'വിശ്വാസം അതല്ലേ എല്ലാം' എന്ന ജ്വല്ലറി പരസ്യത്തിന്റെ ഉദ്ദേശ്യം കച്ചവടമാണെങ്കിലും 'വിശ്വാസം'തന്നെയാണ് വലുതെന്ന് കരുതുന്നവരാണ് പൊതുസമൂഹം. അതുകൊണ്ടാണ് സ്വര്‍ണക്കച്ചവടത്തിനെന്നപോലെ കേശക്കച്ചവടത്തിനും വിശ്വാസത്തെ കൂട്ട് പിടിക്കേണ്ടി വരുന്നത്.
ആത്മീയതയും വിശ്വാസവും യഥാര്‍ഥത്തില്‍ മനുഷ്യന് കരുത്ത് പകരുന്നതും തണലേകുന്നതുമാണ്. എന്നാല്‍ പ്രയോഗത്തില്‍ അതവന്റെ ഏറ്റവും വലിയ ദൌര്‍ബല്യമായിട്ടാണ് അനുഭവപ്പെടാറുള്ളത്. മനുഷ്യന്‍ ഇന്ന് ഏറെ ചൂഷണം ചെയ്യപ്പെടുന്നത് വിശ്വാസത്തിന്റെ പേരിലാകാനുള്ള കാരണം ഇത് തന്നെയാണ്. രാഷ്ട്രീയ മത നേതൃത്വത്തിലുള്ളവര്‍ തരാതരം പോലെ ഈ ചൂഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാറുമുണ്ട്. പരമ്പരാഗതമായി മൂടുറച്ചു പോയ ആത്മീയ ധാരണകളില്‍ എത്രയളവില്‍ കലര്‍പ്പും അന്ധതയും സംഭവിച്ചിട്ടുണ്ടെങ്കിലും അണുകിട മാറാന്‍ തയാറില്ലാത്ത മതബോധമാണ് പലപ്പോഴും ചൂഷണം ചെയ്യപ്പെടാറുള്ളത്. ഈ ചൂഷണ പാതയില്‍ ബഹുദൂരം അതിവേഗം കുതിക്കുന്നതില്‍ ഏറെ മുന്നിട്ടു നില്‍ക്കാറുള്ളതും വിജയം കൈവരിക്കാറുള്ളതും മതനേതൃത്വത്തിലുള്ളവര്‍ തന്നെ. എല്ലാ മത വിഭാഗങ്ങളിലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആള്‍ദൈവങ്ങളും കള്‍ട്ടുകളും സിദ്ധരും വലിയ്യുകളുമൊക്കെ ഉണ്ടാകുന്നത് ഇങ്ങനെയാണ്.
"നിങ്ങള്‍ വെള്ളതേച്ച ശവക്കല്ലറകളാണ്. അകമേ ചെളിയും പുറമേ വെളുപ്പുമുള്ള ശവക്കല്ലറകള്‍ മാത്രം.'' വിശ്വാസ വൈകൃതങ്ങളിലേക്കും മാര്‍ഗഭ്രംശങ്ങളിലേക്കും പാമര ജനവിഭാഗങ്ങളെ തള്ളിവിടുന്ന പുരോഹിതന്മാരോട് ഈസാ പ്രവാചകന്‍ പറഞ്ഞതാണിത്. ശുഭ്രവസ്ത്രമണിഞ്ഞ, നീണ്ട താടിയും വലിയ തലപ്പാവുമുള്ള ചില സമുദായ നേതാക്കള്‍ മുസ്ലിം സമൂഹത്തെ കൊണ്ടെത്തിക്കുന്ന അപകട ഗര്‍ത്തങ്ങളുടെ ആഴമളക്കുമ്പോള്‍ അവര്‍ക്ക് എന്തുകൊണ്ടും ഇണങ്ങുന്ന വിശേഷണമാണിത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയില്‍ സമുദായത്തെ തളച്ചിട്ട് വലിയ സാമ്പത്തിക-അധികാര സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുന്ന പണ്ഡിതന്മാരുണ്ട്. എതിര്‍ ശബ്ദങ്ങള്‍ ഉയരാതിരിക്കാനും അനുയായികളെ ആവേശഭരിതരാക്കാനും ചിലപ്പോഴെങ്കിലും അടക്കി നിര്‍ത്താനും ഇവരുടെ കൈകളിലുള്ള ആയുധവും അന്ധവിശ്വാസങ്ങളുടെ പുകമറ തന്നെ. മനുഷ്യന്റെ ആത്മീയ ബോധവും