കേശ ദാതാവ് എന്ന് പറയപ്പെടുന്ന യു.എ.ഇ പൗരന്‍ അഹ്മദ് ഖസ്‌റജിയുടെ വീട്ടില്‍ 2009-ല്‍ സംഘടിപ്പിക്കപ്പെട്ട ഒരു ചടങ്ങില്‍ അവിടെയുള്ള അലവിക്കുട്ടി ഹുദവി എന്ന ദാറുല്‍ ഹുദായിലെ പൂര്‍വവിദ്യാര്‍ഥി പങ്കെടുക്കുകയുണ്ടായി. മുടി ദാതാവിന്റെ പിതാവ് അബൂദബി വഖ്ഫ് മന്ത്രി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചികിത്സാവശ്യാര്‍ഥം കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഈ മകനും കേരളത്തില്‍ വന്നിരുന്നു. അദ്ദേഹം അന്ന് ദാറുല്‍ ഹുദ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അന്ന് അലവിക്കുട്ടി ഹുദവി ഇവിടത്തെ വിദ്യാര്‍ഥിയാണ്. അഹ്മദ് ഖസ്‌റജിയെ അന്നദ്ദേഹം ഇവിടെനിന്ന് പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വീട്ടില്‍ ചടങ്ങിന് ക്ഷണിക്കപ്പെട്ടപ്പോള്‍ അലവിക്കുട്ടി ഹുദവി അതില്‍ പങ്കെടുക്കുകയും പഴയ സൗഹൃദം പുതുക്കുകയും ചെയ്തു. ആ ചടങ്ങില്‍ വെച്ചാണ് റസൂലി(സ)ന്റെ കേശമെന്ന പേരില്‍ ഇപ്പോള്‍ വിവാദമായ തിരുകേശം പ്രദര്‍ശിപ്പിക്കപ്പെടുന്നത്. അലവിക്കുട്ടി ഹുദവി അന്ന് തന്റെ മൊബൈലില്‍ അതിന്റെ ഫോട്ടോ പകര്‍ത്തി. പിന്നീടത് ഞങ്ങള്‍ക്ക് കൈമാറി. മുടിയുടെ നീളവും ആധിക്യവും തന്നെ ഇതിന്റെ ആധികാരികതയില്‍ വലിയ സംശയങ്ങളുണ്ടാക്കുന്നതായിരുന്നു.
അങ്ങനെയാണ് ഞങ്ങള്‍ അഹ്മദ് ഖസ്‌റജിയുടെ കുടുംബവുമായി നേരിട്ട് ബന്ധപ്പെടുന്നത്. ആ കുടുംബത്തിലെ മുതിര്‍ന്ന ആളും പണ്ഡിതനും ഗ്രന്ഥകാരനുമൊക്കെയായ മഹ്ഫൂള് ഖസ്‌റജിയുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. അദ്ദേഹം നേരത്തെ ദാറുല്‍ ഹുദ സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനാണദ്ദേഹം. ഈ മുടിയുടെ ആധികാരികതയില്‍ അദ്ദേഹവും സംശയം പ്രകടിപ്പിച്ചു. അപ്പോള്‍ അതുമായി ബന്ധപ്പെട്ട് വല്ല രേഖയും സംഘടിപ്പിക്കാനാണ് പിന്നീട് ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍, മുഹമ്മദ് ഖസ്‌റജിയുടെ പക്കലോ മക്കളിലോ അവരുടെ പിതൃവ്യരിലോ പുത്രന്മാരിലോ മുന്‍ഗാമികളിലോ പിന്‍ഗാമികളിലോ ആയ ഏതെങ്കിലും ഖസ്‌റജികളുടെ വശം റസൂലിന്റേതെന്ന് പറയപ്പെടുന്ന ഒരു മുടിയും ഉണ്ടായിരുന്നില്ല എന്നാണ് ദാതാവിന്റെ ജ്യേഷ്ഠനായ ഹസന്‍ ഖസ്‌റജി രേഖാമൂലം ഞങ്ങളെ അറിയിച്ചത്. ഞങ്ങളിത് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. മാത്രവുമല്ല, 2006-ലാണ് മുടി ദാതാവായ അഹ്മദ് ഖസ്‌റജിയുടെ പിതാവ് മുന്‍ ദുബൈ മന്ത്രി ശൈഖ് മുഹമ്മദുല്‍ ഖസ്‌റജി മരണപ്പെടുന്നത്. അതുവരെയും ഇങ്ങനെയൊരു കേശത്തെക്കുറിച്ച് അഹ്മദ് ഖസ്‌റജി എവിടെയും വെളിപ്പെടുത്തിയിട്ടുമില്ല. അഹ്മദ് ഖസ്‌റജി തിരുകേശമെന്ന പേരില്‍ തന്റെ കൈയിലുള്ള വ്യാജമുടികള്‍ ഉപയോഗിച്ച് ഈജിപ്തിലെ ചില പണ്ഡിതന്മാരെ കൂട്ടുപിടിച്ച് ആത്മീയ ചൂഷണത്തിന് ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജ്യേഷ്ഠന്‍ യു.