Thursday, March 10, 2011

കേശപ്രദര്‍ശനത്തിലെ തിരുനബിസ്‌നേഹം


മുര്‍ശിദ്‌ പാലത്ത്‌ 

ഇസ്‌ലാമിക ഉണര്‍വില്‍ കേരളം ലോകത്തിനു മാതൃകയാണെന്നു പറയാറുണ്ട്‌. പരിമിതമായ വിഭവങ്ങളും സ്വാതന്ത്ര്യങ്ങളും ഇസ്‌ലാമികമായി ഉപയോഗിക്കുന്നതില്‍ നാം നേടിയെടുത്ത വിജയമാണ്‌ ഈ വിലയിരുത്തലിന്‌ നിദാനം. ഇസ്‌ലാമിക ഭരണവും ഏറെ സാധ്യതകളുമുള്ള മറ്റു പല ഭൂപ്രദേശങ്ങളെയും മുസ്‌ലിംസമൂഹത്തെയും അപേക്ഷിച്ച്‌ ഇത്‌ നമുക്ക്‌ അഭിമാനിക്കാവുന്ന നേട്ടമാണ്‌. ഖൈറുല്ലാഹ്‌ (ദൈവത്തിന്റെ നന്മ) എന്ന കേരളത്തിന്‌ അല്ലെങ്കിലും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ലല്ലോ ഈ ഒന്നാം സ്ഥാനം. സാക്ഷരതയിലും ആരോഗ്യത്തിലുമെല്ലാം നാം ഒന്നാം സ്ഥാനക്കാരാകുന്നതും നമ്മുടെ ചെറുപ്പത്തിന്റെ വലുപ്പം കൊണ്ടാണ്‌. ഇത്തരം നന്മകളില്‍ അസൂയാവഹമായ ഒന്നാംസ്ഥാനക്കാര്‍ പക്ഷേ തിന്മകളിലും മ്മിണി ബല്യ ഒന്നാംസ്ഥാനത്തിന്‌ അര്‍ഹരാണ്‌. മദ്യപാനത്തില്‍, സ്‌ത്രീകള്‍ക്കു നേരെയുള്ള കയ്യേറ്റങ്ങളില്‍, ആത്മഹത്യയില്‍, കുറ്റകൃത്യങ്ങളില്‍ എല്ലാം കേരളം വളരുന്നുണ്ട്‌.

കേരളത്തിന്റെ ഇസ്‌ലാമിക വളര്‍ച്ചയിലും നന്മയുടെ ഗ്രാഫിനൊപ്പം അനിസ്‌ലാമിക പ്രവണതകളും ഉയരുകയാണെന്ന്‌ തോന്നുന്നു. പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പിന്നീട്‌ അതിനെ ശരിയായ പ്രമാണമായി വ്യാഖ്യാനിക്കുകയും ചെയ്യാന്‍ മിടുക്കരാണ്‌ കേരളത്തിലെ യാഥാസ്ഥിതിക മുസ്‌ലിം നേതൃത്വം. അല്ലാഹുവല്ലാത്തവരെ വിളിച്ച്‌ പ്രാര്‍ഥിക്കരുതെന്നതാണ്‌ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറ. അതിനുവേണ്ടിയാണ്‌ പ്രവാചകന്മാര്‍ക്ക്‌ വേദഗ്രന്ഥങ്ങള്‍ ഇറക്കപ്പെട്ടത്‌. അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ)യും വിശുദ്ധ ഖുര്‍ആനും ഇതേ ദൗത്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ മുഹമ്മദ്‌ നബിയുടെയും ഖുര്‍ആനിന്റെയും അവതരണലക്ഷ്യം ആദംനബി(അ) മുതലുള്ള നബിമാരെയും മണ്‍മറഞ്ഞ മഹാത്മാക്കളെയും വിളിച്ചുപ്രാര്‍ഥിക്കാന്‍ പഠിപ്പിക്കലാണെന്നാണ്‌ യാഥാസ്ഥിതിക മതം. ഖുര്‍ആന്‍ വചനങ്ങളും പ്രവാചകചരിത്രവുമെല്ലാം അതിനുവേണ്ടി എത്ര മെയ്‌വഴക്കത്തോടെയാണവര്‍ ദുര്‍വ്യാഖ്യാനിക്കുന്നത്‌.

