Saturday, March 19, 2011

പ്രവാചകന്റെ തിരുശേഷിപ്പുകള്‍ -ശബാബ് എഡിറ്റോറിയല്


അല്ലാഹു നിര്‍വഹിച്ചത്‌ മനുഷ്യരില്‍ നിന്നു തന്നെ തെരഞ്ഞെടുത്തവരിലൂടെയാണ്‌. അവര്‍ക്ക്‌ ദിവ്യബോധനം (വഹ്‌യ്‌) നല്‌കുകയാണ്‌ ചെയ്യുന്നത്‌. ഈ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളാണ്‌ ദൈവദൂതന്മാര്‍, പ്രവാചകന്മാര്‍, നബിമാര്‍, മുര്‍സലുകള്‍ എന്നെല്ലാം അറിയപ്പെടുന്നത്‌. സ്രഷ്‌ടാവായ അല്ലാഹു സൃഷ്‌ടികളായ മനുഷ്യരുമായി ബന്ധപ്പെടാനുള്ള മാര്‍ഗവും ഇതു തന്നെ. എന്നാല്‍ മനുഷ്യര്‍ ഈ ദൈവദൂതന്മാരിലൂടെയല്ല അല്ലാഹുവുമായി ബന്ധപ്പെടുന്നത്‌. ഉള്ളുതുറന്ന പ്രാര്‍ഥനയിലൂടെയാണ്‌ (25:77). ദൈവദൂതന്മാരിലുള്ള ഈ വിശ്വാസം ഇസ്‌ലാമിന്റെ അടിത്തറകളില്‍ (ഈമാന്‍) ഒന്നാണുതാനും. ഇങ്ങനെയുള്ള ദൂതന്മാര്‍ മുഖേനയാണ്‌ മനുഷ്യര്‍ക്ക്‌ നേര്‍മാര്‍ഗത്തിനായുള്ള വേദഗ്രന്ഥങ്ങളും അല്ലാഹു അവതരിപ്പിച്ചത്‌.
അല്ലാഹുവിന്റെ ദൂതന്മാരായ മനുഷ്യര്‍ക്ക്‌ ദിവ്യത്വമില്ല, ദൈവിക പദവിയില്ല. അവരില്‍ ദൈവിക അംശവുമില്ല. മറ്റു മനുഷ്യരെപ്പോലെ പ്രവാചകന്മാരും മനുഷ്യരാണ്‌. എന്നാല്‍ അല്‌പമെങ്കിലും ദിവ്യത്വമില്ലാത്ത മനുഷ്യര്‍ പ്രവാചകരാവുകയെന്നത്‌ അന്ധവിശ്വാസികളായ മനുഷ്യര്‍ക്ക്‌ ഉള്‍ക്കൊള്ളാനാവില്ല. തെറ്റായ ഈ ധാരണ തിരുത്തിക്കൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ വിവിധ തരത്തില്‍ വ്യക്തമാക്കുന്നതു ശ്രദ്ധിക്കുക: ``നബിയേ, പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‌കപ്പെടുന്നു'' (18:110). ``അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നുവല്ലോ!'' (25:7). ``ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്കു മുമ്പ്‌ ദൂതന്മാരില്‍ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല.'' (25:20)
ഇങ്ങനെ നിയുക്തരാകുന്ന നബിമാര്‍ മനുഷ്യരാണെന്നു മാത്രമല്ല, എവിടെ നിന്നോ വന്ന അപരിചിതരോ അമാനുഷരോ അല്ല. ആരിലേക്കാണോ നിയോഗിക്കപ്പെടുന്നത്‌ ആ സമൂഹത്തിനിടയില്‍ ജനിച്ച്‌ നിരവധി കാലം അവരോടൊപ്പം കഴിഞ്ഞവരായിരിക്കും (7:65,73,85). ഓരോ സമൂഹത്തിലേക്കും അവര്‍ക്ക്‌ ചിരകാല പരിചയമുള്ള നാട്ടുകാരെ തന്നെയാണ്‌ നബിയായി വഹ്‌യ്‌ നല്‌കി അല്ലാഹു നിയോഗിക്കുന്നത്‌. എന്തിനു വേണ്ടിയാണ്‌ ഇവരെ നിയോഗിക്കുന്നത്‌? `അല്ലാഹുവിന്റെ ഉത്തരവു പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല''(4:64). ``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌'' (33:21). ഈ ജീവിതമാതൃകയ്‌ക്ക്‌ മനുഷ്യനബിമാരെ അയയ്‌ക്കുന്നതിന്റെ ന്യായം പോലും ഖുര്‍ആന്‍ വിവരിക്കുന്നു: ``(നബിയേ) പറയുക, ഭൂമിയിലുള്ളത്‌ ശാന്തരായി നടന്നുപോകുന്ന മലക്കുകളായിരുന്നുവെങ്കില്‍ അവരിലേക്ക്‌ ആകാശത്തു നിന്ന്‌ ഒരു മലക്കിനെത്തന്നെ നാം ദൂതനായി ഇറക്കുമായിരുന്നു.'' (17:95)
