ നിന്ന് ഭിന്നനല്ലാത്ത ഒരാളെ വേണം അവര്‍ക്ക് മാതൃകാ പുരുഷനായി നിയോഗിക്കേണ്ടതെന്നതും അല്ലാഹുവിന്റെ തീരുമാനമായിരുന്നു.
പക്ഷേ, പ്രവാചകരെ അവരുടെ കാലശേഷം വ്യക്തിപൂജക്കും ദിവ്യത്വത്തിനും വിധേയരാക്കുക എന്നത് എക്കാലത്തും പുരോഹിതന്മാരുടെ കുതന്ത്രമായിരുന്നു. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പറ്റിയ ആ ഭീമമായ തെറ്റ് തന്റെ കാര്യത്തില്‍ നിങ്ങള്‍ ആവര്‍ത്തിക്കരുത് എന്നാണ് നബി(സ)യുടെ ശക്തമായ താക്കീത്. പ്രവാചക ശിഷ്യന്മാരും മുന്‍ഗാമികളായ പണ്ഡിതന്മാരും ഈ ശാസന പ്രത്യക്ഷരം പിന്തുടരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് ചില്ലിക്കാശിന് വേണ്ടി ദീനിനെ വില്‍ക്കുന്ന പണ്ഡിതന്മാരും പുരോഹിതന്മാരും ഇസ്ലാമിന്റെ ശാപമായി മാറിയപ്പോഴാണ് നബിജയന്തിയും മൌലിദും ലൈലത്തുല്‍ ഖദ്റിലെ റോഡ് ഷോയും വ്യാജ തിരുകേശ പൂജയും മറ്റനേകം മൂഢ വിശ്വാസാചാരങ്ങളും പിന്‍വാതിലിലൂടെ കടന്നുവന്നത്. പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ഏര്‍പ്പാടല്ലാതെ ഒരു ഹുബ്ബുര്‍റസൂലും ഇതിലില്ല. നബി(സ)യുടെ മുടി തന്നെയാണതെന്ന് തെളിഞ്ഞാല്‍ പോലും അത് മുക്കിയ വെള്ളം കന്നാസിലാക്കി ലേലം ചെയ്യണമെന്നത് പ്രവാചകന്റെയോ ശിഷ്യരുടെയോ മദ്ഹബ് ഇമാമുകളുടെയോ കല്‍പനയല്ല; മാതൃകയുമല്ല. വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്തതും മറ്റു വിധത്തില്‍ സ്വരൂപിച്ചതുമായ കോടികള്‍ കൊണ്ട്  വ്യാജ 'തിരുകേശം' സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും പള്ളി പണിയുന്നത് മഹാ അപരാധമാണ്, അങ്ങനെ നിര്‍മിക്കുന്ന കെട്ടിടം യഥാര്‍ഥ ദൈവിക ഭവനം എന്ന പേരിനു പോലും അര്‍ഹമല്ല. ഈ മഹാ തട്ടിപ്പ് തടയേണ്ടവര്‍ വോട്ടില്‍ കണ്ണുനട്ട് മൌനവലംബിക്കുന്നതും ശരിയല്ല. ഇതൊക്കെ ചൂണ്ടിക്കാട്ടുമ്പോള്‍ അസൂയയില്‍നിന്ന് ഉടലെടുത്ത എതിര്‍പ്പാണെന്ന് മുദ്ര കുത്തുകയാണ് പതിവ്. അങ്ങനെയാണെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യത്തിനുള്ള പള്ളികളും ആശുപത്രികളും അനാഥാലയങ്ങളുമൊക്കെ സ്ഥാപിക്കുന്നതിനോട് അസൂയയും എതിര്‍പ്പും ഉണ്ടാവേണ്ടതല്ലേ? അത്തരം നല്ല കാര്യങ്ങളോട് ഒരെതിര്‍പ്പുമില്ലെന്ന് മാത്രമല്ല, സഹകരണമാണുള്ളത്. ദിനംപ്രതി പുതിയ പുതിയ ബിദ്ത്തുകള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട പോലെയാണ് കാരന്തൂരിലെ തിരുകേശ പൂജാരികള്‍.