ആധുനിക പുരോഗതിയുടെ എല്ലാ കാരണങ്ങളെയും പല്ലും നഖവുമുപയോഗിച്ച്‌ എതിര്‍ത്ത പാരമ്പര്യമാണ്‌ യാഥാസ്ഥിതികരുടേത്‌. ഇംഗ്ലീഷ്‌ -മാതൃഭാഷാ പഠനവിരോധം, സ്‌ത്രീ വിദ്യാഭ്യാസ നിരോധം തുടങ്ങി എല്ലാം മത ശാസനങ്ങളാക്കിയവര്‍ ഇപ്പോള്‍ വിപ്ലവാത്മക മാറ്റത്തിനാണ്‌ വിധേയമായിക്കൊണ്ടിരിക്കുന്നത്‌. സ്വന്തം മര്‍കസുകളില്‍ നവസാങ്കേതികതയുടെ ഏറ്റവും പുതിയ വേര്‍ഷനുകള്‍ക്ക്‌ ഇടംകണ്ടെത്തുന്നവര്‍ നവോത്ഥാന പ്രവര്‍ത്തകര്‍ക്ക്‌ ഒട്ടൊന്നുമല്ല സംതൃപ്‌തി നല്‍കുന്നത്‌. ഒരു കാലത്ത്‌ തങ്ങളുടെ പൂര്‍വികര്‍ ഏറെ ആട്ടും തുപ്പും സഹിച്ചെങ്കിലും പതിറ്റാണ്ടുകള്‍ക്കിടയില്‍ തന്നെ ഇവയെല്ലാം അംഗീകരിക്കാനും പഴയ പരിഷ്‌കര്‍ത്താക്കളെ ഞമ്മന്റെ ആളുകളാക്കി പട്ടും വളയും അനുവദിക്കാനും അണിയിക്കാനും വിമര്‍ശകര്‍ മത്സരിക്കുന്നതില്‍ ഏതൊരു സുമനസ്സും ആഹ്ലാദിക്കും.
പക്ഷേ, ആധുനിക സാങ്കേതികതയും ശാസ്‌ത്രീയജ്ഞാനങ്ങളും അന്ധവിശ്വാസങ്ങള്‍ക്ക്‌ അരങ്ങും അണിയറയുമാക്കാനുള്ള ഗവേഷണങ്ങളാണ്‌ നവോത്ഥാന നായകരുടെ പിതൃത്വത്തിന്‌ ചരിത്രം മെനയുന്നവര്‍ നടത്തുന്നതെന്നത്‌ വേദനാജകമാണ്‌. ഇന്ത്യക്കകത്തും പുറത്തുമുള്ള അതിപ്രശസ്‌ത യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്ന യാഥാസ്ഥിതികര്‍ അഭ്യസ്‌തവിദ്യരായ പുതിയ സമൂഹത്തെ അന്ധവിശ്വാസങ്ങളിലേക്ക്‌ ആകര്‍ഷിക്കാനുള്ള ടെക്‌നിക്കുകളാണ്‌ ഗവേഷണങ്ങളിലൂടെ ഉല്‌പാദിപ്പിക്കുന്നത്‌. ജ്യോതിശാസ്‌ത്രത്തെ ജ്യോതിഷമാക്കാനും മകരജ്യോതിയും മകരവിളക്കും ഒരുപോലെ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത വിശ്വാസമാക്കാനും ശ്രമിക്കുന്ന ഹിന്ദു മതവിശ്വാസത്തോട്‌ മത്സരിക്കുന്നിടത്താണ്‌ മുസ്‌ലിം സമുദായം. ഭുരിപക്ഷ സമൂഹത്തിന്റെ ഓരോ വിശ്വാസവൈകൃതത്തോടും ഇഞ്ചോടിഞ്ച്‌ മത്സരിക്കുന്നുണ്ടവര്‍. പത്തുതലയും പല കൈകളും പ്രണയ പാരവശ്യവുമെല്ലാം സ്വിഫത്തായി പരിചയപ്പെടുത്തപ്പെട്ട ദൈവങ്ങള്‍ക്കും ദേവന്മാര്‍ക്കും സമാനമാകും വിധത്തില്‍ സ്വന്തം പ്രവാചകനെയും സച്ചരിതരായ മഹത്തുക്കളെയും പല ശരീരങ്ങളും അവയവങ്ങളുമുള്ള അതിമാനുഷരാക്കാന്‍ ഇവര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നു.

