Sunday, May 29, 2011

ആത്മീയവാണിഭത്തിലെ തിരുമുടിക്കാഴ്ചകള്‍


http://www.prabodhanam.net/detail.php?cid=133&tp=1

കെ.ടി ഹുസൈന്‍
ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രധാന സവിശേഷത കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസമാണ്. ഇസ്‌ലാമിന്റെ ലാളിത്യവും ഗരിമയും മാത്രമല്ല, മാനസികവും ശാരീരികവും ചിന്താപരവുമായ എല്ലാതരം അടിമത്തങ്ങളില്‍നിന്നും മനുഷ്യന് മുക്തി നല്‍കുന്ന അതിന്റെ സാമൂഹികതയും വിമോചനപരതയുമെല്ലാം കുടികൊള്ളുന്നതും ഏകദൈവ സങ്കല്‍പത്തില്‍ തന്നെ. ഏതൊരു മതത്തിന്റെയും അടിസ്ഥാന സങ്കല്‍പത്തെ മൂര്‍ത്തമായി പ്രതീകവത്കരിക്കുന്നതായിരിക്കും അവയുടെ ആരാധനാ ക്രമം. ആ നിലക്ക് ഇസ്‌ലാമിലെ അതിപ്രധാന ആരാധനയായ നമസ്‌കാരവും അതിന്റെ പ്രധാന ഇടമായ പള്ളിയുമെല്ലാം കലര്‍പ്പില്ലാത്ത ഏകദൈവവിശ്വാസത്തിന്റെ പ്രകാശന വേദികളാണ്. ലോകത്തെവിടെയും മുസ്‌ലിം പള്ളികളില്‍, ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും കാണപ്പെടുന്നതു പോലെ ഒന്നിന്റെയും പ്രതിഷ്ഠകളില്ലാത്തത് അതുകൊണ്ടാണ്. രൂപരഹിതനും സര്‍വശക്തനും സര്‍വവ്യാപിയുമായ ഏകദൈവത്തെ മാത്രം ആരാധിക്കുന്നതിനുള്ള കേന്ദ്രമായ പള്ളികളില്‍ പ്രതിഷ്ഠകള്‍ പാടില്ലെന്നത് അതിനാല്‍ തന്നെ ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ഈ നിലപാടിനെയാണ് 'തിരുകേശത്തിനൊരുത്തമ കേന്ദ്രം' എന്ന നിലയില്‍ മലബാറിലെവിടെയോ നിര്‍മിക്കാന്‍ പോകുന്ന ശഅ്‌റെ മുബാറക് മസ്ജിദ് വെല്ലുവിളിച്ചിരിക്കുന്നത്.
അതിനാല്‍ 'മുടിപ്പള്ളി'യുടെ പ്രമോട്ടറായ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ കൈവശമുള്ള തിരുകേശത്തില്‍ തിരുകോശം ഉണ്ടായാലും ഇല്ലെങ്കിലും ഗൗരവമായ പരിശോധനയും വിശകലനവും അര്‍ഹിക്കുന്ന ഗുരുതരമായ ചില മത സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇതിനകം വിവാദമായിത്തീര്‍ന്ന നിര്‍ദിഷ്ട പള്ളിനിര്‍മാണം ഉയര്‍ത്തുന്നുണ്ട്. കാന്തപുരം വിരുദ്ധരായ സമസ്ത നേതാക്കളും പണ്ഡിതന്മാരും ഉയര്‍ത്തിയ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഖസ്‌റജി സ്‌പോണ്‍സര്‍ ചെയ്ത മുടി പ്രവാചകന്റേത് തന്നെയാണെന്ന് സംശയരഹിതമായി തെളിയിക്കാന്‍ കാന്തപുരത്തിനും തല്‍പരകക്ഷികള്‍ക്കും സാധിച്ചാല്‍ പോലും മുടിയുടെ പേരിലുള്ള പള്ളിനിര്‍മാണത്തെ ലാഘവത്തോടെ അനുവദിച്ചുകൊടുക്കാന്‍ കഴിയാത്തവിധമുള്ള സാമൂഹിക രാഷ്ട്രീയ മത പ്രശ്‌നങ്ങളാണ് അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്.