അല്ലാഹു നിയോഗിച്ച മനുഷ്യരായ പ്രവാചകന്മാര്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയായിരുന്നു. അടുത്തറിഞ്ഞ്‌, സുഖദു:ഖങ്ങള്‍ പങ്കിട്ട്‌, അവരിലൊരാളായി മാതൃകാജീവിതം നയിക്കുകയായിരുന്നു. ചില മതപുരോഹിതന്മാരും സിദ്ധന്മാരെന്ന്‌ പറയപ്പെടുന്നവരും സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങാതെ അഗ്രഹാരങ്ങളില്‍ ജീവിക്കുകയും നിഗൂഢമായ ഹാവഭാവങ്ങള്‍ കാണിക്കുകയും ഇല്ലാത്ത വലുപ്പം നടിക്കുകയും അപദാനങ്ങള്‍ പ്രകീര്‍ത്തിക്കാന്‍ ഉപജാപകവൃന്ദത്തെ നിയോഗിക്കുകയും ചെയ്‌തുകൊണ്ട്‌ ആളുകളില്‍ `പേടി'യുണ്ടാക്കുന്നു. ജനങ്ങള്‍ക്ക്‌ ദര്‍ശനം നല്‌കാനും അവര്‍ സ്‌പര്‍ശനം കൊണ്ട്‌ സായൂജ്യമടയാനും പ്രത്യേക സന്ദര്‍ഭങ്ങള്‍ സൃഷ്‌ടിക്കുകയും അത്‌ ജനങ്ങളെ വിശ്വാസപരമായും സാമ്പത്തികമായും ചൂഷണംചെയ്യാനുള്ള അവസരമായി കാണുകയും ചെയ്യുന്നു. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇത്‌ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്‌. ഇത്തരം ജാടകള്‍ കണ്ടു ശീലിച്ചവരാണ്‌ `അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ' (17:94) എന്ന്‌ സന്ദേഹം പ്രകടിപ്പിച്ചത്‌. ആ ധാരണ തിരുത്താനാണ്‌ ഖുര്‍ആനിലെ ഉപരിസൂചിത വചനങ്ങള്‍ അല്ലാഹു വിശദീകരിച്ചത്‌.
ഇരുപത്തിയഞ്ച്‌ പ്രവാചകന്മാരുടെ സംക്ഷിപ്‌ത പ്രബോധന ചരിത്രം വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്‌. അതില്‍ അവരുടെ ആദര്‍ശജീവിതവും അനുകൂലിച്ചവരുടെയും എതിര്‍ത്തവരുടെയും പ്രതികരണങ്ങളും സാമാന്യമായി വിവരിച്ചിട്ടുണ്ട്‌. അതിലെവിടെയും പ്രാവചകന്മാരുടെ അമൂര്‍ത്തമായ ആശയാദര്‍ശങ്ങളെയല്ലാതെ മൂര്‍ത്തമായ തിരുശേഷിപ്പുകളെ പിന്‍തലമുറ പുല്‍കുകയോ അന്വേഷിക്കുകയോ ചെയ്‌തതായി ഒരു പരാമര്‍ശവുമില്ല. ഇബ്‌റാഹീം നബി(അ)യുടെ രണ്ടു മക്കളും പ്രവാചകരായിരുന്നു. യഅ്‌ഖൂബ്‌ നബി(അ)യുടെ പിതാവും പുത്രനും നബിമാരായിരുന്നു. യഅ്‌ഖൂബിന്റെ(അ) തിരുശേഷിപ്പ്‌ അദ്ദേഹം വസ്വിയ്യത്ത്‌ ചെയ്‌തത്‌ ഖുര്‍ആന്‍ വിവരിക്കുന്നു: ``യഅഖൂബ്‌ നബിക്ക്‌ മരണം ആസന്നമായ സമയത്ത്‌ നിങ്ങള്‍ അവിടെ സന്നിഹിതരായിരുന്നുവോ? അദ്ദേഹം തന്റെ മക്കളോട്‌ ചോദിച്ചു: എനിക്കു ശേഷം ഏതൊരു ദൈവത്തെയാണ്‌ നിങ്ങള്‍ ആരാധിക്കുക?'' (2:133). പ്രവാചകന്മാര്‍ക്ക്‌ മരണശയ്യയില്‍ പോലും തങ്ങളുടെ മക്കള്‍ക്കും പിന്‍മുറക്കാര്‍ക്കും ഭൗതിക തിരുശേഷിപ്പുകള്‍ എന്തുകൊടുക്കുമെന്നല്ല, മറിച്ച്‌ തന്റെ ആദര്‍ശം നിങ്ങള്‍ മുറുകെ പിടിക്കില്ലേ? എന്ന ആശങ്കയായിരുന്നു ഉണ്ടായിരുന്നത്‌.
