Monday, May 9, 2011

പ്രവാചക കേശവും വിവാദ വിധേയമായ മുടിയും- മുഹമ്മദ് കാടേരി

اപ്രാമാണിക വിശകലനം-ബോധനം ദ്വൈമാസിക -മെയ്-ജൂണ്

പ്രവാചക തിരുശേഷിപ്പുകള്‍ക്ക് മഹത്വമുണ്ട്. ചില സ്വഹാബിമാര്‍ അവ സൂക്ഷിച്ച് വെച്ചിരുന്നു. എന്നാല്‍ പ്രവാചകന്റേതെന്ന് ഖണ്ഡിതമായി പറയാവുന്ന തിരുശേഷിപ്പുകളൊന്നും ഇന്ന് ലഭ്യമല്ല. അതുകൊണ്ടുതന്നെ ആ നിലയില്‍ പ്രചരിപ്പിക്കപ്പെടുന്നവ വിശ്വസിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരല്ല.
കാരന്തൂര്‍ മര്‍കസ് സമ്മേളനത്തില്‍ വെച്ച് പ്രവാചകന്റേത് എന്നുപറയപ്പെടുന്ന ഒരുമുടി യു.എ.ഇയിലെ ശൈഖ് അഹ്മദ് ഖസ്റജി, എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറിയത് കേരള മുസ്ലിംകള്‍ക്കിടയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണല്ലോ. പ്രസ്തുത മുടി പ്രവാചകന്റേതല്ലെന്ന വിഷയത്തില്‍ എ.പി. വിഭാഗം ഒഴിച്ചുള്ള മുസ്ലിം സംഘടനകളെല്ലാം ഏറെക്കുറെ ഏകാഭിപ്രായക്കാരാണ്. എന്നാല്‍ സാക്ഷാല്‍ പ്രവാചക കേശത്തോടും തിരുശേഷിപ്പുകളോടുമുള്ള ഇസ്ലാമിക സമീപനത്തിന്റെ കാര്യത്തില്‍ അവര്‍ക്കിടയില്‍ വിവിധ വീക്ഷണങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. പ്രവാചക കേശത്തിനോ ഇതര ശേഷിപ്പുകള്‍ക്കോ പ്രത്യേക മഹത്വമോ പരിശുദ്ധിയോ ഇല്ലെന്നും സ്വഹാബിമാര്‍ അവ സൂക്ഷിച്ചുവെച്ചതിന് തെളിവില്ലെന്നും തദ്വിഷയകമായി വന്ന നിവേദനങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഒരു വീക്ഷണം. കാരന്തൂരിലും യു.എ.ഇയിലെ ഖസ്റജി കുടുംബത്തിലും സൂക്ഷിച്ചിട്ടുള്ള മുടികള്‍ പ്രവാചകന്റേതല്ലെന്നും പ്രവാചക കേശമെന്ന നിലയില്‍ പ്രസിദ്ധവും വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചുവരുന്നതുമായ തിരുശേഷിപ്പുകള്‍ സനദ് ഉള്ളതിനാല്‍ മഹത്വമര്‍ഹിക്കുന്നുവെന്നതാണ് മറ്റൊരു വീക്ഷണം. പ്രവാചക ശേഷിപ്പുകള്‍ക്ക് മഹത്വമുണ്ടെന്നതിനും സ്വഹാബിമാരില്‍ ചിലര്‍ അവ സൂക്ഷിച്ചുവെച്ചിരുന്നുവെന്നതിനും തെളിവുകള്‍ ഉണ്ടെന്നും എന്നാല്‍ പ്രവാചകന്റേതെന്ന് ഖണ്ഡിതമായി പറയാവുന്ന തിരുശേഷിപ്പുകളൊന്നും ഇന്നു ലഭ്യമല്ലെന്നുമാണ് മൂന്നാമതൊരു വീക്ഷണം. ഈ പശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യമെന്തെന്നറിയാന്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഒരന്വേഷണം സംഗതമാണെന്ന് കരുതുന്നു.
പ്രവാചക കേശത്തോടും മറ്റുതിരുശേഷിപ്പുകളോടും ആദരപൂര്‍വമാണ് പൂര്‍വകാല ഇസ്ലാമിക സമൂഹം വര്‍ത്തിച്ചത്. പ്രവാചക ചര്യയില്‍ നിന്നും സ്വഹാബിമാരുടെ കര്‍മ്മമാതൃകയില്‍ നിന്നും ഇത് വ്യക്തമാണ്. തിരുശേഷിപ്പുകള്‍ ആദര പൂര്‍വം കൈകാര്യം ചെയ്യുന്നതിനും നന്മയും ദൈവാനുഗ്രഹവും പ്രതീക്ഷിച്ച് അവ ഉപയോഗപ്പെടുത്തുന്നതിനും നബി(സ)യുടെ അനുവാദമോ പ്രോത്സാഹനമോ ലഭിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. നബി(സ) ഹജ്ജതുല്‍ വിദാഇല്‍ തലമുണ്ഡനം ചെയ്തതും തലമുടി പുറത്ത് കളയാതെ അന്‍സ്വാരി സ്വഹാബിയായ അബൂത്വല്‍ഹ(റ)ക്കു നല്‍കിയതും അത് ജനങ്ങള്‍ക്കു വീതിച്ചു നല്‍കാന്‍ കല്‍പിച്ചതും ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസുകളിലുണ്ട്.
റസൂല്‍(സ) ജംറഃയില്‍ കല്ലെറിയുകയും ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്തശേഷം തല മുണ്ഡനം ചെയ്യുമ്പോള്‍ ക്ഷുരകന് വലതുഭാഗം കാണിച്ചുകൊടുത്തു. അതു മുണ്ഡനം ചെയ്തുകഴിഞ്ഞപ്പോള്‍ അന്‍സ്വാരി സ്വഹാബിയായ അബൂത്വല്‍ഹഃ(റ)യെ വിളിച്ചു മുടി അദ്ദേഹത്തിനു നല്‍കി. പിന്നീട് ക്ഷുരകന് അവിടുന്ന് ഇടത് ഭാഗം കാണിച്ചുകൊടുത്തു, മുണ്ഡനം ചെയ്യാനാവശ്യപ്പെട്ടു. അത് മുണ്ഡനം ചെയ്തുകഴിഞ്ഞപ്പോള്‍ മുടി അബൂത്വല്‍ഹഃക്ക് നല്‍കിയിട്ട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: ഇത് ജനങ്ങള്‍ക്ക് വീതിച്ചു കൊടുക്കുക' (ബുഖാരി, മുസ്ലിം). നബി(സ) അവിടുത്തെ തലമുടി അബൂത്വല്‍ഹഃ(റ)ക്കു നല്‍കുക മാത്രമാണ് ചെയ്തതെങ്കില്‍ അത് കുഴിച്ചുമൂടാനോ എവിടെയങ്കിലും ഉപേക്ഷിക്കാനോ ഏല്‍പിച്ചതാണെന്ന് കരുതാമായിരുന്നു. എന്നാല്‍ അവിടുന്ന് അത് ജനങ്ങള്‍ക്ക് വീതിച്ചുകൊടുക്കാന്‍ കല്‍പിക്കുകകൂടി ചെയ്തു. പ്രവാചക കേശം ലഭിച്ച ശിഷ്യന്മാരില്‍ ചിലര്‍ അത് കുഴിച്ചുമൂടുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിനു പകരം സൂക്ഷിച്ചുവെക്കുകയും തബര്‍റുകിനുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്തു. പ്രബലമായ നിവേദനങ്ങളില്‍ നിന്നു തന്നെ ഇക്കാര്യവും ഗ്രഹിക്കാം.