അതിലേറ്റവും പ്രധാനപ്പെട്ടത് തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ തിരുകേശം സൂക്ഷിക്കാന്‍ വേണ്ടി പള്ളി എന്നത് ഇസ്‌ലാമില്‍ പള്ളിനിര്‍മാണത്തിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്ന നടപടിയാണെന്നതാണ്. യാതൊരു വിധ പ്രതീകത്തിന്റെയോ പ്രതിഷ്ഠകളുടെയോ സഹായം കൂടാതെ അല്ലാഹുവിനെ ആരാധിക്കുക എന്നത് മാത്രമായിരിക്കണം പള്ളിനിര്‍മാണത്തിന്റെ ഒരേയൊരു ലക്ഷ്യം. ഭക്തിയുടെ പേരില്‍ പടുത്തയര്‍ത്തപ്പെട്ട പള്ളി എന്ന ഖുര്‍ആനിക പ്രസ്താവന പള്ളിനിര്‍മാണത്തിന്റെ ഈയൊരു ലക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇക്കാലം വരെ ലോകത്ത് എല്ലായിടത്തും ഈ ഒരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് പള്ളി നിര്‍മിക്കപ്പെട്ടിട്ടുള്ളതും. എന്നാല്‍, പ്രവാചകന്റെ മുടി സൂക്ഷിക്കാനുള്ള ശഅ്‌റെ മുബാറക് മസ്ജിദ് ലക്ഷ്യം വെക്കുന്നത് നമസ്‌കാരം ആഗ്രഹിക്കുന്ന ഭക്തജനങ്ങളെയല്ല. മറിച്ച്, പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ തിരുകേശം ദര്‍ശിക്കാനും കേശമിട്ട വെള്ളം പാനം ചെയ്ത് ആഗ്രഹ സഫലീകരണം നേടാനും കൊതിക്കുന്ന തീര്‍ഥാടകരായ ഭക്തജനങ്ങളെയാണ്. ഈ ഭക്തി പ്രകടനം വളരെ പെട്ടെന്നുതന്നെ തിരുകേശ പൂജയിലേക്ക് വഴിമാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കേശവാഹകര്‍ ആത്യന്തികമായി ലക്ഷ്യമാക്കുന്നതും അതുതന്നെയാണെന്ന് ഉറപ്പിക്കാവുന്ന സാഹചര്യത്തെളിവുകളും ധാരാളം. കേരളത്തില്‍ മാത്രമല്ല, കേരളത്തിനു വെളിയിലും ജീര്‍ണമായി കിടക്കുന്ന പല മഖ്ബറകളും കണ്ടെത്തി പുനരുദ്ധരിക്കുകയും അവിടം ഭക്തിവ്യവസായ കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആത്മീയ വാണിഭക്കാരാണ് ശഅ്‌റെ മുബാറക് മസ്ജിദിന്റെ പ്രായോജകര്‍ എന്നത് തന്നെ ഇക്കാര്യം ഉറപ്പിക്കാന്‍ മതിയായ തെളിവാണ്.
പ്രവാചകന്റെ ഭൗതിക ശരീരം അടക്കം ചെയ്ത മദീനയിലെ റൗദാ ശരീഫ് 'നവീന വാദികളുടെ' നിയന്ത്രണത്തിലായതിനാല്‍ അവിടെ നടക്കാതെ പോയ ഭക്തി വ്യവസായവും പുണ്യവാള പൂജയും എവിടെ നിന്നോ ഒപ്പിച്ചെടുത്ത ഒരു മുടി നാരിഴയുടെ ബലത്തില്‍ കേരളത്തില്‍ പൊടി പൊടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ശഅ്‌റെ മുബാറക് പള്ളിനിര്‍മാണം എന്നതാണ് ഇതിലടങ്ങിയ ഏറ്റവും അപകടകരമായ വശം. അതുകൊണ്ടു തന്നെ ശഅ്‌റെ മുബാറക് കേവലം ഒരു പള്ളിനിര്‍മാണത്തിന്റെയോ തിരുകേശം കൊണ്ട് പുണ്യം നേടുന്നതിന്റെയോ പ്രശ്‌നമല്ല. മറിച്ച്, ദുര്‍ഗ്രാഹ്യതയോ നിഗൂഢതയോ ഇല്ലാത്ത, ശുദ്ധവും ലളിതവുമായ ഇസ്‌ലാമിന്റെ ആത്മീയതയെ വിപണികേന്ദ്രീകൃതവും നിഗൂഢവുമായ ആത്മീയത