മുഹമ്മദ്‌ നബി(സ)യുടെ ജയന്തി ആഘോഷിക്കുന്നത്‌ ഒരു ഉദാഹരണമാണ്‌. റസൂലിനെ ലോകത്തിനു പരിചയപ്പെടുത്തുന്ന ഈ മാമാങ്കത്തില്‍ മുഹമ്മദ്‌ നബി(സ) വര്‍ണിക്കപ്പെടുന്നത്‌ മറ്റു മതക്കാരുടെ വിഗ്രഹവത്‌കരിക്കപ്പെട്ട പുണ്യാത്മാക്കളെക്കാള്‍ ഒരു പണത്തൂക്കമെങ്കിലും മുന്നിലാകണമെന്ന വാശിയോടെയാണ്‌! മൂന്നു കണ്ണുള്ള, വിയര്‍പ്പിനു സുഗന്ധമുള്ള, അനുചരന്റെ ഭാര്യയായ, അമ്മായിയുടെ മകളെ പ്രേമിച്ച്‌ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന, വിസര്‍ജ്യങ്ങള്‍ ഭൂമി വിഴുങ്ങുന്ന, സാദാ പ്രജനനാവയവത്തിലൂടെയല്ലാതെ പ്രസവിക്കപ്പെട്ട മുഹമ്മദ്‌(സ) എന്ന മട്ടിലുള്ള അതിഭാവുക കഥാപ്രസംഗങ്ങള്‍ പുരാണങ്ങളിലെ ദേവവര്‍ണനകളെ വെല്ലും!