ഉസ്മാനുബ്നു അബ്ദില്ലാഹിബ്നി മൌഹബില്‍ നിന്ന് നിവേദനം: എന്റെ വീട്ടുകാര്‍ ഒരു കപ്പ് വെള്ളവുമായി എന്നെ ഉമ്മുസലമഃയുടെ അടുത്തേക്കയച്ചു. ആര്‍ക്കെങ്കിലും കണ്ണേറോ മറ്റസുഖങ്ങളോ ബാധിച്ചാല്‍ വെള്ളപ്പാത്രവുമായി ഉമ്മുസലമഃയുടെ അടുത്തേക്ക് അയാളെ പറഞ്ഞയക്കുക പതിവായിരുന്നു. അവര്‍ ഒരു വെള്ളിച്ചെപ്പില്‍ സൂക്ഷിച്ചിരുന്ന പ്രവാചക കേശമെടുത്ത് വെള്ളത്തില്‍ വെച്ച് ഇളക്കുകയും അയാള്‍ ആ വെള്ളം കുടിക്കുകയും ചെയ്യും. ഉസ്മാന്‍ പറയുന്നു: ഞാന്‍ ആ ചെപ്പിലേക്ക് നോക്കിയപ്പോള്‍ ചുവപ്പു നിറമുള്ള മുടികള്‍ എനിക്കു കാണാനായി'.
പ്രവാചക പത്നി ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമഃ(റ) പ്രവാചക കേശം രോഗ ചികിത്സാര്‍ത്ഥം ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് ഈ നിവേദനം വ്യക്തമാക്കുന്നു: പ്രവാചക കേശം തബര്‍റുകിന് ഉപയോഗിച്ച മറ്റൊരു സ്വഹാബി ഖാലിദുബ്നുല്‍ വലീദ്(റ) ആണ്. അബ്ദുല്‍ ഹമീദി ബ്നു ജഅ്ഫര്‍ തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു:
യര്‍മൂക് യുദ്ധ ദിനത്തില്‍ ഖാലിദുബ്നുല്‍ വലീദിന്റെ ഒരു തൊപ്പി നഷ്ടപ്പെട്ടു. അത് അന്വേഷിച്ചു കണ്ടെത്താന്‍ ജനങ്ങളോട് അദ്ദേഹം ആജ്ഞാപിച്ചു. ആദ്യം അവര്‍ക്കത് കണ്ടെത്താനായില്ല. എന്നാല്‍ പിന്നീടത് കണ്ടുകിട്ടുകയുണ്ടായി. അതൊരു പഴകിയ തൊപ്പിയായിരുന്നു. തദവസരം ഖാലിദ്(റ) പറഞ്ഞു: 'റസൂല്‍(സ) ഉംറഃ നിര്‍വഹിച്ച് തലമുടി നീക്കുകയായിരുന്നു. ആളുകള്‍ തിരുകേശത്തിനായി ധൃതിപ്പെടുന്നുണ്ടായിരുന്നു. ഞാന്‍ അവര്‍ക്കു മുന്നിലെത്തി അവിടുത്തെ നെറുകയിലെ മുടി കരസ്ഥമാക്കി. അനന്തരം ഞാനത് ഈ തൊപ്പിയില്‍ വെച്ചു. പിന്നീട് ആ തൊപ്പി ധരിച്ച് നടത്തിയ യുദ്ധങ്ങളിലൊന്നും എനിക്കു വിജയം ലഭിക്കാതിരുന്നിട്ടില്ല'.
'സിയറു അഅ്ലാമിന്നുബലാഇ'ലെ ഹദീസുകളെയും മറ്റു നിവേദനങ്ങളെയും പഠനവിധേയമാക്കിയ പ്രമുഖ ഹദീസ് പണ്ഡിതനായ ശുഐബുല്‍ അര്‍നഊത്വ് പ്രസ്തുത അസറിന് അടിക്കുറിപ്പായി ഇപ്രകാരം എഴുതിയിരിക്കുന്നു: ഹാകിം ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു അബ്ദില്‍ ബര്‍റ് 'അല്‍ ഇസ്തീആബി'ലും ഹാഫിള് ഇബ്നു ഹജര്‍ 'അല്‍ ഇസ്വാബഃ'യിലും ഹുശൈം വഴി ഇത് ഉദ്ധരിച്ചിരിക്കുന്നു: ഹാഫിളുല്‍ ഹൈസമി പ്രസ്താവിക്കുന്നു: ത്വബ്റാനിയും അബൂ യഅ്ലായും ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇതിന്റെ നിവേദകന്മാര്‍ സ്വഹീഹൈനിയുടെ നിവേദകന്മാരാണ്. അബൂയഅ്ലാ പ്രബലമായ നിവേദക പരമ്പരയിലൂടെ ഇത് ഉദ്ധരിച്ചിട്ടുണ്ടെന്ന് ബൂസ്വീരിയും പ്രസ്താവിച്ചിട്ടുണ്ട്'.
