http://www.prabodhanam.net/detail.php?cid=134&tp=1 |
ഒ.പി അബ്ദുസ്സലാം |
ഖസ്റജ് ഗോത്ര പ്രമുഖനും മുന്‍ അബൂദബി വഖ്ഫ് മന്ത്രിയുടെ മകനുമായ അഹ്മദ് ഖസ്റജി ഇക്കഴിഞ്ഞ ജനുവരി ഒമ്പതിന് കാരന്തൂരിലെ മര്‍കസ് സമാപന സമ്മേളനത്തില്‍ വെച്ച്, തനിക്കു പാരമ്പര്യമായി കിട്ടിയ പ്രവാചക മുടി എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറിയ വിവരം പുറത്തുവന്നതോടെ കേരളത്തിലെ മുസ്ലിം മത സംഘടനകള്‍ക്കിടയില്‍ വന്‍വിവാദത്തിന് വഴിതുറന്നിരിക്കുകയാണല്ലോ. കാന്തപുരത്തിന് മര്‍കസിന്റെ മുപ്പത്തിമൂന്നാം വാര്‍ഷികത്തില്‍ ലഭിച്ച ലോകോത്തര അവാര്‍ഡാണ് ഇതെന്നും തിരുമുടി കിട്ടിയത് തിരുനബിയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചാണെന്നും അത് നടപ്പിലാക്കുക മാത്രമാണ് ഖസ്റജി ചെയ്തതെന്നുമൊക്കെയുള്ള വിശദീകരണങ്ങള്‍ പിറകെ വന്നെങ്കിലും, അത് പക്ഷേ, വിവാദ കോലാഹലങ്ങളെ തണുപ്പിക്കുന്നതോ മര്‍മ വിഷയങ്ങളെ സ്പര്‍ശിക്കുന്നതോ ആയില്ല. തിരുകേശം സൂക്ഷിക്കാന്‍ നാല്‍പത് കോടിയിലധികം ചെലവ് വരുന്ന ഗ്രാന്റ് മോസ്കും തീര്‍ഥാടന കേന്ദ്രവും കോഴിക്കോട് നഗരത്തിന്റെ പരിസരത്ത് നിര്‍മിക്കുമെന്ന പ്രസ്താവനയും കവലകള്‍ തോറും ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതും പ്രശ്നത്തിന് വല്ലാത്തൊരു വൈകാരികമാനം നല്‍കിയിരിക്കുന്നു. ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളെ നോക്കുകുത്തിയാക്കുകയും വിശ്വാസികളെ അവരുടെ മുഖ്യദൌത്യത്തില്‍നിന്നു പിഴുതുമാറ്റുകയും ചെയ്യുന്ന തിരുകേശ പ്രശ്നം നിഷ്പക്ഷമായ ഒരു സ്കാനിങ്ങിന് വിധേയമാക്കുമ്പോള്‍ മൂന്നുമൌലിക ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു: ഒന്ന്, കശ്മീരിലെ ഹസ്രത്ത് ബാല്‍, കേരളത്തിലെ കാരന്തൂര്‍ മര്‍കസ്, തുര്‍ക്കിയിലെ ടോപ്കോപി മ്യൂസിയം എന്നീ കേന്ദ്രങ്ങളിലും ഈജിപ്ത്, യമന്‍, തുനീഷ്യ, ജോര്‍ദാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലും ഉണ്ടെന്ന് പറയപ്പെടുന്ന കേശങ്ങള്‍ ഒരാളുടേത് തന്നെയോ? രണ്ട്, എല്ലാ മുടികളും ഒരാളുടേത് തന്നെയെങ്കില്‍ അത് പ്രവാചകന്റേത് തന്നെയോ? മൂന്ന്, പ്രവാചകന്റേത് തന്നെയെന്ന് ഉറപ്പായാല്‍ ആ കേശംകൊണ്ട് ബര്‍ക്കത്തെടുക്കുന്ന കാര്യത്തില്‍ ഇസ്ലാമിന്റെ നിലപാടെന്ത്? ഒന്നാമത്തെ ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ വളരെ എളുപ്പം. അനുദിനം വളര്‍ന്നു വികസിക്കുന്ന ശാസ്ത്രസിദ്ധികളുടെ തൂവെളിച്ചത്തില്‍ പരാമൃഷ്ട മുടിയുടെ പല നിഗൂഢതകളും ചുരുളഴിക്കാന്‍ നമുക്കിന്നു കഴിയും. പറഞ്ഞുവരുന്നത്, ലോകത്ത് പലേടങ്ങളിലായി സൂക്ഷിക്കപ്പെടുന്നുണ്ടെന്നവകാശപ്പെടുന്ന പ്രവാചകന്റെ സകലമുടികളും ഡി.എന്‍.എ ടെസ്റിനു വിധേയമാക്കണമെന്നാണ്. ഈ പരിശോധനയിലൂടെ തര്‍ക്കമുടികള്‍ ഒരു തലയില്‍ നിന്നുള്ളതാണോ അതോ പല തലകളില്‍നിന്നുള്ളതാണോ എന്ന് ഏറ്റവും വിശ്വസനീയമായ രീതിയില്‍ കണ്ടെത്താനാവും. മാത്രമല്ല, മുടികളുടെ പ്രായവും അനുബന്ധകാര്യങ്ങളും കൂടി ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമാകുന്നതാണ്. വ്യത്യസ്ത കേന്ദ്രങ്ങളിലെ മുടികള്‍ തമ്മില്‍ സാമ്യതയും യോജിപ്പും ഉണ്ടെന്ന് സ്ഥാപിക്കപ്പെട്ടാല്‍, എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കും മറ്റു മുടി ശ്രേഷ്ഠതാ വാദികള്‍ക്കും ഒന്നാമത്തെ കടമ്പ കടന്നതായി ആശ്വസിക്കാം. എന്നാല്‍, മുടികളൊക്കെ പല പ്രായത്തിലും പല നിറത്തിലും പല വലുപ്പത്തിലും പല കനത്തിലുമുള്ളതാണെന്ന് ടെസ്റില്‍ വ്യക്തമായാല്‍, അഥവാ കേശം പലരുടേതുമാണെന്ന് വന്നാല്‍ മുസ്ലിയാര്‍ക്കും അനുയായികള്‍ക്കും നന്നായി വിയര്‍ക്കേണ്ടിയും വരും. പക്ഷേ, ഇവിടെ ഒരു പ്രശ്നമുണ്ട്. പൂച്ചക്ക് ആര് മണികെട്ടും? പ്രശ്നപരിഹാരത്തില്‍ നിര്‍ണായക പങ്കുവഹിച്ചേക്കാവുന്ന ഡി.എന്‍.എ പരിശോധനക്ക് ആര് മുമ്പോട്ട് വരും? ഇതെഴുതുന്ന ആളിന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ തിരുകേശം ഇഷ്യു ആക്കിയ ആദ്യത്തെ ആളെന്ന നിലയില്‍ ഡി.എന്‍.എ പരിശോധനക്ക് മുന്‍കൈ എടുക്കേണ്ടത് അബൂബക്കര്‍ മുസ്ലിയാരാണ്. രണ്ടാമത്തെ സുപ്രധാന കാര്യം, ലഭ്യമായ മുടികള്‍ പ്രവാചകന്റേത് തന്നെയോ എന്ന് ഉറപ്പ് വരുത്തലാണ്. ഈ കാര്യം സംശയരഹിതമായി തെളിയിക്കേണ്ട ബാധ്യതയും എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കാണ്. കാരണം, വാദിയാണല്ലോ തെളിവുകള്‍ ഹാജരാക്കേണ്ടത്. അറിയപ്പെട്ട നിദാനശാസ്ത്രങ്ങള്‍ മുമ്പില്‍ വെച്ച് ഈ ബാധ്യത വൃത്തിയായി നിര്‍വഹിക്കാന്‍ എ.പിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഖസ്റജിയുടെ അടുക്കലും പിന്നീട് കാരന്തൂരിലുമെത്തിയ മുടിയുടെ സനദ് പ്രഖ്യാത പണ്ഡിതന്മാര്‍ നിശ്ചയിച്ച കുറ്റമറ്റ മാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ല. നബി(സ)യുടെ ഭാര്യ ഉമ്മുസലമയുടെ വശം പ്രവാചകന്റെ ഏതാനും ചില കേശങ്ങള്‍ ഉണ്ടായിരുന്നുവെന്നതോ, ഖാലിദ്ബ്നുല്‍ വലീദിന്റെ തൊപ്പിയില്‍ തിരുകേശം തിരുകിവെച്ചിരുന്നുവെന്നതോ, ഉമ്മുസലമ രോഗശമനത്തിന് മുടി ഉപയോഗിച്ചിരുന്നുവെന്നതോ അബൂബക്കര്‍ മുസ്ലിയാര്‍ക്കു കിട്ടിയ മുടിയുടെ അംശം മുഹമ്മദ് നബി(സ)യുടേതാണെന്നതിന് തെളിവാകുന്നില്ല. അത് പണ്ഡിതന്മാര്‍ നിശ്ചയിച്ച സുതാര്യമായ സനദുകളിലൂടെ സ്ഥാപിക്കപ്പെടുക തന്നെവേണം. അന്യൂനമായ ഈ മാര്‍ഗം സര്‍വാത്മനാ അംഗീകരിക്കുന്നതിനുപകരം, കേശം കാന്തപുരം മുസ്ലിയാര്‍ക്കുകൊടൂക്കാന്‍ ഖസ്റജിയോടു നബി കല്‍പിച്ചു, നബി കാന്തപുരത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയ അതിബാലിശങ്ങളായ ന്യായീകരണ ങ്ങളുമായി രംഗത്തിറങ്ങിയത് പ്രശ്നത്തെ കൊച്ചാക്കലാണ്. സ്വീകാര്യവും സ്ഥിരപ്പെട്ടതുമായ സനദ് വഴിയാണ് പ്രവാചക മുടി അഹ്മദ് ഖസ്റജിയില്‍ എത്തിച്ചേര്‍ന്നതെന്ന് ഉറപ്പായാല്‍ ബര്‍ക്കത്തെടുക്കപ്പെടാമോ എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. ബര്‍ക്കത്തെടുക്കുക എന്നത് കൊണ്ട് തല്‍പരകക്ഷികള്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തമാകുമ്പോഴേ ഈ ചോദ്യത്തിന്റെ ശരിയുത്തരം അടയാളപ്പെടുത്താനാവൂ. ദൈവേതര സൃഷ്ടികളില്‍നിന്ന്(അത് വ്യക്തിയാവട്ടെ, വസ്തുവാകട്ടെ) അഭൌതികവും അദൃശ്യവുമായ രീതിയില്‍ നന്മയും ഗുണവും മോക്ഷവും ലഭിക്കുമെന്ന ഉദ്ദേശ്യത്തോടെയാണ് ബര്‍ക്കത്തെടുക്കുന്നതെങ്കില്‍ അത്തരം ബര്‍ക്കത്തെടുക്കല്‍ ശിര്‍ക്കാകുമെന്നതില്‍ സംശയിക്കാനില്ല. ഇസ്ലാമിന്റെ മൌലികാശയങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും തനി വിരുദ്ധമായ ഇത്തരം വേലകള്‍ നബിതിരുമേനിയോ ഖലീഫമാരോ സച്ചരിതരായ സ്വഹാബികളോ ഒട്ടും അംഗീകരിച്ചിട്ടില്ല. ലക്ഷത്തിലേറെ വരുന്ന സ്വഹാബികളില്‍ വിരലിലെണ്ണാവുന്ന ചിലരിലേക്ക് ചേര്‍ത്തുകൊണ്ട് റിപ്പോര്‍ട്ടുകള്‍ വന്നത് പൊക്കിപ്പിടിക്കാന്‍ കേശാനുകൂലികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അവലംബിക്കാവുന്ന യാതൊരു തെളിവുകളുടെയും പിന്‍ബലം അവര്‍ക്കില്ല. കാരണം, ഹദീസുകളില്‍ ചിലത് സ്വഹാബികള്‍ക്കു ശേഷം വരുന്ന താബിഇന്റെ നിഗമനങ്ങളാണ്. വേറെ ചില ഹദീസുകളുടെ നിവേദക പരമ്പരകളില്‍ അനഭിമതരുമുണ്ട്. ഇനി സ്വഹാബികളില്‍ ചിലര്‍ വിശുദ്ധ കേശംകൊണ്ട് ബര്‍ക്കത്തെടുത്തുവെന്നു സമ്മതിച്ചാല്‍ തന്നെ, അത് പ്രവാചക കേശത്തിന് അപ്രമാദിത്വം നല്‍കിയത് കൊണ്ടോ, അലൌകികമോ അദൃശ്യമോ ആയ രൂപത്തില്‍ അവക്ക് ഗുണമോ ഉപകാരമോ ചെയ്യാന്‍ കഴിവുണ്ടെന്ന് വിശ്വാസമുള്ളത് കൊണ്ടോ, അല്ലെങ്കില്‍ ഇന്നത്തെ പോലെ മുടി ജലം വിറ്റ് കാശാക്കുന്ന കച്ചവടക്കണ്ണുള്ളത് കൊണ്ടോ ആയിരുന്നില്ലെന്ന് തീര്‍ച്ച. മുഹമ്മദ് നബിയുടെ കേശം വ്യക്തിതലത്തിലും സാമൂഹിക തലത്തിലും സര്‍വപ്രശ്നപരിഹാരിയും സകലരോഗ വിനാശിനിയുമാണെങ്കില്‍ പരീക്ഷണങ്ങളുടെ നെരിപ്പോടില്‍ ഞെരിഞ്ഞമരേണ്ടി വന്ന ദുരന്തനാളുകളില്‍ ഒരു ഖലീഫയോ ഇമാമോ നബികേശ പാനീയം സേവിക്കാന്‍ ഉമ്മത്തിനോടു ഉപദേശിച്ചതായി കേട്ടിട്ടില്ല. നബിക്കുശേഷം ഒന്നാമനായി അറിയപ്പെട്ട അബൂബക്കര്‍ സിദ്ദീഖ് രോഗം ബാധിച്ച് അവശനായപ്പോഴും, നീതിയുടെ ആര്‍ദ്ര രൂപമായ രണ്ടാം ഖലീഫ വിഷത്തില്‍ മുക്കിയ കത്തിയാക്രമണത്തില്‍ മരണത്തോട് മല്ലിട്ടപ്പോഴും ആരും അവര്‍ക്ക് വിശുദ്ധ കേശജലം കൊടുത്തില്ല. ആ വെള്ളം അവര്‍ ആവശ്യപ്പെട്ടുമില്ല. ചരിത്രത്തിന്റെ ദശാസന്ധികളില്‍ പലപ്പോഴും നിലനില്‍പിനെ പോലും ചോദ്യം ചെയ്യുന്ന ഒരുപാട് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പരീക്ഷണങ്ങളുടെ ഉഗ്രസുനാമികള്‍ മുസ്ലിം സമൂഹത്തിന് നേരെ അരങ്ങേറി. താര്‍ത്താരീ ആക്രമണം, സ്പെയ്ന്‍ ദുരന്തം, പതിമൂന്നു നൂറ്റാണ്ടിനു ശേഷമുള്ള ഖിലാഫത്തിന്റെ പതനം, 1967ലെ ഇസ്രയേല്‍ യുദ്ധം.... അങ്ങനെ പലതും. എന്നിട്ടും അത്യത്ഭുത സിദ്ധികളുടെ മഹാസങ്കേതമെന്നു പ്രഘോഷിക്കപ്പെടുന്ന തിരുമുടികളില്‍ ഒന്നുപോലും നമ്മെ കടാക്ഷിച്ചില്ല. എന്താണതിന്റെ കാരണം? |
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...