Wednesday, March 23, 2011

തിരുനബി സ്നേഹത്തിലെ സുന്നത്തും ബിദ്അത്തും -ഖാലിദ് മൂസ നദ് വി

Prabodhanam Weekly 19.3.2011
ഒടുവിലത്തെ റസൂല്‍ മുഹമ്മദ് നബി(സ) സത്യവിശ്വാസികളുടെ ജീവിതത്തിലെ  നിത്യ-നിറസാന്നിധ്യമാണ്. അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുന്നതിലൂടെ മാത്രമല്ല; മുഹമ്മദ് നബി(സ)യുടെ രിസാലത്തിലുള്ള വിശ്വാസവും പ്രഖ്യാപിക്കുന്നതിലൂടെയാണ് ഒരാള്‍ ഇസ്ലാമില്‍ പ്രവേശിക്കുന്നത് തന്നെ. ബാങ്ക്, ബാങ്കിന് ശേഷമുള്ള ദുആ, നമസ്കാരം, നമസ്കാരാനന്തര പ്രാര്‍ഥനകള്‍ ഇവിടെയെല്ലാം റസൂല്‍ സ്മരണയും റസൂലിനുള്ള സ്വലാത്ത്-സലാമുകളും നിര്‍ബന്ധ ഘടകങ്ങളാണ്. നബിയോടുള്ള സ്നേഹപ്രകടനം സീസണല്‍ അല്ല എന്ന് വ്യക്തം.
അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കേണ്ടത് വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. 'മാതാ-പിതാക്കളെക്കാളും മക്കളെക്കാളും മറ്റു മുഴുവന്‍ ജനത്തെക്കാളും' റസൂലിനെയാണ് സ്നേഹിക്കേണ്ടത് എന്ന് റസൂല്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്.
റസൂലിനോടുള്ള സ്നേഹം  സ്വഹാബത്ത് മത്സരബുദ്ധിയോടെ പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിനുള്ള അനുസരണം  തന്നെയാണ് അതില്‍ പ്രധാനം. റസൂലിനുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണത്തിന്റെ പ്രത്യക്ഷ രൂപമായാണ് അവര്‍ പഠിപ്പിക്കപ്പെട്ടത്. റസൂലിനോടുള്ള സ്നേഹപ്രകടനവും തഥൈവ. റസൂലിനെ മുന്‍കടക്കാതിരിക്കുക, റസൂലിന്റെ സന്നിധിയില്‍ ഒച്ചവെച്ച് സംസാരിക്കാതിരിക്കുക, റസൂലിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പ്രത്യേകം ഉയര്‍ത്തിപ്പിടിക്കുന്നതാണ്.
റസൂലിന്റെ മഹത്വം ഗദ്യത്തിലും പദ്യത്തിലും സ്വഹാബത്ത് വര്‍ണിച്ചിട്ടുണ്ട്. കഅ്ബ് ബ്നു സുഹൈര്‍ നബിയെ പ്രശംസിച്ച് പാടുകയും നബി തന്റെ തട്ടം അദ്ദേഹത്തെ പുതപ്പിച്ചു കൊണ്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 'റസൂലിന്റെ പാട്ടുകാരന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ഹസ്സാനുബ്നു സാബിതിന് ധാരാളം നബി പ്രകീര്‍ത്തന ഗീതങ്ങളുണ്ടായിരുന്നു. മദീനയിലെത്തിയ റസൂലിനെ മദീനാവാസികള്‍ സ്വീകരിച്ചത് ദഫ്ഫ് മുട്ടിയും വര്‍ണനാഗീതങ്ങള്‍ പാടിയുമാണെന്ന വസ്തുത സര്‍വാംഗീകൃതമാണ്.