മൂസനബി(അ)യുടെ തിരുശേഷിപ്പിനെപ്പറ്റി ഖുര്‍ആന്‍ പറയുന്നതു നോക്കൂ: ``അവരോട്‌ അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂത്തിന്റെ രാജാധികാരത്തിനുള്ള തെളിവ്‌ ആ പെട്ടി നിങ്ങളുടെ അടുത്ത്‌ വന്നെത്തുക എന്നതാണ്‌. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനശ്ശാന്തിയും മൂസായുടെയും ഹാറൂന്റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ `തിരുശേഷിപ്പു'കളുണ്ട്‌. മലക്കുകള്‍ അതു വഹിച്ചുകൊണ്ട്‌ വരുന്നതാണ്‌'' (2:248). ഇതൊരു ദൃഷ്‌ടാന്തമായിരുന്നു. മൂസാനബി(അ)യുടെ വടിയും വസ്‌ത്രവും തൗറാത്തിന്റെ ചില ഭാഗങ്ങളും അതിലുണ്ടായിരുന്നു. എന്നാല്‍ അത്‌ ബര്‍കത്തെടുക്കാനും മറ്റു ഭൗതികാവശ്യങ്ങള്‍ക്കും ആരും മത്സരിച്ചതായി തെളിവുകളില്ല.
അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ)യുടെ മരണശേഷം അദ്ദേഹത്തിന്റെ യാതൊന്നും അനന്തരമായി ആര്‍ക്കും എടുക്കാവതല്ല. അദ്ദേഹത്തിന്റെ ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ മറ്റൊരാള്‍ വിവാഹം ചെയ്‌തുകൂടാ. അത്‌ നബിക്കുള്ള പ്രത്യേകതയാണ്‌. പ്രവാചകന്‍ തന്റെ ദൗത്യനിര്‍വഹണം പൂര്‍ത്തിയായ ഘട്ടത്തില്‍ സമൂഹത്തിന്‌ വലിയൊരു തിരുശേഷിപ്പ്‌ വച്ചുകൊണ്ടാണ്‌ വിട പറഞ്ഞത്‌. ``ഞാന്‍ നിങ്ങള്‍ക്ക്‌ രണ്ട്‌ കാര്യങ്ങള്‍ വിട്ടേച്ചുപോകുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ ഒരിക്കലും പിഴച്ചു പോവില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണത്‌.''(ബുഖാരി മുസ്‌ലിം)
ഈ തിരുശേഷിപ്പ്‌ മുറുകെ പിടിക്കുന്നതിലായിരുന്നു സ്വഹാബിമാരുടെ മത്സരം. നബി(സ)യുടെ വീട്‌, വസ്‌ത്രം, ഉപകരണങ്ങള്‍ എന്തെല്ലാം ബാക്കിയുണ്ടായിരുന്നുവോ, അവയൊന്നും വാരിക്കെട്ടി ബര്‍ക്കത്തിനായി ആരും കൊണ്ടുപോകില്ല. അവ കൈവശമുള്ള പ്രവാചകപത്‌നി ആഇശ(റ) അത്‌ വിറ്റു കാശാക്കുകയോ അവയുടെ മികവില്‍ പൗരോഹിത്യം നടിക്കുകയോ അവയുടെ മറവില്‍ സമൂഹത്തെ ചൂഷണം നടത്തുകയോ ചെയ്‌തില്ല. പ്രവാചക വിയോഗത്തിന്റെ സഹസ്രാബ്‌ദങ്ങള്‍ക്കു ശേഷം ദൂരുഹമായും നിഗൂഢമായും ചിലര്‍ സമ്പാദിച്ച `പ്രവാചകകേശ'ത്തിന്റെ സാധുതയും സാധ്യതയും ഈ ആദര്‍ശം വച്ച്‌ അളന്നുനോക്കാന്‍ മുസ്‌ലിംകള്‍ തയ്യാറാവുക.

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More