Monday, May 9, 2011

തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്


തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്
കോഴിക്കോട്: വിശുദ്ധ മുടി സന്ദര്‍ശിക്കാനെന്ന പേരില്‍ കോടികള്‍ ചെലവിട്ട് പണിയുമെന്ന് പറയുന്ന പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്. പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മുടി സംരക്ഷിക്കാന്‍ ശഅ്‌റേ മുബാറക് എന്നപേരില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുമെന്ന് അവകാശപ്പെട്ട് സുന്നി കാന്തപുരം വിഭാഗമാണ് രംഗത്തുള്ളത്.  
സമസ്ത മുശാവറയുടെയും  ഇതര മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടയിലും കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച മുടിയുടെ സംരക്ഷണത്തിന് പള്ളി പണിയാനുള്ള നടപടിയുമായി കാന്തപുരം വിഭാഗം മുന്നോട്ടുപോവുകയാണ്. പ്രവാചകന്‍േറതെന്നു പറയുന്ന മുടി സംരക്ഷിക്കാനായി പള്ളിയും അതിനു ചുറ്റും നോളജ് സിറ്റി എന്നപേരില്‍ ടൗണ്‍ഷിപ്പും പണിയാനാണ് പദ്ധതി. പള്ളി പണിയാന്‍  നാലുലക്ഷം പേരില്‍നിന്ന് 1000 രൂപ തോതില്‍ സ്വരൂപിക്കാനാണ് പദ്ധതി. പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുന്ന ടൗണ്‍ഷിപ്പിലെ വിവിധ സംരംഭങ്ങളില്‍ പങ്കാളിയാവാന്‍ അഭ്യര്‍ഥിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും തകൃതിയാണ്.
മൈക്രോ ഫിനാന്‍സ് സിസ്റ്റത്തിലൂടെ ഹലാലായ സമ്പാദ്യത്തിന് അവസരമെന്നറിയിച്ച് സംഘടനയുടെ മുഖപത്രത്തില്‍ നിക്ഷേപം ക്ഷണിച്ച് മുഴുപേജ് പരസ്യം വന്നിരുന്നു. ബിസിനസ് സമുച്ചയം, വില്ലകള്‍, ഫ്‌ളാറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയൊക്കെ പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുമെന്നാണ് പരസ്യത്തിലുള്ളത്. ഇതിലേക്കാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്. 'മര്‍കസ് ഒരുക്കുന്നു; ജനലക്ഷങ്ങള്‍  നേടുന്നു' (മര്‍കസ് ഡിസൈന്‍സ് മില്യന്‍സ് ബെനിഫിറ്റ്) എന്നതാണ് നോളജ് സിറ്റിയുടെ തലവാചകം. മര്‍കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാപ്‌കോ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് പരസ്യം.
പള്ളിയും ടൗണ്‍ഷിപ്പും എവിടെയാണ് സ്ഥാപിക്കുന്നതെന്ന് പ്രഖ്യാപിക്കാന്‍ മര്‍കസ് ഭാരവാഹികളോ കാന്തപുരമോ ഇതുവരെ  തയാറായിട്ടില്ല. എന്നാല്‍,  കിനാലൂരിനടുത്ത് 400 ഏക്കറിലേറെയുള്ള സ്ഥലത്താണ് നിര്‍ദിഷ്ട പള്ളിയും ടൗണ്‍ഷിപ്പും വരുകയെന്നാണ് മര്‍കസുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. തിരുകേശത്തിനൊരു ഉത്തമ കേന്ദ്രമെന്നും ചരിത്രസൗധത്തിന്റെ നിര്‍മാണത്തില്‍ പ്രവാചകസ്‌നേഹികള്‍ പങ്കാളികളാവണമെന്നുമുള്ള പരസ്യമാണ് പള്ളിനിര്‍മാണത്തിന് ആദ്യമുപയോഗിച്ചതെങ്കിലും പിന്നീട് പരസ്യങ്ങളുടെ സ്വഭാവത്തിന് അടിമുടി മാറ്റംവന്നിരിക്കയാണ്.
40 കോടി ചെലവിട്ട പള്ളിക്കുചുറ്റും ഉയരുന്ന ടൗണ്‍ഷിപ്പിന് മുതല്‍മുടക്കുന്നത് ദൈവികപ്രീതിക്ക് ഉത്തമമാണെന്ന രീതിയിലാണ് പുതിയ പ്രചാരണം.  പ്രവാചകന്റെ 'തിരുകേശ'ത്തിലാരംഭിച്ച പള്ളിനിര്‍മാണത്തിനും വിവാദങ്ങള്‍ക്കുമിപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തിന്റെ മുഖച്ഛായ വന്നുചേര്‍ന്നിരിക്കുകയാണ്.
കാന്തപുരത്തിന് ലഭിച്ച പ്രവാചകന്‍േറതെന്ന് പ്രചരിപ്പിക്കുന്ന കേശം വ്യാജമാണെന്ന് അത് നല്‍കിയ അബൂദബിയിലെ ഖസ്‌റജി കുടുംബം വ്യക്തമാക്കിയിട്ടും കുപ്രചരണങ്ങള്‍കൊണ്ട് സത്യത്തെ മൂടിവെക്കാന്‍ കഴിയില്ലെന്നാണ് ഈ വിഷയത്തില്‍ കാന്തപുരം വ്യക്തമാക്കിയത്. ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയാണ് അഹ്മദ് ഖസ്‌റജി തിരുകേശം മര്‍കസില്‍ ഏല്‍പിച്ചത്. ഇതംഗീകരിക്കാത്തവര്‍ വ്യാജമാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് കാന്തപുരത്തിന്റെ നിലപാട്.



1 comments:

പള്ളി പണിയാന്‍ നാലുലക്ഷം പേരില്‍നിന്ന് 1000 രൂപ തോതില്‍ സ്വരൂപിക്കാനാണ് പദ്ധതി.ഇങ്ങനെ പിരിവു നടത്തി ഉണ്ടാക്കേണ്ടതാണോ ഇത്തരത്തിലുള്ള പള്ളി. മുഹമ്മദു നബിയുടെ മുടിയുടെ നീളം ഇത്രക്കു വരുമോ? ഇനി ആണെങ്കില്‍ തന്നെ അതിട്ട വെള്ളം കുടിക്കാന്‍ ആരാ പറഞ്ഞതെ?.ഖിയാമം നാളിന്റെ ലക്ഷണങ്ങളില്‍ പള്ളി പെരുകുമെന്നു പറഞ്ഞിട്ടുണ്ട്.

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More