Thursday, March 10, 2011

കേവല യുക്തിയിൽ കൂടുകൂട്ടുന്നവർ -ഒ.എം തരുവണ


കാരന്തൂർ മർകസു സ്സഖാഫത്തി സ്സുന്നിയ്യയിൽ തിരുനബി(സ) യുടെ പുണ്യകേശം വന്നുചേർന്നപ്പോൾ ബിദ്അത്ത്‌ പ്രസ്ഥാനങ്ങളുടെ തലച്ചോറിൽ ഒരു ബോംബ്‌ വീണുപൊട്ടി. ബോംബ്‌ സ്ഫോടനം നടന്നാൽ അതിന്റെ ചീളുകളും ചേരുവകളും പുറത്തേക്കു തെറിച്ചു സ്വതന്ത്രമാകും. സ്ഫോടനം വൻ പ്രശ്നമാണ്‌; നടന്നുകഴിഞ്ഞ സ്ഫോടനം പ്രശ്നമല്ല. പക്ഷേ, ബിദ്അത്തുകാരുടെ തലച്ചോറിൽ പൊട്ടിയ ബോംബിന്റെ സ്ഫോടനാവശിഷ്ടങ്ങളോ സ്ഫോടന ശബ്ദം പോലുമോ പുറത്തേക്കു വന്നില്ല! മാത്രമല്ല, ക്ളസ്റ്റർ ബോംബ്‌ കണക്കെ അത്‌ തലച്ചോറിനകത്ത്‌ ചെറു സ്ഫോടനങ്ങൾ തുടരെ തുടരെ നടത്തി ബിദ്അത്തുകാരെ എരിപൊരി കൊള്ളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മർകസിൽ ആദ്യ തിരുകേശം എത്തിയപ്പോൾ ഒരു സ്ഫോടന പരമ്പര നടന്നതാണ്‌. ആദരണീയനായ മുഹമ്മദുൽ ഖസ്‌റജി രണ്ടാമതൊന്നു കൂടി കൊണ്ടുവന്നപ്പോൾ ബിദ്അത്തുകാരുടെ തലച്ചോർ പൂരപ്പറമ്പായി. ഇതിനാണ്‌ നിർഭാഗ്യം എന്നു പറയുക.


പ്രശ്നം മറ്റെന്താണെങ്കിലും ഒരു കൈ നോക്കാമായിരുന്നു. അതു തൗഹീദോ ശിർക്കോ ഇബാദത്തോ പോലെ അടിസ്ഥാനപരമാണെങ്കിൽ കൂടി. പക്ഷേ, ശഅ​‍്‌റേ മുബാറക്കിന്റെ കാര്യത്തിൽ വയ്യ. മിണ്ടിക്കൂടാ. എവിടെ തൊട്ടാലും എങ്ങനെ തൊട്ടാലും കൈ പൊള്ളും. കാരണം, ശഅ​‍്‌റേ മുബാറക്കിന്റെ പ്രമാണ പിൻബലം അത്ര ശക്തവും ദൃഢവുമാണ്‌. ഒരു വിധ ദുർവ്യാഖ്യാനത്തിനും മോഷണത്തിനും യാതൊരു പഴുതുമില്ല. വിശ്വാസവും അനുഷ്ഠാനവും ചരിത്രവും ഇഴചേർന്നു കിടക്കുന്ന ഇവ്വിഷയം പരമ്പരബാഹുല്യം കൊണ്ടും കണ്ണികളായ മഹാന്മാരുടെ ആധിക്യം കൊണ്ടും സമ്പന്നമായ ഹദീസുകളുടെ ശക്തമായ പിൻബലത്തിലാണ്‌ നിലകൊള്ളുന്നത്‌. ആരെങ്കിലും ഈ പ്രതിരോധം ചാടിക്കടക്കാൻ ശ്രമിച്ചാൽ അവന്റെ ഊര മുറിയും. ജമാഅത്തെ ഇസ്ലാമിക്ക്‌ അതിശക്തമായി പ്രതികരിക്കണമെന്നുണ്ടായിരുന്നു. വഹാബി ഗ്രൂപ്പുകാർക്ക്‌ ആർത്തലയ്ക്കണമെന്നുണ്ടായിരുന്നു. നിലനിൽപ്പിനു വേണ്ടി പരസ്പരം പോരടിക്കുന്ന ഈ ഗ്രുപ്പുകൾക്ക്‌- അന്യോന്യം ആധിപത്യം നേടാൻ ഇതൊരു സുവർണാവസരം ആക്കാമായിരുന്നു. പക്ഷേ, ധൈര്യമില്ല. സ്വന്തം തലച്ചോറിനകത്ത്‌ ഉഗ്ര സ്ഫോടനം നടന്നിട്ടും ഒന്ന്‌ ഉറച്ചു കരയാനാകാതെ സ്വന്തം ഉടുപുടവകൾക്കകത്ത്‌ ഇവർ ഞെരിപിരി കൊളളുന്നത്‌ പേടിയുടെ കടുപ്പം കൊണ്ടാണ്‌. ഏത്‌ ഭീരുവും ചെയ്യുന്ന തറവേല ഇവർ ഇപ്പോൾ ചെയ്തു വരുന്നുണ്ട്‌; നെറ്റിൽ മേൽവിലാസമില്ലാത്ത പ്രതികരണങ്ങൾ എഴുതിവിടുന്നു- പുറത്തിറങ്ങി പറയാൻ ധൈര്യമില്ലാത്തതുകൊണ്ട്‌. കഴുത അതിന്റെ കാമം കരഞ്ഞുതീർക്കും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌.

