വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുമെന്ന് പൊതുവേ പറയാറുള്ളത് കേരള കോണ്ഗ്രസ്സിനെ കുറിച്ചാണ്. എന്നാലിപ്പോള്‍ ആ വിശേഷണം തങ്ങളുടെ കൈയ്യിലുള്ള വ്യാജകേശത്തിനു കൂടി വകവെച്ചു തരണമെന്ന വാശിയിലാണ് കാന്തപുരം വിഭാഗം. 'എന്നെ കുറിച്ച് കളവു പറഞ്ഞവര്‍ നരകത്തില്‍ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടേ'യെന്ന് പ്രഖ്യാപിച്ച ലോക മുസ്ലിംകളുടെ എല്ലാമെല്ലാമായ പ്രവാചക തിരുമേനിയെ കുറിച്ച് കള്ളം പ്രചരിപ്പിച്ചവര്‍ ആ കളവിനെ സത്യമാക്കാന്‍ കളവുകളുടെ ഘോഷയാത്രയുമായി രംഗത്തിറങ്ങിയതാണ് പുതിയ വിശേഷം. തിരുമുടിയാട്ടത്തിന്റെ രണ്ടാം ഖണ്ഡം പുറത്തു വന്നതോടെ മാളത്തിലൊളിച്ച മുടിയാട്ടക്കാര്‍ പറഞ്ഞു നില്‍ക്കാന്‍ ഒരു വ്യാജ ഹദീസ് കൂടി ലഭിക്കാതെ വന്നപ്പോഴാണ് പുതിയ കളവുകളില്‍ അഭയം തേടിയത്. മറുപടിയെന്ന പേരില്‍ സിറാജില്‍ ലേഖന പരമ്പര വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. അതാകട്ടെ ഡോ. ബഹാവുദ്ധീനു നേരെയുള്ള കടന്നാക്രമണത്തില്‍ ഒതുക്കുവാന്‍ ലേഖകന്‍ വൈദഗ്ധ്യം കാണിച്ചുവെന്നതൊഴിച്ചാല്‍ ശൂന്യമായിരുന്നു ഫലം. ഈയുള്ളവന്റെ ആദ്യപോസ്റ്റിനെ ചെറുതായൊന്നു പോസ്റ്റുമോര്‍ട്ടം ചെയ്തെങ്കിലും രണ്ടാമത്തെ പോസ്റ്റ് അദ്ദേഹം കണ്ടതേയില്ല!
വ്യാജ കേശത്തിന്റെ നീളവും എണ്ണവും ചൂണ്ടിക്കാട്ടി, പ്രവാചകന് ഇത്രയും മുടിയുണ്ടെന്നു തെളിയിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പുറത്തു വന്ന പോസ്റ്റില്‍ ഒരു ബ്ലോഗര്‍ ആദ്യമിട്ട കമന്റ് ഇപ്രകാരമായിരുന്നു. 'തികച്ചും തമാശയായി എന്റെ അഭിപ്രായത്തെ കാണുക. മുടി പ്രവാചകന്റെയാണെങ്കിൽ അതിന് ദിവ്യത്വം ഉണ്ടാകുമല്ലൊ ആ രീതിയിൽ കുറ്റിമുടി വളർന്നാലും അത്ഭുതപ്പെടാനുണ്ടൊ..? ദിവ്യത്വമുള്ള മുടി മുറിച്ചുകളഞ്ഞാലും വളരും..!' ഈ കമന്റു പബ്ലിഷ് ചെയ്തു മൂന്നാം നാള്‍ വരെ എന്നെ കൊണ്ട് വിഷയം മാറ്റിക്കാന്‍ മാത്രമായിരുന്നു എതിര്‍വിഭാഗത്തിന്റെ ശ്രമം. അതിനിടയില്‍ ഉസ്താദുമാരായ ഉസ്താദുമാരെയെല്ലാം സമീപിച്ചിട്ടും കിത്താബായ കിത്താബുകളൊക്കെ പരതിയിട്ടും പ്രവാചകന് പെണ്കുട്ടികളുടെത് പോലെ നീളമുള്ള മുടിയുണ്ടായിരുന്നുവെന്ന ഹദീസ് മാത്രം പഴയ 'അനിക്സ്പ്രേ' പരസ്യം പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് ബോധ്യമായതോടെ കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച യൂസുഫ് അല്‍ നബ്ബാനിയെ സര്‍വാംഗീകൃത പണ്ഡിതനായി രംഗത്തിറക്കിയിരിക്കുകയാണിക്കൂട്ടര്‍! പ്രസ്തുത ബ്ലോഗര്‍ പറഞ്ഞ തമാശ കാര്യമായി പുലര്ന്നുവെന്നര്‍ഥം !