തിരുകേശത്തിനു പുറമെ പ്രവാചകനുമായി ബന്ധപ്പെട്ട മറ്റുചില പദാര്‍ത്ഥങ്ങളും പുണ്യം ഉദ്ദേശിച്ച് സ്വഹാബിമാര്‍ ഉപയോഗപ്പെടുത്തിയതിന് തെളിവുണ്ട്. അവയിലൊന്ന് പ്രവാചകന്‍ ഭുജിച്ചതില്‍ ബാക്കി വന്ന ഭക്ഷണമാണ്. നബി(സ) മക്കയില്‍ നിന്ന് പലായനം ചെയ്തു മദീനയിലെത്തിയപ്പോള്‍ മസ്ജിദുന്നബവിയുടെയും പ്രവാചക വസതികളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് താമസിച്ചിരുന്നത് അബൂ അയ്യൂബല്‍ അന്‍സ്വാരി(റ)യുടെ വീട്ടിലായിരുന്നു. നബി(സ) തന്റെ കൂടെ താമസിച്ച അനുഗൃഹീത നാളുകളെ അബൂ അയ്യൂബ് ഇപ്രകാരം അനുസ്മരിക്കുന്നു:
'ഞങ്ങള്‍ അത്താഴം തയ്യാറാക്കി നബിതിരുമേനിക്കു കൊടുത്തയക്കുമായിരുന്നു. അതില്‍ നിന്ന് ബാക്കി വല്ലതും ഞങ്ങള്‍ക്കു തിരിച്ചു തന്നാല്‍ നബി(സ) കൈവെച്ച സ്ഥലം നോക്കി അതില്‍ നിന്ന് ഞങ്ങള്‍ ഭക്ഷിക്കുകയും അത് മുഖേന ദൈവാനുഗ്രഹം തേടുകയും ചെയ്യും'.
നബി(സ) വുദൂഅ് ചെയ്യുമ്പോള്‍ അവിടത്തെ ശരീരാവയവങ്ങളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം, തിരുമേനിയുടെ തുപ്പുനീര് എന്നിവ സ്നേഹാദരപൂര്‍വം സ്വഹാബിമാര്‍ വാരിപ്പുണര്‍ന്നിരുന്നു. ഇബ്നു കസീര്‍ ഉദ്ധരിക്കുന്നു: 'അനന്തരം ഉര്‍വതുബ്നു മസ്ഊദ് നബി സന്നിധിയില്‍ നിന്ന് എഴുന്നേറ്റ് പോയി. പ്രവാചക ശിഷ്യന്മാര്‍ ചെയ്യുന്നത് അയാള്‍ കണ്ടിട്ടുണ്ടായിരുന്നു: നബി(സ) വുദൂഅ് ചെയ്യുമ്പോള്‍ ശുചീകരണത്തിനുപയോഗിച്ച വെള്ളത്തിനായി അവര്‍ ഓടിയടുക്കും. അവിടുന്ന് തുപ്പിയാല്‍ തുപ്പ് നീരെടുക്കാനും അവര്‍ ഓടിയെത്തുന്നു. തിരുശരീരത്തില്‍ നിന്ന് ഒരു രോമം താഴെ വീഴുന്ന പക്ഷം അതവര്‍ കയ്യിലെടുക്കും' (ബിദാദഃ 4/167).
സ്വഹാബത്ത് തബര്‍റുകിനു വേണ്ടി ഉപയോഗിച്ച മറ്റൊരു അവശിഷ്ടം തിരുദൂതന്റെ വിയര്‍പ്പാണ്. അനസ്(റ) ല്‍ നിന്ന് ഇമാം അഹ്മദ് ഉദ്ധരിക്കുന്നു:
നബി(സ) ഉമ്മു സുലൈമിന്റെ വീട്ടില്‍ പ്രവേശിച്ച് അവരുടെ വിരിപ്പില്‍ ഉറങ്ങുകയായിരുന്നു. ഉമ്മു സുലൈം(റ) വന്നപ്പോള്‍, നബി(സ) അവരുടെ വിരുപ്പില്‍ ഉറങ്ങുന്ന വിവരം ആരോ അവരെ അറിയിച്ചു. നബി(സ) വിയര്‍ത്തൊലിക്കുകയും വിയര്‍പ്പ് വിരിപ്പിലുണ്ടായിരുന്ന തുകലിന്റെ കഷ്ണത്തില്‍ തളം കെട്ടി നില്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഉമ്മു സുലൈം തന്റെ സുഗന്ധക്കുപ്പി കൊണ്ടുവന്ന് വിയര്‍പ്പ് തുടച്ചെടുത്ത് അതില്‍ നിക്ഷേപിച്ചു. നബി(സ) ഞെട്ടിയുണര്‍ന്ന് ഇപ്രകാരം ചോദിച്ചു: 'ഉമ്മുസുലൈം! നീ എന്താണ് ചെയ്യുന്നത്?' അവര്‍ പറഞ്ഞു: 'ഇതിന്റെ ബറകത് - ഇത് മൂലം പ്രതീക്ഷിക്കപ്പെടുന്ന ദൈവാനുഗ്രഹം - ഞങ്ങളുടെ സന്താനങ്ങള്‍ക്ക് ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു'. നബി(സ) പറഞ്ഞു: 'നീ ചെയ്തത് ശരിതന്നെ'.
ഈ ഹദീസില്‍ ഉമ്മുസുലൈമിന്റെ പ്രവൃത്തിയെ നബി(സ) ശരിവെച്ചത്, പ്രവാചകാവശിഷ്ടം ബറകത്തിനുവേണ്ടി ഇപയോഗിക്കുന്നതിന് പ്രാമാണികത നല്‍കുന്നു. അതിനാല്‍, പ്രസ്തുത നിവേദനങ്ങളുടെ വെളിച്ചത്തില്‍ പ്രവാചക കേശവും തിരുശേഷിപ്പുകളും ഉപയോഗിച്ച് ദൈവാനുഗ്രഹം തേടുന്നത് - തബര്‍റുക് - അനുവദനീയമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ ഭൂരിപക്ഷം സ്വഹാബിമാരും പ്രവാചക കേശമോ മറ്റു ശേഷിപ്പുകളോ തബര്‍റുകിന് ഉപയോഗിച്ചതായി കാണുന്നില്ല. നബി(സ) തിരുമേനിയുടെ ഉമ്മത്തില്‍ ഏറ്റവും ശ്രേഷ്ഠരായി ഗണിക്കപ്പെടുന്ന നാലു ഖലീഫഃമാരില്‍ ആരും തന്നെ തിരുശേഷിപ്പുകള്‍ കൈവശം വെച്ചതായോ തബര്‍റുകിന് ഉപയോഗിച്ചതായോ അറിയപ്പെടുന്നില്ല. പ്രവാചക ശേഷിപ്പുകളുടെ നിലനില്‍പ്പിനും സുരക്ഷിതത്വത്തിനും വേണ്ടി അവര്‍ പ്രത്യേകം സംവിധാനമൊരുക്കിയതായും ചരിത്ര രേഖകളില്‍ ഇല്ല. നാലു ഖലീഫമാര്‍ക്കു പുറമെ അശറത്തുല്‍ മുബശ്ശരീങ്ങളില്‍ പെട്ട മറ്റു സ്വഹാബിമാരോ സ്വഹാബത്തിലെ പണ്ഡിത പ്രമുഖരും മുഫ്തിമാരുമായി അറിയപ്പെട്ട ഇബ്നു മസ്ഊദ്, സൈദുബ്നു സാബിത്ത്, ഉബയ്യുബ്നു കഅ്ബ്, അബ്ദുല്ലാഹിബ്നു ഉമര്‍, ഇബ്നു അബ്ബാസ് തുടങ്ങിയവരേയോ തിരുശേഷിപ്പുകളുടെ വാഹകരായി ചരിത്രം പരിചയപ്പെടുത്തുന്നില്ല.