കൊണ്ട് പകരം വെക്കാനുള്ള വിപുലവും വിശാലവുമായ ഒരാത്മീയ പ്രോജക്ടിന്റെ ചൂരടിയാണ് ശഅ്‌റെ മുബാറകില്‍നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തെളിച്ചു പറഞ്ഞാല്‍, ഒരു സത്യസായി ബാബക്കോ അമൃതാനന്ദ മയിക്കോ ഇടം അനുവദിക്കാത്ത ഇസ്‌ലാമിന്റെ ആത്മീയ പരികല്‍പനയെ അപനിര്‍മിച്ചുകൊണ്ട് ഈ പള്ളി നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന മതപുരോഹിതനെ കേന്ദ്രമാക്കി കേരളത്തില്‍ ഒരു ആള്‍ദൈവവ്യവസായം പടുത്തുയര്‍ത്തുകയാണ് യഥാര്‍ഥത്തില്‍ ശഅ്‌റെ മുബാറക് ലക്ഷ്യമിടുന്നത്. ഇതിന് മണ്ണും മനസ്സും മസ്തിഷ്‌കവും പാകപ്പെടുത്തുന്ന തരത്തിലുള്ള ജ്ഞാനനിര്‍മിതിയും കുറെക്കാലങ്ങളായി പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നടന്നുകൊണ്ടിരിക്കുന്നുണ്ട്.
വിശുദ്ധദിനം, പുണ്യജലം, പുണ്യഭൂമി എന്നിവയെക്കുറിച്ചെല്ലാം എ.പി വിഭാഗം ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സങ്കല്‍പങ്ങള്‍ തിരുകേശം അടിസ്ഥാനമാക്കിയുള്ള ആള്‍ദൈവ വ്യവസായത്തിന് നിലമൊരുക്കുന്നതിനുള്ള ജ്ഞാന നിര്‍മിതികളായിരുന്നുവെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ഇസ്‌ലാമിന്റെ കാഴ്ചപാടനുസരിച്ച് ഏറ്റവും വിശുദ്ധമായ ദിനം ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ലൈലത്തുല്‍ ഖദ്ര്‍ എന്ന രാവാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മാനവരാശിക്ക് സന്മാര്‍ഗദര്‍ശനവും വിമോചന മന്ത്രവുമായ പരിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് നാന്ദി കുറിക്കപ്പെട്ട ദിനം എന്നതാണ് ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യത്തിന് നിദാനം. എന്നാല്‍ മുടിപ്പള്ളിയുടെ പ്രായോജകര്‍ ഇപ്പോള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇസ്‌ലാമിലെ ഏറ്റവും പുണ്യമുള്ള ദിനം ലൈലത്തുല്‍ ഖദ്‌റല്ല, മറിച്ച് പ്രവാചകന്‍ പിറന്നു വീണ റബീഉല്‍ അവ്വല്‍ പന്ത്രണ്ടാണെന്നാണ്. ഇസ്‌ലാമില്‍ വിശുദ്ധഭൂമി എന്ന വല്ല സങ്കല്‍പവുമുണ്ടെങ്കില്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അത് രണ്ട് ഹറമുകളും ബൈത്തുല്‍ മഖ്ദിസും സ്ഥിതി ചെയ്യുന്ന ഭൂമിയാണ്. എന്നാല്‍ കേശ വിപണിയുടെ മൊത്ത കച്ചവടക്കാര്‍ ഈയിടെ പറയാന്‍ തുടങ്ങിയിരിക്കുന്നത് പുണ്യഭൂമി പ്രവാചകന്റെ ഭൗതിക ശരീരം അടക്കം ചെയ്ത ഭൂമിയിലെ മണ്ണാണെന്നാണ്. സംസം വെള്ളത്തേക്കാള്‍ പുണ്യം പ്രവാചകന്റെ കേശമിട്ട വെള്ളമാണെന്നതാണ് മറ്റൊരു അപനിര്‍മാണം. പ്രവാചകനെ അടിസ്ഥാനമാക്കിയുള്ള ഈ അപനിര്‍മാണങ്ങളെല്ലാം ലക്ഷ്യം വെക്കുന്നത് വ്യാജം എന്ന് ഇതിനകം