എ.ഇ ഉപപ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്. ഈജിപ്തില്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നപ്പോഴാണ് കാന്തപുരത്തെ കൂട്ടുപിടിച്ച് അതേ ദൗത്യവുമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
എന്നാല്‍, ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്തപുരം ഉത്തരേന്ത്യയില്‍ നിന്നും പ്രവാചകന്റേതെന്ന് പറയപ്പെടുന്ന മുടി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അത് മര്‍കസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രസ്താവന നടത്തുകയുണ്ടായി. ദല്‍ഹിയിലെ ബറകാത്തി കുടുംബങ്ങള്‍ വഴിയാണ് പ്രസ്തുത കേശം ലഭിച്ചതെന്നായിരുന്നു അവകാശവാദം. രണ്ടിനും ആവശ്യമായ തെളിവുകളും രേഖകളും മര്‍കസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വാദിച്ചു.
എന്നാല്‍, ഉത്തരേന്ത്യയില്‍ നിന്ന് കൊണ്ടുവന്ന മുടിയുടെ സനദ് എന്ന പേരില്‍ ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സിലയുടെ വാലില്‍ ചെറിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി ഒരു രേഖ പടച്ചുണ്ടാക്കുകയാണ് കാന്തപുരം ചെയ്തത്. എന്നാല്‍ ഇതിന്റെ സനദിലും വൈരുധ്യങ്ങള്‍ കാണാം. മറ്റൊടിരത്ത് കാന്തപുരം പ്രസംഗിച്ചത് 'ഖുത്ബുദ്ദീനുല്‍ ഫിര്‍ദൗസിയിലൂടെ ഗൗസുല്‍ അഅ്‌ളമില്‍ നിന്ന് ലഭിച്ചതാണ് ഒന്നാമത്തെ മുടിയെന്നാണ്. എന്നാല്‍ കോട്ടക്കലില്‍ നടന്ന ഉലമാ കോണ്‍ഫറന്‍സ് വായിച്ച സനദില്‍ ഇങ്ങനെയൊരു പേര് പരാമര്‍ശിച്ചിട്ടേ ഇല്ല.
മുടിയുടെ സനദ് വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കാന്തപുരത്തിന്റെ മറുപടി 'ബഹുജനങ്ങളെ വിളിച്ചുകൂട്ടി പ്രഖ്യാപിക്കേണ്ട ഒന്നല്ല സനദ്' (മാധ്യമം 11.05.2011) എന്നായിരുന്നു. അപ്പോഴാണ് നമ്മള്‍ക്ക് ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിവരുന്നത്. ജനങ്ങള്‍ക്ക് മുമ്പില്‍ വായിക്കാന്‍ പറ്റാത്ത എന്തു നിഗൂഢതയാണ് സനദിലുള്ളത്? സനദ് പരസ്യപ്പെടുത്താനാവില്ല എന്നത് ഇസ്‌ലാമിക ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത വാദമാണ്. ഇനി ജനങ്ങള്‍ക്ക് മുമ്പില്‍ പരസ്യമായി വായിക്കാന്‍ പറ്റാത്ത ഒന്നാണ് സനദെങ്കില്‍ പിന്നെ എന്തിനാണ് ഉത്തരേന്ത്യയില്‍ നിന്നുകൊണ്ടുവന്നത് എന്ന് പറയപ്പെടുന്ന മുടിയുടെ സനദ് എന്ന പേരില്‍ കോട്ടക്കല്‍ ഉലമാ കോണ്‍ഫറന്‍സില്‍ വെച്ച് ഒരു രേഖ വായിച്ചത്? മാത്രമല്ല, രണ്ടാമത്തേതിന്റെ സനദ് മര്‍കസില്‍ വെച്ച് ജനലക്ഷങ്ങള്‍ക്ക് മുമ്പില്‍ വായിച്ചുകേള്‍പ്പിച്ചതും?
