പ്രവാചകകേശത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ മിക്കപ്പോഴും അതിന്റെ ആധികാരികത മാത്രമാണ് ചര്‍ച്ചയാവുന്നത്. ആ മുടി പ്രവാചകന്റേതാണെന്നതിന് തെളിവില്ല എന്ന രൂപത്തില്‍. എന്നാല്‍, അത് പ്രവാചകന്റേതാണ് എന്ന് ഉറപ്പാണെങ്കില്‍ അതുമുഖേന ബര്‍കത്തെടുക്കുന്നതിന് വിലക്കുണ്ടോ? നബിയുടെ ഉമിനീരും മറ്റും പലപ്പോഴും പല നിലയ്‌ക്കുള്ള ബര്‍കത്തുകള്‍ക്ക് ഹേതുവായിട്ടുള്ളത് ഹദീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.
അമീന്‍ ചേന്നര, തിരൂര്‍
.ഇത് സംബന്ധമായി വിശദമായ ലേഖനങ്ങള്‍ ഇതിനകം ശബാബില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. രണ്ടു കാര്യങ്ങള്‍ മാത്രമേ ഈ വിഷയകമായി ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ഒന്ന്, അല്ലാഹുവിന് മാത്രമേ ബര്‍കത്ത് അഥവാ അനുഗ്രഹം നല്‌കാന്‍ കഴിവുള്ളൂ. മറ്റുള്ളവര്‍ക്കോ മറ്റു വസ്‌തുക്കള്‍ക്കോ `അനുഗ്രഹദാതാവ്' ആകാന്‍ കഴിയില്ല. അത്തഹിയ്യാത്തിന്നു ശേഷമുള്ള സ്വലാത്തില്‍ നമ്മളൊക്കെ ചൊല്ലുന്നത് അല്ലാഹുമ്മ ബാരിക് അലാമുഹമ്മദ് (അല്ലാഹുവേ, മുഹമ്മദ് നബിയുടെ മേല്‍ നീ അനുഗ്രഹം ചൊരിയണമേ) എന്നാണല്ലോ നബി(സ)ക്കോ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ സ്വന്തം നിലയില്‍ ബര്‍കത്ത് നല്‌കാനുള്ള കഴിവുണ്ടെങ്കില്‍ ഇങ്ങനെ പ്രാര്‍ഥിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലാഹു ഇഷ്‌ടപ്പെടുന്ന ഏത് കാര്യം മുഖേനയും അവന്റെ അനുഗ്രഹം നമുക്ക് ലഭിച്ചേക്കാം. അതിനായി അവനോട് പ്രാര്‍ഥിക്കുകയും ചെയ്യാം. നബി(സ)യെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതമാതൃക പിന്തുടരുന്നതും അല്ലാഹു ഇഷ്‌ടപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് വ്യക്തമാകുന്നു. അതിനാല്‍ അത് മുഖേന അല്ലാഹുവിന്റെ ബര്‍കത്ത് നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രാമാണികമായ ഹദീസുകളും ഉണ്ട്. അതിലൊന്നും അദ്ദേഹത്തിന്റെ മുടിയിട്ട വെള്ളം കുടിക്കുകയോ ശരീരത്തില്‍ പുരട്ടുകയോ ചെയ്‌തുകൊണ്ടാണ് സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന് പറഞ്ഞിട്ടില്ല.
നബി(സ)യെ സ്വന്തത്തേക്കാളേറെ സ്‌നേഹിച്ചവരായിരുന്നു സ്വഹാബികള്‍; വിശിഷ്യാ സച്ചരിതരായ ഖലീഫമാര്‍. അവരാരും അദ്ദേഹത്തിന്റെ മുടിയിഴകളെ സ്‌നേഹപ്രകടനത്തിനുള്ള ഉപാധിയോ ഉപകരണമോ വരുമാനമാര്‍ഗമോ ആക്കിയിട്ടില്ല. അവരാരും മുടിപ്പള്ളികള്‍ ഉണ്ടാക്കിയിട്ടില്ല. നബി(സ) ധാരാളമായി നമസ്‌കരിച്ച മക്കയിലെ മസ്‌ജിദുല്‍ ഹറമിലോ മദീനയിലെ മസ്‌ജിദുന്നബവിയിലോ മഹാന്മാരായ ഖലീഫമാര്‍ ഒരിക്കലും തിരുകേശം പ്രതിഷ്‌ഠിച്ചിട്ടില്ല. ഹജ്ജിനും ഉംറയ്‌ക്കും സിയാറത്തിനും വരുന്ന ദശലക്ഷക്കണക്കിലാളുകള്‍ക്ക് ഓരോ മുടിവെള്ളക്കുപ്പി വില്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നെങ്കില്‍ ഭരണാധികാരികള്‍ക്കും ഇമാമുകള്‍ക്കും കോടാനുകോടി ദിര്‍ഹമുകളും ദീനാറുകളും സമ്പാദിക്കാമായിരുന്നു. വികസന പദ്ധതികള്‍ക്ക് ആ പണം ഉപയോഗപ്പെടുത്താനുള്ള വിപുലമായ സാധ്യതയുണ്ടായിരുന്നു. ഇക്കാലം വരെയും മുസ്‌ലിം സമൂഹത്തിന്റെ സാരഥികള്‍ അങ്ങനെയൊരു കേശചൂഷണത്തിന് മുതിരാതിരുന്നത് അത് ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബോധ്യമുണ്ടായതുകൊണ്ടാണ്. സച്ചരിതരായ നാലു ഖലീഫമാരുടെ കാലത്തും അവര്‍ക്ക് ശേഷം അധികാരത്തില്‍ വന്ന ബനൂഉമയ്യാ-അബ്ബാസിയാ ഖിലാഫത്തുകളുടെ കാലത്തും ബസറ, കൂഫ, ബഗ്‌ദാദ്, ഡമസ്‌കസ് തുടങ്ങിയ നഗരങ്ങളിലും മറ്റും ധാരാളം പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. അവിടെയൊന്നും മുടി പ്രതിഷ്‌ഠയോ മുടിവെള്ള വില്‌പനയോ നടന്നിട്ടില്ല.