ആരാദ്യം എന്നൊരു മത്സരം ഇവ്വിഷയത്തിൽ തുടക്കത്തിലേ നിലനിന്നിരുന്നു. വല്യ ബുദ്ധിജീവികളും ജ്ഞാനികളുമല്ലേ; അതുകൊണ്ട്‌ ജമാഅത്തുകാർ തുടങ്ങട്ടെ എന്ന്‌ വഹാബി ഗ്രൂപ്പുകാർ കരുതി. പ്രമാണ വഴക്കുകളിൽ പ്രാവീണ്യം നേടിയവരായതുകൊണ്ട്‌ വഹാബി ഗ്രൂപ്പുകൾ കലമ്പിത്തുടങ്ങട്ടേയെന്ന്‌ ജമാഅത്തുകാരും ശഠിച്ചു. തുടങ്ങിയവർക്കു പിന്നാലെ കൂടിയാൽ സ്വന്തം കുപ്പായത്തിൽ ചെളി വീഴാതെ നോക്കാമല്ലോ. പിരിമുറുക്കം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കെ നാൽപ്പത്‌ കോടിയുടെ ശഅ​‍്‌റേ മുബാറക്ക്‌ ഗ്രാൻഡ്‌ മസ്ജിദിന്റെ പ്രഖ്യാപനം വന്നു. ഇതോടെ നിയന്ത്രണങ്ങളുടെ ചരട്‌ പൊട്ടി. ആരെങ്കിലും എന്തെങ്കിലും ചെയ്തേ പറ്റൂ എന്നായി. പെൻഗ്വിൻ കഥപോലെ, ജലാശയത്തിൻ കരയിൽ ബിദ്അത്ത്‌ കൂട്ടം തിക്കിത്തിരക്കി നിന്നു, ചാടാൻ ആർക്കും ധൈര്യമില്ല. ഒടുവിൽ ഒ അബ്ദുല്ലയെ ആരോ ഉന്തിയിട്ടു. രണ്ടും കൽപ്പിച്ച്‌ ഇയാൾ എടുത്തുചാടി എന്നും പറയുന്നുണ്ട്‌. വാർത്ത തെറ്റാകാൻ ഇടയില്ല. വിവരത്തിനും എത്രയോ ഇരട്ടി വിവരക്കേട്‌ തനിക്കുണെ​‍്ടന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ തെളിയിച്ച മാന്യദേഹമാണല്ലോ മി. അബ്ദുല്ല. ഇയാളിന്‌ വേറൊരു സൗകര്യം കൂടിയുണ്ട്‌. തെറ്റിയപ്പോൾ, പണെ​‍്ടാരു മച്ചിക്കെട്ടിയോൾ കെട്ടിയോനോട്‌ പറഞ്ഞതുപോലെ; അബ്ദുല്ലക്ക്‌ ഒക്കെത്തെടുക്കാനുമില്ല കൈ പിടിച്ചു നടത്താനുമില്ല. ഒറ്റത്തടി, കണ്ട വഴി. തെങ്ങാണെങ്കിലും തലപ്പുണെ​‍്ടങ്കിൽ വെട്ടിവീഴ്ത്താൻ ഒട്ടു പ്രയാസം കാണും. തല പോയ തെങ്ങായതിനാൽ എങ്ങോട്ടു വേണമെങ്കിലും മുറിച്ചു വീഴ്ത്താം. താഴെ ഭൂമി, മേലെ ആകാശം. എന്തും പറയാം, ഏതും എഴുതാം. ചോദിക്കാനോ പറയാനോ സ്വന്തമായൊരു ശൂറ പോലുമില്ല. പത്ത്‌ മാന്യന്മാർ ചേർന്ന്‌ ഒരു പോഴത്തം ചെയ്യില്ല. ചെയ്തേ പറ്റൂ എങ്കിൽ പുറമെ നിന്നു ഒരു പക്കാ പോഴത്തക്കാരനെ തരപ്പെടുത്തും. ഇതാണിപ്പോൾ എൻ ഡി എഫ്‌ ദിനപത്രത്തിലൂടെ നടന്നത്‌. ബിദ്അത്ത്‌ പ്രസ്ഥാനക്കാർക്ക്‌ പറയാനുള്ളത്‌ പറയാനായി. ആക്ഷേപം വന്നാൽ ഓ... അബ്ദുല്ലയല്ലേ എന്നു കൈമലർത്തുകയും ചെയ്യാം. പാവം അബ്ദുല്ല.