തന്നെ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞ തിരുമുടി കെട്ടിനെ വില്‍പനച്ചരക്കാക്കുന്ന ഒരാത്മീയ വ്യവസായ കേന്ദ്രം കെട്ടിപൊക്കുന്നതിനുള്ള ജ്ഞാനപരിസരം ഒരുക്കലാണ്. ഇത്തരം ജ്ഞാന നിര്‍മിതികള്‍ക്കെല്ലാം മകുടം ചാര്‍ത്തുംവിധം കേശത്തിന്റെ സൂക്ഷിപ്പുകാരനായ ഉസ്താദ് സ്വപ്നത്തിലൂടെ നിരന്തരം പ്രവാചകനുമായി ബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുന്നുവെന്ന പ്രചാരണവും തിരുകേശത്തിന്റെ മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവുകളായ ശിഷ്യന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സ്വപ്നത്തിലൂടെയുള്ള പ്രവാചകന്റെ നിര്‍ദേശ പ്രകാരമാണത്രെ കേശ ദാതാവായ അഹ്മദ് ഖസ്‌റജി തന്റെ കൈവശമുള്ള തിരുമുടിക്കെട്ടുകള്‍ കാന്തപുരത്തിന് കൈമാറിയത്. കോഴിക്കോട് ജില്ലയില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു മഖ്ബറ വ്യവസായകേന്ദ്രം  ഈയിടെ താജുല്‍ ഉലമയെയും ഖമറുല്‍ ഉലമയെയും ആത്മീയതയുടെ പൊന്നാട അണിയിച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കുക. ഖമറുല്‍ ഉലമ എ.പി ഉസ്താദിനെ പ്രധാന ദിവ്യനാക്കി അണിയറയില്‍ സജ്ജമായിക്കൊണ്ടിരിക്കുന്ന ഒരാള്‍ദൈവവ്യവസായത്തിന്റെ എല്ലാ ചേരുവകളും ഈ പ്രചാരണത്തില്‍ മണക്കുന്നുണ്ട്.
പൊതുസമൂഹത്തെ സംബന്ധിച്ചേടത്തോളം തിരുമുടിപ്പള്ളി തീര്‍ഥാടന കേന്ദ്രമാകുന്നതിലോ അതിന്റെ സൂക്ഷിപ്പുകാരനായ മതപുരോഹിതന്‍ ആള്‍ ദൈവമാകുന്നതിലോ പ്രത്യേകിച്ച് വിരോധമൊന്നും ഉണ്ടാവുകയില്ല; സന്തോഷമേ ഉണ്ടാകൂ. ഇസ്‌ലാമിനെ തദ്ദേശീയമായി പുനര്‍നിര്‍മിക്കാനുള്ള നടപടി എന്ന് ചില ബുദ്ധിജീവികള്‍ അതിന് സൈദ്ധാന്തിക ഭാഷ്യം നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ല. സവര്‍ണ ഹിന്ദുത്വ കാഴ്ചപ്പാടിന് അധീശത്വമുള്ള നമ്മുടെ സെക്യുലര്‍ പൊതുമണ്ഡലത്തിന് ഇപ്പോഴും ദഹിക്കാത്ത ഒന്നാണ് ഇസ്‌ലാമിന്റെ സാര്‍വദേശീയ സ്വഭാവം. ഇസ്‌ലാമിനെ ഭാരതവത്കരിക്കണമെന്ന് ഇടക്കിടെ കേട്ടുകൊണ്ടിരിക്കുന്ന മുറവിളി ഈ ദഹിക്കായ്മയുടെ പുളിച്ച് തികട്ടലാണ്.  ഹിന്ദുമതത്തിന്റെ പല ചേരുവകളും ചേര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ വികസിപ്പിച്ച ദീനെ ഇലാഹി എന്ന പുതിയ മതം അഹ്മദ് സര്‍ഹിന്ദിയെപ്പോലുള്ള മതപരിഷ്‌കര്‍ത്താക്കളുടെ ധീരമായ ചെറുത്ത് നില്‍പുകാരണം ഗര്‍ഭത്തിലേ അലസിപ്പോയെങ്കിലും ഇസ്‌ലാമിനെ തദ്ദേശീയമാക്കാനുള്ള ശ്രമം എന്ന നിലയില്‍ ഇപ്പോഴും നമ്മുടെ സെക്യുലര്‍ ചരിത്രത്തില്‍ വാഴ്ത്തപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അതിനാല്‍ ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും ആഗ്രഹ സഫലീകരണത്തിന് ആശ്രയിക്കാവുന്ന ഒരു തീര്‍ഥാടന കേന്ദ്രമായി ഭാവിയില്‍ ഈ മുടിപ്പള്ളി മാറുമ്പോള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവല്‍പ്പുരയായി പോലും ശഅ്‌റെ മുബാറക് മസ്ജിദ് വാഴ്ത്തപ്പെട്ടുകൂടായ്കയില്ല! പക്ഷേ, അതിന് കൊടുക്കേണ്ടിവരുന്ന വില കാലാതിവര്‍ത്തിയും ദേശാതിവര്‍ത്തിയുമായ ഇസ്‌ലാമിന്റെ കലര്‍പില്ലാത്ത ആദര്‍ശവും ആചാരങ്ങളും ചിഹ്നങ്ങളുമായിരിക്കുമെന്നതാണ് യഥാര്‍ഥ മതബോധമുള്ളവരെയും പ്രവാചക സ്‌നേഹികളെയും അലോസരപ്പെടുത്തുന്നത്.
തിരുശേഷിപ്പുകളുടെ പുണ്യം പ്രാമാണിക ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണെന്നും ലോകത്ത് പല പള്ളികളിലും അവ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് വിമര്‍ശകരുടെ നാവടക്കാനായി മുടി പ്പള്ളിയുടെ വക്താക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, പ്രവാചകന്റെ അപൂര്‍വം ചില സ്വഹാബികള്‍ തിരുേശഷിപ്പുകള്‍ കൈവശം വെച്ചുവെന്നല്ലാതെ അവരാരും പുണ്യം വിതരണം ചെയ്യാനുള്ള ഉപാധിയായി അതിനെ ഉപയോഗപ്പെടുത്തിയതിന് തെളിവുകളൊന്നുമില്ല. മക്കയിലെ മസ്ജിദുല്‍ ഹറാമിലോ മദീനയിലെ മസ്ജിദുന്നബവിയിലോ ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വായിലോ ഏതെങ്കിലും കാലത്ത് തിരുശേഷിപ്പുകള്‍ പ്രദര്‍ശനത്തിന് വെച്ചതിനും ചരിത്ര രേഖകളില്ല. തിരുശേഷിപ്പുകള്‍ പുണ്യം നേടാനുള്ള ഉപാധിയായിരുന്നുവെങ്കില്‍ അവ ഏത് നിലക്കും സൂക്ഷിക്കപ്പെടാന്‍ ഏറ്റവും യോഗ്യമായത് മുസ്‌ലിം ലോകം തീര്‍ഥാടന കേന്ദ്രമായി കരുതുന്ന ഈ മൂന്ന് പള്ളികളിലായിരുന്നുവല്ലോ. ചരിത്ര സ്മാരകം എന്ന നിലക്കുള്ള പ്രാധാന്യം തീര്‍ച്ചയായും തിരുശേഷിപ്പുകള്‍ക്കുണ്ട്. പുരാവസ്തു സംരക്ഷണത്തിന്റെ ഭാഗമായി മുസ്‌ലിം ലോകത്തെ ചില പള്ളികളിലും മ്യൂസിയങ്ങളിലും അവ സൂക്ഷിക്കപ്പെട്ടിട്ടുമുണ്ട് എന്നതിനെയും നമുക്ക് നിഷേധിക്കേണ്ടതില്ല. എന്നാല്‍, അവയൊന്നും ശഅ്‌റെ മുബാറക് മസ്ജിദിന്റെ പ്രമോട്ടര്‍മാര്‍ ലക്ഷ്യമിടുന്ന തരത്തിലുള്ള തീര്‍ഥാടന കേന്ദ്രങ്ങളോ പുണ്യ വില്‍പന ശാലകളോ അല്ല. ഇന്ത്യയില്‍ തന്നെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ദല്‍ഹിയിലെ ജുമാ മസ്ജിദോ കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദോ തിരുശേഷിപ്പുകള്‍ സൂക്ഷിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട പള്ളികളല്ല. പള്ളി നിര്‍മിക്കപ്പെടുന്നതിന് എത്രയോ കാലങ്ങള്‍ക്കു ശേഷം ആരിലൂടെയോ കൈമാറി കിട്ടിയ 'തിരുശേഷിപ്പുകള്‍' അവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് മാത്രം.
