Sunday, March 20, 2011

ഒരു മുടിയും ചില ചിന്തകളും...

Posted by : Special Reporter on : 2011-03-15
http://kasaragod.com/news_details.php?CAT=18&NEWSID=47408
കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സംഘടനാപാടവത്തെക്കുറിച്ച് ഈ ലേഖകനെന്നല്ല, ശത്രുക്കള്‍ക്ക് പോലും രണ്ടഭിപ്രായമുണ്ടാവില്ല. മികച്ച വാക് ചാതുരിയില്ലെങ്കിലും മറ്റുപണ്ഡിതരെപ്പോലെ വികാരത്തിനടിമപ്പെടാതെ സൗമ്യമായി സംസാരിച്ച് മുന്നിലിരിക്കുന്നവന്റെ മനസ്സും, മടിശ്ശീലയും സ്വന്തമാക്കാനുള്ള മുസ്ലിയാരുടെ കഴിവിനെ സമ്മതിച്ചേ തീരൂ. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള അശരണരും, അനാഥരുമായ നൂറു കണക്കീനു കുഞ്ഞുങ്ങള്‍ക്ക് മൂന്നു നേരം അന്നവും, വസ്ത്രവും കൂടെ വിദ്യയും നല്‍കി ജീവിതമാര്‍ഗ്ഗം കാട്ടി തുറന്നുവിടുന്ന കാന്തപുരം ഉസ്താദിനെ ശത്രുക്കള്‍ പോലും വ്യക്തിപരമായി വിമര്‍ശിക്കുന്നത് അല്‍പ്പം ക്രൂരത തന്നെയാണ്.

പിണറായി, കോടിയേരി തൊട്ട് ഉമ്മന്‍ ചാണ്ടി, ചെന്നിത്തല തുടങ്ങി രാജഗോപാല്‍, ശ്രീധരന്‍പിള്ളവരെ മര്‍ക്കസിന്റെ തുറന്ന ഹ്രദയത്തില്‍ സ്വീകരിച്ച് മുസ്ലിയാര്‍ സദ്യ വിളമ്പിക്കൊടുത്തിട്ടുണ്ട്. ആരോടും വിവേചനം കാട്ടിയിട്ടല്ല. മുസ്ലിയാരുടെ മതേതര നിലപാടിലും കാരന്തൂറിലെ ആര്‍.എസ്.എസുകാര്‍ക്ക് പോലും ലവലേശം സംശയവുമില്ല. എന്നിട്ടും കാന്തപുരം ഉസ്താദിനു ശത്രുക്കള്‍ക്ക് ഒരു പഞ്ഞവുമില്ല.

അദ്ദേഹത്തെപ്പോലെത്തന്നെ അണികളും സൌമ്യരും, സമാധാനപ്രിയരും ആയിരിക്കുമെന്ന് നാം കരുതിപ്പോയിട്ടുണ്ടെങ്കില്‍ തെറ്റി. ഇങ്ങ് കളത്തൂര്‍ മുതല്‍ അങ്ങ് കാടാമ്പുഴ വരെ ഒരേ ആശയവും, വിശ്വാസവും വെച്ചുപുലര്‍ത്തുന്നവര്‍ തമ്മില്‍ പരസ്പരം വെട്ടുകത്തിയെടുത്ത് നെഞ്ചു പിളര്‍ത്തുമ്പോള്‍ അതില്‍ മുസ്ലിയരുടെ അണികള്‍ മുഖ്യപങ്ക് വഹിക്കുന്നു എന്നത് വസ്തുതയാണ്. പകലും, പാതിരാത്രിക്കുമെന്നില്ലാതെ ഖുര്‍ആനും, ഹദീസും വാതോരാതെ എത്ര പറഞ്ഞുകൊടുത്തിട്ടും അണികളുടെ മനസ്സിലേക്ക് അത് ഏശിയിട്ടില്ലായെന്ന് നാള്‍ക്കുനാള്‍ അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോള്‍ ഒടുക്കം കേട്ടത് പ്രസിദ്ധ കോളമിസ്റ്റ് ഒ.അബ്ദുള്ളക്ക് നേരെയുള്ള വധഭീഷണിയാണ്. ടെലഫോണ്‍ മുഖേനയും, കത്തുമുഖേനയുമാണു ഭീഷണി വരുന്നത്. തട്ടിക്കളയുമെന്നാണു ഒടുക്കം വന്ന ഫോണ്‍കോള്‍. അബ്ദുള്ള പോലീസില്‍ പരാതിപ്പെട്ടു. ഇപ്പോള്‍ അന്യേഷണം നടന്നു വരുന്നു. തട്ടിക്കളയാന്‍ തക്ക എന്തുപാതകമാണാവോ ഈ ഒ.അബ്ദുള്ള ചെയ്തകൂട്ടിയത്. അതറിയുന്നതാണു രസം.