എൻ ഡി എഫ്‌- ഒ അബ്ദുല്ല കൂട്ടുകെട്ട്‌ ഉന്നയിച്ച വിഷയം തികഞ്ഞ നബിനിന്ദയാണ്‌. നബി(സ)യുടെ ആസാറുകളെ ആദരിക്കുന്നതും അവ സൂക്ഷിക്കുന്നതും അതുകൊണ്ടു ബറക്കത്തെടുക്കുന്നതും രോഗശമനം തേടുന്നതും ഇസ്ലാമികമാണ്‌. നബി(സ) ഇതനുവദിച്ചു, സ്വഹാബത്ത്‌ അത്‌ ചര്യയാക്കി, താബിഉകളും പിൻമുറക്കാരുമായ മുഴുവൻ മഹാന്മാരും ഇതംഗീകരിച്ചു. വിശുദ്ധ ഖുർആനിനു ശേഷം ഏറ്റവും ആധികാരികമായ സ്വഹീഹുൽ ബുഖാരി, സ്വഹീഹ്‌ മുസ്ലിം തുടങ്ങി സർവസ്വീകാര്യങ്ങളായ ആറ്‌ ഹദീസ്‌ സമാഹാരങ്ങളിലും മറ്റനവധി ഹദീസ്‌ ഗ്രന്ഥങ്ങളിലും ഇവ്വിഷയം സംബന്ധിച്ച ഹദീസുകളും ചർച്ചകളുമുണ്ട്‌. നബി ചരിത്ര ഗ്രന്ഥകാരന്മാരും ആത്മീയ ചർച്ചകൾ നടത്തുന്ന ആധ്യാത്മ ഗ്രന്ഥങ്ങളും `ആസാറുന്നബിയ്യ്‌` സമഗ്രമായി ചർച്ച ചെയ്യുകയും ഈ ആശയം തള്ളിപ്പറയുന്നതു മതഭ്രഷ്ടിനു കാരണമാകുമെന്നുവരെ പറഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്‌. ഒ അബ്ദുല്ലയും എൻ ഡി എഫും ഇനിയെന്തു ചെയ്യും? പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയത്‌ നബി നിന്ദയുടെ പേരിലാണെങ്കിൽ ഒ അബ്ദുല്ലയുടെ രണ്ട്‌ കൈയും തോളത്തുവെച്ചു വെട്ടിമാറ്റാൻ ഈ ഒറ്റ ലേഖനത്തിൽ വകയുണ്ട്‌. അത്രക്ക്‌ ഹീനവും മലിനുവുമായ ഭാഷയിലാണ്‌ ഇയാൾ നബി (സ)യുടെ ആസാറുകളെ പരിഹസിച്ചത്‌. എൻ ഡി എഫിലുമുണ്ടല്ലോ ഫൈസിപ്പട്ടവും ബാഖവിപ്പട്ടവും ചുമക്കുന്നവർ. ഇവ്വിഷയത്തിലെ ഇസ്ലാമിക മാനം ഇവർക്കറിയാതെ വരില്ല. അബ്ദുല്ല പ്രതിയാണെങ്കിൽ പ്രൊഫ. കോയ കൂട്ടുപ്രതിയാണ്‌. പ്രൊഫ. ജോസഫിന്റെ കൈ വെട്ടാൻ മത വിധി പുറപ്പെടുവിച്ചവർക്ക്‌ ഈ പ്രതികളുടെ കൈ ഒന്നിച്ചുവെട്ടാൻ ബുദ്ധിമുട്ടുണെ​‍്ടങ്കിൽ കൈവെട്ട്‌ നടപ്പാക്കാൻ കുറേക്കൂടി തീവ്രമായ മറ്റൊരു വൈകാരിക കൂട്ടായ്മ ഉണ്ടാകട്ടെ. കാന്തപുരത്തെ നേരിടാനുള്ള വ്യഗ്രതയിൽ കളി നബി (സ)യോടാണെന്ന കാര്യം മറന്നുപോയി. ആർക്കും എന്തസംബന്ധവും വിളിച്ചു പറയാവുന്ന നാടാണിത്‌. എന്നു കരുതി...