തങ്ങളുടെ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട ഏതൊരു ചരിത്ര സ്മാരകവും മുസ്‌ലിംകളെ വൈകാരികമായി സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തിരുശേഷിപ്പുകളുടെ വൈകാരിക സ്വാധീനം മറ്റേതൊരു ചരിത്ര സ്മാരകത്തേക്കാളും കൂടുതലായിരിക്കുമെന്നതിലും തര്‍ക്കമില്ല. ഈ വൈകാരിക സ്വാധീനം സ്വന്തം നിലക്ക് മോശമോ വിമര്‍ശിക്കപ്പെടേണ്ടതോ അല്ല. ഈ വൈകാരിക സ്വാധീനം തന്നെയാണ് ചില പ്രവാചക ശിഷ്യന്മാരെ തിരുശേഷിപ്പുകള്‍ കൈവശം വെക്കാന്‍ പ്രേരിപ്പിച്ചതും. പ്രവാചകന്റെ ഏറ്റവും പ്രധാന തിരുശേഷിപ്പായ പ്രവാചക ചര്യയും അദ്ദേഹം ലോകത്ത് നടപ്പിലാക്കി മാതൃക കാട്ടിയ ജീവിത ക്രമവും സ്വന്തം ജീവിതത്തില്‍ മുറുകെ പിടിക്കാനും അതിനെ ലോകത്ത് സ്ഥാപിക്കാനും കൂടുതല്‍ ആവേശവും കര്‍മചൈതന്യവും പ്രവാചകന്റെ ഭൗതിക തിരുശേഷിപ്പുകളുടെ വൈകാരിക സ്വാധീനം ചില  പ്രവാചക ശിഷ്യന്മാരില്‍ ഉളവാക്കിയിരുന്നുവെന്നാണ് ഖാലിദിന്റെ പടതൊപ്പിയില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന പ്രവാചക കേശത്തില്‍ നിന്ന് നമുക്ക് വായിക്കാനാകുന്നത്. എന്നാല്‍, തിരുശേഷിപ്പുകളുടെ ഈ വൈകാരിക സ്വാധീനത്തെ ചൂഷണം ചെയ്ത് ആള്‍ദൈവ വ്യവസായ കേന്ദ്രം പടുത്തുയര്‍ത്തുന്നതും മുസ്‌ലിം ജനസാമാന്യത്തെ അരാഷ്ട്രീയവത്കരിക്കാന്‍ ഉതകുംവിധം അവരെ അന്ധവിശ്വാസത്തിന്റെ മായാകാഴ്ചകള്‍ക്കടിമപ്പെടുത്തുന്നതും പ്രവാചക സ്‌നേഹമല്ല; പ്രവാചക നിന്ദയാണ്.