ഇതിനെതിരെ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചിട്ടുണ്ട്. പ്രബോധനം വാരിക (2011 മാര്‍ച്ച് 19) നോക്കുക. കെ.എന്‍.എം രണ്ട് വിഭാഗങ്ങളും അവയുടെ പോഷക സംഘടനകളും ഈ തട്ടിപ്പിനെ തുറന്നെതിര്‍ത്തിട്ടുണ്ട്. സമസ്ത ഔദ്യോഗിക വിഭാഗത്തിലെ ഡോ. ബഹാഉദ്ദീന്‍ നദ്വിയും അതിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയതും ശ്രദ്ധേയമാണ്. എസ്.കെ.എസ്.എസ്.എഫ് പോലുള്ള സംഘടനകളും മിണ്ടാതിരിക്കുന്നില്ല. ഒ. അബ്ദുല്ല തേജസ്സിലും വര്‍ത്തമാനത്തിലും തദ്വിഷയകമായി എഴുതിയ ലേഖനങ്ങള്‍ കേശ പൂജകരെ ശരിക്കും പ്രകോപിപ്പിച്ചിരിക്കുന്നു. എന്നാല്‍, സമുദായം ഒന്നടങ്കം ഇതിനെതിരെ പൊരുതിയേ മതിയാവൂ.

നാല്‍പത് കോടിയുടെ പള്ളി
 "പ്രവാചകന്‍ തിരുമേനി നേരിട്ട് കൈമാറിയ മൂന്ന് തിരുകേശങ്ങള്‍ സ്ഥാപിക്കാനായി കാരന്തൂര്‍ മര്‍കസിന് കീഴില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദ് ജനകീയ പങ്കാളിത്തത്തോടെയാണ് നിര്‍മിക്കുക. ഇതിനായി ഒരാളില്‍ നിന്നും ചുരുങ്ങിയത് ആയിരം രൂപ പിരിക്കും. കോഴിക്കോട് നഗരത്തിനടുത്ത് 12 ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന പള്ളി ഇന്തോ സാരസന്‍ ശില്‍പ മാതൃകയിലായിരിക്കുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു'' (സിറാജ് ദിനപത്രം). 
40 കോടിക്ക് പള്ളി നിര്‍മിക്കാന്‍ കഴിയുന്ന മുസ്ലികള്‍ തന്നെ തങ്ങള്‍ പിന്നാക്കമാണ്, സച്ചാര്‍ കമീഷന്‍ നടപ്പാക്കുക, സംവരണം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. സമുദായത്തിന്റെ ദുരവസ്ഥ കരഞ്ഞുപറയുകയും മുതലക്കണ്ണീര്‍ ഒഴുക്കുകയും ചെയ്യുന്നു. മൂന്ന് കോടി കേരളീയരില്‍ 75 ലക്ഷം വരുന്ന മുസ്ലിംകളെ സമ്പന്നമാക്കാന്‍ ഇത്തരം സംരംഭകര്‍ക്കാവുമല്ലോ? സ്ത്രീധനം നല്‍കാനാവാതെ മൈസൂര്‍ കല്യാണവും അറബിക്കല്യാണവും നടക്കുന്നത് കാണാത്തവര്‍ ആദ്, സമൂദ് സമൂഹം പോലെ കൂറ്റന്‍ കെട്ടിടങ്ങളും പള്ളികളും നിര്‍മിച്ച് ഹുങ്ക് നടിക്കുന്നതിന്റെ പരിണതി എന്തായിരിക്കും?