നബി (സ) ശിരോമുണ്ഡനം ചെയ്തപ്പോൾ ആരോ ചിലർ സ്വകാര്യമായി അതു കൈവശപ്പെടുത്തി സൂക്ഷിച്ചുവെക്കുകയായിരുന്നില്ല. ലക്ഷത്തോളം അനുചരന്മാർ സമ്മേളിച്ച ഹജ്ജത്തുൽ വിദാഇലാണ്‌ സംഭവം. ഹജ്ജും അനുബന്ധ കാര്യങ്ങളും പഠിക്കാൻ വേണ്ടി ആറാമിന്ദ്രിയം വരെ തുറന്നുവെച്ചു ജാഗ്രതയോടെയിരിക്കുന്ന അനുചരന്മാർ. കൊഴിഞ്ഞു വീഴുന്ന മുടിനാരിഴകൾക്കുവേണ്ടി അനുചരന്മാർ മത്സരിക്കുന്നതു താൻ നോക്കി നിന്നു എന്ന്‌ അനസ്‌ (റ) പറയുന്നു. ഒരു ഘട്ടത്തിൽ, ഒന്നും രണ്ടുമായി മുടിയിഴകൾ തിരുനബി (സ) തന്നെ അവർക്കിടയിൽ വീതിച്ചു നൽകി. പിന്നെ അബൂത്വൽഹ(റ)യെ വിതരണച്ചുമതല ഏൽപ്പിച്ചു. ശിരസ്സിന്റെ വലതുഭാഗത്തെ മുടികൾ പരസ്യമായി അദ്ദേഹം വിതരണം ചെയ്തുവെന്നും ഇടതുഭാഗത്തേതു നബി (സ) അബൂത്വൽഹ (റ)ക്ക്‌ സ്വന്തമായി നൽകിയെന്നുമാണ്‌ മറ്റൊരു നിവേദനം. വേറൊരു നിവേദനത്തിൽ, കുറച്ചുഭാഗം അനസ്‌ (റ)നെ ഏൽപ്പിച്ചുകൊണ്ട്‌ `ഉമ്മക്ക്‌ കൊണ്ടുപോയി കൊടുക്കുക` എന്നു നബി (സ) കൽപ്പിച്ചതായും കാണാം. അനസ്‌ (റ)ന്റെ മാതാവ്‌ സുലയ്മിനു- അബൂത്വൽഹ (റ)ന്റെ ഭാര്യയാണിവർ. ബുഖാരി, മുസ്ലിം തുടങ്ങിയ പ്രബല ഹദീസ്‌ സമാഹാരങ്ങളിലാണ്‌ ഈ ഹദീസുകൾ വന്നിരിക്കുന്നത്‌. വിശ്വ പ്രസിദ്ധങ്ങളായ ഫഥുൽ ബാരിയും ശറഹ്‌ മുസ്ലിമും ഉംദതുൽ ഖാരിയും മറ്റും ഇവ്വിഷയങ്ങൾ സവിസ്തരം ചർച്ച ചെയ്യുന്നുണ്ട്‌. അന്ധവിശ്വാസങ്ങളെക്കുറിച്ച്‌ ഈ വിമർശകരേക്കാൾ ജാഗ്രത എന്തായാലും നബി (സ)ക്കുണ്ടാകുമെന്നു കരുതാമല്ലോ. എങ്കിൽ ഒ അബ്ദുല്ലയും എൻ ഡി എഫും മറുപടി പറയണം; റസൂൽ (സ) എന്തിനിതൊക്കെ അനുവദിച്ചു? അനുചരന്മാർ എന്തിനിതു ചെയ്തു? കൈവെട്ടിനു ഫത്‌വയിറക്കിയ പുരോഹിതന്മാർ ഇപ്പോഴും കൂടെത്തന്നെ കാണുമല്ലോ. മറുപടി പറയട്ടെ; കാണാമല്ലോ. (തുടരും)
siraj news daily
24-02-2011