കേരളത്തിലെ മുസ്‌ലിംകള്‍ ഇന്നൊരു വന്‍ പ്രതിസന്ധിയുടെ നടുവിലാണ്. മുസ്‌ലിം ബഹുജനങ്ങളല്ല ഒരിക്കലും ഈ പ്രതിസന്ധിക്കുത്തരവാദികള്‍. കാരണം ഇന്ന് ലോകത്തേറ്റവും ചടുലവും ചലനാത്മകവുമായ സമുദായമാണ് കേരളത്തിലെ മുസ്‌ലിംകള്‍. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും അവര്‍ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്നു. എം.ബി.ബി.എസ്, എഞ്ചിനീയറിംഗ് മത്സര പരീക്ഷകളില്‍ മുസ്‌ലിംകളുടെ, പ്രത്യേകിച്ചും അവരിലെ മഫ്ത കുത്തിയ പെണ്ണുങ്ങളുടെ തള്ളിക്കയറ്റം പലരെയും അത്ഭുതപ്പെടുത്തുകയും ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഉപഭോഗവസ്തുക്കളുടെ മാത്രമല്ല, പത്രപ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങളുടെയും പ്രധാന മാര്‍ക്കറ്റും ഇന്ന് മുസ്‌ലിംകളായി മാറിയിരിക്കുന്നു. കല, സാഹിത്യം, സിനിമ, സംസ്‌കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് മുസ്‌ലിം പുതുതലമുറയുടെ സജീവ സാന്നിധ്യമുണ്ട്. ബൗദ്ധികവും ധൈഷണികവുമായ മണ്ഡലങ്ങളിലെ പല നടപ്പ് ശീലങ്ങളെയും വാര്‍പ്പ് മാതൃകകളെയും യാതൊരപകര്‍ഷതയും കൂടാതെ ചോദ്യം ചെയ്യാനും അവര്‍ ധൈര്യപ്പെടുന്നു. ഈ പ്രബുദ്ധത മറ്റെന്തിനേക്കാളും കടപ്പെട്ടിരിക്കുന്നത് മരുഭൂമിയില്‍ ആടുജീവിതം നയിച്ചുകൊണ്ടാണെങ്കിലും കേരളത്തിലേക്ക് പ്രവഹിക്കുന്ന ഗള്‍ഫ് പണത്തോടാണെന്നതും വസ്തുതയാണ്. ചുരുക്കത്തില്‍ കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്താന്‍ മാത്രമല്ല, പല ഏങ്കോണിപ്പുകളുമുള്ള കേരളത്തിന്റെ പൊതു മണ്ഡലത്തെ തന്നെ പുനര്‍നിര്‍മിക്കാന്‍ വരെ കരുത്തും ശേഷിയുമുള്ള പുതു മുസ്‌ലിം തലമുറയാണ് ഇന്നിന്റെ ഗര്‍ഭാശയത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അവര്‍ അര്‍ഹിക്കുന്ന ഒരു നേതൃത്വം ഇല്ല എന്നതിലാണ് മുകളില്‍ സൂചിപ്പിച്ച പ്രതിസന്ധിയുടെ വേരുകള്‍ കിടക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും ജീര്‍ണമായ ഒരു രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് കേരള മുസ്‌ലിംകള്‍ക്ക് വിധിച്ചിട്ടുള്ളത്. ആരോപണങ്ങളും കളങ്കങ്ങളും ജനസമ്മതി കൂട്ടി എന്ന് അഹങ്കരിച്ചുകൊണ്ട് ആ നേതൃത്വം മുസ്‌ലിം പ്രബുദ്ധതയെ നോക്കി പല്ലിളിക്കുകയാണ്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ സൃഷ്ടിയായ മുസ്‌ലിം രാഷ്ട്രീയത്തെ എന്നും തന്റെ ചൊല്‍പടിയില്‍ നിര്‍ത്തുന്നതിന് ഒരു രാഷ്ട്രീയ വിരുതന്‍ കൃത്രിമമായി രൂപപ്പെടുത്തിയെടുത്ത ആത്മീയ കുടുംബത്തിന്റെ തണല്‍ ലഭിക്കുന്നതു കൊണ്ടാണ്, ആ നേതൃത്വത്തിന് മുസ്‌ലിം പ്രബുദ്ധതയെയും മുസ്‌ലിം ബഹുജനങ്ങളുടെ സഹജമായ ധാര്‍മിക ബോധത്തെയും ഇത്രമാത്രം പരിഹാസ്യമാക്കി മാറ്റാന്‍ കഴിയുന്നത്. ജീര്‍ണമായ ഈ രാഷ്ട്രീയ നേതൃത്വത്തോട് തഞ്ചവും തരവും നോക്കി സംഘര്‍ഷപ്പെട്ടും സമവായത്തിലെത്തിയും സമാന്തരമായി മറ്റൊരാത്മീയ കേന്ദ്രം പടുത്തുയര്‍ത്താനുള്ള കാന്തപുരത്തിന്റെ പടപ്പുറപ്പാട് നടേ പറഞ്ഞ മുസ്‌ലിം പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുകയേയുള്ളൂ. മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തെ പോലെ തന്നെ ഈ നവ ആത്മീയ നേതൃത്വത്തിന്റെയും ശക്തി ധാര്‍മിക ജീവിതത്തെ കളങ്കിതമാക്കിയ നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളുമാണെന്ന് വരുമ്പോള്‍ നാം ചിരിക്കുകയാണോ വേണ്ടത് അതോ കരയുകയോ?


0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More