ദൈവവിശ്വാസവും ചൂഷണം ചെയ്ത് പണവും പ്രശസ്തിയും നേടിയെടുക്കുന്ന കള്‍ട്ടുകള്‍ ജനങ്ങളെ യഥാര്‍ഥ ദൈവ മാര്‍ഗത്തില്‍നിന്നും തടയുക കൂടിയാണ് ചെയ്യുന്നത്. "വിശ്വാസികളേ, അധിക പണ്ഡിതന്മാരും പുരോഹിതരും ജനങ്ങളുടെ സമ്പത്ത് നിഷിദ്ധമാര്‍ഗേണ തിന്നുന്നവരും ദൈവമാര്‍ഗത്തില്‍ നിന്നും തടയുന്നവരുമാകുന്നു'' (അത്തൌബ 34). ഈ പ്രഖ്യാപനം എത്ര യാഥാര്‍ഥ്യമെന്ന് തെളിയിക്കുന്ന ഉദാഹരണങ്ങളെമ്പാടുമുണ്ട് നമുക്കുമുമ്പില്‍.
പണ്ഡിതന്മാര്‍ക്ക് വെളിച്ചമേകുന്ന ചന്ദ്രോദയമെന്ന് അനുയായികള്‍ ആവേശപൂര്‍വം പരിചയപ്പെടുത്തുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും കൂട്ടരും സമുദായത്തിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നത് കാണുമ്പോള്‍ ഇത്രയെങ്കിലും പറയാതിരിക്കാനാകില്ല. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കമ്പോള സാധ്യത വളരെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടിവര്‍. മരിക്കുന്നതിനു മുമ്പ് ഇരുവിഭാഗം സുന്നികളും ആവേശപൂര്‍വം തോളിലേറ്റിയിരുന്ന സി.എം മടവൂര്‍ മരിച്ചപ്പോള്‍ സമസ്ത ഇ.കെ വിഭാഗത്തിന്റെ കൈകളിലാണ് മഖ്ബറയും ഉറൂസ് നടത്താനുള്ള ഔദ്യോഗിക പേറ്റന്റും വന്നണഞ്ഞത്. ഇതില്‍ അരിശം പൂണ്ടും വിപണന സാധ്യതകള്‍ കണക്ക് കൂട്ടിയും തൊട്ടിപ്പുറത്ത് മഖ്ബറയുടെ പുതിയ സോണല്‍ ഓഫീസ് തുടങ്ങി ഉറൂസും നേര്‍ച്ചയും ദിക്റും ദുആ സമ്മേളനങ്ങളും കെങ്കേമമായി കാന്തപുരം വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നു.
മഖ്ബറ വ്യവസായത്തിന്റെ സാധ്യതയെയും സാധുതയെയും കുറിച്ച ഗവേഷണങ്ങളും പിടിച്ചടക്കലുകളും ഒരുവശത്ത് കേമമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു. നാല്‍പത് കോടി രൂപാ ചെലവില്‍ മുസ്ലിം സമുദായത്തിന്റെ ആസ്ഥാനമായറിയപ്പെടുന്ന കോഴിക്കോട് നിര്‍മിക്കാന്‍ പോകുന്ന 'മുടിപ്പള്ളി' ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. നമസ്കരിക്കാന്‍ പള്ളിയില്ലാതെ വീര്‍പ്പുമുട്ടുന്ന കോഴിക്കോട്ടുകാര്‍ക്ക് ആശ്വാസം പകരുക എന്ന സദുദ്ദേശ്യമല്ല ഈ പള്ളി നിര്‍മാണത്തിന്റെ പിന്നിലെ രഹസ്യം. പണമെറിഞ്ഞ് പണം നേടുക എന്ന മുച്ചീട്ട് കളിയുടെ മതകീയ രൂപമാണിത്. നാല്‍പത് കോടിയിറക്കിയാല്‍ അത് നാനൂറും നാലായിരവും കോടികളാക്കി മാറ്റാനുള്ള ചെപ്പടി വിദ്യകള്‍ ഇവര്‍ക്ക് നന്നായറിയാം.