തിരുകേശം ദർശിക്കുന്നതിനും പുണ്യജലം സ്വീകരിക്കുന്നതിനും മർകസിൽ വന്നുചേർന്നവരെ പുലഭ്യം പറഞ്ഞവർ, ഉസ്മാനുബ്നു അബ്ദുല്ലാഹിൽ മൗഹിബിൽ നിന്ന്‌ ഇമാം ബുഖാരി നിവേദനം ചെയ്ത ഈ ഹദീസ്‌ ഒന്നു കാണുക: `എന്റെ കുടുംബം എന്നെ ഒരു വെള്ളപ്പാത്രവുമായി ഉമ്മുസലമ(റ) യുടെ അടുത്തേക്കയച്ചു. അവർ `ജുൽ ജുൽ` എന്നു പേരായ ഒരു വെള്ളിച്ചെപ്പുമായി വന്നു. അതിൽ തിരുനബി(സ) യുടെ പുണ്യകേശം സൂക്ഷിച്ചിരുന്നു. ആർക്കെങ്കിലും കണ്ണേറോ മറ്റോ പറ്റിയാൽ ഉമ്മുസലമയുടെ അടുത്തേക്കു വെള്ളപ്പാത്രവുമായി അയക്കുന്ന പതിവ്‌ അന്നുണ്ടായിരുന്നു. ഞാനാ വെള്ളിച്ചെപ്പിലേക്ക്‌ സൂക്ഷിച്ചു നോക്കി. അതൊരു ചെമ്പിച്ച മുടിയായിരുന്നു.` അപ്പോൾ എൻ ഡി എഫ്‌ പത്രം ഉയർത്തുന്ന വിമർശത്തിന്റെ കുന്തമുന നീളുന്നത്‌ ആർക്കു നേരെയാണ്‌? നബിപത്നിയായ ഉമ്മുസലമ (റ) നു നേരെ! ഉമ്മുസലമ ബീവിയെ നബിപത്നി എന്നു വെറുതെ പറഞ്ഞാൽ പോര, ഇസ്ലാമിക ചരിത്രത്തിൽ ത്യാഗത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെട്ട മാന്യ വനിതയാണവർ. രണ്ട്‌ ഹിജ്‌റ ചെയ്തവർ, സ്വന്തം കുഞ്ഞിനെ മാറോടു ചേർത്ത്‌ ഏകാകിനിയായി മരുഭൂമി താണ്ടി മദീനയിൽ ചെന്നു നബി(സ) യെയും അനുചരന്മാരെയും വിസ്മയിപ്പിച്ചവർ. ഇഷ്ടം മൂത്ത്‌ നീയും നിന്റെ മക്കളും എന്റെ അഹ്ലുബൈത്താണെന്ന്‌ നി(സ) പ്രകീർത്തിച്ചവർ. തിരുകേശം കൊണ്ട്‌ രോഗശമനത്തിന്‌ ഇവരുടെ അടുത്തേക്ക്‌ ഉസ്മാൻ(റ) പോയത്‌ ഒറ്റപ്പെട്ട സംഭവമല്ല; അതൊരു പതിവു കാഴ്ചയായിരുന്നു! ആരായിരുന്നു ഈ പതിവുകാർ? മുഹാജിറുകളും അൻസാറുകളും. `ഞാൻ ഇവരെയും ഇവർ എന്നെയും തൃപ്തിപ്പെട്ടു`വെന്ന്‌ അല്ലാഹുവിന്റെ സാക്ഷിപത്രം വാങ്ങിയ (സൂറ: തൗ: 100) തിരുനബിയുടെ പ്രിയപ്പെട്ടവർ. മർകസിനു മുമ്പിൽ കന്നാസുമായി ക്യൂ നിന്നവരെ വിടുക; ഉമ്മുൽ മുഅ​‍്മിനീന്റെ അടുക്കൽ ക്യൂ നിന്നവരെ എന്തുചെയ്യും. അവർ അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന്‌ വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തിയവരാണല്ലോ. ഒ അബ്ദുല്ലയെയും എൻ ഡി എഫ്‌ പത്രത്തെയും ഇനി എന്തുചെയ്യണം? കൈവെട്ടു മുഫ്തിമാർ തന്നെ വിധിക്കട്ടെ!

