Tuesday, May 10, 2011

കേശം പ്രവാചകന്‍േറതല്ലെന്ന് പ്രചരിപ്പിക്കുന്നവര്‍ പിന്തിരിയണം -കാന്തപുരം


കേശം പ്രവാചകന്‍േറതല്ലെന്ന് പ്രചരിപ്പിക്കുന്നവര്‍ പിന്തിരിയണം -കാന്തപുരം
കോഴിക്കോട്: മര്‍ക്കസിനു ലഭിച്ച പ്രവാചക കേശം വ്യാജമാണെന്ന് ഖസ്‌റജി കുടുംബം പറഞ്ഞെന്ന പ്രചരണം തീര്‍ത്തും സത്യവിരുദ്ധമാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ഖസ്‌റജി കുടുംബത്തിലെ ഒരംഗം മാത്രമാണ് തിരുകേശത്തിന്റെ സത്യസന്ധത നിഷേധിച്ചത്. ഹസന്‍ എന്ന പേരുള്ള ഈ വ്യക്തിയാവട്ടെ പൊതുരംഗത്ത് ഒട്ടും സുപരിചതനുമല്ല. ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി മര്‍ക്കസ് സമ്മേളനത്തില്‍ എനിക്ക് കേശം സമ്മാനിച്ച ഡോ. അഹമ്മദ് ഖസ്‌റജി അബൂദബിയിലെ ഹെറിറ്റേജ് വിഭാഗം ഡയറക്ടറും അവിടുത്തെ വഖഫ് മന്ത്രിയുമായിരുന്ന മുഹമ്മദ് ഖസ്‌റജിയുടെ മകനുമാണ്. പിതാവ് നടത്തിയിരുന്ന വിജ്ഞാന സദസ്സിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് അഹമ്മദ് ഖസ്‌റജിയാണ്. വര്‍ഷാവര്‍ഷം തിരുകേശം ഇവിടെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാറുമുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ, കേശം പ്രവാചകന്‍േറതല്ലെന്ന് ഖസ്‌റജി കുടുംബം പറഞ്ഞതായി പ്രചരിപ്പിക്കുന്നവര്‍ അതില്‍നിന്ന് പിന്തിരിയുകയാണ് വേണ്ടത് -കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി  'മാധ്യമ'ത്തോട് പറഞ്ഞു.
കേശത്തെക്കുറിച്ച് മറുഭാഗം ഉന്നയിച്ച സംശയങ്ങള്‍ അഹമ്മദ് ഖസ്‌റജിയെ നേരില്‍കണ്ട് തീര്‍ത്തുകൂടെ എന്ന് പലതവണ ചോദിച്ചതാണ്. തിരുകേശം വിവാദമാക്കുന്നതിന് മുമ്പില്‍നില്‍ക്കുന്ന ബഹാവുദ്ദീനോടും അഹമ്മദ് ഖസ്‌റജിയെ നേരില്‍വന്ന് കാണാന്‍ സുന്നി പ്രവര്‍ത്തകര്‍ നിരന്തരം അഭ്യര്‍ഥിച്ചിരുന്നു. തിരുകേശ വിവാദം കെട്ടടങ്ങാന്‍ ഇതാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ബഹാവുദ്ദീന്‍ അതിന് തയാറായില്ലെന്ന് മാത്രമല്ല, ദുഷ്പ്രചാരണം തുടരുകയാണെന്നും കാന്തപുരം കുറ്റപ്പെടുത്തി.
ശഅ്‌റേ മുബാറക് പള്ളിക്കെതിരെ സമസ്ത മുശാവറ എതിരാണെന്ന പ്രചരണവും സത്യമല്ല. യഥാര്‍ഥ സമസ്ത അവരുടേതാണെന്ന് അവകാശവാദം മാത്രമാണ്. കോടതി പോലും അത് അംഗീകരിച്ചിട്ടില്ല. ഞങ്ങളുടെ പണ്ഡിതസഭ പള്ളി പണിയാന്‍ പൂര്‍ണമായി രംഗത്തുണ്ടെന്നും കാന്തപുരം പറഞ്ഞു. തിരുകേശം സംരക്ഷിക്കുന്നതിന്  പള്ളി പണിയുന്നത് വിവാദമാക്കേണ്ടതില്ല. ലോകത്ത് പലയിടത്തും തിരുകേശം സംരക്ഷിക്കാന്‍ പള്ളി പണിതിട്ടുണ്ട്. തിരുകേശം സംരക്ഷിക്കുന്ന കാശ്മീരിലെ ഹസ്രത്ത്ബാല്‍ മസ്ജിദ് ജനങ്ങളില്‍നിന്ന് പണം സമാഹരിച്ചിട്ടാണ് പണിതതെന്നും കാന്തപുരം പറഞ്ഞു. ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും തിരുശേഷിപ്പുകള്‍ സംരക്ഷിച്ചുപോരുന്നുണ്ട്. അതിന്റെയൊന്നും സനദ് (ആധികാരികത) അന്വേഷിക്കാത്തവര്‍ മര്‍ക്കസിലെ കേശം മാത്രം വിവാദമാക്കുന്നതിനുപിന്നില്‍ ദുരൂഹതയുണ്ട്. മര്‍ക്കസിലെ കേശം പ്രവാചകന്‍േറതാണെന്ന് എല്ലാവരും വിശ്വസിക്കണമെന്ന് ഞങ്ങള്‍ക്കൊരു വാശിയുമില്ല. സത്യമാണെന്ന് അംഗീകരിക്കുന്നവര്‍ മാത്രം വിശ്വസിച്ചാല്‍ മതി. അതുകൊണ്ടുതന്നെ വിവാദത്തിന് ഒരര്‍ഥവുമില്ലെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
അബൂദബിയിലെ ഖസ്‌റജിയുടെ കുടുംബത്തില്‍ തിരുകേശം സുക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ പ്രചരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തത് മറുവിഭാഗമാണ്. അന്നൊന്നും അതിന്റെ ആധികാരികതയില്‍ സംശയം തോന്നാത്ത ഈ കൂട്ടര്‍ക്ക്് തിരുകേശം മര്‍ക്കസിലേക്ക് നല്‍കിയപ്പോള്‍ മാത്രം സംശയമുയര്‍ന്നതിനുപിന്നില്‍ നിഗൂഡതയുണ്ട്. മുടിയുടെ സനദ്  വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ എന്ന ചോദ്യത്തിന് ബഹുജനങ്ങളെ വിളിച്ചുകൂട്ടി പ്രഖ്യാപിക്കേണ്ട ഒന്നല്ല സനദ് എന്നായിരുന്നു മറുപടി.
മര്‍ക്കസിനുകീഴില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട നോളജ് സിറ്റിയും ശഅ്‌റേ മുബാറക് മസ്ജിദും രണ്ടും വ്യത്യസ്ത പദ്ധതികളാണ്. നോളജ് സിറ്റി രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചതാണ്. എന്നാല്‍, ശഅ്‌റേ മുബാറക് മസ്ജിദ് പണിയാന്‍ കഴിഞ്ഞ നബിദിനത്തിലാണ് തീരുമാനിച്ചത്. ഇതിനുപിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സാണെന്ന പ്രചാരണം ശരിയല്ല. അന്താരാഷ്ട്ര നിലവാരമുള്ള വാണിജ്യ കേന്ദ്രവും പ്രൊഫഷനല്‍ കോളജുകളും റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, മള്‍ട്ടി സ്‌പെഷ്യലിറ്റി ഹോസ്‌പിറ്റല്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികളുമടങ്ങിയതാണ് നോളജ് സിറ്റി. മര്‍ക്കസില്‍ പഠിക്കുന്ന 80 ശതമാനം വിദ്യാര്‍ഥികളുടെയും താമസവും ഭക്ഷണവുമെല്ലാം സൗജന്യവുമാണ്. ഇതിനായി ഒരു കോടിയിലേറെ രുപ പ്രതിമാസം ചെലവുവരുന്നുണ്ട്. സംഭാവനകള്‍ പിരിച്ചാണ് ഇത്രയും തുക കണ്ടെത്തുന്നത്. മര്‍ക്കസിനായി സ്ഥിരം വരുമാനമുണ്ടാക്കലും നോളജ് സിറ്റിയുടെ ലക്ഷ്യമാണ്. അല്ലാതെ ഇത് ലാഭമുണ്ടാക്കാനല്ല. ശഅ്‌റേ മുബാറക് മസ്ജിദിനോട് ചേര്‍ന്നാണ് ടൗണ്‍ഷിപ്പ് പണിയുന്നതെന്ന് മുഖപത്രത്തില്‍ പരസ്യം ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അത് അങ്ങനെ ഉദ്ദേശിച്ച് ചെയ്തതല്ലെന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി. പള്ളിക്കടുത്താണെന്നെ ഉള്ളൂ. ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ഒട്ടേറെ കുട്ടികള്‍ മര്‍ക്കസില്‍ പഠിക്കുന്നുണ്ട്. കുടുംബസഹിതം വന്ന് പഠിക്കുന്നവര്‍ വാടക വീടുകളിലാണ് താമസിക്കുന്നത്. ഇങ്ങനെ പഠിക്കുന്നവരെ ഉദ്ദേശിച്ചാണ് നോളജ് സിറ്റിയില്‍ പാര്‍പ്പിട പദ്ധതി ഉള്‍പ്പെടുത്തിയത്. മുന്നൂറ് ഏക്കര്‍ വരുന്ന ഈ പദ്ധതിയില്‍ സ്ഥലമെടുപ്പ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്ന് അബ്ദുല്‍ ഹക്കീം പറഞ്ഞു.
ശഅ്‌റേ മുബാറക് മസ്ജിദ് എവിടെയാണ് സ്ഥാപിക്കുക എന്ന് പ്രഖ്യാപിക്കാന്‍ ഇനിയും തയാറാവാത്തതു എന്തുകൊണ്ടാണെന്ന ചോദ്യത്തിന് റിയല്‍ എസ്‌റ്റേറ്റ് ലോബി  ലാഭം കൊയ്യേണ്ട എന്നു കരുതിയാണ്. എല്ലാം ക്ലിയറായശേഷം സ്ഥലം പ്രഖ്യാപിക്കും . ആറു മാസം കെണ്ട് പണി തുടങ്ങുമെന്നും അബ്ദുല്‍ ഹക്കീം പറഞ്ഞു.