ഖസ്രജിയുടെ കൈവശമുള്ള മുടി സ്വയം വളര്‍ന്നു വികസിച്ചു ചാടിക്കളിക്കാന്‍ തുടങ്ങിയ കാര്യം മാലോകരോട് 'വെളിപ്പെടുത്താന്‍' എന്‍റെ പുതിയ പോസ്റ്റ് പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടിവന്നു എന്നത് നമുക്ക് മറക്കാം. ഒരുകാര്യം എനിക്കുറപ്പുണ്ട്. ഈ നീണ്ട മുടി വിവാദമാകുന്നത് കാന്തപുരം മുമ്പേ ഓര്‍ത്തിരുന്നെങ്കില്‍ നല്ലൊരു ബാര്‍ബറെ ഖസ്രജിക്ക് അദ്ദേഹം ഏര്‍പ്പാടാക്കി കൊടുക്കുമായിരുന്നു. ഇപ്പോള്‍ ഈ 'അവകാശവാദ'ത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരു സഖാഫിയും മുന്നോട്ടു വന്നിട്ടില്ല എന്നത് ഇതൊരു 'പരീക്ഷണവാദമാണ്' എന്നതിന്റെ തെളിവായി വേണം കാണാന്‍. ഏതെങ്കിലും ബ്ലോഗില്‍ കാന്തപുരം എന്ന് കേള്‍ക്കുമ്പോഴേക്കും സര്‍വം ഏറ്റെടുത്ത് വെല്ലുവിളികളുമായി രംഗത്തിറങ്ങാറുള്ളവര്‍ വരെ ഈ പ്രസ്താവനകളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയ്യാറല്ല എന്നതാണ് കൌതുകകരം. എന്നാല്‍, ഇവര്‍ക്കും ഇങ്ങനെ ഒരു മറുപടി മുഖേന വ്യാജകേശം തിരുകേശമാക്കാന്‍ കഴിയുമോ എന്നറിയണം! ഹദീസ് തെളിവ് ചോദിക്കുമ്പോള്‍ അതിനു പകരം അടുത്ത കാലത്ത് ജീവിച്ച സാക്ഷാല്‍ കാന്തപുരത്തെ പോലുള്ള ഒരു വ്യക്തിയെ തെളിവായി ഉദ്ദരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാല്ലാതെ മറ്റെന്താണ്? മുടി വളര്‍ന്നു പന്തലിക്കുമെന്നത് വിമര്‍ശകര്‍ക്കെന്ന പോലെ മുടിയനുകൂലികള്‍ക്കും പുതിയ അറിവായിരുന്നു. അതുവരെ അവരുടെ ന്യായീകരണം, പ്രവാചകന്‍ പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് ഇങ്ങനെ മുടി നീട്ടി വളര്‍ത്തിയിരിക്കാം എന്നതായിരുന്നുവെന്നത് തമാശയായി പറയുന്നതല്ല. കാന്തപുരത്തിന് ലഭിച്ച വ്യാജകേശത്തെ എങ്ങിനെയെങ്കിലും തിരുകേശമാക്കണം എന്ന വാശിയില്‍ നിന്നും വരുന്ന ന്യായീകരണങ്ങളായി മാത്രം നമുക്കിത് കാണാം. എന്നാല്‍ കേശം സ്വയം വളരുമെന്നും ഒരു മുടി പലതായി മാറുമെന്നും സ്വയം ചലിക്കുമെന്നുമൊക്കെ വാദിച്ച് മുടിയുടെ നീളത്തെ ന്യായീകരിക്കേണ്ടി വരുന്നത് എത്രമാത്രം അപഹാസ്യകരമാണ്! ഇദ്ദേഹത്തിന്റെ വാദം വെച്ച് എനിക്കും പറയാം, എന്‍റെ കയ്യില്‍ തിരുകേശം എത്തിയെന്ന്. അത് പെറ്റു പെരുകി തിരുമുടിക്കെട്ട് തന്നെയായിമാറിയെന്ന്! അബുദാബിയില്‍ നിന്നും ഖത്തറിലേക്ക് പറന്നെത്താന്‍ തിരുമുടിക്ക് കഴിയില്ലെന്ന് ആര്‍ക്കു തെളിയിക്കാന്‍ പറ്റും! തങ്ങള്‍ പറയുന്നതെന്തും തക്ബീര്‍ മുഴക്കി അംഗീകരിക്കുന്ന കുറച്ചാളുകളെ കണ്ടു എന്ത് വിഡ്ഢിത്തവും പറയാമെന്നാണോ? ഒരുകാര്യം സംഭവിച്ചേക്കാം. ഇനി കാന്തപുരത്തിന്റെ കയ്യിലെ ഒരു മുടിയിഴ വളര്‍ന്നു വികസിക്കും. പടര്‍ന്നു പന്തലിക്കും. മുടിപ്പള്ളികള്‍ ഇന്ത്യ മുഴുവന്‍ വ്യാപിക്കുകയും ചെയ്യും. വീണത് വിദ്യയാക്കാന്‍ ഉസ്താദിനെ ആരും പഠിപ്പിക്കേണ്ടല്ലോ!
ഇടയ്ക്ക് വെച്ച് ഒരു കാന്തപുരം അനുയായി എന്നേയും വായനക്കാരെയും മുന്നറിയിപ്പ് തന്നു 'മുള്‍മുനയില്‍' നിര്‍ത്തിയത് മറക്കാനാവില്ല. 'ഈ കഥയറിയാതെ ആട്ടം ആടിയവരും അത് കണ്ട് ആടിയവരും അല്പം കാത്തിരിക്കുക. ഈ വ്യാജ പ്രചരണത്തിന്റെ യാഥാർത്ഥ്യം അടുത്ത ദിവസം അറിയുമ്പോൾ ഈ ബ്ലോഗ് പോസ്റ്റ് നീക്കം ചെയ്യാൻ തയ്യാറാവുക. ആശംസകൾ അർപ്പിച്ച് കൂടെയാടിയവരോടും കൂടിയാണീ അറിയിപ്പ് ' ഇത് കേട്ടാല്‍ എങ്ങിനെ ഞെട്ടാതിരിക്കും. ഒരാഴ്ചയോളം ഞെട്ടിവിറച്ചു കഴിഞ്ഞ് കൂടിയത് മിച്ചം. ചില ആധികാരികതകള്‍ ഉറപ്പു വരുത്തുകയാണെന്ന് ഇടയ്ക്ക് അറിയിപ്പ് തന്നുവെന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. തല്‍ക്കാലം സമയക്കുറവു മൂലം മറുപടി തരുന്നില്ലത്രേ! ശ്രദ്ധേയന് അപരനെ വരെ ഉണ്ടാക്കി ഇതിനിടയില്‍ ചിലര്‍. പഠിച്ചതും പഠിക്കാത്തതുമായ സര്‍വ അടവുകളും പയറ്റിയിട്ടും മുടിയുടെ നീളം തെളിയിക്കാനോ പോസ്റ്റിന്റെ 'വ്യാജം' തെളിയിക്കാനോ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞില്ല. ഞാന്‍ സമസ്ത മെമ്പര്‍ പോലുമല്ല എന്ന് പോലും പറയേണ്ടി വന്നവര്‍ പറയാതെ പറഞ്ഞത് 'എനിക്കും ഈ മുടി തിരുകേശമാണെന്ന് ഉറപ്പില്ല' എന്നുതന്നെയാണ്.