നബിപത്നി ആഇശഃ(റ)യുടെ വശം തിരുകേശം ഉണ്ടായിരുന്നതായി ചില നിവേദനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അവരത് രോഗശമനാര്‍ത്ഥമോ മറ്റോ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളില്ല. നബി(സ)യുടെ ഒരു ജുബ്ബയും അവര്‍ സൂക്ഷിച്ച്വെച്ചിരുന്നു. പക്ഷെ, തബര്‍റുക് ഉദ്ദേശിച്ച് പ്രത്യേകമായ രീതിയില്‍ അവര്‍ അതിനെ ഉപയോഗിച്ചിരുന്നില്ലെന്ന് താഴെ നിവേദനം സൂചിപ്പിക്കുന്നു.
 അസ്മാഅ്(റ)യില്‍ നിന്ന് നിവേദനം: മുന്‍ഭാഗം തുറന്നതും ഇരുപാര്‍ശ്വങ്ങളും കൈകളുടെ അറ്റവും പട്ട്കൊണ്ട് അലങ്കരിച്ചതുമായ, നബി(സ)യുടെ ഒരു ജുബ്ബ അവര്‍ പുറത്തെടുത്തു - അബൂദാവൂദ്. മുസ്ലിമിന്റെ നിവേദനത്തില്‍ ഇങ്ങനെയുമുണ്ട്: ഈ ജുബ്ബ ആഇശഃ(റ) വഫാത്താകുന്നത് വരെ അവരുടെ പക്കലായിരുന്നു. അസ്മാഅ്(റ) പറഞ്ഞു: ആഇശഃയുടെ നിര്യാണ ശേഷം ഞാനത് കൈവശപ്പെടുത്തി. ഞങ്ങള്‍ രോഗശമനം തേടി രോഗികള്‍ക്കത് കഴുകിക്കൊടുക്കുമായിരുന്നു. ഇമാം ബുഖാരി, 'അല്‍ അദബുല്‍ മുഫ്റദി'ല്‍ ഇങ്ങനെയും ഉദ്ധരിച്ചിട്ടുണ്ട്: 'നബി(സ) അത് നിവേദക സംഘങ്ങളെ സ്വീകരിക്കുമ്പോഴും ജുമുഅഃ ദിനത്തിലും ധരിക്കുമായിരുന്നു'. ഈ നിവേദനത്തില്‍ നിന്ന് ആഇശഃ(റ) രോഗശമനാര്‍ത്ഥം അത് ഉപയോഗിച്ചിരുന്നില്ലെന്നും അസ്മാഇ(റ)ന്റെ വശം വന്നുചേര്‍ന്നപ്പോഴാണ് അവ്വിധം അത് ഉപയോഗിച്ചു തുടങ്ങിയതെന്നും വ്യക്തമാകുന്നു.
ഹുദൈബിയ്യഃ സന്ധിയുടെ വേളയില്‍ പ്രവാചകാവശിഷ്ടങ്ങളെ സ്വഹാബിമാര്‍ വാരിപ്പുണര്‍ന്നതും നബി(സ) അതിന് അനുവാദം നല്‍കിയതും തബര്‍റുക് ലക്ഷ്യമാക്കിയായിരുന്നില്ലെന്നാണ് പണ്ഡിത നിരീക്ഷണം. പ്രത്യുത ഉര്‍വത്തുബ്നു മസ്ഊദിനെപ്പോലുള്ള ശത്രു നായകന്മാരെ, പ്രവാചകനും അനുചരന്മാരും തമ്മിലുള്ള ഐക്യത്തിന്റെയും സുദൃഢമായ സ്നേഹബന്ധത്തിന്റെയും ആഴവും പരപ്പും ബോധ്യപ്പെടുത്താനായിരുന്നു. ഈ വിധം ആത്മബന്ധം പുലര്‍ത്തുന്ന ഒരു സമൂഹത്തെ അതിജയിക്കാനും പരാജയപ്പെടുത്താനും സാധ്യമല്ലെന്ന സന്ദേശം അതുവഴി ശത്രുസമൂഹത്തിന് കൈമാറുകയായിരുന്നു ലക്ഷ്യം. ഹാഫിള് ഇബ്നു ഹജറിനെപ്പോലുള്ള പണ്ഡിതന്മാര്‍ അങ്ങനെയാണ് ഈ സംഭവത്തെ വിലയിരുത്തിയിട്ടുള്ളത്. പ്രവാചകാവശിഷ്ടങ്ങളെ വാരിപ്പുണരാനും സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കാനും ഒരു ഘട്ടത്തില്‍ നബി(സ) അനുവദിച്ചെങ്കിലും മറ്റൊരു സന്ദര്‍ഭത്തില്‍, അപ്രകാരം സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കുന്നതിനേക്കാള്‍ ഉത്തമം ജീവിതത്തില്‍ ചില മൂല്യങ്ങളും ചര്യകളും മുറുകെ പിടിക്കലാണെന്ന് നബി(സ) ഉണര്‍ത്തുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്. ഇബ്നു ശിഹാബ് ഉദ്ധരിക്കുന്നു:
ഒരു അന്‍സ്വാരി സ്വഹാബി എന്നോട് പറഞ്ഞു: നബി(സ) വുദൂഅ് ചെയ്യുകയോ തുപ്പുകയോ ചെയ്യുമ്പോള്‍ തിരുമേനിക്കു ചുറ്റുമുള്ള മുസ്ലിംകള്‍ വുദൂവിനുപയോഗിച്ച വെള്ളത്തിനും തിരുദൂതന്റെ തുപ്പുനീരിനും വേണ്ടി ഓടിയടുക്കുമായിരുന്നു. അവര്‍ അത് കുടിക്കുകയും ശരീര ചര്‍മ്മങ്ങളില്‍ തേച്ചു പിടിപ്പിക്കുകയു ചെയ്യും. അങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ നബി(സ) അവരോട് ചോദിച്ചു: നിങ്ങള്‍ എന്തിനാണ് ഇത് ചെയ്യുന്നത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇതുമുഖേന ശുദ്ധീകരണവും ദൈവാനുഗ്രഹവും തേടുകയാണ്. തദവസരം നബി(സ) പറഞ്ഞു: 'നിങ്ങളിലാരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നുവെങ്കില്‍ അവന്‍ സത്യംപറയുകയും അമാനത്തുകള്‍ കൊടുത്തുവീട്ടുകയും അയല്‍ക്കാരനെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യട്ടെ'.
തിരുശേഷിപ്പുകള്‍കൊണ്ട് തബര്‍റുക് എടുക്കലല്ല കാര്യം, മറിച്ച് മേല്‍പറഞ്ഞ കര്‍മ്മ ചര്യകള്‍ പാലിക്കലാണെന്ന് ഈ ഹദീസിലൂടെ നബി വ്യക്തമാക്കിയത്, നേരത്തെ പറഞ്ഞ പണ്ഡിത നിരീക്ഷണത്തെ ബലപ്പെടുത്തുന്നു. ഉദ്ധൃത ഹദീസുകളുടെയും തിരുശേഷിപ്പുകള്‍ തബര്‍റുകിന് ഉപയോഗിച്ച ഏതാനും സ്വഹാബിമാരുടെ നടപടിയെയും ആധാരമാക്കി, തിരുശേഷിപ്പുകള്‍ മുഖേന ബറകത്ത് തേടുന്നത് മുസ്തഹബ്ബ്-അഭികാമ്യം- എന്നു പറയുന്നതിനു പകരം, കേവലം അനുവദനീയം -ജാഇസ്- എന്ന് പണ്ഡിതന്മാര്‍ വിധിയെഴുതിയതിനെയും ഈ ഹദീസ് പിന്തുണക്കുന്നു. സ്വഹാബിമാരില്‍ ബഹുഭൂരിപക്ഷവും പ്രവാചക കേശമോ മറ്റോ സൂക്ഷിച്ചുവെക്കാതിരുന്നതിന്റെയും തിരുശേഷിപ്പുകളുടെ നിലനില്‍പ്പിനും സുരക്ഷിതത്വത്തിനും സച്ചരിതരായ ഖലീഫമാര്‍ സംവിധാനമുണ്ടാക്കാത്തതിന്റെയും കാരണവും ഇതില്‍ നിന്നു വ്യക്തമാണ്. കേവലം ജാഇസാ -അനുവദനീയം- യ കാര്യത്തെ സംരക്ഷിച്ചുനിലനിര്‍ത്തേണ്ടതില്ലല്ലോ. എന്നിരിക്കെ ചില സ്വഹാബിമാര്‍ തിരുകേശമോ മറ്റോ സൂക്ഷിച്ചുപോന്നത് പ്രവചകനുമായുള്ള വൈകാരിക ബന്ധത്താല്‍ പ്രചോദിതരായിട്ടാണെന്നു കരുതാനാണ് ന്യായം.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. തിരുശേഷിപ്പിനോടുള്ള സമീപനം വിശ്വാസവൈകല്യത്തിനും അനാചാരങ്ങളുടെ ആവിര്‍ഭാവത്തിനും ഹേതുവാകുമെന്ന് കണ്ടപ്പോള്‍ അതിനെ നിലനിറുത്തുന്നതിനു പകരം നശിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. ഖുലഫാഉര്‍റാശിദൂനില്‍ രണ്ടാമനായ ഉമറി(റ)ന്റേതായിരുന്നു പ്രസ്തുത നടപടി. ഹിജ്റഃ ആറാം വര്‍ഷം ഹുദൈബിയ്യഃയില്‍ വെച്ച് ഇസ്ലാമിക മാര്‍ഗത്തില്‍ ജീവത്യാഗത്തിനു തയ്യാറായി 1400 ഓളം സ്വഹാബിമാര്‍ നബി(സ)യുമായി പ്രതിജ്ഞ ചെയ്യുകയുണ്ടായി. ഹുദൈബിയ്യഃയിലെ ഒരു മരച്ചുവട്ടില്‍ വെച്ചായിരുന്നു അത്. പ്രസ്തുത സ്വഹാബിമാരെ അനുമോദിച്ചുകൊണ്ട് അവതരിപ്പിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ അല്ലാഹു ഈ വൃക്ഷത്തെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. തിരുശേഷിപ്പുകളിലൊന്നായി തീര്‍ച്ചയായും പരിഗണിക്കാവുന്ന ഈ വൃക്ഷം ഉമര്‍(റ) മുറിച്ചുമാറ്റുകയായിരുന്നു.
ഹാഫിള് ഇബ്നു ഹജര്‍ പറയുന്നു:
 നാഫിഇല്‍ നിന്ന് പ്രബലമായ നിവേദക പരമ്പരയോടെ ഇബ്നു സഅ്ദ് ഇപ്രകാരം ഉദ്ധരിച്ചത് ഞാന്‍ കാണുകയുണ്ടായി: 'ബൈഅതുര്‍റിദ്വാന്‍ നടന്ന സ്ഥലത്തെ വൃക്ഷത്തിനു സമീപം ചിലയാളുകള്‍ വന്ന് നമസ്കരിക്കുന്നതായി ഉമറി(റ)ന് വിവരം ലഭിച്ചു. അദ്ദേഹം അവരെ താക്കീത് ചെയ്യുകയും അനന്തരം അത് മുറിച്ചുകളയാന്‍ ആജ്ഞാപിക്കുകയും മുറിച്ചു മാറ്റപ്പെടുകയും ചെയ്തു'.
തിരുശേഷിപ്പുകളുടെ ലഭ്യത
ഹജ്ജത്തുല്‍ വിദാഇല്‍ തിരുകേശത്തില്‍ നിന്ന് ഒന്നോ രണ്ടോ എണ്ണമാണ് ജനങ്ങള്‍ക്ക് വീതിച്ചു നല്‍കിയതെന്ന് തദ്വിഷയകമായി ഉദ്ധരിക്കപ്പെട്ട ചില നിവേദനങ്ങളില്‍ കാണാം.
