Thursday, March 10, 2011

നാല്‍പതുകോടിയുടെ പള്ളിയും വിശുദ്ധ രോമങ്ങളും


എ പി കുഞ്ഞാമു 

തിരുനബിയുടെ തലമുടി സൂക്ഷിച്ചുവെച്ചാല്‍ പുണ്യംകിട്ടുമോ, മുടി ഇട്ടുവെച്ച വെള്ളം കിടിച്ചാല്‍ രോഗം മാറുമോ എന്നൊന്നും എനിക്കറിയില്ല. അതിന്റെ കര്‍മശാസ്‌ത്രവിധിയെപ്പറ്റി ആലോചിക്കുകയോ, അതുമായി ബന്ധപ്പെട്ട്‌ വല്ല ഹദീസുമുണ്ടെങ്കില്‍ അതിന്റെ ആധികാരികത പരിശോധിക്കുകയോ ചെയ്യാനുള്ള യോഗ്യത എനിക്കില്ലതാനും. പക്ഷേ, ഒരു കാര്യം 
എനിക്കുറപ്പാണ്‌. നബിയുടേതെന്ന്‌ പറഞ്ഞ്‌ മുടിയോ നഖമോ പ്രദര്‍ശിപ്പിച്ചാല്‍ അത്‌ കാണാന്‍ ഭക്ത്യാദരപൂര്‍വം ആളു കൂടും. അത്തരം തിരുശേഷിപ്പുകളെന്തെങ്കിലും ഇട്ടുവച്ച വെള്ളം വില്‌പനക്കു വെച്ചാല്‍ എന്ത്‌ വിലകൊടുത്തും ഭക്തജനങ്ങള്‍ വാങ്ങി സ്വന്തമാക്കും. ആള്‍ത്തിരക്കു മൂലം ഗതാഗതസ്‌തംഭനം സംഭവിക്കും. ഉന്തും തള്ളുമുണ്ടാവുകയും തിക്കിലും തിരക്കിലും പെട്ട്‌ ആളുകള്‍ അപകടത്തില്‍ പെടുകയും ചെയ്യാനും സാധ്യത ഏറെ. തിരുശേഷിപ്പിന്റെ ബിസിനസ്‌ തീര്‍ച്ചയായും മഹാസംഭവമായിത്തീരും. അന്തിമ വിശകലനത്തില്‍ പുണ്യം കിട്ടിയാലുമില്ലെങ്കിലും, നടത്തിപ്പുകാര്‍ക്ക്‌ പണംകിട്ടും. നാല്‌പതുകോടിയല്ല നാലായിരം കോടിയോ അതിലപ്പുറമോ കൈക്കലാക്കാന്‍ ഒറ്റ രോമം മതി.
ഇങ്ങനെയൊരു `രോമക്കച്ചവട'മാണ്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുന്‍കൈ എടുത്ത്‌ കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നടത്തുന്നത്‌. പ്രവാചകന്റെ ശരീവാശിഷ്‌ടങ്ങള്‍ ശ്രേഷ്‌ഠമാണെന്നും അവ സൂക്ഷിച്ചുവയ്‌ക്കുകയും രോഗശമനത്തിനും മറ്റും സഹായകമാണെന്ന വിശ്വാസം വച്ചുപുലര്‍ത്തുകയും ചെയ്യുന്നത്‌ പുണ്യകര്‍മമാണെന്നുമുള്ള നിലപാടാണ്‌ അദ്ദേഹത്തിന്റേത്‌. ചില ഹദീസുകളുദ്ധരിച്ചുകൊണ്ടാണ്‌ ഇത്തരം വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നത്‌. അതേസമയം ഇതേ വാദങ്ങള്‍ ഉന്നയിക്കുന്ന വേറെ ആളുകള്‍ ``പ്രവാചകന്‍ മുഹമ്മദ്‌ നബിതിരുമേനിയുടെ കേശമെന്ന പേരില്‍ ആയിരക്കണക്കിന്‌ വിശ്വാസികളെ വിഡ്‌ഢികളാക്കുന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആത്മീയ തട്ടിപ്പ്‌ കരുതലോടെ കാണണമെന്ന്‌'' ആവശ്യപ്പെടുന്നുണ്ട്‌ (ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ പ്രസംഗം, തേജസ്‌, ഫെബ്രു. 