ഏപ്രില്‍ 28, 2011 6:00pm-ന്
പരിചിതമോ അപരിചിതമോ ആയ ഏതൊരു ജീവജാലത്തിന്റെയും മരണം ഒരു സഹജീവി എന്ന നിലയില്‍ എനിക്ക് വ്യസനമുണ്ടാക്കാറുണ്ട്. ബാബയുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോഴും എനിക്ക് അതേ വികാരമാണ്. പക്ഷെ മറ്റു മനുഷ്യരുടെ മരണങ്ങള്‍ നല്‍കുന്നതിനേക്കാളുപരിയായ ആലോചനകള്‍ക്ക് ഈ 'ദിവ്യാവതാര'ത്തിന്റെ തിരോധാനം വഴിതുറക്കുന്നു. എന്നെയോ നിങ്ങളെയോ പോലെ വെറുമൊരു 'മനുഷ്യന്‍' അല്ലല്ലോ ശ്രീമാന്‍ ബാബ. ദൈവത്തിന്റെ അവതാരമായ താന്‍ 96ാം വയസിലേ മരിക്കൂ എന്നും അതു വരെ പൂര്‍ണ ആരോഗ്യവാനായി ജീവിക്കും എന്നുമായിരുന്നു ഈ ദൈവപുരുഷന്റെ അരുളപ്പാടുകള്‍.(ബാബയുടെ കേളി ഭൂഖണ്ഡങ്ങള്‍ക്കപ്പുറം പരത്തിയ അരുമശിഷ്യന്‍ എച്ച്.എസ്. ഹിസ്ലാപ്പ് എഴുതിയ 'ഭഗവാന്‍ സത്യസായി ബാബയുടെ സംഭാഷണങ്ങള്‍' എന്ന പുസ്തകം നോക്കുക)പക്ഷെ 85ാം വയസില്‍ സായി ബാബ മരണപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളായി കരള്‍, ഹൃദയരോഗ ബാധിതനായിരുന്ന ഇദ്ദേഹം എല്ലുപൊടിഞ്ഞു പോകുന്ന osteoporosis എന്ന രോഗത്താലും പീഡിതനായിരുന്നു. ഭക്തര്‍ക്ക് ആയുസും ആരോഗ്യവും നല്‍കി സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ദൈവാവതാരം അവസാന ദിവസങ്ങളില്‍ ശ്വാസം കഴിച്ചത് പോലും ശാസ്ത്ര പുരോഗതിയുടെ പിന്തുണയാല്‍ സാധാരണ മനുഷ്യര്‍ നിര്‍മിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ്. ഭക്തര്‍ക്ക് രോഗം വന്നാല്‍ തന്നെ ദര്‍ശിച്ച്, സൌഖ്യം നേടണം എന്ന് പറയുന്ന ആള്‍ദൈവം സ്വന്തം ജീവന്‍ പിടിച്ചു നിര്‍ത്താന്‍ യന്ത്രങ്ങളെ ആശ്രയിച്ചത് എന്തിനാണാവോ? സമാനമായ ലീലാവിലാസങ്ങളുമായി അനുയായികളെ സംഘടിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് പണം പിടുങ്ങുന്ന അമൃതാനന്ദമയിയെപ്പോലുള്ള നിരവധി സഹദേവീ ദേവന്‍മാര്‍ ഈ മഹാരാജ്യത്തുണ്ടായിരുന്നല്ലോ.
ആദ്യം ഷിര്‍ദിയിലെ സായി ബാബയുടെ അവതാരമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ദൈവത്തിന്റെ അവതാരപുരുഷനാണ് താനെന്നാണ് ഈ സ്വയം പ്രഖ്യാപിത ദൈവം അവകാശപ്പെട്ടിരുന്നത്. ഒരിക്കല്‍ പോലും ദിവ്യത്വം അവകാശപ്പെട്ടിട്ടില്ലാത്ത ഷിര്‍ദിയിലെ സായിബാബക്ക് മേല്‍ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകള്‍ മൂലം ജനം ഭഗവാന്‍ പട്ടം ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. എന്നാല്‍ കണ്‍കെട്ട്^കയ്യടക്ക് വിദ്യകള്‍ പ്രയോഗിച്ച് ജനങ്ങളെ കബളിപ്പിച്ചാണ് പുട്ടപര്‍ത്തിയിലെ സായിബാബ ദൈവം കളിച്ചത്. ആയിരത്തോളം ദിവ്യാല്‍ഭുതങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് ബാബയും അയാളുടെ സ്തുതിപ്പാട്ടുകാരും പ്രചരിപ്പിച്ചിരുന്നത്^ വാസ്തവമെന്താണ്? പ്രമുഖ മജീഷ്യന്‍ ജുനിയര്‍ സര്‍ക്കാറിനൊപ്പം മാജിക് പഠിച്ചയാളാണ് ബാബ. ശൂന്യതയില്‍ നിന്ന് ഭസ്മം വരുത്തി ഭക്തര്‍ക്ക് നല്‍കലായിരുന്നു ഇദ്ദേഹത്തിന്റെ ജനപ്രിയ ദിവ്യാല്‍ഭുതം. കഞ്ഞിവെള്ളത്തില്‍ കുഴച്ച് വിരലുകള്‍ക്കിടയില്‍ തേച്ചുവെക്കുന്ന ഭസ്മക്കട്ട ഭക്തര്‍ക്ക് മുന്നില്‍ പൊടിച്ച് വിതരണം ചെയ്യുന്ന-കുട്ടികള്‍ക്ക് പോലും കാണിക്കാവുന്ന ഈ 'അത്ഭുതപ്രവര്‍ത്തി' ബാബയേക്കാള്‍ മനോഹരമായി ചെയ്യുന്നവരാണ് നമ്മുടെ ആര്‍.