2 comments:
മുസ്ലിം സമുദായം ഉത്തമമല്ലാത്ത (‘മക്രൂഹ് ’എന്നാണെന്ന് തോന്നുന്നു) ചിലകാര്യങ്ങളുടെ കൂട്ടത്തില്‍ ഒസ്സാന്‍ മാരുടെ ഭക്ഷണവും ഉള്‍പെടുത്തിയിരിക്കുന്നതായി അറിയുന്നു. (അല്ലാഹു അഅ്ലം) ഇങ്ങിനെ ഒസ്സാന്‍ മാരുടെ ഭക്ഷണവും മറ്റും ഉത്തമമല്ല എന്ന് പറയാന്‍ കാരണം ഇപ്പോള്‍ നബിചര്യയായി ഗണിക്കപ്പെടാവുന്ന മുടി വളര്‍ത്തലിനെ വളരാന്‍ അനുവദിക്കാതെ കഷ്ണിക്കുന്നത് കൊണ്ടാണോ?
റുമാന പറഞ്ഞ ചോദ്യം ഈ സന്ദര്ഭത്തില് പ്രസക്തമാണെങ്കിലും ചില വസ്തുതകള് ചൂണ്ടിക്കാണിക്കേണ്ടതുണ്ട.
1. ഇസ്ലാമില് ജനോപകാരവും മാന്യമുമായ ഏത് തൊഴിലും അംഗീകരിക്കപ്പെടേണ്ടത് തന്നെ. പ്രത്യകിച്ച് മുടി മുറിച്ചു വൃത്തിയാക്കല് പ്രവാചകന്റെ സുന്നത്തിന്റെ കൂടി ഭാഗമായ സ്ഥിതിക്ക് ഒരിക്കലും അത് മോശപ്പെട്ടതാവില്ല.
2.ഭക്ഷണകാര്യത്തില് ഇസ്ലാം തൊഴിലിന്റെ മാനദ്ണ്ഡമനുസിരച്ച് ഒരു വിവേചനവും കല്പ്പിക്കുന്നില്ല. എന്നു മാത്രമല്ല, ജൂത-ക്രൈസ്തവ വിഭാഗങ്ങള് അറുത്തവ പോലും ഭക്ഷിക്കാന് ഖുര്ആനിലൂടെ അനുവദിച്ചിരിക്കെ ഇത്തരമൊരു മക്രൂഹ് ഇസ്ലാമിലില്ലെന്ന് വ്യക്തം. സമൂഹം എന്തെങ്കിലും കാട്ടിക്കൂട്ടിയതിന് ഇസ്ലാം പ്രതിയല്ല.
3.മുടി നീട്ടല് പ്രവാചക ചര്യയാണെന്ന് ആര്ക്കും വാദമില്ല. ഇതിന്റെ നീളം കൊണ്ടാണ് ഇതിന്റെ പ്രചരകരും കുടുങ്ങിയത്.(http://athmeeyatha.blogspot.com/2011/03/hoax-in-hoax.html) പ്രവാചകന്റെ മുടിയുടെ വലുപ്പം കൃത്യമായി ഹദീസിലുണ്ട് (http://athmeeyatha.blogspot.com/2011/03/blunder-hoax.html)എന്നല് അതിന് വിരുദ്ധമായി ഉള്ള വാദമുണ്ടെങ്കില് അത് ഹദീസ് നിഷേധമാണ്.
4. പ്രവാചകന്റെ മുടി നീട്ടിവളര്ത്തിയ ഖുറൈമുല് ഉസൈദിയെ കണ്ടപ്പോള് ഈമുടി നീട്ടിയില്ലായിരുന്നുവെങ്കില് ആളെത്ര നല്ലവനായിരുന്നു എന്നാണ് നബി (സ) -അഹ്മദ്- പറഞ്ഞത്. അത് കൊണ്ട് ആ വാദം നബിനിന്ദകൂടിയാണ്.
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...