അഫ്നാന്‍ അഷറഫ്
-കവ്വായി, ഒമാന്‍

വിശ്വാസപരമായും കര്‍മപരമായും ഇസ്ലാമില്‍ നിന്ന് ബഹുദൂരം അകന്നുപോയ നിലവിലെ മുസ്ലിം സമൂഹത്തെ സംസ്കരിച്ച് അവര്‍ക്ക് യഥാര്‍ഥ മതബോധവും ദിശാബോധവും നല്‍കേണ്ട ചുമതല എത്ര ഭാരിച്ചതാണെന്ന് ഓര്‍മപ്പെടുത്തുന്നു ഇത്തരം തട്ടിപ്പുകള്‍. ന്യൂനപക്ഷ പിന്നാക്ക സമുദായ മുസ്ലിംകളെ പുരോഗതിയുടെ മുഖ്യധാരയിലെത്തിക്കാന്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവിഷ്കരിച്ച 'വിഷന്‍ 2016'ന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്ന സന്ദര്‍ഭം കൂടിയാണിത്. ഒരു നീതീകരണവും ഇല്ലാത്ത ധൂര്‍ത്തിന് വേണ്ടി 40 കോടി രൂപ സമാഹരിക്കുന്നതിലെ മൌഢ്യം ഇരിക്കട്ടെ, വിശ്വാസ ചൂഷണത്തിന്റെ പ്രത്യക്ഷവും സുസ്ഥിരവുമായ കേന്ദ്രം കൂടിയാവും വരാന്‍ പോകുന്ന പള്ളി എന്ന കാര്യത്തില്‍ സംശയമില്ല. കാരന്തൂര്‍ സുന്നി കേന്ദ്രത്തിന്റെ ആത്മീയാചാര്യന്റെ ഭാവി മഖ്ബറയും മഖാമും തദ്വാരാ തീര്‍ഥാടന കേന്ദ്രവും ആവാന്‍ പോവുന്നതും ഈ 'ശഅ്റെ മുബാറക് മസ്ജിദ്' തന്നെയാവും. അവിടെ ആണ്ടുതോറും ഇനി തെളിയാന്‍ പോവുന്നത് ഏത് 'ജ്യോതി'യാണെന്ന് കാത്തിരുന്ന് കാണാം.
കുഴപ്പങ്ങള്‍ക്ക് കാരണം സിദ്ധാന്തങ്ങള്‍?
 "മുസ്ലിംലീഗില്‍ പ്രവര്‍ത്തിക്കുന്നവരേക്കാള്‍ ബുദ്ധിയുള്ളവരും മിടുക്കന്മാരുമാണ് ജമാഅത്തെ ഇസ്ലാമിയില്‍ ഉള്ളത്. അവരോടെനിക്ക് സ്നേഹവും മതിപ്പുമുണ്ട്. സോളിഡാരിറ്റിയുടെ പല പരിപാടികളിലും ഞാന്‍ പങ്കെടുക്കാറുമുണ്ട്. ഇടതുപക്ഷക്കാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പല കാര്യങ്ങളും അവര്‍ ചെയ്യുന്നു. സൈദ്ധാന്തിക തലത്തിലാണ് എനിക്ക് അവരോട് എതിര്‍പ്പ്. അവരുടെ സിദ്ധാന്തത്തില്‍ നിന്നാണ് പല കുഴപ്പങ്ങളുമുണ്ടാകുന്നത്. പി.ഡി.പിയും എന്‍.ഡി.എഫുമൊക്കെ ജമാഅത്തിന്റെ സിദ്ധാന്തങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെയാണ് ലീഗിന്റെ പ്രസക്തി. മുസ്ലിം ലീഗിന് സിദ്ധാന്തമൊന്നും ഇല്ല. പക്ഷേ, ലീഗില്ലെങ്കില്‍ എന്‍.ഡി.എഫ് പോലുള്ള ഭീകര സംഘടനകള്‍ വര്‍ധിക്കും''- നിരീക്ഷണം അഡ്വ. ജയശങ്കറിന്റേത്. പൊതുസമൂഹത്തില്‍ എത്രമേല്‍ ഇടപെട്ടിട്ടും ജയശങ്കറിനെപോലുള്ളവരുടെ തെറ്റിദ്ധാരണ നിലനില്‍ക്കുന്നതിന്റെ കാരണമെന്താണ്? പൊതുസമൂഹം ഭയക്കുന്ന ജമാഅത്തിന്റെ സിദ്ധാന്തത്തില്‍ മാറ്റം വരുത്തരുതോ?