നബി(സ)യുടേതെന്ന് പറയപ്പെടുന്ന എന്തിനും ആധികാരികമായ കൈമാറ്റ പരമ്പര ഉണ്ടാവുക എന്നത് ഇസ്‌ലാമിക ലോകം ചരിത്രപരമായി കണിശത പുലര്‍ത്തുന്ന കാര്യമാണ്. അതിനെയാണിക്കൂട്ടര്‍ വളരെ ലാഘവത്തോടെ ലളിതയുക്തികളും കുറുന്യായങ്ങളും പറഞ്ഞ് മറികടക്കാന്‍ ശ്രമിക്കുന്നത്.
റസൂലിന്റെ മുടിയുടെ ആധിക്യവും നീളവും ഇതില്‍ വലിയ സംശയങ്ങള്‍ പടര്‍ത്തുന്നുണ്ട്. മുടി വളരുന്നു എന്നാണ് വാദമെങ്കില്‍ എന്തുകൊണ്ടാണ് ലോകത്ത് മറ്റു പല ഭാഗങ്ങളിലുമുള്ള റസൂലിന്റേത് എന്നു പറയപ്പെടുന്ന മുടികള്‍ വളരാത്തത്? മുടിയുടെ നീളം വിവാദമായപ്പോള്‍ കാന്തപുരത്തിന്റെ സ്വന്തം വെബ് സൈറ്റില്‍നിന്ന് മുടിയുടെ ചിത്രം പിന്‍വലിക്കുകയാണ് ചെയ്തത്. ആത്മീയതയുടെ കച്ചവടസാധ്യതയാണ് കാന്തപുരത്തെക്കൊണ്ട് തിരുകേശത്തിന്റെ മറവില്‍ 40 കോടിയുടെ പള്ളി നിര്‍മിപ്പിക്കുന്നത്. രണ്ടാമത്തെ മുടി ആഘോഷപൂര്‍വം കൊണ്ടാടുകയും അതിനു വേണ്ടി 40 കോടിയുടെ പള്ളി നിര്‍മിക്കുകയും ചെയ്യുന്നവര്‍ ആദ്യ മുടി ലഭിച്ച് വര്‍ഷങ്ങളോളമായിട്ടും അതിന്റെ സംരക്ഷണത്തിനു വേണ്ടി ഒന്നും നിര്‍മിച്ചിരുന്നില്ല. ആദ്യ മുടി ലഭിച്ച വാര്‍ത്ത മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചതു തന്നെ ഉള്‍പേജുകളിലൊന്നിലായിരുന്നു.
