Monday, May 16, 2011

അഹമ്മദ് ഖസ്‌റജി പാണക്കാട് കുടുംബവുമായി ബന്ധമുള്ളയാള്‍ -കാന്തപുരം


തിരൂര്‍: തനിക്ക് പ്രവാചകന്റെ തിരുകേശം നല്‍കിയ യു.എ.ഇയിലെ ഡോ. അഹമ്മദ് ഖസ്‌റജി പാണക്കാട് തങ്ങള്‍ കുടുംബവുമായി ബന്ധമുള്ളയാളാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. തിരൂരില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ധനശേഖരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹമ്മദ് ഖസ്‌റജിയുടെ പിതാവ് മുഹമ്മദ് ഖസ്‌റജി മന്ത്രിയായിരിക്കെ ചികിത്സാവശ്യാര്‍ഥം കോട്ടക്കലില്‍ വന്നപ്പോള്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. മന്ത്രിയും കുടുംബവും ഒരു മാസം താമസിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലാണ്. അന്ന് അഹമ്മദ് ഖസ്‌റജിയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതാണ്.  പിന്നീട് കേരളത്തിലെത്തിയപ്പോള്‍ തന്റെ മകനൊപ്പം അഹമ്മദ് ഖസ്‌റജി പാണക്കാട്ട് പോയി ആ കുടുംബവുമായുള്ള ബന്ധം പുതുക്കിയിട്ടുണ്ട്.
നബിയുടെ തിരുമുടി സൂക്ഷിക്കാന്‍ ഖസ്‌റജിയുടെ വീട്ടില്‍ പ്രത്യേക മുറിയുണ്ട്. അവിടെ വര്‍ഷത്തില്‍ രണ്ട് തവണ ഇത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ വേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണ്ഡിതരെ ക്ഷണിക്കാറുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെ ഒരു സഹോദരന്റെ കത്ത് ചൂണ്ടിക്കാട്ടി എന്തെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്നും കത്തിന്റെ ഉറവിടം തങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ പിന്നീട് വെളിപ്പെടുത്തുമെന്നും കാന്തപുരം പ്രസ്താവിച്ചു.
ഇത്തരമൊരു പള്ളിയുണ്ടാക്കാന്‍ സാധിക്കാത്തതിലെ നിരാശയാണ് വിവാദമുയര്‍ത്തുന്നവര്‍ക്ക്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ കല്യാണത്തിന് പങ്കെടുത്ത വേളയില്‍ സുന്നി ഐക്യത്തിന് മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ശ്രമിക്കാമെന്ന് അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു.
യോജിപ്പുണ്ടായാല്‍ തങ്ങള്‍ ഇല്ലാതായി പോകുമോ എന്ന് ഭയക്കുന്നവരാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സഖാഫി അരിയൂര്‍, വടശേരി ഹസന്‍ മുസ്‌ലിയാര്‍, കെ.ടി. ത്വാഹിര്‍ സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി എന്നിവര്‍ സംസാരിച്ചു



0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More