സലാമിലൂടെയും സ്വലാത്തിലൂടെയും റസൂലിനെ മഹത്വപ്പെടുത്തണമെന്നുള്ളത് ഖുര്‍ആന്റെ കല്‍പനയാണ്. നിര്‍ബന്ധ നമസ്കാരത്തില്‍ ആ കല്‍പന നാം നിര്‍ബന്ധപൂര്‍വം നിറവേറ്റുകയും ചെയ്യുന്നുണ്ട്. അതേയവസരം റസൂല്‍ 'അബ്ദ്'’അഥവാ അടിമ തന്നെയാണ്. ദിവ്യത്വത്തിന്റെ ഒരംശവും റസൂലിലില്ല. അതുകൊണ്ടാണ് 'അബ്ദും'’ 'റസൂലു'മായ മുഹമ്മദ് എന്ന വിശേഷണം വ്യാപകമായത്. ദിവ്യത്വത്തിന്റെ അംശം ആരോപിക്കാന്‍ ഇടവരുന്ന ഇസ്റാഅ് മിഅ്റാജ് സംഭവം പരാമര്‍ശിക്കുമ്പോള്‍ റസൂലിനെ അബ്ദ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് ശ്രദ്ധേയമാണ്. ഏഴ് ആകാശങ്ങളും താണ്ടി വന്നെങ്കിലും ശരി അവന്‍ അടിമ തന്നെ. അടിമക്ക് മക്കാ മുതല്‍ ഖുദ്സ് വരെ ഒറ്റ രാത്രിയില്‍ സഞ്ചരിക്കാനും തുടര്‍ന്ന് ഏഴ് ആകാശങ്ങളിലും കയറിയിറങ്ങാനും അതേ രാത്രി തന്നെ തിരിച്ച് മക്കയിലെത്താനും സഹായിച്ച അല്ലാഹുവിന് മാത്രമാണ് തസ്ബീഹ് അഥവാ കീര്‍ത്തനസ്തോത്രം. ഇതിനെല്ലാം ശേഷവും മുഹമ്മദ് അടിമ തന്നെയാണ് എന്നാണ് ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിക്കുന്നത്.
റസൂലിന്റെ പുത്രന്‍ ഇബ്റാഹീമിന്റെ മരണവും സൂര്യഗ്രഹണവും ഒന്നിച്ച് സംഭവിച്ചപ്പോള്‍ ചില വികാര പ്രകടനങ്ങള്‍ ഉണ്ടായി. നബിയോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കാന്‍ നല്ല അവസരമായിരുന്നു അത്. റസൂല്‍ നിര്‍ദാക്ഷിണ്യം ആ അവസരം വേണ്ടെന്നു വെച്ചു. വ്യാജവും കൃത്രിമവുമായ ഒരംഗീകാരവും റസൂലിന് വേണ്ട എന്ന് വ്യക്തം. ഗ്രഹണവേളയില്‍ റസൂല്‍ നടത്തിയ പ്രഖ്യാപനം “സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ അടയാളങ്ങളാകുന്നു, ആരുടെയെങ്കിലും ജനനത്താലോ മരണത്താലോ അവക്ക് ഗ്രഹണം സംഭവിക്കുന്നില്ല, ഗ്രഹണം ശ്രദ്ധയില്‍പെട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക, അവനെ സ്തുതിക്കുക, അവനോട് പ്രാര്‍ഥിക്കുക”എന്നായിരുന്നു.
റസൂല്‍ മരിച്ചപ്പോള്‍, റസൂലിനോടുള്ള സ്നേഹാധിക്യത്താല്‍, മരണം സംഭവിച്ചു എന്ന വസ്തുത അംഗീകരിക്കാന്‍ വിസമ്മതിച്ച ഉമറിനെ അടക്കിയിരുത്തിയത് അബൂബക്കറാണ്. അബൂബക്കര്‍ മദീനാ പള്ളിയിലേക്ക് കയറി വരുമ്പോള്‍ ഉമര്‍ വികാരഭരിതനായി പ്രസംഗിക്കുകയായിരുന്നു. "റസൂല്‍ മരിച്ചിട്ടില്ല, മൂസാ നബി തന്റെ അനുയായികളെ വിട്ട് നാല്‍പത് ദിവസത്തെ ധ്യാനത്തിന് പോയതുപോലെ റസൂലും പോയതാണ്. റസൂല്‍ തിരിച്ചുവരും. റസൂല്‍ മരിച്ചിരിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്റെ കൈയും കാലും ഞാന്‍ വെട്ടിക്കളയും.''”ഇമ്മട്ടിലായിരുന്നു ഉമറി(റ)ന്റെ വികാരപ്രകടനങ്ങള്‍. അബൂബക്കര്‍(റ) ഉമറി(റ)നോട് ഇരിക്കാനാവശ്യപ്പെടുകയും ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു: "ആരെങ്കിലും മുഹമ്മദിനെയാണ് ഇബാദത്ത് ചെയ്തതെങ്കില്‍ അറിയുക, മുഹമ്മദ് മരിച്ചു കഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ് ഇബാദത്ത് ചെയ്തിരുന്നതെങ്കില്‍ അറിയുക, അല്ലാഹുവിന്റെ നിത്യ സാന്നിധ്യം ഇവിടെയുണ്ട്, അവന് മരണമില്ല.'' ശേഷം അബൂബക്കര്‍ ഈ സൂക്തം പാരായണം ചെയ്തു: "മുഹമ്മദ് ദൈവദൂതനല്ലാതെ യാതൊന്നുമല്ല. അദ്ദേഹത്തിന് മുമ്പും ഒരുപാട് ദൂതന്മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞ് പോവുകയോ? എന്നാല്‍ ഓര്‍ത്തുകൊള്ളുക, ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും ചെയ്യുന്നില്ല. നന്ദിയുള്ളവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നതാകുന്നു'' (ആലുഇംറാന്‍ 144).