ഈ ഹുബ്ബുര്‍റസൂലിന്‌ മിഴിവേകാന്‍ കേരളമിതാ പുതിയ ദൗത്യമേറ്റെടുക്കുകയാണ്‌. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി. പന്ത്രണ്ട്‌ ഏക്കറുകളില്‍ വിശാലമായി കിടക്കുന്ന നാല്‌പത്‌ കോടിയുടെ പള്ളി, വാസ്‌തുവിദ്യയുടെ കമനീയമായ മാതൃകയായി പരിലസിക്കുന്നത്‌ കേരള മുസ്‌ലിം സംസ്‌കൃതിയുടെ സമ്പന്ന വിരിമാറില്‍ കോഴിക്കോട്‌ നഗരത്തിന്റെ പ്രാന്തത്തില്‍. അഭിമാന മുഹൂര്‍ത്തത്തിന്‌ അധികം കാത്തിരിക്കേണ്ടതില്ല. സ്വപ്‌നപദ്ധതി മാസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകും. മുഹമ്മദ്‌ നബി(സ)യുടെ തിരുമുടി സൂക്ഷിക്കുന്ന മസ്‌ജിദ്‌ ശഅറെ റസൂല്‍, കോടീശ്വരന്മാരായ ആള്‍ദൈവങ്ങളുടെ എല്ലാ ആശ്രമങ്ങളെയും വെല്ലുന്നതാകുമെന്നതില്‍ സംശയമില്ല. നമ്മുടെ റസൂല്‍പ്രേമം കണ്ട്‌ ലോകം അന്ധാളിക്കട്ടെ. തിരുനബിയുടെ മുടിക്കഷ്‌ണം ഒന്ന്‌ കശ്‌മീരിലുണ്ട്‌. അത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു കലാപത്തിന്‌ കാരണമായിട്ടുണ്ടായിരുന്നു. അതാരോ മോഷ്‌ടിച്ചതാണ്‌ പ്രശ്‌നം. പ്രശ്‌ന സങ്കീര്‍ണമായ കശ്‌മീരിലെ സുരക്ഷാസേനക്കും കേന്ദ്ര-സംസ്ഥാന ഭരണകൂടത്തിനുമെല്ലാം വന്‍തലവേദനയായ പ്രസ്‌തുത സംഭവം മോഷണമുതല്‍ തിരിച്ചെടുത്തുകൊണ്ടാണ്‌ സര്‍ക്കാര്‍ പരിഹരിച്ചത്‌. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള സര്‍ക്കാറുകളുടെയും പൊതുസമൂഹത്തിന്റെയും പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നുവത്രെ അത്‌! കശ്‌മീരിലെ മുടി, പക്ഷേ വണ്ടത്ര പ്രയോജനപ്പെടുന്നില്ല. ഭൂമിയിലെ സ്വര്‍ഗമാണെങ്കിലും അവിടേക്ക്‌ തീര്‍ഥയാത്ര അത്ര സുഗമമല്ല. ഭീകരവാദികള്‍ക്കും തീവ്രവാദികള്‍ക്കും അന്ധവിശ്വാസം വെള്ളവും വായുവുമാണെങ്കിലും സാന്നിധ്യം ഉറപ്പിക്കാന്‍ അവര്‍ തിരുമുടി ദര്‍ശകര്‍ക്കിടയിലും പൊട്ടിത്തെറിച്ചേക്കും. അതുകൊണ്ടു തന്നെ അമര്‍നാഥ്‌ തീര്‍ഥാടനം പോലെ അത്‌ ഏറ്റെടുത്ത്‌ വിജയിപ്പിക്കാന്‍ സര്‍ക്കാറിന്‌ വിഷമമുണ്ട്‌.

കോഴിക്കോട്ടെത്തിയ മുടി ഇതിനെല്ലാം പരിഹാരമാകും. 40 കോടിയുടെ, പതിനായിരങ്ങള്‍ക്ക്‌ ഒരേസമയം നമസ്‌കരിക്കാവുന്നതും താമസിക്കാവുന്നതുമൊക്കെയായ പള്ളി ഒരു വെയ്‌സ്റ്റാവില്ലേ എന്ന്‌ ചിന്തിക്കുന്നവര്‍ക്ക്‌ തെറ്റി. ഇവിടം ഒരു മൂന്നാം ഹറമായി, ലോകത്തെ നാലാം തീര്‍ഥാടനകേന്ദ്രമായി ഭക്തജന നിബിഡമാകുമെന്നാണ്‌ അവകാശവാദം. പന്ത്രണ്ടു മാസങ്ങളിലും ഇരുപത്തിനാല്‌ മണിക്കൂറും ഇവിടം ത്വവാഫ്‌ ചെയ്യാന്‍ ആയിരങ്ങളുണ്ടാകും. ചെലവഴിക്കുന്ന നാല്‌പത്‌ കോടി നാലാഴ്‌ചകൊണ്ട്‌ പിരിച്ചെടുക്കും. ഗള്‍ഫ്‌ മൊത്തം കത്തിപ്പോയാലും മുടി സംഭാവന ചെയ്‌ത അറബി മുതല്‍ സകല ശൈഖന്മാരും മരിച്ചുതീര്‍ന്നാലും പുതിയ ഇന്റര്‍നാഷണല്‍ അന്ധവിശ്വാസ യൂണിവേഴ്‌സിറ്റികളെ തീറ്റിപ്പോറ്റാന്‍ ഈ മുടിപ്പള്ളിക്ക്‌ കഴിയും. റവന്യൂ കമ്മിയാല്‍ ആശങ്കപ്പെടുന്ന സര്‍ക്കാറിനും സമാധാനിക്കാവുന്നതാണ്‌. മുസ്‌ലിംകളുടെ ഭാഗത്തു നിന്നും മതേതര സര്‍ക്കാറിന്‌ സഹായം ചെയ്യാന്‍ ഈ പള്ളിയുണ്ടാകും. സ്ഥാപനത്തെ വഖ്‌ഫ്‌ ആക്‌ടിനു കീഴില്‍ കൊണ്ടുവന്ന്‌ ദേവസ്വം ബോര്‍ഡില്‍ നിന്നും വാങ്ങുന്നതു പോലെ ഇവിടെ നിന്നും കോടികള്‍ കടം വാങ്ങാം. ദുരന്തങ്ങളില്‍ നിവാരണത്തിനും ആശ്വാസധനം നല്‍കാനും ഇത്തിരി കരുതിവെച്ചാല്‍ മതി. കൂടാതെ സുനാമിക്കാലത്ത്‌ ചിലര്‍ വീടുണ്ടാക്കി സഹായിച്ച പോലെ ഈ മുടി ശഅറെ മര്‍കസും ഉദാരമായി സഹായിച്ചേക്കും.

