Thursday, April 28, 2011

ദൊഢമാളൂരില്‍ ബാബ പുനരവതരിക്കുമെന്ന്


ദൊഢമാളൂര്‍: പുനര്‍ജന്മ സങ്കല്‍പത്തിന്റെ പേരില്‍ കര്‍ണാടകയിലെ ഒരു ഗ്രാമം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. പരേതനായ  സായിബാബ പ്രേമസായി എന്ന പേരില്‍ പുനര്‍ജനിക്കുമെന്നു ഭക്തര്‍ വിശ്വസിക്കുന്ന ദൊഢമാളൂര്‍ ഗ്രാമമാണ് വാര്‍ത്താകേന്ദ്രമാകുന്നത്. ബംഗളൂരു-മൈസൂര്‍ ദേശീയപാതയില്‍ മാണ്ഡ്യക്കടുത്ത ഉറക്കം തൂങ്ങിക്കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് വരുംനാളുകളില്‍ സായിഭക്തര്‍ പ്രവഹിക്കും.സായിബാബയുടെ കടുത്ത ഭക്തനായ ഒരു സ്വാമി രചിച്ച 'ശ്രീ സത്യസായി-അനന്തസായി' എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിശ്വാസം. ഒരിക്കല്‍ സായിബാബ ഈ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന തന്നോട് അദ്ദേഹത്തിന് കലിയുഗത്തില്‍ മൂന്ന് അവതാരങ്ങളുണ്ടാവുമെന്നും മൂന്നാമത്തേത് പ്രേമസായി എന്ന പേരില്‍ ഈ ഗ്രാമത്തില്‍ ജനിക്കുമെന്നും പറഞ്ഞത്രെ. രണ്ടാമത്തെ അവതാരം താനാണെന്നും ആദ്യത്തേത് ഷിര്‍ദ്ദിസായിയാണെന്നും അദ്ദേഹം പറഞ്ഞതായി സ്വാമി എഴുതുന്നു. '60കളില്‍ നടന്ന ആ സന്ദര്‍ശനത്തിനിടയില്‍  ഒരു വീടും ബാബ ചൂണ്ടിക്കാണിച്ചു കൊടുത്തത്രെ.
എന്നാല്‍, ഇതേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയാണുള്ളത്. ഇവിടെ ഒരു കൃഷ്ണക്ഷേത്രം നടത്തുന്ന രാമദാസ് പറയുന്നത്, 2023നു ശേഷമാണ് പ്രേമസായി ഇവിടെ ജനിക്കുകയെന്നാണത്രെ. കുറേക്കാലം മുമ്പ് മരിച്ച നാരായണ കസ്തൂരി എന്ന തന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് സ്ത്രീജന്മമെടുത്ത് അടുത്തുള്ള ഭദ്രാവതി എന്ന ഗ്രാമത്തില്‍ അവതരിക്കുമ്പോള്‍ ഈ ഗ്രാമത്തിലെ ഒരാള്‍ അവരെ കല്യാണം കഴിച്ച് പ്രേമസായിക്ക് ജന്മം കൊടുക്കുമത്രെ. ഇന്ന് നീ എന്റെ സഹായിയും നാളെ അമ്മയുമാകുമെന്ന് സായിബാബ അയാളോട് പറഞ്ഞതായാണ് കരുതപ്പെടുന്നത്. കന്‍വ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ദൊഢമാളൂര്‍ സായിബാബയുടെ പുനരവതാരശേഷം ഗുണപര്‍ഥി എന്നറിയപ്പെടുമെന്നാണ് ഗ്രാമീണരില്‍ ചിലരുടെ വിശ്വാസം.



0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More