27). അതിന്റെ അര്‍ഥം വളരെ ലളിതമാണ്‌. തിരുകേശ സൂക്ഷിപ്പ്‌ ഒരു ധനസമ്പാദന മാര്‍ഗമാണ്‌. മതചിഹ്നങ്ങള്‍ ധനസമ്പാദന മാര്‍ഗമാക്കുന്ന പല പ്രവണതകളും ഇന്ന്‌ നിലനില്‍ക്കുന്നുണ്ട്‌. അതേപോലെ പ്രവാചകന്റെ തലമുടിയും ഒരു കൂട്ടര്‍ ധനസമ്പാദന മാര്‍ഗമാക്കുന്നു. സാധാരണക്കാരായ മുസ്‌ലിംകളുടെ പ്രവാചകസ്‌നേഹത്തെ ചൂഷണം ചെയ്‌തു അവര്‍ പണമുണ്ടാക്കുകയാണ്‌ ചെയ്യുന്നത്‌. അത്‌ തട്ടിപ്പാണെന്നും തട്ടിപ്പില്‍ പെട്ട്‌ വഞ്ചിതരാകരുതെന്നും മറുവിഭാഗം വാദിക്കുന്നു. ചുരുക്കത്തില്‍ തിരുമുടി സൂക്ഷിപ്പിന്റെയും അതിന്റെ വിപണനത്തിന്റെയും ശരിതെറ്റുകളല്ല, അവയില്‍ അന്തര്‍ഭവിച്ചിട്ടുള്ള വാണിജ്യ സാധ്യതകളുടെ പ്രശ്‌നങ്ങളാണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്‌. തിരുനബികേശം സൂക്ഷിച്ചുവയ്‌ക്കുന്നത്‌ സാമാന്യേന ശരിവയ്‌ക്കപ്പെടുന്നു എന്ന്‌ സാരം.
ഈ ശരിയെ വ്യക്തികളുടെയും സംഘടനകളുടെയും മതകീയ കാഴ്‌ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ അതിലേറെ പ്രധാനമാണ്‌ നബിയുടെ മുടിയെ ഇങ്ങനെ ഉപയോഗപ്പെടുത്താമോ എന്നുള്ള പ്രായോഗിക പ്രശ്‌നം. പത്രവാര്‍ത്തകളും മര്‍കസ്‌ ഭാരവാഹികളുടെ അവകാശവാദങ്ങളും വിശ്വസിക്കാമെങ്കില്‍ കാരന്തൂരില്‍ നിര്‍മിക്കാന്‍ പോകുന്നത്‌ ഒരേസമയം ഇരുപത്തി അയ്യായിരം പേര്‍ക്ക്‌ പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള പള്ളിയാണ്‌. ഈ പള്ളി നിര്‍മാണത്തിന്‌ ചെലവ്‌ നാല്‌പത്‌ കോടി രൂപയാണ്‌. ഏക്കര്‍ കണക്കിനു ഭൂമിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഈ പള്ളിയില്‍ നബിയുടെ മുടി മധ്യസ്ഥാനത്ത്‌ സൂക്ഷിക്കും. ഒരു സംശയവും വേണ്ട നിശ്ചിത സന്ദര്‍ഭങ്ങളില്‍ ഈ മുടി ഭക്തര്‍ക്ക്‌ മുമ്പാകെ പ്രദര്‍ശിപ്പിക്കും. ജമ്മുകശ്‌മീരിലെ ഹസ്രത്ത്‌ ബാല്‍ പള്ളിയുടെ മാതൃകയില്‍ ഒരു തീര്‍ഥാടനകേന്ദ്രമാണ്‌ മര്‍കസ്‌ ഭാരവാഹികളുടെ ഉള്ളിലിരിപ്പെന്ന്‌ വ്യക്തമാണ്‌. പില്‍ഗ്രിമേജ്‌ ടൂറിസത്തിന്റെ മറ്റൊരു ആവിഷ്‌കാര രൂപമായിരിക്കും ഇത്‌. പ്രവാചകസ്‌നേഹം എന്ന മുസ്‌ലിം വികാരത്തിന്റെ മറ ഉപയോഗിച്ച്‌ ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക, ശബരിമലയിലെ മകരജ്യോതി കത്തിക്കലുമായി ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്‌. അയ്യപ്പഭക്തന്മാരുടെ ശാസ്‌താവിനോടുള്ള സനേഹമാണ്‌ ശബരിമലയിലെ മകരജ്യോതി കത്തിക്കലില്‍ ദുരുപയോഗം ചെയ്യുന്നത്‌. ഭക്തജന പ്രവാഹം മൂലം നല്ല സാമ്പത്തികവരുമാനം ഉണ്ടാവും എന്നതിനാല്‍ സര്‍ക്കാറും ഈ ഏര്‍പ്പാടിന്‌ കുട്ടുനില്‍ക്കുന്നു. ഇത്തരം തീര്‍ഥാടന ടൂറിസം തന്നെയാണ്‌ മര്‍കസ്‌ ഭാരവാഹികളും മനസ്സില്‍ കാണുന്നത്‌. അതിലപ്പുറം കാരന്തൂരിലെ നല്‌പത്‌ കോടിയുടെ പള്ളിയ്‌ക്ക്‌ യാതൊരു മതകീയദൗത്യവും നിറവേറ്റാനില്ല. അത്‌ താജ്‌മഹലിനെ അതിശയിപ്പിക്കുമായിരിക്കാം. പക്ഷേ, ഇസ്‌ലാം മതത്തിന്റെയോ കേരളത്തിലെ മുസ്‌ലിംകളുടെയോ പാരമ്പര്യത്തെ അത്‌ വെളിപ്പെടുത്തുകയില്ല. പള്ളിനിര്‍മാണത്തിന്റെ വഴിയില്‍ വിനിയോഗിക്കപ്പെടുന്ന പണം മുസ്‌ലിം സമുദായത്തിന്റെയോ രാജ്യത്തിന്റെയോ പുരോഗതിക്കു വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ അതായേനേ പുണ്യം. മര്‍കസ്‌ ഭാരവാഹികള്‍ തിരുനബികേശവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു പള്ളി നിര്‍മിക്കുന്നത്‌, നേരുപറഞ്ഞാല്‍ ദുര്‍വ്യയമാണ്‌ -ഖുര്‍ആന്‍ വ്യക്തമായ ഭാഷയില്‍ തള്ളിപ്പറഞ്ഞ തബ്‌ദീര്‍.
എന്തുകൊണ്ടാണ്‌ മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരം പുതിയ തീര്‍ഥാടനകേന്ദ്രങ്ങളും വിഭവസമാഹരണ സ്രോതസ്സുകളും ഉയര്‍ന്നുവരുന്നത്‌? ഇസ്‌ലാമില്‍ ആള്‍ദൈവങ്ങള്‍ക്ക്‌ സ്‌കോപ്പില്ല. സൂഫിസം പോലെയുള്ള ആത്മീയാന്വേഷണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ സ്വന്തം നിലനില്‌പിനെ സിദ്ധന്മാരും, അവരുടെ അനുയായികളും ന്യായീകരിക്കാറുണ്ട്‌. എന്നാല്‍ ഒരു ചിന്താപ്രസ്ഥാനമെന്ന നിലിയല്‍ നടത്തുന്ന പ്രവൃത്തികളും ദൈവാന്വേഷണമെന്ന നിലയില്‍ നടത്തുന്ന ആത്മീയ ധ്യാനങ്ങളും വ്യാജസിദ്ധന്മാര്‍ക്കും കള്ളദൈവങ്ങള്‍ക്കും വിളയാടാനുള്ള സാക്ഷ്യപത്രങ്ങളായിത്തീരുന്നതില്‍ യാതൊരു യുക്തിയുമില്ല. അതേസമയം ഹിന്ദുമതത്തില്‍ ധാരാളം സന്യാസിമഠങ്ങളും ആത്മീയനേതാക്കളും ഉയര്‍ന്നുവരുന്നുണ്ട്‌. സത്യസായി ബാബ, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ തുടങ്ങിയവര്‍ സ്വന്തം ആത്മീയാന്വേഷണങ്ങളുടെ ഭാഗമായി പലേടത്തും ആശ്രമങ്ങളും ആതുരസേവാ സ്ഥാപനങ്ങളും സ്ഥാപിക്കുന്നു.