കെ.പി ബഹീജ് കണ്ണൂര്‍
തെറ്റായ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവരും അവ ഉയര്‍ത്തിപ്പിടിക്കുന്നവരും പ്രവൃത്തിയില്‍ നല്ലവരായിരിക്കുക അസാധ്യവും അയുക്തികവുമാണ്. ഏറി വന്നാല്‍ അല്‍പകാലത്തേക്ക് നല്ല പിള്ള ചമഞ്ഞ് ജനങ്ങളെ കബളിപ്പിക്കാമെന്ന് മാത്രം. ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തകരില്‍ കാപട്യം അഡ്വ. ജയശങ്കര്‍ ആരോപിക്കുന്നുമില്ല. അതിനര്‍ഥം, ജമാഅത്തിന്റെ സിദ്ധാന്തങ്ങള്‍ മൌലികമായി സമാധാനത്തിലും സൌഹൃദത്തിലും ഊന്നുന്നു എന്നുതന്നെ. അതുകൊണ്ടാണ് സാമുദായിക സംഘടനകളില്‍ നിന്നും പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായി അവര്‍ക്ക് ജനകീയ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത്. ഒരു സാമ്പ്രദായിക മതസങ്കല്‍പമാണ് അവര്‍ക്കുണ്ടായിരുന്നതെങ്കില്‍ ജനങ്ങളെ ബാധിക്കുന്ന സജീവ പ്രശ്നങ്ങളില്‍ നിന്നൊക്കെ പിന്തിരിഞ്ഞ് ഉറുക്കും മന്ത്രവും കേശപൂജയും മറ്റും മറ്റുമായി അവരും നടക്കുമായിരുന്നു.
മുസ്ലിം തീവ്രവാദ ശക്തികള്‍ എന്നു പറയപ്പെടുന്നവരൊന്നും ജമാഅത്തെ ഇസ്ലാമിയുടെ സിദ്ധാന്തങ്ങളില്‍നിന്ന് ജന്മമെടുത്തവരോ ആവേശം ഉള്‍ക്കൊണ്ടവരോ അല്ലെന്ന് സാമാന്യ പഠനം വ്യക്തമാക്കും. ഇന്ത്യാ രാജ്യത്ത് സാമുദായിക ധ്രുവീകരണവും പ്രതിരോധ സിദ്ധാന്തവും തുല്യനാണയത്തിലെ തിരിച്ചടിയും വിനാശകരമാണെന്ന കൃത്യമായ ബോധം ജമാഅത്തെ ഇസ്ലാമിക്കുണ്ട്. അത് തുറന്നു പറയുന്നതിന്റെ പേരില്‍ ജമാഅത്തിനെ അത്തരം സംഘടനകള്‍ മുഖ്യപ്രതിയോഗികളായി കാണുകയും ചെയ്യുന്നു. അതേസമയം മുസ്ലിം ലീഗുമായി അവര്‍ സഹകരിക്കാന്‍ തയാറാണ് താനും. ജമാഅത്തിനെ പൊതുസമൂഹത്തിലെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നത് ശരിയാണ്. അവരുടെ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍ നിരന്തരം ശ്രമിക്കുകയല്ലാതെ ആക്ഷേപം ഭയന്ന് ശരിയായ ആദര്‍ശവും ലക്ഷ്യവും നയപരിപാടികളും തിരുത്താന്‍ പോവുന്നത് വിഡ്ഢിത്തമാണ്.

Twitter Delicious Facebook Digg Stumbleupon Favorites More