കെ.മലയത്ത്, ഗോപിനാഥ് മുതുക്കാട്, പ്രദീപ് ഹൌഡിനി തുടങ്ങിയ മാന്ത്രികരെല്ലാം. ജനങ്ങളെ ചൂഷണം ചെയ്ത് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കണമെന്ന കുടിലബുദ്ധി ഇല്ലാത്തതിനാല്‍ അവരാരും മാന്ത്രിക കലയിലെ പ്രാവീണ്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് മാത്രം. തന്റെ കാപട്യങ്ങള്‍ മറച്ചുവെക്കാനും കാരുണ്യമുഖം പ്രദര്‍ശിപ്പിക്കാനുമായി വൈദ്യശാസ്ത്ര വിദ്യയുടെ സാധ്യതകള്‍ പ്രയോഗപ്പെടുത്തുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി സമുച്ചയം ബാബ പണിതിട്ടുണ്ട് എന്നത് വളരെ നല്ല കാര്യം തന്നെ. പക്ഷെ അതിനായി ചെലവിട്ടത് ഭക്തജനങ്ങളെ വഞ്ചിച്ച് സമ്പാദിച്ച കോടികളാണ്. തന്റെ സ്വയം നിര്‍മിത ദിവത്യമായിരുന്നു ഈ രംഗത്തും ബാബയുടെ മൂലധനം. ഡോ. കോവൂരിന്റെയും ബി. പ്രേമാനന്ദിന്റെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ യുക്തിവാദി സംഘം ബാബയുടെ ഒടിവിദ്യകളെല്ലാം പൊളിച്ചുകാണിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ മരണത്തിലൂടെ ബാബയുടെ അവശേഷിച്ച കള്ളവും പൊളിഞ്ഞിരിക്കുന്നു. ബാബക്ക് മുന്നില്‍ വിധേയരായി വണങ്ങി നില്‍ക്കുന്ന ഭരണത്തലവന്‍മാരുടെയും ശാസ്ത്രജ്ഞരുടെയും മറ്റും മുഖങ്ങള്‍ മനസില്‍ തെളിയുന്നു. ബുദ്ധിജീവികളും സാമാന്യ ഭക്തജനങ്ങളും സത്യം മനസിലാക്കുന്നതിനും അത് തുറന്ന് സമ്മതിക്കുന്നതിനുമുള്ള 'ദിവ്യാവസര'മായി ഈ സന്ദര്‍ഭം ഉപയോഗിക്കും എന്ന് പ്രത്യാശിക്കട്ടെ.
(ബാബയുടെ അവസാന നാളില്‍ കലാനാഥന്‍ മാഷ് ഫോണില്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് താല്‍പര്യം balanced നിലപാടുകളാകയാല്‍ (ഒരു സ്പൂണ്‍ തേന്‍:ഒരു സ്പൂണ്‍ വിഷം) അവയുടെ ഇടയില്‍ ഇട്ട് ഈbold അഭിപ്രായത്തെ മലിനമാക്കണ്ട എന്ന് കരുതി സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലും മെയില്‍ ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുന്നു. വെബ് മാധ്യമങ്ങളിലും ബ്ലോഗുകളിലും അനുവാദം ചോദിക്കാതെ ഉപയോഗിക്കാവുന്നതാണ്)
1 comments:
അങ്ങനെ വെറും കണ്കെട്ട് കാരന്‍ ആയിരുന്നെങ്കില്‍ ഇത്രയും കാലം പിടിച്ചു നില്‍കാന്‍ പറ്റുമായിരുന്നോ. കണ്കെട്ട് നിര്‍ത്തി ആസ്പത്രി തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹം മഹാന്‍ ആയി . തികച്ചും സൌജന്യ ചികിത്സ ആണ് അവിടെ നല്‍കുന്നത് . അത് പോലെ തന്നെ വിദ്യാഭ്യാസ രംഗത്തും പത്തു പൈസ ചെലവില്ലാതെ എം ബി എ വരെ ചെയ്യാം. സായി സേവ സംഘത്തില്‍ വലിപ്പ ചെറുപ്പം ഇല്ലാതെ ആളുകള്‍ ജനറല്‍ മാനേജര്‍ മുതല്‍ ചെറു കിട ജോലികാര്‍ വരെ ഏല്‍പിച്ച ജോലി സസന്തോഷം ചെയ്യുന്നു. ദൈവമായാലും മനുഷ്യനായാലും അവരുടെ നല്ല കാര്യങ്ങള്‍ അനുകരിക്കുക.
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...