Friday, April 29, 2011

മിത്തിനും യാഥാര്‍ഥ്യത്തിനും ഇടയിലെ ബാബ



 
കാഷ് കൗണ്ടറില്ലാത്ത ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍! കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയുടെ പി.ആര്‍.ഒ, ഐ.സി.യുവിന് മുന്നില്‍നിന്ന് കാല്‍ക്കുലേറ്ററില്‍ പെരുക്കിയ ആറക്ക സംഖ്യ കണ്ട് തലപെരുത്ത് പുട്ടപര്‍ത്തിയിലേക്ക് വണ്ടി കയറിയവരെ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. പ്രശാന്തി നിലയത്തിലെ സത്യസായി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ പലതുകൊണ്ടും അദ്ഭുതങ്ങളുടെ കലവറയായിരുന്നു. അഞ്ചു നയാപൈസപോലും വാങ്ങാതെ, ലക്ഷങ്ങളുടെ ചികിത്സ നടത്തിത്തരുന്ന ഹൈടെക് ആശുപത്രി ലോകത്തില്‍തന്നെ അപൂര്‍വം. മാത്രമല്ല, ലോക പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനമാണ് കിട്ടുന്നത്. ജാതിയോ മതമോ പ്രമാണിത്തമോ ഒന്നും നോക്കുന്നില്ല. ചികിത്സ രോഗത്തിന്റെ ഗൗരവമനുസരിച്ച് മുന്‍ഗണനാ ക്രമത്തിലാണ്. തിരിച്ചുപോവുമ്പോള്‍ വഴിച്ചെലവിനുള്ള കാശും അത്യാവശ്യക്കാര്‍ക്ക് വാങ്ങാം.