ഇന്ന് ഇന്ത്യയിലെ അറിയപ്പെട്ട മുസ്ലിം തീര്‍ഥാടന കേന്ദ്രങ്ങളാണ് അജ്മീര്‍, ഏര്‍വാടി, നിസാമുദ്ദീന്‍, മമ്പുറം, പുത്തന്‍പള്ളി, ബീമാപള്ളി തുടങ്ങിയവ. ലക്ഷങ്ങളും കോടികളും മറിയുന്ന ഇത്തരം ആത്മീയ കേന്ദ്രങ്ങളെ പിന്തള്ളി വരുമാനത്തിലും തീര്‍ഥാടന പ്രവാഹത്തിലും ഒന്നാം നമ്പറായി നില്‍ക്കുന്ന ഒരു ആത്മീയ കച്ചവട കേന്ദ്രമാണ് കോഴിക്കോട് ഉയരാന്‍ പോകുന്നത്. ഇത്തരമൊരു വന്‍ സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടാണ് 'തിരുകേശം' തന്നെ കാന്തപുരം പുറത്തെടുത്തിരിക്കുന്നതും. കാരണം മുത്ത് നബിയുടെയും ഹുബ്ബുറസൂലിന്റെയും പേരില്‍ മുസ്ലിം സമുദായത്തെ എന്നും തങ്ങളുടെ വരുതിയില്‍ നിര്‍ത്താനാകുമെന്ന കണക്ക് കൂട്ടല്‍ തന്നെ. നബി(സ)യുടെ മുടിയും വടിയും ആദരിക്കപ്പെടേണ്ടതുണ്ടെന്നും അതില്‍നിന്നും ബറക്കത്തെടുക്കുകയും ആഗ്രഹ സഫലീകരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും സമുദായത്തെ വളരെ നേരത്തെ ചൊല്ലിപ്പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ വാണിജ്യ സാധ്യതയും കമ്പോളവല്‍ക്കരണവുമാണ് ശഅ്റെ മുബാറക് ഗ്രാന്റ് മസ്ജിദ് എന്ന പേരിലുള്ള ഈ മുടിപ്പള്ളി നിര്‍മാണത്തിന്റെ പിറകിലെ മതത്തേക്കാള്‍ വലിയ രാഷ്ട്രീയം.
തിരുകേശ സൂക്ഷിപ്പിന് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന് മാലോകരെ അറിയിക്കാനുള്ള മീഡിയാനെറ്റ്വര്‍ക്ക് വളരെ നേരത്തെതന്നെ തുടങ്ങി വെച്ചിട്ടുണ്ട്. മുഖസ്തുതിയും പ്രശംസകളും മനം കുളിര്‍ക്കെ ആസ്വദിക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാത്തയാളാണ് കാന്തപുരമെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. പ്രഭാഷണ വേദിയില്‍ സ്വാഗതപ്രസംഗകന്‍ ശൈഖുനയെ പ്രവാചകതുല്യനെന്ന് വിശേഷിപ്പിച്ചപ്പോള്‍ മറുത്തൊരക്ഷരം ഉരിയാടാതെ ആത്മപുളകത്തോടെ കേട്ടിരിക്കുകയും അതേ വികാരത്തോടെ തന്റെ ഉദ്ഘാടന പ്രഭാഷണം നടത്തുകയും ചെയ്ത കാന്തപുരത്തെ ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ അദ്ദേഹത്തെ പ്രവാചക സമാനമായി ചിത്രീകരിക്കുന്ന ഫീച്ചര്‍ പ്രത്യക്ഷപ്പെടുകയും അനുബന്ധമായി ചില വിവാദങ്ങള്‍ ഉയരുകയും ചെയ്തപ്പോഴും അര്‍ഥ ഗര്‍ഭമായ മൌനത്തിലായിരുന്നു അദ്ദേഹം. ഇപ്പോള്‍ തിരുകേശ വിവാദം കത്തിപ്പടരുമ്പോഴും പ്രശംസകളുടെ പെരുമഴ ചൊരിയുന്ന അനുയായികളെ കണ്ട് ആനന്ദ നിര്‍വൃതി കൊള്ളുകയാണദ്ദേഹം.