ഇതെല്ലാം തിരുകേശ പള്ളിയുടെ ഭൗതികഗുണങ്ങളാണ്‌. ഈ കച്ചവടത്തില്‍ ഇത്‌ മാത്രമേ പ്രതീക്ഷിക്കേണ്ടതുമുള്ളൂ. എന്നാല്‍ യഥാര്‍ഥ മുസ്‌ലിംകള്‍ക്ക്‌ ചിലത്‌ ആലോചിക്കാനുണ്ട്‌. കേരളത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി വരുന്നതും അതൊരു മഹത്തായ ശില്‌പമാതൃകയാകുന്നതും സന്തോഷകരമാണ്‌; അത്‌ ലക്ഷ്യമാക്കുന്ന കാര്യങ്ങള്‍ മഹനീയമാകുന്ന കാലത്തോളം. കോഴിക്കോട്ട്‌ ഒരുപാട്‌ പള്ളികളുണ്ട്‌. ഇനിയും ഭക്തര്‍ റോഡിലും പള്ളിച്ചെരുവുകളിലും വീര്‍പ്പുമുട്ടി നമസ്‌കരിക്കുന്നുണ്ട്‌. പുതിയ വലിയ പള്ളികള്‍ ഇതിന്‌ പരിഹാരമാകും. പക്ഷേ, ആ പള്ളികള്‍ അല്ലാഹുവിനെ വിളിച്ചുപ്രാര്‍ഥിക്കാനും അവന്റെ ദൂതന്റെ സന്ദേശം വക്രതയില്ലാതെ പ്രചരിപ്പിക്കാനുമാകണം. ലോകത്ത്‌ മൂന്ന്‌ പള്ളികളിലേക്കേ പ്രത്യേക പുണ്യം തേടിയുള്ള തീര്‍ഥയാത്ര പാടുള്ളൂവെന്നാണ്‌ മുഹമ്മദ്‌ നബി(സ) പഠിപ്പിച്ചത്‌.
മക്ക, മദീന, ബൈതുല്‍ മുഖദ്ദസ്‌ എന്നിവിടങ്ങളിലാണ്‌ ആ പള്ളികള്‍. മുഹമ്മദ്‌ നബി(സ)യുടെ ജന്മനാടും വളര്‍ത്തുനാടുമെല്ലാം ഉള്‍ക്കൊള്ളുന്ന സഊദിയിലെ രാജാക്കന്മാര്‍ കാലാകാലങ്ങളില്‍ പണിത വന്‍പള്ളികള്‍ മുതല്‍ നമ്മുടെ ഗ്രാമാന്തര്‍ഭാഗങ്ങളിലെ കൊച്ചു സ്രാമ്പ്യകള്‍ വരെ മറ്റെല്ലാ പള്ളികളും പ്രതിഫലത്തില്‍ തുല്യമാണ്‌. അവക്കൊന്നിനും ഒരു പ്രത്യേക മഹത്വവും അല്ലാഹു കല്‌പിച്ചിട്ടില്ല. അതിനപ്പുറം ഒരു മാഹാത്മ്യവും പ്രാധാന്യവും പുതിയ മുടിപ്പള്ളിക്കുമുണ്ടാകില്ല.