കാന്തപുരവും മർകസും ചെയ്തത്‌ മഹാ അപരാധമാണെങ്കിൽ ഇതേ അപരാധം ചെയ്ത മറ്റൊരാളെ കൂടി ചൂണ്ടിക്കാണിക്കട്ടെ- ഇരുട്ടിന്റെ മറവിൽ നീതി നടപ്പാക്കുന്ന ചുണക്കുട്ടികൾ ഈയാളിനെ എന്തു ചെയ്യുമെന്നു കാണാമല്ലോ- ഖാലിദ്ബ്നു വലീദ്‌(റ). യർമുക്ക്‌ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടെ ഖാലിദ്‌ (റ) ന്റെ ഒരു തൊപ്പി കാണാതായി. അതു കണെ​‍്ടത്താൻ അദ്ദേഹം സൈനികരെ നിയോഗിച്ചു. നേതാവിന്റെ പരിഭ്രമം കണ്ടപ്പോൾ സൈനികർ ഊർജിതമായി അന്വേഷിച്ചു തൊപ്പി കണെ​‍്ടത്തി; പഴകി കീറിത്തുടങ്ങിയ വെറുമൊരു തൊപ്പി! അനുയായികൾ വിസ്മയിച്ചപ്പോൾ ഖാലിദ്‌(റ) തൊപ്പിയുടെ മഹത്വം വെളിപ്പെടുത്തി: തൊപ്പിക്കകത്ത്‌ നബി(സ) യുടെ പുണ്യകേശങ്ങളിൽ രണെ​‍്ടണ്ണം തുന്നിച്ചേർത്തു വെച്ചിട്ടുണ്ട്‌. നബി(സ) ഉംറ നിർവഹിച്ചു ശിരോമുണ്ഡനം ചെയ്തപ്പോൾ ആ മുടിയിഴകൾക്കു വേണ്ടി അനുചരന്മാർ തിരക്കുകൂട്ടി. നെറുകയിലെ രണ്ട്‌ കേശങ്ങൾ ഖാലിദ്‌(റ)നും കിട്ടി. അത്‌ ഈ തൊപ്പിയുടെ നെറുകെയിൽ തുന്നിച്ചേർത്തു. ഈ തൊപ്പി ധരിച്ചുകൊണ്ട്‌ ഞാൻ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം എനിക്കു വിജയമേ ഉണ്ടായിട്ടുള്ളൂവെന്ന്‌ ഖാലിദ്‌(റ) പ്രസ്താവിക്കുകയും ചെയ്തു. പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങൾ തർക്കമില്ലാതെ ഉദ്ധരിച്ച ഹദീസാണേ ഇത്‌, തൊട്ടു കളിക്കേണ്ട; പൊള്ളും. ഒ അബ്ദുല്ലയോ എൻ ഡി എഫുകാരോ യർമുക്ക്‌ പടക്കളത്തിൽ ഇല്ലാതിരുന്നത്‌ ഖാലിദ്‌(റ)ന്റെ ഭാഗ്യം. ` അന്ധവിശ്വാസ`ത്തിനെതിരെ ഒരു പ്രതിവി പ്ളവം അവിടെ പൊട്ടിപ്പുറപ്പെട്ടേനെ! ഖാലിദ്‌(റ) ന്റെ സംഭവത്തിന്‌ നെറ്റിൽ ഒരു വിരുതന്റെ കുനിഷ്ട്‌ മറുപടി: രണ്ട്‌ മുടിയിഴകൾ കൊണ്ട്‌ മുഴുവൻ യുദ്ധവും ജയിച്ചെങ്കിൽ മുഴുവൻ മുടിയും തലയും ഉടലും ഒന്നാകെ ഉണ്ടായിട്ടും-നബി(സ)യുടെ സാന്നിധ്യം-എന്തേ ഉഹ്ദിൽ സംഭവിച്ചതെന്ന്‌! വിഡ്ഢിക്കൂഷ്മാണ്ഡം! കാൽച്ചെറുവിരലുകൊണ്ട്‌ ചിന്തിക്കുന്ന ഈ സാധുമനുഷ്യനു മറുപടി കണെ​‍്ടത്താൻ ഒരു വഴി പറഞ്ഞുകൊടുക്കാം- ഈ മുടിയും തലയും ഉടലും, ഇമ്മാതിരി ലക്ഷത്തിൽപരം തലയും ഉടലുമുള്ള നബിമാരെ വേറെയും നിയോഗിക്കുകയും ഇസ്ലാമിന്റെ രക്ഷക്കു വേണ്ടി ഉഹ്ദിലേക്ക്‌ നബി (സ) യെ അയക്കുകയും ചെയ്ത സാക്ഷാൽ പടച്ചതമ്പുരാന്റെ സാന്നിധ്യവും ഉഹ്ദിൽ ഉണ്ടായിരുന്നല്ലോ- എന്നിട്ടും എന്തേ തിരിച്ചടി ഉണ്ടായി? ചെന്ന്‌ തലകീഴായിക്കിടന്ന്‌ ആലോചിച്ചുനോക്ക്‌. കിട്ടുന്ന മറുപടിയിൽ ഖാലിദ്‌ (റ)ന്റെ പ്രശ്നത്തിനും മറുപടിയുണ്ടാകും; വെറുതെ മെനക്കെടുത്താൻ.