അവര്‍ക്ക്‌ ധാരാളം അനുയായികളുണ്ടെന്ന്‌ മാത്രമല്ല, കള്‍ട്ട്‌ഫിഗറുകളായി അവര്‍ മാറുകയും ചെയ്‌തിരിക്കുന്നു. ഇത്തരം ആത്മീയാചാര്യരുടെ ചുറ്റും വലിയ അനുയായി വൃന്ദങ്ങള്‍ രൂപപ്പെടുകയും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും സ്ഥാപിച്ച്‌ അവര്‍ പൊതുജീവിതത്തില്‍ ഇടം സ്ഥാപിക്കുകയും ചെയ്യുന്നുമുണ്ട്‌. ഇവര്‍ `ആള്‍ദൈവ'ങ്ങളാണെന്നും അതല്ല യഥാര്‍ഥ `ആത്മീയാചാര്യരാ'ണെന്നുമുള്ള തര്‍ക്കങ്ങള്‍ മുറപോലെ നടക്കുന്നു. അതിരിക്കട്ടെ, ഈ അവസ്ഥയില്‍ `വ്യാജദൈവങ്ങളും' പൊങ്ങിവരുന്നുണ്ട്‌. അത്തരം `ദൈവ'ങ്ങള്‍ക്കെതിരില്‍ ജനകീയ പ്രതികരണങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള നടപടികളുമുണ്ടാവുന്നുമുണ്ട്‌. ക്രിസ്‌തുമതത്തിലും ഇത്തരം പ്രവണതകള്‍ കാണാം. പുതുതായി പല ധ്യാനകേന്ദ്രങ്ങളും ഉയര്‍ന്നുവരുന്നത്‌, ഭക്തിയുടെ പുതിയ ഉണര്‍വിന്റെ ഫലമായാണ്‌. ഹിന്ദുക്കള്‍ക്കിടയിലും ക്രിസ്‌ത്യാനികള്‍ക്കുമിടയിലും രൂപപ്പെട്ടുവരുന്ന `ഭക്തിപ്രസ്ഥാന'ത്തിന്റെ സാധ്യതകളാണ്‌ മുസ്‌ലിം പൗരോഹിത്യത്തെയും പുതിയ ഭക്തി വിപണനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. പോട്ടയിലെ ധ്യാനകേന്ദ്രം പോലെയൊന്ന്‌ കാരന്തൂരില്‍ ഉയര്‍ന്നുവന്നാലെന്താണ്‌ തരക്കേട്‌? അതുമൂലം സൃഷ്‌ടിക്കപ്പെടുന്ന സാധ്യതകളുടെ പേരില്‍ പള്ളി നിര്‍മാണത്തെ അനുകൂലിക്കാന്‍ ആളുകളുണ്ടാവും. എന്നാല്‍ നാമാലോചിക്കേണ്ടത്‌ നാല്‌പത്‌കോടി രൂപ ചെലവഴിച്ച്‌ ഇങ്ങനെയൊരു പള്ളി നിര്‍മിക്കുന്നതും, അവിടെ `നബിയുടെ തിരുകേശം(?)' പ്രദര്‍ശിപ്പിച്ച്‌ സാധാരണക്കാരായ ഇസ്‌ലാം മതവിശ്വാസികളുടെ പ്രവാചകസ്‌നേഹത്തെ കാശാക്കി മാറ്റുന്നതുമാണോ ഇസ്‌ലാമിക മാതൃക; അതോ, അതിനു വേണ്ടി ചെലവഴിക്കുന്ന പണം ഗുണകരമായ മറ്റുവല്ല പ്രവൃത്തികള്‍ക്കും വേണ്ടി ഉപയോഗിക്കുന്നതാണോ എന്നാണ്‌. വഴിയില്‍ നിന്ന്‌ മുള്ള്‌ നീക്കുന്നതുപോലെ വിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ അനുശാസിച്ച ഒരു മതത്തിന്റെ ആധികാരിക ഗ്രന്ഥങ്ങള്‍ കമ്പോട്‌ കമ്പ്‌ പഠിച്ചുമനസ്സിലാക്കിയ കാന്തപുരം ഉസ്‌താദിന്‌ അറിയാത്തതായിരിക്കുകയില്ലല്ലോ പ്രസ്‌തുത ഇസ്‌ലാമിക പാഠം.