(ഛƒഞ്ചന്ഥഏ ഛഏഞ) ക്ളടƒമ്ളറഏ òഒ òഖ™ഞ്ചക്കžറഏവ ക™ഞ്ചക്കžറഏ ല്‍ഥഞള്‍മ :‡ഷഏവഝ ന്ധവ
ഇമാം ബൈഹഖി ഉസ്മാനുബ്നു മൌഹബില്‍ നിന്നുദ്ധരിച്ച നിവേദനത്തില്‍, പ്രവാചക കേശം സൂക്ഷിച്ചിരുന്ന ഉമ്മുസലമഃയുടെ പക്കല്‍ അഞ്ചുമുടികളാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. തിരുകേശം കൈവശം വെച്ചിരുന്ന സ്വഹാബിമാരുടെ പക്കല്‍ വളരെ കുറഞ്ഞ എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് മേല്‍ നിവേദനങ്ങളുടെ സൂചന. സ്വഹാബത്തിന്റെ തൊട്ടടുത്ത തലമുറയായ താബിഇകളുടെ കാലത്ത് തിരുകേശത്തിന്റെ ലഭ്യത അപൂര്‍വ സംഭവമായിരുന്നുവെന്ന് താഴെ നിവേദനവും വ്യക്തമാക്കുന്നു:

'ഇബ്നു സീരീന്‍ പ്രസ്താവിച്ചു: ഞാന്‍ അബീദഃയോട് പറഞ്ഞു. തിരുകേശത്തില്‍ ഒരല്‍പം നമ്മുടെ പക്കലുണ്ട്. അനസ്(റ) മുഖേന നമുക്ക് ലഭിച്ചതാണ്. തദവസരം അബീദഃ പറഞ്ഞു: അതിലൊന്ന് എന്റെ വശം ഉണ്ടാകുന്നത് ദുനിയാവിനെക്കാളും അതിലുള്ളതിനെക്കാളും എനിക്ക് പ്രിയങ്കരമാണ്' മുതിര്‍ന്ന താബിഈ പണ്ഡിതനായിരുന്ന അബീദത്തുസ്സല്‍മാനിക്കുപോലും പ്രവാചക കേശം ഒരു കിട്ടാകനിയായിരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന എന്ന് വ്യക്തം.
നമ്മുടെ കാലത്ത് തിരുശേഷിപ്പുകളുടെ സൂക്ഷിപ്പുകേന്ദ്രങ്ങളായി അറിയപ്പെട്ട പല സ്ഥലങ്ങളും ഉണ്ട്. തുര്‍ക്കി, ഈജിപ്ത്, കശ്മീര്‍ എന്നിവ അവയില്‍ ഏറെ പ്രസിദ്ധമാണ്. ഈജിപ്തിലെ കൈറോയില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ദാഇറത്തുല്‍ മആരിഫില്‍ ഇസ്ലാമിയ്യഃ ലിശ്ശബാബി വന്നാശിഈന്‍' എന്ന ഇസ്ലാമിക വിജ്ഞാന കോശത്തില്‍ തുര്‍ക്കിയിലെയും ഈജിപ്തിലെയും തിരുശേഷിപ്പുകളെ പരാമര്‍ശിച്ചിട്ടുണ്ട്. 'അല്‍ ആസാറുന്നബവിയ്യഃ' എന്ന ശീര്‍ഷകത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: പ്രസിദ്ധ കവി കഅ്ബുബ്നു സുഹൈര്‍ തന്റെ കവിതയിലൂടെ നബി(സ)യെ പ്രശംസിച്ചപ്പോള്‍ അവിടുന്ന് സമ്മാനിച്ച പുതപ്പ്, നബി(സ)യുടെ ഒരു പല്ല്, 60 താടി രോമങ്ങള്‍ പ്രവാചകന്റെ പതാകയുടെ ഒരു കഷ്ണം, മോതിരം എന്നിവയാണ് തുര്‍ക്കിയിലുള്ളത്. ഉസ്മാനി ഭരണ ആസ്ഥാനത്ത് സൂക്ഷിച്ചിരുന്നതാണവ. മക്കഃയിലെ അമീറുമാരില്‍ ചിലരാണ് ഉസ്മാനി ഭരണ ആസ്ഥാനത്ത് അവ എത്തിച്ചതത്രെ. മക്കഃ അമീറായ അശ്ശരീഫ് ബറകാത്ത്, ഉസ്മാനി സുല്‍ത്വാന്‍ സലീം ഒന്നാമന് അയച്ചുകൊടുത്തതാണെന്നും പ്രസ്താവമുണ്ട്. നബിയുടെ കുപ്പായത്തിന്റെ കഷ്ണം, സുറുമക്കോല്‍, സുറുമഡപ്പി, നബി ഉപയോഗിച്ചിരുന്ന വടിയുടെ കഷ്ണം, രണ്ടുതാടിരോമം എന്നിവയാണ് ഈജിപ്തിലുള്ളത്. ഹി.7-ാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ മന്ത്രിയായിരുന്ന അസ്സ്വാഹിബ് താജുദ്ദീന്‍ വഴി ഈജിപ്തില്‍ എത്തിയതാണവ. അദ്ദേഹം നൈല്‍ നദീ തീരത്ത് അവയ്ക്കായി ഒരു മ്യൂസിയം പണിയുകയുണ്ടായി. 'രിബാത്വുല്‍ ആസാര്‍' എന്നാണത് അറിയപ്പെട്ടത്. ഹിജ്റഃ 1255 (ക്രി.1839) വരെ അവ അവിടെ സ്ഥിതിചെയ്തു. അനന്തരം മസ്ജിദുസ്സയ്യിദഃ സൈനബിലേക്കും പിന്നീട് ഖില്‍അഃയിലെ ഖസീനത്തുല്‍ അംതിഅഃ (‡ഞ്ചˆലഇത്സഏ ‡മ്ളഷ›ച) യിലേക്കും മാറ്റപ്പെട്ടു. ഹി:1305 (ക്രി:1887) ല്‍ സറായ് ആബിദീനിലേക്കു മാറ്റി. ഖിദൈവി തൌഫീഖിന്റെ കാലത്ത് മസ്ജിദുല്‍ ഹുസൈനിലേക്കു മാറ്റാന്‍ അദ്ദേഹം ഉത്തരവിട്ടു. ഖിബ്ലയുടെ ഭാഗത്ത് കിഴക്കെ ഭിത്തിയില്‍ മനോഹരമായ ഒരു അലമാരി അതിനായി തയ്യാറാക്കി. ഖിദൈവി അബ്ബാസിന്റെ കാലത്ത് ഹി:1311 ക്രി:1893 ല്‍ തിരുശേഷിപ്പുകള്‍ക്കായി പ്രത്യേകം ഒരു ഹാള്‍ പള്ളിയുടെ കിഴക്കെ ഭിത്തിക്കുപിറകില്‍ നിര്‍മ്മിച്ചു. പ്രസ്തുത ഹാളില്‍ ഇന്നുവരേക്കും അവ സൂക്ഷിച്ചുവരുന്നു'.