ജീവിതശൈലീരോഗങ്ങളുടെ അന്താരാഷ്ട്ര തലസ്ഥാനമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ മധ്യവര്‍ഗത്തിന് സായിബാബയുമായുള്ള പ്രധാന ബന്ധം ഈ ആശുപത്രികളിലൂടെയാണ്. ആന്ധ്രയിലെ പുട്ടപര്‍ത്തിയിലും, ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലുമായി രണ്ട് അത്യാധുനിക ആശുപത്രികള്‍ വഴി, കിടപ്പാടം വില്‍ക്കാതെ ഹൃദയത്തെ രക്ഷപ്പെടുത്തിയവര്‍ ഒട്ടനവധി. നാല്‍പ്പതിനായിരം കോടിയോളം വരുന്ന സായി ട്രസ്റ്റിന്റെ സിംഹഭാഗവും അതുരസേവനഫവിദ്യാഭ്യാസ മേഖലകളില്‍ തന്നെ. ട്രസ്റ്റ് നടത്തുന്ന 1800 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശം തികച്ചും സൗജന്യം.'ഹിന്ദു നല്ല ഹിന്ദുവായും മുസല്‍മാന്‍ നല്ല മുസല്‍മാനായും കൃസ്ത്യാനി നല്ല കൃസ്ത്യാനിയായും തുടരട്ടെ എന്ന് ആശംസിക്കാറുള്ള' ബാബയാവട്ടെ സ്ഥാപനങ്ങള്‍ തീര്‍ത്തും മതേതരമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു.
ഈ സാമൂഹിക സേവനം തന്നെയാണ് സായിബാബയുടെ ഏറ്റവും വലിയ തന്ത്രമെന്ന് വിമര്‍ശവും ശക്തമാണ്. ആള്‍ദൈവ വ്യവസായം നടത്തുന്നു എന്ന് ആരോപണമുയര്‍ന്ന ബാബയുടെ മുന്‍ഗാമികള്‍ക്കോ പിന്‍ഗാമികള്‍ക്കോ ഒന്നും തന്നെ തങ്ങളില്‍ വന്നു നിറയുന്ന ഭീമമായ മൂലധനത്തെ ഇത്രയും കണ്ട് സേവന മേഖലകളിലേക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞിട്ടില്ല. ആഡംബരകാറുകളിലും, വെണ്ണക്കല്‍ കെട്ടിടങ്ങളിലും, ലക്ഷങ്ങള്‍ കോഴ കൊടുക്കേണ്ട സ്വാശ്രയ കോളജുകളിലും, ഭീമമായ ഫീസുവാങ്ങുന്ന ആശുപത്രികളിലും, തലയെണ്ണി  ഫീസ് വാങ്ങുന്ന യോഗാഫധ്യാന കൂട്ടായ്മകളിലുമൊക്കെയാണ് അവര്‍ അഭിരമിക്കുന്നത്. സേവനം സ്‌നേഹം എന്നൊക്കെ പ്രഭാഷണം നടത്തുമെങ്കിലും  വലുതായൊന്നും  പ്രയോഗത്തില്‍ ഇല്ലാത്ത അവസ്ഥ. എന്നാല്‍ ബാബയോ, 1960 വരെ സ്വന്തം നാട്ടില്‍നിന്നുപോലും കടുത്ത എതിര്‍പ്പ്  നേരിട്ട ഇദ്ദേഹം സേവനങ്ങളിലൂടെ ലോക ശ്രദ്ധ നേടി.
എന്നാല്‍, ഈ സേവനങ്ങള്‍ക്കൊക്കെ പിറകില്‍ പ്രവര്‍ത്തിക്കുന്നത് വിശ്വാസ ചുഷണമാണെന്നാണ് ബാബയെപ്പറ്റി ഉയരുന്ന ഏറ്റവും വലിയ അക്ഷേപം. പൊതുജനാരോഗ്യവും പ്രാഥമിക സൗകര്യങ്ങളും ഭരണകൂടത്തിന് ഉറപ്പുവരുത്താന്‍ കഴിയാത്തതിന്റെ പോരായ്മയും ഇവിടെ പ്രകടമാണ്്. പുട്ടപര്‍ത്തിയിലെയും വൈറ്റ് ഫീല്‍ഡിലെയും വിമാനത്താവളവും റെയില്‍വെസ്‌റ്റേഷനും സ്‌റ്റേഡിയവും ആശുപത്രികളും മാത്രമല്ല, മൂത്രപ്പുരകള്‍പോലും സായീ ട്രസ്റ്റ് നിര്‍മിച്ചതാണ്. കര്‍ണാടകയിലെ അനന്താവൂര്‍ നഗരം മറ്റൊരു ഉദാഹരണമാണ്. ഇവിടെ 61 ദശലക്ഷം യു.എസ് ഡോളറിന്റെ ധനസഹായം നേടിയെടുത്താണ് സായീ ട്രസ്റ്റ് ലോക നിലവാരത്തിലുള്ള കുടിവെള്ള പദ്ധതി ഒരുക്കിയത്. ചെന്നൈ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി, ആന്ധ്രയിലെ കൃഷ്ണാ നദിയില്‍നിന്ന് വെള്ളം വിട്ടുതരാന്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിത അഭ്യര്‍ഥിച്ചത് ബാബയോടാണ്. അദ്ദേഹത്തിന്റെ മധ്യസ്ഥതയിലാണ് ചെന്നൈക്ക് കുടിവെള്ളം കിട്ടിയതും. അസാധ്യമെന്ന് തോന്നുന്നവ നടപ്പാക്കി തങ്ങളെ സഹായിക്കുന്ന ദൈവമായി സാധാരണക്കാര്‍ ബാബയെ പൂജിക്കുന്നതില്‍ പിന്നെ അദ്ഭുതമുണ്ടോ?