നൂറുകണക്കിനു പണ്ഡിതരും, ആയിരക്കണക്കിന് അനുയായികളുമുള്ള സദസ്സില്‍ വെച്ചു അബൂദാബിയിലെ ബുത്തീന്‍ നിവാസിയായ അഹമദ് ഖസ്രാജ് എന്ന അറബി പ്രവാചകന്റെ തിരുകേശം (?) കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കുന്നു. ഈൗ മുടി സൂക്ഷിക്കാന്‍ 12 ഏക്കര്‍ സ്ഥലത്ത് 40 കോടി രൂപ ചിലവില്‍ ഒരു ആരാധനാലയം ഉസ്താദ് പണിയിക്കുന്നുണ്ടത്രേ. ഈ വിഷയത്തെ വിമര്‍ശിച്ച് ഒ. അബ്ദുള്ള തന്റെ സ്വതസിദ്ധമായ ഭാഷാശൈലിയില്‍ തേജസ്സ് ദിനപത്രത്തില്‍ ലേഖനമെഴുതി. ഇതാണു കാന്തപുരം മുസ്ലിയാരുടെ അനുയായികളെ ചൊടിപ്പിച്ചത്. വളരെ വൈകാരികമായി ഇതിനെതിരെ സിറാജ് ദിനപത്രത്തില്‍ ഒ.എം തരുവണ മറുലേഖനമെഴുതുകയും ചെയ്തു. ഇതുകൊണ്ടൊന്നും മതിവരാത്ത അനുയായികളാണു വധഭീഷണിയുമായി രംഗത്ത് വന്നത്.

പ്രവാചകന്റെ തിരുകേശം അനുഗ്രഹത്തിന് കാരണമാവുന്നു എന്നുള്ളത് ഒരു വിശ്വാസപ്രശ്‌നമാണ്. അനുഗ്രഹത്തിന് കാരണമാവുമെന്ന് വിശ്വസിക്കുന്നവരും ഇല്ലെന്ന് വിശ്വസിക്കുന്നവരും മുസ്ലീമീങ്ങള്‍ക്കിടയില്‍ തന്നെ ഉണ്ട്. കേരളമെന്ന ഒരു കൊച്ചു സംസ്ഥാനത്തിലേക്ക് പ്രവാചകന്റെ തിരുകേശം കൊണ്ടു വന്ന്, അതിന്റെ മറവില്‍ വിശ്വാസത്തെ ലക്ഷങ്ങള്‍ക്ക് വില്‍ക്കുന്ന മഹത്തായ കച്ചവട താല്‍പര്യമാണ് ഇതിന്റെ പിന്നിലെന്നാണ് ഒ.അബ്ദുള്ള നിരീക്ഷിച്ചത്.

ഒ. അബ്ദുള്ള മാത്രമല്ല ഈ വിധം നിരീക്ഷണം നടത്തിയത്. ഈയിടെ ഇറങ്ങിയ മിക്ക മുസ്ലിം പ്രസിദ്ധീകരണങ്ങളിലും, ബ്ലോഗുകളിലും ഈ വിഷയത്തെ വളരെ നിശിതമായഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് ലേഖനങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോഴും വരുന്നുമുണ്ട്.

പ്രവാചകന്റെ തിരുകേശത്തെ ബഹുമാനിക്കുന്ന ഒരാള്‍ക്ക് അതിനെ ബഹുമാനിക്കാം. ബഹുമാനിക്കാതിരിക്കുന്ന ഒരാള്‍ക്ക് അതിനെ ബഹുമാനിക്കാതിരിക്കാം. ഇനി ഒരാള്‍ ബഹുമാനിക്കാതിരുന്നാല്‍ അയാള്‍ക്കെതിരെ വധഭീഷണി മുഴക്കുന്നത് വിവേകമല്ല. തിരുകേശം സൂക്ഷിക്കാനാണു ഇന്ത്യയിലെ ഏറ്റവും വലിയ ആരാധാനാലയം കോഴിക്കോട് പണിയുന്നതെന്നു കാന്തപുരം പറയുന്നു.