പുറമെ, റസൂലിന്റെ ശരീരാവശിഷ്‌ടങ്ങളുടെ മഹത്വവത്‌കരണം, റസൂലിന്റെ ഉത്തമ ശിഷ്യന്മാരില്‍ നിന്നുള്ള പാരമ്പര്യമല്ല. റസൂലിന്‌ ആയിരക്കണക്കിന്‌ മുടികളുണ്ടായിട്ടുണ്ടാവാം. അതില്‍ നൂറുകള്‍ കൊഴിഞ്ഞിട്ടുണ്ടാകും. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത്‌ മൂന്ന്‌ നാലെണ്ണത്തെക്കുറിച്ച്‌ മാത്രമാണ്‌. ബാക്കിയൊക്കെ എവിടെ. എന്തുകൊണ്ട്‌ അവ സൂക്ഷിക്കപ്പെട്ടില്ല. റസൂല്‍ ഉപയോഗിച്ച എന്തെല്ലാം ഭൗതിക വസ്‌തുക്കളാണ്‌ ഇന്ന്‌ ലോകത്ത്‌ സൂക്ഷിക്കപ്പെടുന്നത്‌. വസ്‌ത്രവും പാത്രവും പാര്‍പ്പിടവുമെല്ലാം മുമ്പ്‌ സൂക്ഷിക്കപ്പെട്ടിരുന്നുവെന്നതിനും പില്‍ക്കാലത്ത്‌ നശിപ്പിച്ചതാണെന്നതിനും വസ്‌തുനിഷ്‌ഠമായ തെളിവുകളുണ്ടോ? അവയെല്ലാം സ്വാഭാവികമായി നശിച്ചതാണെങ്കില്‍ റസൂലി(സ)നെ ചാണിനു ചാണായും മുഴത്തിന്‌ മുഴമായും പിന്‍പറ്റിയവര്‍, സ്വന്തം ശരീരത്തേക്കാള്‍ സ്‌നേഹിച്ച സ്വഹാബികള്‍ ഇവയെല്ലാം അവഗണിച്ചതെന്തുകൊണ്ടാണ്‌?

കാരണം മറ്റൊന്നുമല്ല. ഇവയെല്ലാം സൂക്ഷിക്കപ്പെടേണ്ട തിരുശേഷിപ്പുകളാണെന്നോ ഇവ കാണുന്നതും തൊടുന്നതും മുത്തുന്നതുമെല്ലാം ഇഹലോകത്തോ പരലോകത്തോ ഗുണം നല്‍കുന്ന കാര്യമാണെന്നോ അവര്‍ മനസ്സിലാക്കിയില്ല. അവരുടെ റസൂല്‍(സ) അങ്ങനെ അവരെ പഠിപ്പിച്ചില്ല. റസൂല്‍ പുണ്യമായി പഠിപ്പിച്ചതൊന്നും ആര്‍ക്കും അവര്‍ വിട്ടുകൊടുത്തിട്ടില്ല. ഹജറുല്‍ അസ്‌വദ്‌ തകര്‍ക്കാന്‍ വന്നവരെയോ റസൂലിന്റെ(സ) ഖബ്‌ര്‍ തുരക്കാന്‍ വന്നവരെയോ അവര്‍ അനുവദിച്ചിട്ടില്ല. എന്ന്‌ മാത്രമല്ല, റസൂലിന്റെ സുന്ദരചരിത്രം വികൃതമാക്കിയ മുസ്‌ലിംകളും അല്ലാത്തവരുമായ നികൃഷ്‌ടരെ കണ്ടെത്താനും പരമാവധി അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കാലാകാലങ്ങളില്‍ സമൂഹത്തിലെ മുഹിബ്ബുര്‍റസൂലുകളായ ഉലമാക്കളും ഉമറാക്കളും ശ്രമിച്ചിട്ടുണ്ട്‌.