കാരന്തൂരില്‍ പുതുതായി പണിയുന്ന നാല്‌പതുകോടിയുടെ പള്ളിയില്‍ കാന്തപുരം ഉസ്‌താദിന്‌ അന്ത്യവിശ്രമം കൊള്ളാനുള്ള മഖ്‌ബറയും ഉണ്ടാവുമെന്ന്‌ ശ്രുതിയുണ്ട്‌. നേരാണോ ആവോ?! തന്റെ കര്‍മങ്ങളുടെ പ്രഭവസ്ഥാനമായ മര്‍കസിലായിരിക്കണം തന്റെ അന്ത്യവിശ്രമവും എന്ന്‌ തീര്‍ച്ചയായും അദ്ദേഹത്തിന്‌ ആഗ്രഹിക്കാവുന്നതാണ്‌. എന്നാല്‍ ഇത്തരം ആസൂത്രണങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അനാരോഗ്യകരമായ വഴക്കങ്ങള്‍ക്ക്‌ വഴിവയ്‌ക്കും. മതത്തിനെ അതിന്റെ യഥാര്‍ഥ ചൈതന്യത്തില്‍ നിന്ന്‌ ഇളക്കിമാറ്റി മുദ്രാവാക്യപ്രാണവും ക്രിയാജടിലവുമായ ചില ആചാരങ്ങളിലേക്ക്‌ പരിമിതപ്പെടുത്തുകയാണ്‌ അതുമൂലം സംഭവിക്കുക. `തിരുശേഷിപ്പുക'ളെ(?) വ്യക്തിപൂജക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നത്‌ എങ്ങനെയാണ്‌ ഇസ്‌ലാമികമാവുക?
മുസ്‌ലിം സമുദായത്തിന്‌ ഇന്ത്യയിലും കേരളത്തിലും ധാരാളം പ്രശ്‌നങ്ങളുണ്ട്‌. കാന്തപുരം ഉസ്‌താദ്‌ തന്നെ ഇക്കഴിഞ്ഞ ദിവസം മദ്യനിരോധം രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ പ്രകടനപത്രികകളില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടുകയുണ്ടായി. മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ മദ്യപാനശീലം വര്‍ധിച്ചുവരികയാണ്‌. വിവാഹധൂര്‍ത്ത്‌, ആഡംബരം തുടങ്ങിയവയുടെ തോത്‌ മുസ്‌ലിംകളില്‍ വളരെ കൂടുതലാണ്‌. ശരീഅത്ത്‌ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതു മൂലം കുടുംബഭദ്രതയ്‌ക്ക്‌ വിള്ളല്‍ വീഴുന്നു. പുതിയ കാലത്തെ നേരിടുന്നതിന്‌ വളരെയധികം മുന്നൊരുക്കങ്ങള്‍ മുസ്‌ലിംസമുദായം ആവശ്യപ്പെടുന്നുണ്ട്‌.
സ്വയം സര്‍ഗാത്മക ന്യൂനപക്ഷമായി വെളിപ്പെടാന്‍ പ്രയാസപ്പെടുന്ന മുസ്‌ലിംകളെ, അവരുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ നിന്നകറ്റുകയും ചില അയഥാര്‍ഥ ലോകങ്ങളില്‍ എത്തിക്കുകയും ചെയ്യാന്‍ മാത്രമേ ഈ നാല്‌പതുകോടിയുടെ പള്ളിയും അവിടെ സൂക്ഷിച്ചുവെച്ച മുടിയും ഉപകരിക്കുകയുള്ളൂ. നമുക്കാവശ്യം ഇങ്ങനെയൊരു പള്ളിയല്ല. ആ പള്ളിയില്‍ നിന്ന്‌ മുടിവെള്ളം വിതരണം ചെയ്യുന്ന പണിയുമല്ല. ഇക്കാര്യം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്‌ അറിയാത്തതല്ല. ഉറക്കം നടിക്കുന്നവരെ എങ്ങനെയാണ്‌ വിളിച്ചുണര്‍ത്താന്‍ കഴിയുക?

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More