വ്യാജകേശ വിവാദത്തെ സംബന്ധിച്ച് നാലാമതൊരു പോസ്റ്റ് കൂടി എഴുതണമെന്ന് ആഗ്രഹിച്ചതേയല്ല. രണ്ടാമത് പോസ്റ്റോടു കൂടി തന്നെ ചിന്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായതാണ്. എന്നാല്‍ സ്വന്തം ചിന്താശേഷി മറ്റുപലര്‍ക്കും പണയപ്പെടുത്തിയ ഒരു കൂട്ടര്‍ കളവുകള്‍ കൊണ്ട് പന്തല് കെട്ടുന്നത് കണ്ടപ്പോള്‍ അതൊന്നു പൊളിച്ചടുക്കാന്‍ തന്നെയാണ് തിരുനിഴല്‍ ദര്‍ശനംപ്രസിദ്ധീകരിച്ചത്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ലെന്ന് ഇടയ്ക്ക് പലരും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും തല്‍ക്കാലം തീരുമാനത്തില്‍ ഉറച്ചു നിന്നത്തിന്റെ കാരണം, ഉറക്കം നടിച്ചവര്‍ പോലും 'ഉണര്‍ന്നെണീറ്റു' മര്‍ക്കസിലേക്കും സിറാജിലേക്കും നിരന്തരം നിര്‍ഭയം സത്യാവസ്ഥ അന്വേഷിച്ചു ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് ബോധ്യപ്പെട്ടത് കൊണ്ടായിരുന്നു. ഞാനും ഇടയ്ക്കിടയ്ക്ക് മര്‍ക്കസില്‍ വിളിച്ചു കളവുകളുടെ പുതിയ വേര്‍ഷനുകള്‍ ഇറങ്ങുന്നത് നിരീക്ഷിച്ചു വരികയായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടു മര്‍ക്കസിലേക്ക് വിളിച്ച ഒരാള്‍ക്കും സത്യസന്ധമായ മറുപടി ലഭിച്ചിട്ടുണ്ടാവില്ലെന്നു എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. ആര്‍ക്കെങ്കിലും സംശയമുണ്ടെകില്‍ മര്‍ക്കസിലേക്ക് ഒന്നു വിളിച്ചു നോക്കണം. ഖസ്രജിയുടെ കൈവശം നീണ്ട ഒരുപാട് മുടികള്‍ ഉള്ള കാര്യം ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഇപ്രകാരം മറുപടി ലഭിക്കും. "അതൊക്കെ വെറുതെ പറയുന്നതാ... ആ മുടിയും ഈ മുടിയും രണ്ടും രണ്ടാ... ഉസ്താദിന് ലഭിച്ച മുടി ഒരു വിരലിന്റെ അത്ര വലുപ്പമേ വരൂ... അതിന്റെ 'വ്യക്തമായ' സനദും ഇവിടെയുണ്ട്." വീണ്ടും നിങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചാല്‍ ഉത്തരം ഇങ്ങനെ വരും. "ഖസ്രജിയുടെ കൈയ്യില്‍ എന്തൊക്കെയുണ്ടെന്നു ഞങ്ങള്‍ അന്വേഷിച്ചിട്ടില്ല." അപ്പൊ ഈ ഖസ്രജിയും സനദും തമ്മില്‍ ബന്ധമൊന്നുമില്ലേ! പ്രവാചാകന്റെത് എന്നു പറഞ്ഞു കുറേ മുടിക്കെട്ടുകള്‍ സൂക്ഷിക്കുന്ന വ്യക്തി സനദില്‍ പ്രബലനാവുന്നതെങ്ങിനെ? ഇതിനുമുണ്ട് മറുപടി "സനദ് ജനലക്ഷങ്ങളുടെ മുന്നില്‍ വെച്ച് വായിച്ചു കേള്പ്പിച്ചതാ... ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി അടക്കം വേദിയില്‍ സാക്ഷികളായതാ... ഇനിയും മതിയാവാതെ നേരില്‍ കാണേണ്ടവര്‍ മര്‍ക്കസിലേക്ക് നേരിട്ട് വന്നാല്‍ മതി"