പുതിയൊരു മറുപടി ഈ വിഷയത്തില്‍ ലഭിച്ചത് രസകരമാണ്. പരീക്ഷണ നിരീക്ഷണങ്ങള്‍ ഒരുപാട് നടത്തിയാണത്രേ ഇവര്‍ മുടിയുടെ ആധികാരികത ഉറപ്പു വരുത്തിയത്. കത്തിച്ചിട്ടും കത്താതെ ദിക്‌റ് ഹല്ഖകളില്‍ തെന്നി നീങ്ങിയത്രേ പ്രസ്തുത മുടി! കാന്തപുരത്തിന്റെ കൈയ്യിലെ ത്രിമുടിയിഴകളില്‍ ഈ പരീക്ഷണം ആവര്‍ത്തിക്കില്ലെന്ന് നമുക്കുറപ്പിക്കാം. പുതിയൊരു സ്വപ്നവും വ്യഖ്യാനവുമൊക്കെയായി പുതിയ മുടി സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടിന് ഇനിയേതായാലും അദ്ദേഹം നില്‍ക്കുമെന്ന് തോന്നുന്നില്ല.
കളവുകള്‍ പറഞ്ഞിറക്കുമ്പോഴും തെളിവുകള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. തിരുകേശത്തിനു നിഴലുണ്ടാവില്ലെന്ന ഇവരുടെ തന്നെ അവകാശവാദത്തെ തകര്‍ത്തു തരിപ്പണമാക്കുകയാണ് ദുബായിലുള്ള സുന്നീ പണ്ഡിതന്‍ അലവി അല്‍ ഹുദവി തന്റെ മൊബൈലില്‍ പകര്‍ത്തി പുറത്തു വിട്ട, ഖസ്രജിയുടെ നെഞ്ചില്‍ പതിഞ്ഞ 'തിരുനിഴലുകള്‍' ഉള്‍ക്കൊള്ളുന്ന ഫോട്ടോ.
വ്യാജകേശമെന്നു ഇനിയും സമ്മതിക്കാത്തവര്‍ക്ക് കിത്താബുകകള്‍ ഇനിയും പരതാം. പുതിയ നബ്ബാനിമാരെ തെളിവ് നിരത്താം. സ്വന്തം കണ്ണുകളെ പോലും വിശ്വാസത്തിലെടുക്കാതെ സ്വയം അന്ധത വരിച്ചവര്‍ക്ക് മുടിപ്പള്ളിയുടെ ടോക്കണ്‍ വില്പന തുടരുകയുമാവാം. പക്ഷെ, ഒടുവില്‍ നിങ്ങളില്‍ ചിലര്‍ പറഞ്ഞ പോലെ നിങ്ങളുടെ വിശ്വാസവുമായി നിങ്ങള്‍ക്ക് ജീവിക്കാമെന്നല്ലാതെ, വ്യാജകേശത്തെ തിരുകേശമെന്നു പേര് വിളിക്കാന്‍ ഒരുക്കമില്ലാത്ത ഒരുപിടിയാളുകള്‍ ഇവിടെയുണ്ട്. അവര്‍ക്ക് യുക്തിവാദിയെന്നും മുനാഫിഖെന്നും മുര്‍ത്തദ്ധെന്നും പേര് ചാര്ത്തിക്കളയരുത്. ആ വിളി കേട്ട് മൌനിയായിരിക്കാന്‍ കഴിയാത്തവരാണധികവുമെന്നതും മറക്കരുത്; പ്ലീസ്.
http://www.shradheyan.com/2011/03/blog-post_13.htmlSee Related Articles...
ശ്രദ്ധേയന്റെ ബ്ലോഗ് രചന-1 പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം!
ശ്രദ്ധേയന്റെ ബ്ലോഗ് രചന-2 തിരുമുടിയാട്ടം: രണ്ടാം ഖണ്ഡം
ശ്രദ്ധേയന്റെ ബ്ലോഗ് രചന-3 ഈ ലേഖനം
ശ്രദ്ധേയന്റെ ബ്ലോഗ് രചന-4 ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...