Saturday, May 21, 2011

തിരുകേശം എന്തുചെയ്യണം?

മാധ്യമം ലേഖനത്തിനുള്ള പ്രതികരണം

'വിവാദ കേശത്തിന് പവിത്രതയുണ്ടോ?' എന്ന തലക്കെട്ടില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ ലേഖനം ശ്രദ്ധാപൂര്‍വം വായിച്ചു (മാധ്യമം 9/5). ഇപ്പോള്‍ വിവാദമായിരിക്കുന്ന കോഴിക്കോട് മര്‍കസിലെത്തിച്ച കേശം വ്യാജമാണെന്ന് ലേഖകന്‍ സമര്‍ഥിച്ചിട്ടുണ്ട്. ലേഖനത്തില്‍ ഹിജ്‌റ പത്താംവര്‍ഷം നടത്തിയ ഹജ്ജില്‍ പ്രവാചകന്‍ തലമുണ്ഡനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കേശം വിതരണം ചെയ്തതായി പറയുന്നു. ഇത് യഥാര്‍ഥമാണെങ്കില്‍, അങ്ങനെ വിതരണം ചെയ്തതിന്റെ ഉദ്ദേശ്യം എന്തായിരുന്നിരിക്കണം? വിശ്വസനീയവും പ്രാമാണികവുമായ സനദുകളിലൂടെ (ശൃംഖല) തെളിയിക്കപ്പെട്ട തിരുകേശവും മറ്റും മുസ്‌ലിംകള്‍ സൂക്ഷിച്ചുവെക്കുകയാണോ, അതോ അവയെ ബഹുമാന പുരസ്സരം കബറടക്കുകയാണോ ചെയ്യേണ്ടത് എന്നതാണ് കാതലായ പ്രശ്‌നം. വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ സുചിന്തിതവും പ്രാമാണികവുമായ പണ്ഡിതമതം എന്തെന്നറിയാന്‍ വളരെ താല്‍പര്യമുണ്ട്.
വി.പി. സെയ്താലിക്കുട്ടി
ചേവായൂര്‍, കോഴിക്കോട്

ഇതോ പണ്ഡിത ധര്‍മം

 Published on Sun, 05/22/2011മാധ്യമം-പ്രതികരണം

പ്രവാചകന്റെ തിരുമുടി എന്ന് അവകാശപ്പെടുന്ന ഈ സാധനം കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്കുതന്നെ നല്‍കണമെന്ന അബൂദബിയിലെ അറബി കുടുംബത്തില്‍പെട്ട അഹ്മദ് ഖസ്‌റജിയോട് പ്രവാചകന്‍ സ്വപ്‌നത്തില്‍ നിര്‍ദേശിച്ച പ്രകാരമാണെന്ന് പ്രചരിപ്പിക്കുന്നത് അവര്‍ രണ്ടുപേരും നബിതിരുമേനിക്ക് പ്രിയപ്പെട്ടവരാണെന്ന് വരുത്തിത്തീര്‍ക്കലല്ലേ? ഈ മുടി സൂക്ഷിക്കാന്‍ 40 കോടി ചെലവിട്ട് ആര്‍ഭാടമായ പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചതും ഹൈദരാബാദില്‍നിന്ന് ലഭിച്ചുവെന്നുപറഞ്ഞ് മറ്റൊരു മുടി മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്നതും ശിര്‍ക്ക് എന്ന മഹാപാപത്തെ പ്രോത്സാഹിപ്പിക്കലിന് പ്രേരകമാവില്ലേ? നബിതിരുമേനിയുടെ ലളിതജീവിതവും ദീനിന്റെ നിലനില്‍പിനായി അനുഭവിച്ച പീഡനങ്ങളും ത്യാഗോജ്വലവും മാതൃകാപരവുമായ ജീവിതചര്യകളും മനോഹരമായി പ്രസംഗവേദികളില്‍ അവതരിപ്പിക്കുന്ന മൗലവിമാരില്‍ ഏറെയും പ്രസംഗത്തിന് വിപരീതമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്ന ദുഃഖകരമായ സത്യമല്ലേ?
പണ്ഡിതന്മാരും ഭരണകര്‍ത്താക്കളും നന്നായാല്‍ സമൂഹം നന്നാകും. അവര്‍ ദുഷിച്ചാല്‍ സമൂഹവും ദുഷിക്കും എന്ന ആപ്തവാക്യം എത്ര അര്‍ഥവത്താണെന്ന് ഇന്നത്തെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. സാമൂഹികപരിഷ്‌കരണത്തിനും സമുദായ നന്മക്കുംവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര കേന്ദ്രങ്ങളും അനാഥാലയങ്ങളും സ്ഥാപിച്ച് സേവനം നടത്തുന്നവരെ നാം ബഹുമാനിക്കുന്നു. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറയാക്കി മത- സാമുദായിക രാഷ്ട്രീയ മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വാരിക്കൂട്ടിയതൊക്കെയും പരമ്പരാഗത കുടുംബവാഴ്ചക്ക് വിധേയമാക്കിയും ഉള്ള അണിയറനീക്കങ്ങള്‍ സംശയവിധേയമായി കാണുമ്പോള്‍ പ്രതികരിക്കാന്‍ ആളില്ലാതാകുന്നതാണ് സമുദായം നേരിടുന്ന ഏറ്റവും വലിയ ജീര്‍ണത.
കോടികള്‍ മുടക്കി കൊട്ടാരസദൃശമായ വീടുകള്‍ പണിതും മക്കളുടെ വിവാഹം ആധുനികരീതിയില്‍ ആര്‍ഭാടപൂര്‍വം നടത്തിയും സമൂഹമധ്യത്തില്‍ പൊങ്ങച്ചം കാണിക്കുന്ന മൗലവിമാരെയും ശിര്‍ക്കിനെ പ്രോത്സാഹിപ്പിക്കുന്ന ഉലമാക്കളെയും മുസ്‌ലിം സമുദായം ഒറ്റപ്പെടുത്താനും മനസ്സുകൊണ്ട് വെറുക്കാനും തയാറാകണം.
എം.എ. സാലിഹ് ഹാജി,
പാച്ചല്ലൂര്‍



0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More