ഇത്രയും കേട്ടാല്‍ ഒരുവിധം സാധാരണക്കാര്‍ അന്വേഷണ പരിപാടി നിര്‍ത്തും. എന്നാല്‍ ചെമ്മാട് ദാറുല്‍ ഹുദായിലെ ആബിദ് ഹുദവിക്ക് അങ്ങനെ തോറ്റു കൊടുക്കാന്‍ പറ്റില്ലെന്ന് തോന്നി. കാന്തപുരം അനുയായികളായ സുഹൃത്തുക്കളോടൊപ്പം മര്‍ക്കസിലെത്തിയപാടെ ഹുദവിയെ സ്വീകരിച്ചാനയിച്ചു കൊണ്ട് പോയത് ഉസ്താദിന്റെ ബുഖാരി ദര്സിലേക്ക്. അവിടെ എത്തുമ്പോഴേക്കും ക്ലാസ് കഴിഞ്ഞു പ്രാര്‍ത്ഥന തുടങ്ങിയിരുന്നു. ഖസ്രജിയില്‍ നിന്നും ലഭിച്ച മുടിയുടെ സനദ് നേരില്‍ കാണണമെന്ന ആഗ്രഹം ഉസ്താദിനെ ദൂതന്മാര്‍ മുഖേന അറിയിച്ചപ്പോള്‍ 'വരവ് ഔദ്യോകികമാണോ'യെന്ന മറുചോദ്യമുയര്‍ന്നു. അല്ലെന്ന മറുപടി കാന്തപുരത്തിന് ദഹിച്ചില്ല. 'എന്നാല്‍ കാണിക്കേണ്ട കാര്യമില്ല' എന്ന പ്രതികരണം ഉസ്താദില്‍ നിന്നും ആബിദ് ഹുദവി പ്രതീക്ഷിച്ചു കാണില്ല. 'സനദ് കാണമെങ്കില്‍ മര്‍ക്കസിലേക്ക് വാ' എന്ന് വലിയവായില്‍ ക്ഷണിക്കുന്നവരുടെ കപടമുഖമാണ് ആ യുവപണ്ഡിതന് മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടത്. വന്ന സ്ഥിതിക്ക് കണ്ടോട്ടെയെന്ന സ്വന്തം അനുഭാവിയുടെ റെക്കമെന്റിന് ഫലമുണ്ടായി. ആകാക്ഷാപൂര്‍വമായ കാത്തിരിപ്പിനൊടുവില്‍ സ്ലേറ്റിന്റെ വലുപ്പത്തിലുള്ള 'സനദിന്റെ' ഫ്രെയിംഡ് കോപ്പി കൊന്നാലും കൈവിട്ടു തരില്ലെന്ന ഭാവത്തില്‍ മുറുക്കിപ്പിടിച്ച കാന്തപുരം വായന തുടങ്ങി. വായിച്ചു തുടങ്ങിയപ്പോഴാണ് ഹുദവിക്കും സംഗതി ബോധ്യമായത്. 'സനദ് മൂയെ മുബാറക് ' എന്ന ശീര്‍ഷകത്തിലുള്ള ഉര്‍ദുവില്‍ രേഖപ്പെടുത്തിയ സാക്ഷ്യപത്രം ബറക്കാത്തി കുടുംബം കൈമാറി എന്ന് പറയപ്പെടുന്ന താടി രോമത്തിന്റെതായിരുന്നു. അത് പോലും വ്യക്തമായ സനദല്ലെന്ന് കാന്തപുരം തന്നെ സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഞെട്ടാതിരിക്കാന്‍ ഹുദവിക്കാവുമോ? വ്യക്തമായത് ഉസ്താദിന്റെ കൈയ്യില്‍ തന്നെയാണത്രേ ഉള്ളത്. എങ്കില്‍ പിന്നെ എന്തിനായിരുന്നു ഒരു ഡെമോ പ്രദര്‍ശനമെന്നൊന്നും ചോദിക്കരുത്. കുഫ്റു വരും! യുക്തിവാദിയാവും!! രണ്ടാമത്തെ മുടിയുടെ സനദിന് വേണ്ടി ആവശ്യമുയര്‍ന്നപ്പോള്‍ അവിടെ നടന്നത് ആസൂത്രിതമായ നാടകം തന്നെയായിരുന്നു. വേദിയിലേക്ക് ഓടിയെത്തുന്ന സഖാഫി, "ഉസ്താതെ...രണ്ടാമതെതിന്റെ സനദ് പിന്നെ ......" എന്ന പകുതി മുറിഞ്ഞ ഡയലോഗ്, " അതെ,അതെ...അത് പിന്നെ സംശയിക്കേണ്ടതില്ല ല്ലോ ..... ജന ലക്ഷങ്ങളുടെ മുമ്പില്‍ വെച്ചല്ലേ വായിച്ചു കേള്പിച്ചത് ....അതിന്റെ സീഡിയുമുണ്ടല്ലോ .!" എന്ന മുഖവുരയോടെ കാന്തപുരത്തിന്റെ ക്ലൈമാക്സ് ഡയലോഗും, "ഹിദായത്തുള്ളവര്‍ ഇത് അംഗീകരിക്കും...... അല്ലാത്തവര്‍ക്ക് പോകാം .....