കേശ ദാതാവായ ശൈഖ് അഹ്മദ് ഖസ്‌റജി സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് അസ്‌റാറുല്‍ ആസാരിന്നബവിയ്യ (പ്രവാചക ശേഷിപ്പുകളുടെ പൊരുളുകള്‍). തന്റെ പിതാവും പ്രശസ്ത പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദ് ഖസ്‌റജിക്കാണ് പ്രസ്തുത പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ഖസ്‌റജി കുടുംബം നോക്കി നടത്തുന്ന 'ഇസ്ദാറാത്തു സ്സാഹതില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍ നിന്നാണ് ഇത് അച്ചടിച്ചിരിക്കുന്നത്. ആ ഗ്രന്ഥത്തില്‍ തന്റെ കൈവശമുള്ള മുടികളെക്കുറിച്ച്് പരാര്‍ശമില്ല. വിവിധ രാജ്യങ്ങളില്‍ സൂക്ഷിക്കുന്ന നബി(സ) തങ്ങളുടെ വിവിധ ശേഷിപ്പുകളുടെ അപൂര്‍വ ചിത്രങ്ങളും അവയെക്കുറിച്ച വിവരണങ്ങളുമടങ്ങിയ ആ ഗ്രന്ഥത്തില്‍ തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് (പേജ് 17) യു.എ.ഇയുടെയോ അബൂദബിയുടെയോ പേര് പറയുന്നില്ല. ചുരുങ്ങിയത് പ്രസ്തുത കൃതി പുറത്തിറങ്ങുന്നതുവരെ (2009-ലെ എഡിഷന്‍)യെങ്കിലും അഹ്മദ് ഖസ്‌റജി വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ ഒരു മുടിനാരു പോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നല്ലേ ഇതിനര്‍ഥം? എന്നാല്‍ 10 വര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കാന്തപുരത്തിന്റെ വാദം. കാരന്തൂരിലെ മുടിക്ക് സനദുണ്ടോ എന്നു ചോദിക്കുമ്പോള്‍ വെല്ലൂര്‍ ബാഖിയാത്തിലേതിന് സനദുണ്ടോ എന്ന മറുചോദ്യമല്ല അതിനുത്തരം.
മുടി സംരക്ഷിക്കാന്‍ വേണ്ടി പള്ളി പണിയുന്നത് ഇസ്‌ലാമിക ചരിത്രത്തില്‍തന്നെ ആദ്യാനുഭവമാണ്. കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദ് നിര്‍മിച്ചത് മുടി വെക്കാനല്ല. പള്ളി നിര്‍മിച്ച് മുക്കാല്‍ നൂറ്റാണ്ടിനു ശേഷമാണ് അവിടെ മുടി എത്തിച്ചേര്‍ന്നത്. അതിനു ശേഷമാണ് ഹസ്രത്ത് ബാല്‍ മസ്ജിദ് (വിശുദ്ധ കേശത്തിന്റെ പള്ളി) എന്ന പേര് വന്നു ചേര്‍ന്നതും.
പള്ളിയുടെ പേരിലുള്ള പിരിവ് മാത്രമല്ല ഇവര്‍ ധനാഗമന മാര്‍ഗമായി കാണുന്നത്. നോളജ് സിറ്റി എന്ന പേരില്‍ പള്ളിക്ക് ചുറ്റും ടൗണ്‍ഷിപ്പ് പണിത് അതുവഴി ഭീമമായ സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുക്കാമെന്ന് ഇവര്‍ സ്വപ്നം കാണുന്നു. ടൗണ്‍ഷിപ്പിലെ വിവിധ സംരംഭങ്ങളില്‍ നിക്ഷേപം ക്ഷണിച്ചുകൊണ്ടുള്ള പരസ്യം മുഖപത്രത്തില്‍ വന്നു കഴിഞ്ഞു. മാപ്‌കോ പ്രോപര്‍ട്ടി ഡവലപേഴ്‌സ് എന്ന പേരില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ഇതിനായി തയാറാക്കിയിട്ടുണ്ട്. ഇതോടെ തിരുകേശത്തിലാരംഭിച്ച പള്ളിനിര്‍മാണത്തിന് റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിന്റെ മുഖഛായ വന്നു കഴിഞ്ഞിരിക്കുന്നു. പള്ളിയും ടൗണ്‍ഷിപ്പും നിര്‍മിക്കാന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സജ്ജമാക്കിയതിലെ ഉദ്ദേശ്യം വ്യക്തമാണ്. സംരംഭം പൊളിഞ്ഞാലും തങ്ങളുടെ സ്വകാര്യ സമ്പത്തിനെ അത് ബാധിക്കില്ല. കമ്പനിയുടെ പേരില്‍ ശേഷിച്ച പണം മാത്രമേ ഓഹരി പങ്കാളികള്‍ക്ക് തിരിച്ചു നല്‍കേണ്ടതുമുള്ളൂ.
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...