മേല്‍ ഉദ്ധരണിയില്‍ കണ്ടതുപോലെ തുര്‍ക്കിയിലുള്ളത് നബി(സ)യുടെ 60 താടിരോമങ്ങളാണെങ്കില്‍ അത് വിശ്വസനീയമകാനിടയില്ല. എന്തുകൊണ്ടെന്നാല്‍ നബി(സ) തന്റെ ജീവിതത്തില്‍ താടിരോമം വടിക്കുകയോ വെട്ടിക്കളയുകയോ ചെയ്തിട്ടില്ല. എന്നിരിക്കെ 14 നൂറ്റാണ്ടുകള്‍ക്കു ശേഷം ഇത്രയധികം താടിരോമങ്ങള്‍ നബിതിരുമേനിയുടെതായി തുര്‍ക്കിയില്‍ ഉണ്ടായതെങ്ങനെ? ലോകത്ത് വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള തിരുശേഷിപ്പുകളെ സംബന്ധിച്ച് ഈജിപ്തുകാരനായ തൈമൂര്‍പാഷ പഠനം നടത്തിയിട്ടുണ്ട്. പഠനത്തിലൂടെ ലഭ്യമായ വിവരങ്ങള്‍ 'അല്‍ ആസാറുന്നബവിയ്യഃ' എന്ന കൃതിയില്‍ അദ്ദേഹം ക്രോഡീകരിച്ചിരിക്കുന്നു. ഈ കൃതിയില്‍ തിരുശേഷിപ്പുകളില്‍ പലതിനെ സംബന്ധിച്ചും അദ്ദേഹം പറയുന്നത് പ്ളക്കഡഇത്സഏ ‡റള്‍റ്റശ്ച-അടിസ്ഥാനസ്രോതസ്സ് അജ്ഞാതം- എന്നാണ്. അതായത് വിവിധ കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്ന തിരുശേഷിപ്പുകള്‍ അവിടെ എത്തിച്ചത് ആരൊക്കെ എന്നത് അറിയപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ക്കത് എവിടെ നിന്ന് ലഭിച്ചുവെന്നത് അജ്ഞാതമായിത്തന്നെ തുടരുന്നു.
പ്രവാചക ശേഷിപ്പുകള്‍ പവിത്രതയും ആദരണീയതയും അര്‍ഹിക്കുന്നു. അവ ആദരണീയവും പവിത്രവുമായി പരിഗണിക്കപ്പെടണമെങ്കില്‍ തിരുമേനിയുടേത് തന്നെ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തിരുശേഷിപ്പുകള്‍ പ്രവാചകനില്‍ നിന്ന് കൈപറ്റിയവര്‍ മുതല്‍ ഇപ്പോള്‍ അവ കൈവശം വെക്കുന്നവര്‍ വരെ, വിവിധ തലമുറകളില്‍ പെട്ട ആളുകളുടെ പരസ്പര കൈമാറ്റത്തിലൂടെയാണല്ലോ ഇന്ന് അവ ലഭ്യമായിട്ടുള്ളത്. അതിനാല്‍ ഈ ആളുകള്‍ ആരൊക്കെ എന്ന് വ്യക്തമാകേണ്ടതും അവരുടെ വിശ്വാസ്യത സ്ഥാപിക്കപ്പെടേണ്ടതുമുണ്ട്. പ്രവാചക ശേഷിപ്പുകളില്‍ നിന്ന് അവര്‍ക്കു ലഭിച്ചതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രവാചകന്റതല്ലാത്തതൊന്നും അതില്‍ കടന്നുകൂടിയിട്ടില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. നിവേദകരെ അഥവാ പ്രവാചക ശേഷിപ്പുകളുടെ കൈമാറ്റത്തില്‍ കണ്ണിചേര്‍ന്നവരെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിലൂടെ മാത്രമെ ഇത് സാധ്യമാവുകയുള്ളൂ. നബി(സ)യുടെതായി ഉദ്ധരിക്കപ്പെടുന്ന പ്രസ്താവന, കര്‍മ്മം, അംഗീകാരം തുടങ്ങിയവയുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ഹദീസ് പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗമാണിത്. എന്നാല്‍ ഹദീസ് നിവേദകരുടെ പ്രാമാണികതയും വിശ്വാസ്യതയും സംബന്ധിച്ച പഠന-നിരൂപണങ്ങള്‍ നമുക്ക് ലഭ്യമായത് പോലെ പ്രവാചക ശേഷിപ്പുകളുടെ കൈമാറ്റത്തില്‍ കണ്ണികളായി വര്‍ത്തിച്ചവരുടെ ഗുണനിലവാരം ഉറപ്പുവരുത്താനുതകുന്ന പഠനങ്ങളൊന്നും ലഭ്യമല്ല. തിരുശേഷിപ്പുകളായി പറയപ്പെടുന്ന പലതിന്റെയും കൈമാറ്റ പരമ്പര -സനദ്- അജ്ഞാതമാണ്. അത് കൈവശം വെക്കുന്നവരുടെ പക്കല്‍ വല്ല പരമ്പരയും ഉണ്ടെങ്കില്‍ തന്നെ അതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താവുന്ന മാനദണ്ഡങ്ങളൊന്നും ഇല്ല. അതിനാലാണ് ആധുനിക യുഗത്തിലെ പ്രമുഖ ഹദീസ് പണ്ഡിതന്‍ ശൈഖ് നാസ്വിറുദ്ദീനില്‍ അല്‍ബാനി ഇപ്രകാരം എഴുതിയത്:
'എന്നാല്‍ അനിവാര്യമായും സൂചിപ്പിക്കാനുള്ളത് ഇതത്രെ: പ്രവാചക ശേഷിപ്പുകള്‍ മുഖേന ദൈവാനുഗ്രഹം പ്രതീക്ഷിക്കല്‍ അനുവദനീയമാണെന്ന് നാം വിശ്വസിക്കുന്നു. നാം അതിനെ നിരാകരിക്കുന്നില്ല. നമ്മുടെ പ്രതിയോഗികള്‍ തോന്നിപ്പിക്കുന്നതിന് വിരുദ്ധമാണ് വസ്തുത. എന്നാല്‍ ഈ തബര്‍റുകിന് ചില നിബന്ധനകളുണ്ട്. നിയമാനുസൃതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ വിശ്വാസമാണ് അതിലൊന്ന്. ഇസ്ലാമിനെ സത്യസന്ധമായി കൈക്കൊള്ളാത്തവരെ സംബന്ധിച്ചിടത്തോളം ഈ തബര്‍റുകിലൂടെ ഒരു നന്മയും അല്ലാഹു അവന് യാഥാര്‍ത്ഥ്യമാക്കിക്കൊടുക്കുകയില്ല. തബര്‍റുക് ഉദ്ദേശിക്കുന്നവന്‍ നബി തിരുമേനിയുടെ ശേഷിപ്പുകളിലൊന്ന് കരസ്ഥമാക്കി ഉപയോഗിക്കലാണ് മറ്റൊരു നിബന്ധന. തിരുമേനിയുടെ വസ്ത്രം, കേശം, അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടുപോയതായി നാം മനസ്സിലാക്കുന്നു. അവയില്‍ ഒന്നും തന്നെ ദൃഢവും ഖണ്ഡിതവുമായ വിധം സ്ഥിരീകരിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല'. (അത്തവസ്സുലു ല്‍മശ്റൂഅ് വഗൈറുല്‍ മശ്റൂഅ് പേജ്:143).