ഇസ്ലാമിലെ ആധികാരിക പ്രമാണങ്ങൾ ശക്തമായി പിന്തുണക്കുന്ന ഒരാശയത്തെ ഇത്ര നഗ്നമായി പരിഹസിക്കാൻ ഇടവന്ന സാഹചര്യം കൂടി പരിശോധിക്കേണ്ടതുണ്ട്‌. അപ്പോഴാണ്‌ മുമ്പ്‌ എൻ പി ഹാഫിസ്‌ മുഹമ്മദ്‌ എഴുതിയത്‌ ഓർമ വരുന്നത്‌. ഏതോ മുസ്ലിംവിരുദ്ധ ശക്തിയുടെ സൃഷ്ടിയാണ്‌ എൻ ഡി എഫ്‌ എന്നായിരുന്നു ഹാഫിസ്‌ സമർഥിച്ചിരുന്നത്‌. അന്നത്‌ അവിശ്വസനീയമായി തോന്നി. പ്രൊ. കോയയുടെ മറുകുറി വായിച്ചതോടെ ഹാഫിസിനെ അപ്പാടെ തള്ളി. പക്ഷേ, ഇടക്കാലത്ത്‌ ഈ നിഗൂഢ സംഘത്തിന്റെ നീക്കങ്ങൾ കാണുമ്പോൾ ഹാഫിസിന്റെ കണെ​‍്ടത്തലുകൾ ശരിയായിരുന്നു എന്നു സമ്മതിക്കേണ്ടതായി വരുന്നു. നാലോലപ്പടക്കവും പാക്കുവെട്ടുന്ന പേനക്കത്തിയും കൊണ്ട്‌ ഒരു ബഹുസ്വര സമൂഹത്തിൽ മുസ്ലിം സമുദായത്തിന്റെ താത്പര്യങ്ങൾ വേവിച്ചെടുക്കാമെന്നു കരുതുന്ന വെറും അവിവേകികളുടെ കൂട്ടമല്ല ഇത്‌. ഇവർക്ക്‌ ഹിഡൻ അജൻഡകളുണ്ട്‌. അതു പുറത്തേക്കു കാണുന്നതിലും ഭീകരമാണ്‌. പ്രവാചക നിന്ദക്കു കാരണമായ സ്പാനിഷ്‌ കാർട്ടൂൺ അതേപടി പുന:പ്രസിദ്ധം ചെയ്ത്‌ നിന്ദ ആവർത്തിച്ച ലോകത്തെ ഒരേയൊരു മുസ്ലിം പത്രം ഇവരുടെതാണ്‌. ന്യൂമാൻസ്‌ കോളജ്‌ അധ്യാപകന്റെ വികൃത ചിന്തകൾ ഒരു ചോദ്യപേപ്പറിൽ അവസാനിക്കേണ്ടതായിരുന്നു. ആ നിന്ദാഭാഗങ്ങൾ അരയും മുറിയുമായി നിരന്തരം പ്രസിദ്ധീകരിച്ച്‌ അതൊരു ഇലക്ഷൻ വിജയത്തിലെത്തിച്ചതിനു പിന്നിൽ ഒരിക്കലും നബിസ്നേഹം ഇല്ല. നബിദിനത്തിനു കീർത്തന ക്യാമ്പയിൻ. വിഷയമാകട്ടെ, നബിചരിത്രത്തിലെ സംഘർഷത്തിന്റെ അരികുപിടിച്ചുകൊണ്ടും. സ്വന്തം ഹിഡൻ അജൻഡ നടപ്പാക്കുന്നതിനു ചരിത്രത്തിൽ സ്നേഹവഴികളല്ല, ചോരച്ചാലുകളാണിവർ തിരയുന്നത്‌. മറ്റൊന്നു കൂടി പറയണം; ഇത്‌ കടുത്ത ബിദ്അത്ത്‌ പ്രസ്ഥാനമാണ്‌. ജമാഅത്തെ ഇസ്ലാമിക്കോ വഹാബി പ്രസ്ഥാനത്തിനോ നടപ്പാക്കാൻ കഴിയാതെപോയ മതനവീകരണം സാധ്യമാക്കാൻ ശാസ്ത്രീയവും ബുദ്ധിപരവുമായ മാർഗങ്ങൾ പരീക്ഷിക്കുന്ന പുത്തൻ നാസിസം. മർകസോ കാന്തപുരമോ മാത്രമല്ല ഇവരുടെ ലക്ഷ്യം. സമുദായത്തിന്റെ മുഖ്യധാരാ സംഘശക്തികളെ ദുർബലപ്പെടുത്തുകയാണ്‌. ഇങ്ങനെ തുറന്നുകിട്ടുന്ന ഇടം അബുൽ അഅ​‍്ലാ മൗദൂദി വിഭാവനം ചെയ്യുന്ന അക്രമോത്സുക ഇസ്ലാമിനെ പ്രതിഷ്ഠിക്കുകയാണ്‌ ലക്ഷ്യം. ഇത്‌ മുസ്ലിംകളെയോ ഇസ്ലാമിനെയോ മാത്രം ബാധിക്കുന്ന കാര്യമല്ല, നമ്മുടെ മതേതരത്വത്തെയും ബഹുസ്വരതയെയും ബാധിക്കുന്നതാണ്‌. ഇതിനെതിരെ പൊതുജാഗ്രത ഉണ്ടാകണം.