അതുകൊണ്ട്‌, ലോകാനുഗ്രഹിയും മാനവമോചകനുമായ മുഹമ്മദ്‌ നബി(സ)യോട്‌ ഇത്തിരിയെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ വേണ്ടത്‌ മരിച്ചുപോയ പുണ്യറസൂലിന്റെ വിസ്‌മൃതമായ ശരീരാവശിഷ്‌ടങ്ങള്‍ ഖനനം ചെയ്യാതെ പ്രഫുല്ലമായ, അനശ്വരമായ ജീവിതസന്ദേശങ്ങള്‍ സത്യാന്വേഷികളുടെ മനസ്സിലേക്കെത്തിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കുകയാണ്‌. ഭൗതികതയില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ ഹതാശരായ ആധുനിക സമൂഹം കാത്തിരിക്കുന്നത്‌ ഈ ആശ്വാസതുരുത്തുകളാണ്‌.

മുടിപ്പള്ളിയുടെ നിര്‍മാണഭംഗിയും അവിടുത്തെ വിശാല പൂന്തോട്ടത്തിലെ പൂക്കളും അവിടെ പരക്കുന്ന ഊദിന്റെ ഗന്ധവുമല്ല ആത്മശാന്തി തേടുന്നവര്‍ ആഗ്രഹിക്കുന്നത്‌. അല്ലാഹുവിന്റെ ഭവനങ്ങളില്‍ ഭക്തിയുടെ ആശ്വാസ കുളിര്‍തെന്നലാകാന്‍ എച്ചുകെട്ടലുകളില്ലാത്ത ഇസ്‌ലാമിക വിശ്വാസത്തിനും അനുഷ്‌ഠാനങ്ങള്‍ക്കും മാത്രമേ സാധിക്കൂ. അത്‌ നല്‍കുന്നതിന്റെ അളവാണ്‌ ഒരു പള്ളിയുടെ വലുപ്പം നിശ്ചയിക്കുക; തറ വിസ്‌തീര്‍ണമല്ല. നയനചാരുത ശില്‌പഭംഗിയിലല്ല ദൈവചൈതന്യത്തിലാണ്‌.

നബിവചനങ്ങള്‍ കടന്നുവന്ന വഴി, റിപ്പോര്‍ട്ടര്‍മാരുടെ വിശ്വസ്‌തത എന്നിവ നിഷ്‌കൃഷ്‌ടമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്‌. അതിനു ശേഷമാണ്‌ അതിലെ ശരിയേത്‌ പൊയ്യേതെന്ന്‌ രേഖപ്പെടുത്തപ്പെട്ടത്‌. എന്നാല്‍ റസൂലിന്റേതെന്ന്‌ അവകാശപ്പെടുന്ന മുടിയുടെ സൂക്ഷിപ്പുകാരുടെ സത്യത പരിശോധിക്കപ്പെട്ടിട്ടില്ല. ഇനിയാരെല്ലാം വേറെ മുടികള്‍ സ്വപ്‌ന ദര്‍ശനത്തിലൂടെയും മറ്റും രംഗത്തിറക്കുമെന്നും പറയാനാവില്ല. അന്ധവിശ്വാസങ്ങളില്‍ ബുദ്ധിക്കും യുക്തിക്കും പ്രസക്തിയില്ലെന്നറിയാം, എങ്കിലും പറഞ്ഞുപോകുകയാണ്‌. l

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More