വഫാത്തായ നബി(സ)യുടെ ഭൌതിക ശരീരം അവര്‍ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും മയ്യിത്തിന് വേണ്ടി നമസ്കരിക്കുകയും ഖബ്റടക്കുകയും ചെയ്തു. ഖബ്റടക്കത്തിന് മുമ്പായി നബിയുടെ ശരീരത്തില്‍ നിന്ന് എന്തെങ്കിലുമെടുത്ത് സൂക്ഷിച്ചതായി നമുക്ക് അറിയില്ല. നബിയുടെ മുടി, നഖം, വസ്ത്രങ്ങള്‍ ഒന്നും തന്നെ നബിക്കു ശേഷം നബിയുമായി ബന്ധപ്പെട്ട 'തഖര്‍റുബി'ന് വേണ്ടിയോ 'തബര്‍റുകി'ന് വേണ്ടിയോ സൂക്ഷിക്കേണ്ടതുണ്ടെന്ന് അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) തുടങ്ങിയ മഹാന്മാരോ ആഇശ, ഫാത്വിമ(റ) തുടങ്ങിയ മഹതികളോ അഭിപ്രായപ്പെട്ടതായി കാണുന്നില്ല, അവര്‍ അതിന് മുതിര്‍ന്നതുമില്ല. നബി(സ)യെ ഖബറടക്കിയ ശേഷം ഖബ്റിന്റെ അടുത്ത് ശേഷിപ്പുകള്‍ സൂക്ഷിച്ച് സത്യവിശ്വാസികള്‍ക്കിടയില്‍ റസൂലിനോടുള്ള സ്നേഹം കൂടുതല്‍ വൈകാരികമാക്കിതീര്‍ക്കുന്നതിനുള്ള ഒരു സംവിധാനവും ഏര്‍പ്പെടുത്താന്‍ ഖിലാഫത്തുര്‍റാശിദ സന്നദ്ധമായിട്ടില്ല.
ബൈഅത്തുരിദ്വാന്‍ ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ സംഭവമാണ്. ഒരു മരച്ചുവട്ടിലിരുന്നായിരുന്നു സ്വഹാബികള്‍ റസൂലിനോട് ചരിത്ര പ്രസിദ്ധമായ ആ ബൈഅത്ത് നിര്‍വഹിച്ചത്. ഒരര്‍ഥത്തില്‍ റസൂലി(സ)ന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഭൌതിക തിരുശേഷിപ്പായിരുന്നു ആ മരം. പില്‍ക്കാലത്ത് ആ മരച്ചുവട്ടിലെത്തുമ്പോള്‍ വിശ്വാസികളുടെ മനോഭാവത്തിലും പെരുമാറ്റങ്ങളിലും ഒരസാധാരണത്വം അനുഭവപ്പെടുന്നുണ്ടോ എന്നു തോന്നിയ അമീറുല്‍ മുഅ്മിനീന്‍ ഉമര്‍(റ) ആ മരം മുറിച്ചു കളയുകയാണ് ചെയ്തത്.