സ്വന്തം അജൻഡകൾ നടപ്പാക്കുന്നതിന്‌ എന്തൊക്കെയാണിവർ ഇസ്ലാമിൽ നിന്ന്‌ വെട്ടിമാറ്റുക! ബുഖാരിയിൽ നിന്ന്‌ അറുപത്‌ ഹദീസുകൾ വെട്ടിമാറ്റിക്കൊണ്ട്‌ ഇവിടെയൊരു വഹാബി വൃദ്ധശിങ്കം കറങ്ങിനടക്കുന്നുണ്ട്‌. തന്റെ ശുഷ്കമായ മസ്തിഷ്കത്തിനു പാകമാകാത്ത ഹദീസുകൾ ചാടിക്കടന്നുപോകുകയാണ്‌ പതിവെന്ന്‌ അബ്ദുല്ലയും എഴുതുന്നു. കൊള്ളാം, ഇങ്ങനെ ചാടിയാൽ, ഹദീസുകൾ മാത്രം ചാടിക്കടന്നാൽ മതിയാകില്ലല്ലോ; വിശുദ്ധ ഖുർആനും ചാടിക്കടക്കേണ്ടതായി വരില്ലേ? ശഅ​‍്‌റെ മുബാറകിന്‌ പിൻബലമായി വരുന്ന അതേ ആശയം വരുന്നല്ലോ അധ്യായം യൂസുഫിൽ. അതെന്തു ചെയ്യും? വൃദ്ധപിതാവിനു കാഴ്ച തിരികെക്കിട്ടാൻ യുസുഫ്‌ (അ) ഒരു കുപ്പായം കൊടുത്തയക്കുന്ന കഥയാണ്‌ വിശുദ്ധ ഖുർആൻ അധ്യായം 93-​‍ാം വചനത്തിൽ പറയുന്നത്‌. ആ കുപ്പായം കൊണ്ടുപോയി മുഖത്തോടു ചേർത്തപ്പോൾ യഅ​‍്ഖൂബ്‌ (അ)നു കാഴ്ച തിരികെ കിട്ടിയെന്ന്‌ 96-​‍ാം വചനത്തിലും പറയുന്നു. അതിലേറെ അതിശയം, ഈ കുപ്പായം ഈജിപ്തിൽ നിന്ന്‌ പുറപ്പെട്ടപ്പോഴേക്കും നാനൂറ്‌ മൈൽ അകലെ കൻആനിൽ കഴിയുന്ന യഅ​‍്ഖൂബ്‌ (അ)ന്‌ കുപ്പായത്തിന്റെ ഉടമയുടെ വാസന കിട്ടിത്തുടങ്ങിയതാണ്‌ (വചനം 94). ജൗളിക്കടയിൽ പോയി ബ്രാൻഡഡ്‌ ഷർട്ട്‌ വാങ്ങി കൊടുത്തയക്കുകയല്ല യൂസുഫ്‌ നബി (അ) ചെയ്തത്‌. ഉപയോഗിച്ചിരുന്ന ഒരു പഴങ്കുപ്പായം കൊടുത്തയക്കുകയായിരുന്നു. അത്‌ സ്പർശിക്കേണ്ട താമസം, യഅ​‍്ഖൂബ്‌ (അ)നു കാഴ്ചശക്തി തിരികെ കിട്ടുകയും ചെയ്തു. തലയ്ക്കകത്തെ ഉണക്കച്ചാണകത്തിൽ തെളിയുന്ന യുക്തികൊണ്ട്‌ മി. അബ്ദുല്ലക്ക്‌ പറയാമോ ഈ കുപ്പായത്തിലടങ്ങിയ മെഡിക്കൽ എത്തിക്സ്‌ എന്താണെന്ന്‌? നാനൂറ്‌ മൈൽ സഞ്ചരിച്ചെത്തിയ പുത്രഗന്ധത്തിന്റെ ശാസ്ത്രയുക്തിയെ കുറിച്ച്‌? കേവല യുക്തികൊണ്ട്‌ മതസംജ്ഞകളെ വ്യാഖ്യാനിച്ചാൽ പിന്നെ അബ്ദുല്ലയുണ്ടാകില്ല. ഒരു ബിഗ്‌ സീറോ ആയി `ഒ` മാത്രം ബാക്കിയുണ്ടാകുകയും ചെയ്യും. (തുടരും)




25-02-2011
siraj news daily


0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More