ശൈഖ് സ്വാലിഹുല്‍ ഫൌസാന്‍ എഴുതുന്നു:

'നബി(സ)യുടെ കേശവും മറ്റും ഉണ്ടെന്ന ഇപ്പോഴത്തെ ചില ഖുറാഫികളുടെ വാദം തെളിവില്ലാത്ത മിഥ്യാവാദമാണ്'.
തിരുശേഷിപ്പുകളെന്ന നിലയില്‍ നൂറ്റാണ്ടുകളായി ലോകത്ത് നിലനില്‍ക്കുകയും അറിയപ്പെടുകയും ചെയ്യുന്നവയെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത്.
എന്നാല്‍ ഈയിടെ പ്രവാചക കേശമെന്ന പേരില്‍ യു.എ.ഇയിലെ അഹ്മദ് ഖസ്റജി എന്നൊരാള്‍ പുറത്തുകൊണ്ടുവന്ന കേശക്കൂട്ടം നബി(സ)യുടെതല്ലെന്ന് വിശ്വസിക്കാന്‍ വേറെയും ഒട്ടേറെ ന്യായങ്ങള്‍ ഉണ്ട്.
1) കേശം പ്രവാചകന്റേതാണെന്ന് തെളിയിക്കുന്ന സനദ് (പരമ്പര) ബന്ധപ്പെട്ടവര്‍ അവതരിപ്പിച്ചിട്ടില്ല.
2) തന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചുവരുന്നതും പൂര്‍വ്വ പിതാക്കളിലൂടെ കൈമാറി തന്റെ വശം വന്നു ചേര്‍ന്നതുമാണ് പ്രസ്തുത കേശങ്ങളെന്ന് ഖസ്റജി അവകാശപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ശൈഖ് മുഹമ്മദ് ഖസ്റജിയുടെ പക്കല്‍ പോലും പ്രവാചകകേശം ഉണ്ടായിരുന്നതായി നേരത്തെ ആര്‍ക്കും അറിവില്ല.
3) യു.എ.ഇ സ്വദേശിയായ ശൈഖ് അബുല്‍ ഫദ്ല്‍ ഇമാദുദ്ദീന്‍ ഹുസൈനി തിരുശേഷിപ്പുകളെ സംബന്ധിച്ച് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അസ്റാറുല്‍ ആസാരിന്നബവിയ്യഃ എന്നാണതിന്റെ പേര്. ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത് ഇപ്പോള്‍ 'പ്രവാചക കേശ'വുമായി രംഗത്ത് വന്നിട്ടുള്ള അഹ്മദ് ഖസ്റജിയുടെ പിതാവ് പരേതനായ മുഹമ്മദ് ഖസ്റജിയുടെ പേരിലാണ്. അഹ്മദ് ഖസ്റജിയുടെ ചെലവിലാണ് അത് അച്ചടിച്ചിട്ടുള്ളത്. പ്രവാചക ശേഷിപ്പുകളുടെ അപൂര്‍വ ഫോട്ടോകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. എന്നിട്ടും ഇതില്‍ യു.എ.ഇയിലോ അബൂദാബിയിലോ ഖസ്റജി കുടുംബത്തിലോ തിരുകേശമുള്ളതായി പരാമര്‍ശമില്ല. 1999 ലാണ് ഇതിന്റെ പ്രസിദ്ധീകരണം.
4) പ്രവാചക കേശമെന്ന പേരില്‍ അഹ്മദ് ഖസ്റജി വെളിപ്പെടുത്തിയത് ആയിരക്കണക്കില്‍ കേശനാരുകളടങ്ങുന്ന ഒരു മുടിക്കെട്ടാണ്. നബി(സ)യുടെ പത്നി ഉമ്മുസലമഃ(റ)യുടെ പക്കല്‍ പോലും ഉണ്ടായിരുന്നത് അഞ്ച് തിരുകേശങ്ങള്‍ മാത്രമാണ്. മറ്റു സ്വഹാബിമാരുടെയും താബിഈങ്ങളുടെയും വശം അതിലും കുറഞ്ഞ എണ്ണമേ ഉണ്ടായിരുന്നുള്ളൂ. പ്രാമാണിക നിവേദനങ്ങളിലൂടെ സ്ഥിരപ്പെട്ട വസ്തുതകളാണിത്രയും.
5) ചെവിയുടെ കീഴറ്റം വരെയോ അല്‍പം താഴെയോ മാത്രം നീളം വരുന്നതായിരുന്നു നബി(സ)യുടെ തലമുടിയെന്ന് നിവേദനങ്ങള്‍ സൂചിപ്പിക്കുന്നു. അതിലും എത്രയോ നീളം കൂടിയ മുടികളാണ് പ്രവാചകന്റേതായി ഖസ്റജി അവതരിപ്പിച്ചിട്ടുള്ളത്.
6) സ്വഹാബത്തിന്റെയോ താബിഈങ്ങളുടെയോ വശമുള്ള തിരുകേശങ്ങള്‍ വളര്‍ന്നുവലുതായ ചരിത്രമില്ല. ഖസ്റജിയുടെ പക്കലുള്ള മുടികള്‍ വളരുന്നുണ്ടത്രെ! ചിലത് ഒരു മീറ്ററോളം വളര്‍ന്നതായി കാന്തപുരം വിഭാഗത്തിന്റെ വെബ്സൈറ്റില്‍ -അല്‍ ഈമാന്‍- വായിക്കാന്‍ കഴിഞ്ഞു. എല്ലാം ചേര്‍ന്നുവരുമ്പോള്‍ തനിവ്യാജമായ മുടിയാട്ടമായെ ഇതിനെ കാണാന്‍ കഴിയുകള്ളൂ.




0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More