കുഫ്ര്‍ വരണ്ടല്ലോ എന്ന്‍ വിചാരിച്ചു വായിച്ചതാ......." തിരിച്ചു പോരും വഴി ഹുദവിക്ക് മര്‍ക്കസില്‍ നിന്നും ഒരു ഫോണ്‍ "രണ്ടാമത്തേത് സമ്മേളനത്തില്‍ വെച്ച് വായിച്ചത് കൊണ്ടാ..." സംഗതി ക്ലീന്‍!!
ഗ്രൂപ്പ് മെയിലില്‍ ഹുദവിയുടെ വിശദീകരണം കണ്ടപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. താന്‍ മര്‍ക്കസില്‍ പോയി സനദ് കണ്ടു തൃപ്തിപ്പെട്ടെന്നത് പച്ചക്കള്ള പ്രചരണം മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഉസ്താദിനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു കരഞ്ഞുവെന്നു പോലും ഈ മനുഷ്യനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ഒരുകൂട്ടര്‍.
എങ്ങിനെയുണ്ട്? സനദ് കാണാന്‍ പോയ ഒരു യുവപണ്ഡിതന്റെ അനുഭവം ഇങ്ങനെയെങ്കില്‍ സാധാരണക്കാരായ ആളുകളെ മര്ക്കസിലേക്ക് വിളിച്ചു വരുത്തുന്നതിന്റെ യുക്തിയെന്താവും? പറ്റിപ്പോയ അബദ്ധം ഇനിയെങ്കിലും സമ്മതിക്കുന്നതാണ് ബുദ്ധി. ഒരു മുടിക്ക് വേണ്ടി കെഞ്ചി വര്‍ഷങ്ങളോളം ഖസ്രജിയുടെ പുറകെ കാന്തപുരം നടന്നിരുന്നുവെന്നാണ് സഖാഫികള്‍ പാടി നടക്കുന്നത്. ആ നടത്തത്തിനിടയില്‍ ഒരിക്കല്‍ പോലും ഖസ്രജിയുടെ കൈയ്യിലെ തിരുമുടിക്കെട്ടുകളുടെ യാഥാര്‍ത്ഥ്യം അന്വേഷിക്കാന്‍ കാന്തപുരം മിനക്കെട്ടില്ല എന്ന് വിശ്വസിക്കുക പ്രയാസം തന്നെയാണ്. പിന്നെയെന്താണ് സംഭവിച്ചത്? തിരുമുടിക്കെട്ടിലെ 'മുഅജിസത്ത് - കറാമത്ത് ' കൂടുതലുള്ള നീണ്ടു വളര്‍ന്ന മുടി സ്വീകരിക്കാതിരുന്നതെന്തു കൊണ്ട്? ഒരു വിരലോളം വലുപ്പത്തിലുള്ള മുടിയെക്കാള്‍ പ്രാധാന്യം നീണ്ടു വളര്‍ന്നു കൊണ്ടിരിക്കുന്ന മുടിക്കാണെന്ന് കാന്തപുരത്തെ ആരെങ്കിലും പഠിപ്പിക്കേണ്ടതുണ്ടോ? അതോ ഞാന്‍ മുമ്പ് സൂചിപ്പിച്ച പോലെ ലഭിച്ചിരിക്കുന്നത് ഒരു 'വിത്ത് മുടി'യാണോ? അതുമല്ല, ലഭിച്ച നീണ്ട മുടി വെട്ടി ചെറുതാക്കിയാതാണോ?
വ്യക്തമാക്കേണ്ടത് കാന്തപുരം തന്നെയാണ്. ഒന്നുകില്‍ ഖസ്രജിയുടെ കൈയ്യില്‍ മുടിക്കെട്ടില്ലെന്നു പരസ്യമായി പറയണം. അതല്ലെങ്കില്‍ ആ മുടിക്കെട്ടിന്റെ നീളവും എണ്ണവും ആളുകളില്‍ ഉയര്‍ത്തിയ സംശയങ്ങളെ ദൂരീകരിക്കണം. അല്ലാതെ, തനിക്കു കിട്ടിയ മുടി നീളം കുറഞ്ഞതാണെന്നും മറ്റുള്ളവയെ കുറിച്ച് താനറിയേണ്ട എന്നുമുള്ള നിലപാട് സ്വീകരിക്കുകയല്ല അദ്ദേഹം ചെയ്യേണ്ടത്. നീണ്ടു വളര്‍ന്നു പന്തലിച്ച ആയിരക്കണക്കിന് മുടിക്കെട്ടുമായി ഇരിക്കുന്ന ഒരാളെ തനിക്കു ലഭിച്ച കുഞ്ഞു മുടിയുടെ സനദിലെ പ്രബലവ്യക്തിയായി അവതരിപ്പിക്കാനുള്ള നീക്കം എത്രമാത്രം അപഹാസ്യകരമാണെന്ന് ഉസ്താദിനെ മര്‍ക്കസിലെ കുഞ്ഞാടുകളെങ്കിലും ഒന്നു ബോധ്യപ്പെടുത്തിക്കൊടുക്കണം.
ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ കൊടുത്ത കേശത്തിന്റെ നിഴലുള്ള ഫോട്ടോ വ്യാജമാണെന്നാണ് മറ്റൊരു ആരോപണം. പച്ചക്കള്ളം എന്റെ പോസ്റ്റില്‍ മാത്രമല്ല, നാടുനീളെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. മുടിപ്പള്ളിക്ക് പിരിവിനു പോകുന്നവര്‍ വല്ലാഹി കൊണ്ട് പെരുമഴ പെയ്യിക്കുന്നത് കാണുമ്പോള്‍ ഇവരോട് തെറ്റിപ്പിരിഞ്ഞ ഒരു സഖാഫിയുടെ വാക്കുകള്‍ ഓര്‍ത്തു പോവുകയാണ്. 'ഉസ്താദ് വല്ലാഹി എന്ന് പറഞ്ഞാല്‍ ആ പറഞ്ഞത് കളവാണ്, സുമ്മ വല്ലാഹി എന്ന് പറഞ്ഞാല്‍ പച്ചക്കള്ളവും!'.
ഇത്രമാത്രം വിവാദം മുടിവിഷയത്തില്‍ ഉണ്ടായിട്ടും സമ്മേളനത്തില്‍ വായിച്ച 'ഖസ്രജി കുടുംബ സനദിനപ്പുറം' വ്യക്തമായ ഒരു രേഖയും ഹാജരാക്കാന്‍ മുടിവാദികള്‍ക്ക് കഴിയാത്തത് അവരുടെ പരാജയം തന്നെയാണ് വിളിച്ചു പറയുന്നത്. നാളെ മരണത്തെ അഭിമുഖീകരിക്കണം എന്ന ചിന്ത പോലും ഇക്കൂട്ടര്‍ക്ക് നഷ്ടമായിരിക്കുന്നു. മുടിയുടെ എണ്ണവും നീളവും വ്യക്തമാക്കുന്ന ഫോട്ടോകള്‍ കള്ളമാണെന്ന് പ്രചരിപ്പിച്ച്, ഖസ്രജിയുടെ വസ്ത്രത്തില്‍ നിഴല്‍ പതിക്കുന്ന ചിത്രം ഞാന്‍ നിര്‍മ്മിച്ചതാണെന്ന ആരോപണം ഉന്നയിച്ച് പറഞ്ഞു പോയ കളവുകള്‍ക്ക് മേലെ പുതിയ കളവുകള്‍ ഏച്ചുകെട്ടി മുടിപ്പള്ളിയുടെ ടോക്കണ്‍ വില്‍ക്കാന്‍ വേണ്ടി നാടു നീളെ ഓടിനടക്കുന്നതിനിടയില്‍ ഒരുനിമിഷം ചിന്തിക്കുക; വിയര്‍പ്പില്‍ കുളിക്കുന്ന പരലോക മൈതാനിയില്‍ നഫ്സി നഫ്സീയെന്ന വിളിക്കപ്പുറം പ്രവാചക തിരുമേനിയുടെ ശഫാഅത്ത് ചോദിക്കാന്‍ പോലും അര്‍ഹതയില്ലാതെ, പ്രവാചകരെ കുറിച്ച് കള്ളം പറഞ്ഞ് നരകത്തീയില്‍ സീറ്റൊരുക്കിയവരില്‍ നിങ്ങളും പെട്ടുപോയിട്ടുണ്ടോയെന്ന്! എങ്കില്‍ അന്ന് നിങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍, പുതിയ കളവുകള്‍ പഠിപ്പിക്കാന്‍ നിങ്ങളോടൊപ്പം കാന്തപുരം കാണില്ല, പ്രൊജക്ടര്‍ സ്ക്രീനുകളുമായി സഖാഫിമാരും ഉണ്ടാവില്ല!
സനദ് പരിശോദിക്കാനെത്തിയ ഹുദവിഇതും കാണുക : EKവിഭാഗം മുടിയുടെ സനദ് പരിശോദനക്കായി കാന്തപുരത്തെത്തി
ശ്രദ്ധേയന്റെ ബ്ലോഗ് രചന-1 പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം!
ശ്രദ്ധേയന്റെ ബ്ലോഗ് രചന-2 തിരുമുടിയാട്ടം: രണ്ടാം ഖണ്ഡം
ശ്രദ്ധേയന്റെ ബ്ലോഗ് രചന-3 തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...