നബി(സ) ഉംറത്തുല്‍ ഖദാഇലും ഹജ്ജത്തുല്‍ വിദാഇലും മുടി കളഞ്ഞിട്ടുണ്ട്. ചിലര്‍ അത് കൈവശപ്പെടുത്തി. മറ്റു ചിലര്‍ക്ക് നബി(സ) അത് സ്വന്തം കൈകൊണ്ട് നല്‍കി. പക്ഷേ മസ്ജിദുല്‍ ഹറാമില്‍ ഒരു ദര്‍ശന വസ്തുവായി തന്റെ തലമുടി വെക്കാന്‍ നബി(സ) നിര്‍ദേശിച്ചിട്ടില്ല. സ്വഹാബത്ത് ചെയ്തിട്ടുമില്ല. ഒരുപാട് പ്രതീകാത്മക ദര്‍ശന വസ്തുക്കളുള്ള ഇടമാണ് മസ്ജിദുല്‍ ഹറാം. കഅ്ബ, മഖാമു ഇബ്റാഹീം, ഹജറുല്‍ അസ്വദ്, സഫ, മര്‍വ തുടങ്ങിയ ദര്‍ശന കേന്ദ്രങ്ങളെല്ലാം പൂര്‍വകാല സ്മരണകളും വൈകാരിക സന്ദര്‍ഭങ്ങളും നല്‍കുന്ന കേന്ദ്രങ്ങളാണ്. പക്ഷേ എന്തുകൊണ്ട് നബി(സ)യുടെ മുടിയോ വസ്ത്രങ്ങളോ അവിടെ സ്ഥാനം പിടിച്ചില്ല? നബി(സ) അനുവദിക്കാത്തതു കൊണ്ടു തന്നെ, നബിയുടെ മാതൃകകളല്ലാത്തത് കൊണ്ടു തന്നെ, അത് അനുവദിച്ചുകൂടെന്ന സ്വഹാബികള്‍ക്ക് നിര്‍ബന്ധമുണ്ടായതുകൊണ്ടു തന്നെ.
മദീന  മുസ്ലിംകളുടെ തീര്‍ഥാടന കേന്ദ്രമാണ്. അവിടെ നബി(സ) പണികഴിപ്പിച്ച പള്ളിയുണ്ട്. നബി(സ) മഹത്വപ്പെടുത്തിയ റൌദഃ എന്ന സ്ഥലമുണ്ട്. പള്ളിപ്പരിസരത്ത് നബി(സ)യുടെ മഖ്ബറയുണ്ട്. അവിടെ തിരുശേഷിപ്പുകളൊന്നുമില്ല. നബി(സ)യുടെ മുടി തങ്ങള്‍ക്കുള്ളതാണെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ ഇടം നബി(സ)യുടെ പള്ളിയാണെന്നതില്‍ തര്‍ക്കിക്കേണ്ടിവരരുത്. മദീനാ പള്ളി കാണാനും റൌദഃയില്‍ ഇരിക്കാനും നബി(സ)യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യാനും പുറപ്പെടുന്നവര്‍ക്ക് ലഭിക്കേണ്ടുന്ന ന്യായമായ അവകാശമാണല്ലോ തിരുകേശ ദര്‍ശന പുണ്യം. പക്ഷേ, എന്തുകൊണ്ട് അങ്ങനെയൊന്നുണ്ടായില്ല? അബൂബക്കറി(റ)ന്റെ അവഗണനയാണോ, ഉമറി(റ)ന്റെ അശ്രദ്ധയാണോ, ഉസ്മാ(റ)ന്റെ സ്നേഹമില്ലായ്മയാണോ? അലി(റ)യുടെ നബിസ്നേഹം കളവാണോ? ഏറ്റവും നല്ല കാലം തന്റെ കാലമാണെന്നും തുടര്‍ന്നുള്ള ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ വിശ്വാസികള്‍ തൊട്ടടുത്താണെന്നും പ്രഖ്യാപിച്ച റസൂലിന്റെ പ്രവചനമനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലൊന്നും”പ്രത്യക്ഷപ്പെടാത്ത തലമുടി മാഹാത്മ്യം കശ്മീര്‍ വഴിയും അബൂദബി വഴിയും കാരന്തൂരിലെത്തിയത് ഏറെ ദുരൂഹമാണ്. ഇത്തരം ദുരൂഹതകളിലൂടെ കാണപ്പെടേണ്ടതല്ല നബി(സ)യുടെ ശേഷിപ്പുകള്‍. അങ്ങനെ രൂപപ്പെടേണ്ടതല്ല നബി മാഹാത്മ്യവും തബര്‍റുക്കും. നബി(സ)യുടെ ഒരു വാക്ക് അതിസ്പഷ്ടമായ പഠനത്തിലൂടെ നബിയുടേതാണെന്ന് അംഗീകരിക്കപ്പെട്ടാല്‍ മാത്രം സ്വീകരിക്കുന്നവരാണ് മുസ്ലിംകള്‍. അല്ലാത്തവ നബിയുടെ ഖൌല്‍ (വചനം) ആയി അംഗീകരിക്കാറില്ല. അതേയവസരം അത്തരം സ്പഷ്ടവും കണിശവുമായ യാതൊരു അന്വേഷണവും നടത്താതെ കേവലം അവകാശവാദത്തിലൂടെ ഒരു മുടി നബിയുടെ ബാല്‍ (ഹസ്റത് ബാല്‍) ആയി അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ വിശ്വാസികള്‍ക്കത് അസ്വീകാര്യമാണ്.