1 comments:

<<>> ഇത് വരെ കത്ത് വ്യാജമാണെന്നായിരുന്നു പറഞ്ഞിരുന്നത് അത് വ്യാജമല്ല എന്ന് ഇവിടെ സമ്മതിച്ചിരിക്കുന്നു. ഖസ്രജി കുടും ബത്തിലെ ഒരംഗമായാലും ഈ ഒട്ടേറെ വിവാദങ്ങള് നിലനില്ക്കേ അത്തരമൊരു വാര്ത്ത വന്നുവെങ്കില് അത് ഗൌരവായി എടുക്കേണ്ടത് തന്നെയല്ലെ. അദ്ദേഹം കത്തിലൂടെ പറഞ്ഞ പ്രധാന പോയിന്റ് ഇതാണ് സ്വന്തം പിതാവിന്റെ കയ്യില് പോലും ഇത്തരമൊരു മുടിയുണ്ടായിട്ടില്ല എന്നതാണ്. ഇത് ഗൌരവമായി എടുക്കേണ്ട വിഷയമല്ലേ. അങ്ങിനെ ഒരു മുടി പണ്ട് ഉണ്ടായിരുന്നെങ്കില് അത് തെളിയിക്കുകയായിരുന്നു കാന്തപുരം ചെയ്യേണ്ടിയിരുന്നത്. ഇനി അത്തരമൊരു തെളിവ് ഇല്ലെങ്കില് എന്താണ് ചെയ്യേണ്ടത്. ഖസ്രജി കുടുംബവുമായി ബന്ധപ്പെട്ട് അത് രേഖ സംഘടിപ്പിക്കുകയല്ലേ. അതിന് പകരം ഈ വാദമുന്നയിച്ച ഖസ്രജി കുടുംബത്തില് പൊതു രംഗത്ത് അത്രയൊന്നും പ്രശസ്നനല്ലത്രെ...ഒരു കാര്യത്തില് സാക്ഷികളെ സ്വീകരിക്കുന്നത് പൊതു രെഗത്തെ പ്രശ്സ്തി നോക്കിയാണോ. പൊതു രംഗത്ത് അധികാരം പ്രശസ്തിയുമുള്ള വരൊക്കെ സത്യസന്ധരായിരിക്കണമെന്നുണ്ടോ. ഒരാളില് നിന്ന് ഒരു ഹദീസോ മറ്റ് രേഖകളോ സ്വീകരിച്ചിരുന്നത് പൊതു രംഗത്തെ പ്രസക്തി നോക്കിയിട്ടോ അതോ ആളുടെ വിശ്വാസത നോക്കിയിട്ടോ. ഇവിടെ കാന്തപുരം ഇത് ഖസ്രജി കുടുംബാംഗമാണ് അയച്ചതെന്ന് സമ്മതിച്ച സ്തിതിക്ക് രണ്ടാലൊരു കാര്യം ചെയ്യണം 1. തെളിവുന്നയിച്ച ഖസ്രജി കുടുംബാംഗം വ്യാജനാണെന്ന് തെളിയിക്കണം 2. അദ്ദേഹമുന്നയിച്ച വിഷയങ്ങള്ക്ക് മറുപടി പറയണം.

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More