സായി ഹോസ്പിറ്റലുകള്‍ സൗജന്യമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നതിന്റെ ഒരു പ്രധാന ഘടകവും വിശ്വാസം തന്നെയാണ്. പുറത്ത് ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ഡോക്ടര്‍മാര്‍ ഇവിടെ സൗജന്യ സേവനം ചെയ്യുന്നു. വിരമിച്ച നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇവിടെ പ്രതിഫലം പറ്റാതെ ജോലി നോക്കുന്നത്. വര്‍ഷത്തില്‍ ഒരു മാസം പുട്ടപര്‍ത്തിയില്‍പോയി 'പാപമോചനത്തിനായി' ജോലി ചെയ്യുകയെന്നത് സായീഭക്തര്‍ക്ക് നേര്‍ച്ചയായി മാറിയിട്ടുണ്ട്.
സേവനത്തിന്റെ വാതായനങ്ങള്‍ തുറന്നിടുക വഴി വിമര്‍ശകരുടെ വായ ഒരു പരിധിവരെ അടപ്പിക്കാന്‍ അദ്ദേഹത്തിനായി. ദൈവത്തിനും മുകളിലായി ബാബ ഉയരുകയാണെന്നും , 'ഓം സായിറാം' എന്ന മന്ത്രം നാരായണായക്കു പകരം 'ഹിരണ്യായ നമ' ചൊല്ലിയ ഹിരണ്യകശിപുവിനെ ഓര്‍മിപ്പിക്കുന്നു എന്ന് ആദ്യഘട്ടത്തില്‍ വിമള്‍ശങ്ങള്‍ ഉന്നയിച്ച സംഘ്പരിവാര്‍ സംഘടനകള്‍ തന്നെ പിന്നീട് 'സനാതന ധര്‍മങ്ങളുടെ വിധിദാതാവായി' ബാബയെ വാഴ്ത്തി. മാനസാന്തരപ്പെട്ട നക്‌സലുകളും കലാപകാരികളും കാന്തക്കല്ലിലേക്കെന്നപോലെ പുട്ടപര്‍ത്തിയിലേക്ക് ആകര്‍ഷിക്കപ്പെട്ടപ്പോള്‍ ബാബ തരംഗമായി. 
 
ഏറ്റവും ഒടുവില്‍ ചിലര്‍ പ്രചരിപ്പിച്ചത്  നോസ്ട്രാഡാമസിന്റെ പ്രവചനത്തില്‍ ഇന്ത്യ ഒരു സന്യാസി ഭരിക്കുമെന്ന് പറയുന്നുണ്ടെന്നും അത് ബാബയായിരിക്കുമെന്നുമാണ്്. രാഷ്ട്രീയ രംഗത്ത് ശിഷ്യ സമ്പത്ത് ഏറെയുണ്ടായിരുന്നെങ്കിലും അധികാര രാഷ്ട്രീയത്തിലേക്ക് ബാബ പോയതുമില്ല. മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയുടെ തലയില്‍ ചവിട്ടി ബാബ അനുഗ്രഹിക്കുന്ന ചിത്രം ഏറെക്കാലം പ്രചരിച്ചിരുന്നു. മൂന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു തൊട്ട്  ശാന്തമായ ഒരു പുഴ പോലെ ഒഴുകുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ. ബാബയുടെ അനുയായികളായ പ്രശസ്തരുടെ നിര നീളും. എന്തിനധികം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന ഒരു സൈദ്ധാന്തികന്‍പോലും സായീദര്‍ശനത്തിന്റെ പേരില്‍ വിവാദക്കുരുക്കില്‍ പെട്ടിട്ടുണ്ട്.
സൂഫീജീവിതം നയിച്ച് സമാധിയടഞ്ഞ ഷിര്‍ദിബാബയുടെ  പുനര്‍ജന്മമാണ് സായിബാബയെന്ന വിശ്വാസം വലിയ വംശപരമ്പരയുടെ പൈതൃകവും ഇദ്ദേഹത്തിന് നേടിക്കൊടുത്തു. 14ാം വയസ്സില്‍ കരിന്തേള്‍ കുത്തേറ്റ് മണിക്കൂറുകളോളം അബോധാവസ്ഥയിലായ സത്യനാരായണ രാജുവെന്ന 14കാരന്‍ ഉണര്‍ന്നെണീറ്റത് ഷിര്‍ദിബാബയുടെ പുനരവതാരമാണെന്ന വാദവുമായാണ്. (എന്നാല്‍, ഷിര്‍ദിബാബയുടെ അനുയായികള്‍ ഇപ്പോഴും ഇത് സമ്മതിച്ചുതരില്ല. മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ എവിടെയും സായിബാബയുടെ ഒരു പടം പോലുമില്ല)  അന്തരീക്ഷത്തില്‍നിന്ന് വിഭൂതി എടുക്കുകയും കല്ലുകളെ മി~ായിയാക്കുകയും ചെയ്യുന്ന ആ ബാലന്‍ പിന്നെ മാനംമുട്ടെ വളരുകയായി.
 