ഇവിടെ പൌരോഹിത്യം ഒരു പുതിയ മതം തന്നെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. ദീനുല്‍ ഇസ്ലാമിലെ പല അംഗീകൃത യാഥാര്‍ഥ്യങ്ങളെയും നിഷേധിച്ചുകൊണ്ടാണ് ആ മതം രൂപപ്പെടുന്നത്. ലൈലത്തുല്‍ ഖദ്റാണ് ഏറ്റവും വിശുദ്ധമായ രാവെന്ന് ഖുര്‍ആനിലൂടെ നാം ഗ്രഹിക്കുമ്പോള്‍ പൌരോഹിത്യ മതം പറയുന്നു മുഹമ്മദ് ജനിച്ച രാവാണ് ഏറ്റവും പുണ്യമായ രാവെന്ന്. വിശ്വാസികള്‍ ഒന്നാം സ്ഥാനം മക്കക്കും രണ്ടാം സ്ഥാനം മദീനക്കും മൂന്നാം സ്ഥാനം ഖുദ്സിനുമാണ് നല്‍കേണ്ടതെന്ന് നബി(സ) വ്യക്തമായി പഠിപ്പിച്ചിരിക്കെ, പൌരോഹിത്യ മതം പറയുന്നു ഏറ്റവും പുണ്യമായ മണ്ണ് നബിയുടെ ഖബ്റിലെ മണ്ണാണെന്ന്. സംസം ജലം അല്ലാഹുവിന്റെ അടയാളമായി ലോകാത്ഭുതമായി വിശ്വാസികള്‍  അനുദിനം ശേഖരിച്ച് ലോകം മുഴുക്കെ വിതരണം ചെയ്യുന്ന പുണ്യജലമായി  ജനമനസ്സില്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍, പൌരോഹിത്യം പറയുന്നു, പുണ്യജലം നബിയുടെ കൈവിരലുകള്‍ക്കിടയിലൂടെ നിര്‍ഗളിച്ച ജലമാണെന്ന്.
ദീനുല്‍ ഇസ്ലാമിലെ അംഗീകൃത ശിആറുകളെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഒരു പുതിയ ശിആര്‍ കണ്ടെത്തി അവിടെ പൌരോഹിത്യ മതത്തിന്  ഒരു തീര്‍ഥാടന കേന്ദ്രം പണിയാനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. അങ്ങനെ മക്കക്കും മദീനക്കും ഖുദ്സിനുമപ്പുറം കാരന്തൂര്‍ മര്‍കസ് തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുന്ന ഈ കൊടിയ ബിദ്അത്ത് തടയല്‍ നമ്മുടെ തജ്ദീദി ബാധ്യതയാണ്.
മൂസാ നബി യഹൂദികളാല്‍ അപമാനിക്കപ്പെട്ടു. ഉസൈര്‍, ഈസ എന്നിവര്‍ക്ക് ദൈവപുത്രന്മാര്‍ എന്ന വ്യാജ പട്ടം നല്‍കി. ഈസയെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്ത്തിയതു പോലെ നിങ്ങള്‍ എന്നെ അധികമായി വാഴ്ത്തരുതെന്ന് റസൂല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യഹൂദി-നസാറാക്കള്‍ അവരുടെ നബിമാരുടെ ഖബ്റിടങ്ങളെ ആക്കിയ പോലെ എന്റെ ഖബ്റിടത്തെ നിങ്ങള്‍ ആരാധനാ കേന്ദ്രമാക്കരുതേയെന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ മുന്നറിയിപ്പുകളുടെയെല്ലാം ചൈതന്യം ലംഘിക്കപ്പെടുന്ന ഒരു ആത്മീയ വാണിഭ കേന്ദ്രമാണ് 40 കോടിയില്‍ പണിയുന്ന ശഅ്റേ മുബാറക് (?) മസ്ജിദ്.
റസൂലിനോട് യഥാര്‍ഥത്തില്‍ സ്നേഹമുള്ളവര്‍ ഇതിനെതിരെ പ്രതിരോധ കോട്ടകളുയര്‍ത്തട്ടെ.
http://www.prabodhanam.net/Issues/19.3.2011/khalidmoosa.html
മേല്‍ വിഷയത്തിലെ ലേഖകന്റെ ഖുതുബ ഇവിടെ കേള്‍ക്കാം.

ഭാഗം-1

ഭാഗം-2

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More