തിരുകേശം ആദരിക്കുകയാണു ലക്ഷ്യം. പിന്നീടിത് ആരാധനയായി മാറാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. സംശയം വേണ്ട ആരാധനയായി മാറുക തന്നെ ചെയ്യും. ആദരവാണെന്ന സുന്ദരവാക്ക് എത്രവട്ടം പറഞ്ഞാലും ശരി, അത് അവിടം കൊണ്ട് ഒതുങ്ങിനില്‍ക്കില്ല. മൂടിവെച്ച ചില്ലിന്‍ കൂട് തൊട്ടു മുത്തുകയും, അതിന്റെ മുന്നില്‍ നെഞ്ചത്തടിച്ചു കരയുകയും, അതിനു ചുറ്റും സുജ്ജൂദ് ചെയ്യുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് വിശ്വാസികള്‍ ചെന്നെത്തും. പിന്നീടാപോക്ക് പിടിച്ചാല്‍ കിട്ടില്ല. വര്‍ഷാവര്‍ഷം ഇതിന്റെ പേരില്‍ ഉറൂസ് നടത്താം. 40 കോടി ചെലവിട്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാകുമ്പോള്‍ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും സന്ദര്‍ശകര്‍ ഒഴുകിയെത്തും. ഭണ്ഡാരപ്പെട്ടി നിറയും.

ഇതൊക്കെയാണു സംഘാടകരുടെ ലക്ഷ്യമെങ്കില്‍ പടച്ചതമ്പുരാനേ...നീ കാത്തുകൊള്ളണേ... എന്നു പ്രാര്‍ത്ഥിക്കുകയേ വഴിയുള്ളു.

കാന്തപുരം മുസ്ലിയാര്‍ക്ക് അഹമദ് ഖസ്രാജ് കൊടുത്ത മുടി പ്രവാചകന്റെ തിരുകേശമാണെന്ന് ആധികാരികമായി പറയാന്‍ ഒരിക്കലും കഴിയില്ല. കാന്തപുരത്തിന്റെ അണികള്‍ക്കുപോലും ഇതില്‍ അത്ര വിശ്വാസം വന്നിട്ടില്ലെന്നു അവരുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ നിന്നും മനസ്സിലാകുന്നു. 1400 ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രവാചക കേശം അബൂദാബിക്കാരനായ അറബിയുടെ കയ്യില്‍ എത്തപ്പെട്ടതിന്റെ പിന്നാമ്പുറം ഇതുവരെ വെളിപ്പെട്ടിട്ടില്ല. അഹമദ് ഖസ്രാജ് ഒരു പണ്ഡിത സയ്യിദ് കുടുംബാംഗവുമല്ല.

25000 പേര്‍ക്ക് ഒന്നിച്ച് നമസ്‌കരിക്കാനുള്ള പള്ളിയാണു പണിയുന്നത്. പള്ളിയില്ലാതെ നിസ്‌കരിക്കാന്‍ മുട്ടിനില്‍ക്കുന്ന കോഴിക്കോട്ടുകാരെക്കുറിച്ച് എവിടെയും കേട്ടറിവില്ല. നഗരങ്ങളിലെ പള്ളികള്‍ പോലും നിസ്‌കാരസമയത്ത് നിറഞ്ഞുകാണാറില്ല എന്ന വസ്തുത ഇവിടെ നാം തിരിച്ചറിയണം.

ഗ്രാമത്തിലെ സ്രാമ്പിപ്പള്ളിയുടെ ഓട്ടവീണ അലൂമിനിയം ഷീറ്റ് മാറ്റുന്നതിനു വേണ്ടി രസീതു ബുക്കുമായി നാടുനീളെ അലയുന്നവരുടെ കണ്മുന്നില്‍ നാനൂറ് ലക്ഷം (നാലുകോടി) രൂപയുടെ ആരാധനാലയ സമുച്ചയം പൊങ്ങുന്നത് തീര്‍ച്ചയായും വേദനയുളവാക്കുന്നു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വളരെ ചിന്തിച്ചു തീരുമാനമെടുക്കാന്‍ കഴിവുള്ള വ്യക്തിത്വമാണ്. ഒക്കെ നല്ലതിനാവട്ടെ എന്ന് സാധാരണക്കാരന് നെടുവീര്‍പ്പിടാം.

പിന്‍കുറിപ്പ് : അനാചാരത്തിന്റെ പട്ടുമെത്തയില്‍ ആത്മീയത സുഖശയനം തുടങ്ങിയിട്ട് കേരളത്തില്‍ കുറച്ചുകാലങ്ങളായി. അതുകൊണ്ട് തന്നെ ഒരു സധാരണക്കാരനുണ്ടാകുന്ന ആശങ്ക മാത്രമാണീ ലേഖനം. അല്ലാതെ, ഇതൊരു വിമര്‍ശനക്കുറിപ്പല്ല.

-മൊയ്തീന്‍ അംഗടിമുഗര്‍

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More