ഇന്ത്യന്‍ ആത്മീയതയുടെ കയറ്റുമതി സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊടുത്തതും ബാബ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ഇന്ന് 118 രാജ്യങ്ങളിലായി ലക്ഷങ്ങളാണ് ഇദ്ദേഹത്തിന് ഭക്തരായുള്ളത്. യഥാര്‍ഥത്തില്‍ സോഷ്യോഫപൊളിറ്റിക്കല്‍ വിദ്യാര്‍ഥികളൊക്കെ തട്ടുകളാക്കി തിരിച്ച് വിമര്‍ശനാത്മകമായി പ~ിക്കേണ്ടതാണ് ബാബയുടെ വളര്‍ച്ചയും ഉയര്‍ച്ചയും.ഒരിക്കലും ഒരു മികച്ച പ്രഭാഷകനായിരുന്നില്ല ഇദ്ദേഹം. ചെറിയ കാമറക്കുമുന്നില്‍ പിടിക്കപ്പെടുന്ന രീതിയില്‍ മോശം മാജിക്കുകാരനും. ആരാധകര്‍ പ്രചരിപ്പിക്കുന്നതുപോലെ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഹിന്ദു സനാതന ധര്‍മങ്ങളിലുമൊന്നും അപാരമായ പിടിപാടും അദ്ദേഹത്തിനില്ലായിരുന്നു.ഏതൊരാള്‍ക്കും പറയാവുന്ന, എങ്ങനെയും വ്യാഖ്യാനിക്കാവുന്ന കുറെ ഉപദേശങ്ങളും മറ്റുമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ കണ്ടുവരാറ്.വര്‍ഷങ്ങളായി പത്രം വായിക്കുകയോ ടെലിവിഷന്‍ കാണുകയോ ബാബ ചെയ്യാറില്ല. എന്നാല്‍, അദ്ദേഹത്തിന്റെ അനുയായിവൃന്ദം ഇക്കാര്യങ്ങളെല്ലാം ആവോളം ഉള്ളവരായിരുന്നു. മാസ് ഹിസ്റ്റീരിയയും കോര്‍പറേറ്റ് ഫമീഡിയാമാനേജുമെന്റും ഒന്നിച്ച് പ്രവര്‍ത്തിച്ചാലുണ്ടാവുന്ന ഉന്നതിയാണ് ബാബയുടെ ഇന്ന് കാണുന്ന ജീവിതവിജയം.
പൊതുജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും വിവാദങ്ങളും ചികഞ്ഞുനോക്കിയാല്‍ സത്യ സായിബാബയില്‍നിന്ന് സന്തോഷ് മാധവനിലേക്കും സ്വാമി നിത്യാനന്ദയിലേക്കുമുള്ള ദൂരം ചെറുതാ-ണെന്നതും വ്യക്തമാണ്. ഏതൊരു ശരാശരി ഇന്ത്യന്‍ ആള്‍ദൈവത്തെയും പോലെ ലൈംഗിക അപവാദങ്ങളും അഴിമതിക്കഥകളും ദൂരൂഹമായ കൊലപാതകങ്ങളും വധശ്രമവുമൊക്കെ നിറഞ്ഞതാണ് ബാബയുടെ എഴുതപ്പെടാത്ത ജീവചരിത്രം. ദീര്‍ഘകാലം സായീഭക്തനായി പ്രശാന്തി നിലയത്തില്‍ കഴിഞ്ഞുകൂടിയ താള്‍ബ്രൂക്ക് എന്ന ജര്‍മന്‍ സായിപ്പ് എഴുതിയ 'ലോര്‍ഡ് ഓഫ് ദി എയര്‍' (വായുഭഗവാന്‍) എന്ന പുസ്തകത്തില്‍ ബാബയുടെ രതിവൈകൃതങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്. സ്ത്രീ പീഡനവും സ്വവര്‍ഗരതിയും ബാലപീഡനവുമെല്ലാം തെളിവുസഹിതം വിവരിക്കുന്ന താള്‍ ബ്രൂക്ക്, അടിയന്തിരമായി ചികിത്സ വേണ്ടുന്ന ചിത്തരോഗിയാണ് ബാബയെന്നാണ് പറയുന്നത്. ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ നേരിട്ടുകണ്ട്.
 
