Friday, May 13, 2011

പ്രവാചക കേശം: യു.എ.ഇയില്‍ പോയി ആധികാരികത തെളിയിക്കാം -കാന്തപുരം


കോഴിക്കോട്: കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച പ്രവാചകകേശത്തിന്റെ ആധികാരികത സംബന്ധിച്ച് സംശയമുന്നയിക്കുന്നവര്‍ അത് കൈമാറിയ യു.എ.ഇയിലെ ഡോ. ശൈഖ് അഹ്മദ് ഖസ്‌റജിയുടെ അടുത്തുചെന്ന് സത്യം ബോധ്യപ്പെടാന്‍ തങ്ങളോടൊപ്പം വരാന്‍ തയാറാകണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ പക്കലുള്ള പ്രവാചകകേശത്തിന്റെ ആധികാരിക രേഖ ശരിയല്ലെന്ന് തെളിഞ്ഞാല്‍ പള്ളിനിര്‍മാണത്തില്‍നിന്ന് പിന്തിരിഞ്ഞ് ഖേദിച്ച് മടങ്ങാന്‍ തയാറാണെന്നും കാന്തപുരം വ്യക്തമാക്കി. വിമര്‍ശമുന്നയിക്കുന്നവരുടെ നിയന്ത്രണത്തിലുള്ള വെല്ലൂരിലെ പള്ളിയില്‍ സൂക്ഷിച്ച പ്രവാചകകേശത്തിന് ആധികാരിക രേഖയില്ല. എങ്കിലും ഞങ്ങള്‍ അത് വിശ്വസിക്കുന്നു. പക്ഷേ, അതിന് തെളിവുതരാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
ഖസ്‌റജിയുടെ സഹോദരന്‍േറതെന്ന് തെളിയിക്കുന്ന കത്ത് എതിരാളികള്‍ വ്യാജമായി ഉണ്ടാക്കിയതാണ് എന്നതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ട്. മര്‍കസിനും അതിന്റെ ഭാരവാഹികള്‍ക്കുമെതിരെ കുപ്രചാരണം നടത്തുന്ന പണ്ഡിതന്മാര്‍ അതില്‍നിന്ന് പിന്തിരിയണം. പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ തിരുകേശം സൂക്ഷിക്കുന്ന പള്ളിക്ക് സംഭാവന നല്‍കിയ 1000 രൂപ അദ്ദേഹം ചോദിച്ചാല്‍ തിരിച്ചുനല്‍കാന്‍ തയാറാണ്. പണം തിരിച്ചുനല്‍കുമെന്ന് താന്‍ പറഞ്ഞതായി പ്രചാരണം നടക്കുന്നുണ്ട്. താനങ്ങനെ പറഞ്ഞിട്ടില്ല. മര്‍കസില്‍ ആറുവര്‍ഷം മുമ്പെ ലഭിച്ച തിരുകേശത്തെക്കുറിച്ചും ആദ്യം വിമര്‍ശമുയര്‍ന്നിരുന്നു. അന്ന് അതിന്റെ ആധികാരിക രേഖ വിമര്‍ശകര്‍ക്ക് കാണിച്ചതാണ്. യു.എ.ഇ മുന്‍മന്ത്രിയുടെ മകന്‍ അഹ്മദ് ഖസ്‌റജി മര്‍കസ് സമ്മേളനത്തിനെത്തിയ ലക്ഷക്കണക്കിനാളുകളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ ആധികാരികരേഖ ഒപ്പുവെച്ചാണ് ഒരു തിരുകേശവും കൂടി കൈമാറിയത്.
അഹ്മദ് ഖസ്‌റജിയുടെ സഹോദരന്‍ എഴുതിയതെന്ന് പറഞ്ഞ് ഒരു കത്തുമായി കുപ്രചാരണം നടത്തുകയാണ് ചിലര്‍. വിമര്‍ശകര്‍ പത്രങ്ങള്‍ക്ക് നല്‍കിയ കത്തും ചെമ്മാടുള്ള ഒരു സ്ഥാപനത്തിന്റെ വാര്‍ഷികത്തില്‍ വായിച്ച കത്തും വ്യത്യസ്തമാണ്.
കോഴിക്കോട്ട് 40 കോടി രൂപചെലവില്‍ പള്ളി നിര്‍മിക്കുന്നത് തിരുകേശം സൂക്ഷിക്കാനും അത് കാണാന്‍ വരുന്നവര്‍ക്ക് നമസ്‌കരിക്കാനും വേണ്ടിയാണ്. 25000 പേര്‍ക്ക് നമസ്‌കരിക്കാനുള്ള പള്ളിയാണ് ഉദ്ദേശിക്കുന്നത്. പള്ളി എവിടെ സ്ഥാപിക്കുമെന്ന് ഇപ്പോള്‍ പറയില്ല. റിയല്‍ എസ്‌റ്റേറ്റ് ലോബി മുതലെടുക്കാതിരിക്കാനാണിത്. ടൗണ്‍ഷിപ്പ് സംബന്ധിച്ച് സംഘടനയുടെ മുഖപത്രത്തില്‍ ഷെയര്‍ ക്ഷണിച്ച് പരസ്യം വന്നത് ചൂണ്ടിക്കാട്ടിയതിനും വ്യക്തമായ മറുപടി നല്‍കിയില്ല. ഇതിന്റെ പിന്നില്‍ കച്ചവട താല്‍പര്യമാണെന്നത് വിമര്‍ശകരുടെ ആരോപണം മാത്രമാണെന്നും കാന്തപുരം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് അലി ബാഫഖി തങ്ങള്‍, പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവരും പങ്കെടുത്തു.



0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More