പ്രവാചകന്റേതെന്ന് പ്രചരിപ്പിക്കുന്ന 'വിശുദ്ധ മുടി' ശൈഖുനക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന കഥ ഏറെ രസകരമാണ്. മുടി സൂക്ഷിപ്പിന്റെ അനന്തരാവകാശം തലമുറകളായി ലഭ്യമായിരിക്കുന്നത് ഡോ. അഹ്മദ് ഖസ്റജി എന്ന യു.എ.ഇ സ്വദേശിക്കാണത്രെ! അദ്ദേഹം ഒരു രാത്രി സ്വപ്നത്തിലൂടെ നബി തിരുമേനിയെ ദര്‍ശിക്കുകയും തന്റെ കൈവശമുള്ള 'തിരുകേശം' അങ്ങ് കേരളക്കരയിലുള്ള ഖമറുല്‍ ഉലമക്ക് കൈമാറണമെന്നറിയിക്കുകയും അപ്രകാരം അദ്ദേഹം കോഴിക്കോട് കാരന്തൂര്‍ മര്‍കസിലെത്തുകയും ശൈഖുനായെ ഏല്‍പിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് ഈ കഥയുടെ ചുരുക്കം. അനിതരസാധാരണമായ തൊലിക്കട്ടിയുടെ മേനിയില്‍ ഈ കള്ളക്കഥ സമുദായത്തിനകത്തും പുറത്തും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം എന്ന പ്രദേശത്ത് സംഘടിപ്പിക്കപ്പെട്ട ഹുബ്ബുറസൂല്‍ പ്രഭാഷണത്തിന് ഇറക്കിയ നോട്ടീസിലെ വരികള്‍ ഇങ്ങനെയാണ്: "മുത്ത് ഹബീബ്(സ) ഹജ്ജതുല്‍ വിദാഇല്‍ സഹാബയെ(റ) ഏല്‍പിച്ച വിശുദ്ധ കേശം പ്രസിദ്ധമായ ഖസ്റജ് ഗോത്രത്തിലെ ഇപ്പോഴത്തെ പ്രമുഖ വ്യക്തി മുത്ത് ഹബീബ്(സ)യുടെ നിര്‍ദേശ പ്രകാരം വന്ദ്യരായ കാന്തപുരം ഉസ്താദിനെ കോഴിക്കോട് സുന്നി മര്‍കസില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചിരിക്കുകയാണ്. അതെ, പ്രവാചക പ്രേമികള്‍ക്ക് ഇതിലപ്പുറം എന്ത് ആനന്ദമാണ് ഇനി വേണ്ടത്! മുത്ത് നബി(സ)ക്ക് ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദിനെ തൃപ്തിപ്പെട്ടെന്ന് കേള്‍ക്കുമ്പോള്‍-അത് കേള്‍ക്കാനും ആനന്ദിക്കാനും നമുക്ക് ആയുസ്സ് നല്‍കിയ സര്‍വശക്തനായ നാഥാ നിനക്ക് സര്‍വസ്തുതിയും....''
വിശ്വാസത്തിന്റെ പേരില്‍ എന്തും വിറ്റഴിക്കാനാകുമെന്ന മാര്‍ക്കറ്റിംഗ് തന്ത്രമല്ലാതെ ഇതിന്റെ പിറകില്‍ മറ്റെന്താണുള്ളത്?
തങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളും പ്രഫഷനല്‍ ടച്ചോടെ നടത്തിക്കൊണ്ടിരിക്കുന്ന ഈ വിഭാഗം തിരുകേശ പ്രദര്‍ശനവും പരമ്പരാഗത ആത്മീയ വിപണന രീതികളില്‍ നിന്നും മാറി വലിയ ഉദ്യാനവും കോണ്‍ഫറന്‍സ് ഹാളും ലൈബ്രറിയും അത്യന്താധുനിക സൌകര്യങ്ങളുമുള്ള ഗ്രാന്റ് മസ്ജിദിന്റെ പശ്ചാത്തലത്തില്‍ തന്നെയാകാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. സാമ്രാജ്യത്വ വിരുദ്ധതയും സാമൂഹിക പ്രതിബദ്ധതയും പോസ്ററുകളിലൂടെയും സമ്മേളന പ്രമേയങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പ്രകടമാക്കി ജനങ്ങളെ കബളിപ്പിച്ച് നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നവര്‍ സമുദായത്തിനകത്ത് ഗുരുതരമായ വിശ്വാസ വൈകൃതങ്ങളുടെ വ്യാപനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മാല, മൌലിദ്, ഖുതുബിയ്യത്ത്, റാത്തീബ്, ഉറൂസ്, ചന്ദനക്കുടം എന്നിത്യാദി ഏര്‍പ്പാടെല്ലാം ഇവര്‍ക്ക് പുണ്യകരമായ അനുഷ്ഠാനങ്ങള്‍ മാത്രമല്ല; സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗം കൂടിയാണ്! സമൂഹത്തെ പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയൊക്കെയാണ്. മാലമൌലിദുകള്‍ക്ക് ആധുനിക പരിവേഷം നല്‍കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന വാദങ്ങളും തെളിവുകളും കൌതുകമുണര്‍ത്തുന്നതും ചിരിക്ക് വക നല്‍കുന്നതുമാണ്. മാല മൌലിദുകളെ ന്യായീകരിച്ച് രിസാല വാരികയില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ്. "കീറ്റ്സിനെ വായിക്കുമ്പോള്‍ ഷെല്ലിയെ വായിക്കാത്തതെന്തുകൊണ്ട്?'' എങ്ങനെയുണ്ട് തലവാചകം! ആധുനികതയുടെ അവതാരകരായി ചമഞ്ഞ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന കാന്തപുരം ഉസ്താദിന്റെയും കൂട്ടരുടെയും മിടുക്ക് ഒന്ന് വേറെ തന്നെ!
എ.പി വിഭാഗം സമസ്തയുടെയും മര്‍കസ് ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങളുടെയും മറ്റ് സ്വത്ത് വകകളുടെയും സമ്പൂര്‍ണ കടിഞ്ഞാണ്‍ കാന്തപുരത്തിന്റെ കൈകളില്‍ ഭദ്രമാണെന്നാണ് കേള്‍വി. അദ്ദേഹത്തിന്റെ കാലശേഷം ആരുടെ കൈകളിലേക്കാണിതെല്ലാം എത്തേണ്ടതെന്നും അദ്ദേഹം മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. ഇത് തിരിച്ചറിഞ്ഞ കൂട്ടത്തിലെ അതിബുദ്ധിമാന്മാര്‍ സ്വന്തം സാമ്രാജ്യങ്ങള്‍ വെവ്വേറെ കെട്ടിപ്പൊക്കുകയും അവ കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കുറ്റ്യാടിയിലും മലപ്പുറത്തും ഇതിന്റെ തെളിവുകളുണ്ട്.
മലപ്പുറം മേല്‍മുറി 'സുന്നീ കേരള'ത്തിന്റെ ആത്മീയ തീര്‍ഥാടന കേന്ദ്രമായി മാറുംവിധമാണ് റമദാനിലെ ഇരുപത്തിയേഴാം രാവില്‍ അവിടെ നടക്കുന്ന സ്വലാത്ത് സമ്മേളനം. ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്ന ഈ സ്വലാത്ത് കച്ചവടത്തിലൂടെ ചിലര്‍ പ്രശസ്തിയുടെ കൊടുമുടി കയറുകയും ഒരുവേള കാന്തപുരത്തെ കവച്ചുവെക്കുന്ന ആത്മീയ വ്യക്തിപ്രഭാവം നേടിയെടുക്കുകയും ചെയ്യുന്നതായി സംസാരമുണ്ട്. ഈ സ്വലാത്ത് നഗറിന് മുടികൊണ്ടൊരു മറുപടിയാണോ 'മുടിപ്പള്ളി'യിലൂടെ കാന്തപുരത്തിന്റെ ലക്ഷ്യം?
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...