പ്രമുഖ യുക്തിവാദി ബി. പ്രേമാനന്ദ് എഴുതിയ 'സായീദാസികള്‍' എന്ന പുസ്തകവും വിവാദ കൊടുങ്കാറ്റുയര്‍ത്തിയിരുന്നു. വന്ധ്യത പരിഹരിക്കാനെന്നപേരില്‍ ബാബ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പലരും തുറന്നുപറഞ്ഞു. താന്‍ ശിവന്റെ അവതാരമാണെന്നും അതിനാല്‍ ഒന്നും സംഭവിക്കില്ലെന്നും വിശ്വസിപ്പിച്ചാണത്രെ ചൂഷണം. ചിലരാവട്ടെ, 'ഭഗവാനുമായി' സഹശയനം നടത്തുന്നത് വലിയൊരു കാര്യമായും കരുതി. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി പത്തുവര്‍ഷം മുമ്പ് 'ഇന്ത്യാ ടുഡെ'ബാബക്കെതിരെ കവര്‍സ്‌റ്റോറി പ്രസിദ്ധീകരിക്കാനുള്ള ധൈര്യം കാട്ടിയിരുന്നു. ബാബ ജീവിച്ചിരിക്കുമ്പോള്‍ ഒരു മാധ്യമം നടത്തിയ ഏറ്റവും വലിയ വിമര്‍ശവും ഇതുതന്നെയായിരുന്നു.
 
അധികാരത്തര്‍ക്കവും  പണത്തിന്റെ കുത്തൊഴുക്കും മൂലം  പുട്ടപര്‍ത്തിയില്‍ പലതവണ വെടിയൊച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. സായിബാബ തന്നെ രണ്ടുതവണ കൊലപാതകികളില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 1993 ജൂണ്‍ ആറിന് രാത്രി പുട്ടപര്‍ത്തിയിലെ സായി ആശ്രമത്തില്‍ സ്വാമിയുടെ അരുമ ശിഷ്യന്മാരായ ആറുപേരാണ് കൊല്ലപ്പെട്ടത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എസ്.ബി. ചവാന്‍ ബാബയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുകയായിരുന്നു! ആ കേസ് പോയ വഴി ഇന്നും ആര്‍ക്കുമറിയില്ല.

ഈ അധികാരത്തര്‍ക്കങ്ങളുടെ തുടര്‍ പ്രകമ്പനങ്ങള്‍ സായീ ആശ്രമത്തില്‍ ഇപ്പോഴും തുടരുകയാണ്്. അഞ്ചാം വയസ്സ് മുതല്‍ ബാബക്കൊപ്പമുള്ള എം.ബി.എ ബിരുദ ധാരിയാ സത്യജിത്തിന്റെ നിയന്ത്രണത്തിലാവും ട്രസ്റ്റ് എന്ന് അഭ്യൂഹമുണ്ട്. സായിബാബയുടെ സഹോദര പുത്രന്‍ രത്‌നാകരന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു. ഇതു രണ്ടുമല്ല, സ്വത്തുക്കള്‍ കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സായീട്രസ്റ്റിന്റെ നാല്‍പ്പതിനായിരം കോടിയോളം വരുന്ന സ്വത്തില്‍ കണ്ണുനട്ട് തര്‍ക്കം രൂക്ഷമാവുമ്പോഴും സായീ ഭക്തര്‍ പുതിയൊരു ബാബയെ കാത്തിരിക്കുകയാണ്. താന്‍ പ്രേംസായി എന്ന പേരില്‍ ആന്ധ്രയില്‍ തന്നെ പുനര്‍ജനിക്കുമെന്നാണ് ബാബ നേരത്തെ നടത്തിയ പ്രവചനം. താന്‍ 96 വയസ്സിലെ സമാധിയാവൂ എന്ന് ബാബ നേരത്തെ നടത്തിയ പ്രവചനം അസ്ഥാനത്തായെങ്കിലും ഭക്തര്‍ പുതിയ 'കൊച്ചുസായി'യെ കാത്തിരിക്കയാണ്.
പക്ഷേ, അതിനിടയിലും ഇന്ത്യ കാത്തിരിക്കുന്നത് ബാബയുടെ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്ന രീതിയില്‍ അധികാര കൈമാറ്റം നടത്താന്‍ കഴിയുമോ എന്നതിലാണ്. പതിനായിരങ്ങള്‍ക്ക് അനുഗ്രഹമായ സേവന പ്രവര്‍ത്തനങ്ങള്‍ നിലക്കാതിരിക്കട്ടെ എന്നുതന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്. 
 



0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More