Thursday, March 10, 2011

തിരുമുടി വിവാദത്തില്‍ ഇ കെ സുന്നികള്‍ കാന്തപുരത്തിനെതിരെ


    Printer-friendly version
    പ്രവാചകന്‍ മുഹമ്മദ് നബിയുടെ തലമുടിനാരുകള്‍ പ്രതിഷ്ഠിക്കാനായികാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍പണിയുന്ന നാല്‍പ്പത് കോടിയുടെ പള്ളിക്കും പ്രവാചകന്റെ തലമുടിക്കുമെതിരെ മുസ്ലീം സംഘടനകളും പണ്ഡിതന്മാരും രംഗത്ത്. മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുള്ളയാണ് തിരുകേശത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. എന്‍ ഡി എഫിന്റെ പത്രമായ തേജസില്‍ അബ്ദുള്ള ഈ വിഷയം ഉന്നയിച്ചുകൊണ്ട് എഴുതിയ ലേഖനത്തിന് കാന്തപുരം സുന്നിവിഭാഗത്തിന്റെ പത്രമായ സിറാജില്‍ നിന്ന് അല്‍പം ഭീഷണി കലര്‍ന്ന മറുപടിയാണ് പുറത്തുവന്നത്. 
    കാന്തപുരം സുന്നികളുടെ നേര്‍ എതിരാളികളായ ഇ കെ വിഭാഗം സുന്നികളും തിരുമുടിക്കെതിരെ പരസ്യമായി രംഗത്തെത്തി. നേതാവാരെന്ന കാര്യത്തില്‍ ഒഴികെ വിശ്വാസത്തിലും ആചാരത്തിലും അനുഷ്ഠാനകര്‍മ്മത്തിലുമൊന്നും ഇരുവിഭാഗം സുന്നികളും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. തിരുശേഷിപ്പുകളെ ആദരിക്കണമെന്ന കാര്യത്തിലും ഇ കെ വിഭാഗം സുന്നികള്‍ക്കും സംശയങ്ങളില്ല. എന്നാല്‍ കാന്തപുരം മുസല്യാരുടെ കയ്യിലുള്ള തിരുശേഷിപ്പിന്റെ നിജസ്ഥിതിയെക്കുറിച്ചാണ് ഇപ്പോള്‍ ഇ കെ വിഭാഗത്തിന്റെ ആശങ്ക. മാത്രമല്ല നാല്‍പ്പത് കോടിയുടെ പള്ളി പണിയാനുള്ള പണം പിരിക്കാന്‍ കാന്തപുരം ആഹ്വാനം ചെയ്തതിലും ഇ കെ വിഭാഗം സുന്നികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. 
    ഇ കെ വിഭാഗം സുന്നികള്‍ക്കിടയില്‍ അറിയപ്പെടുന്ന പണ്ഡിതനും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ഈ ആത്മീയ തട്ടിപ്പിനെ കരുതലോടെ കാണണമെന്നാണ് മുസ്ലീം വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്ലീം ജനകോടികളുടെ നേതാവായ പ്രവാചകന്‍മുഹമ്മദ് നബി തിരുമേനിയുടെ കേശമെന്ന പേരില്‍ ആയിരക്കണക്കിന് വിശ്വാസികളെ വിഡ്ഢികളാക്കുന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആത്മീയ തട്ടിപ്പാണിതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. 
    കോഴിക്കോട്ടെ ആത്മീയ നേതാവിന് പ്രവാചകന്റെ തിരുകേശം നല്‍കിയെന്ന് പറയപ്പെടുന്ന യു എ ഇയിലെ പണ്ഡിതന്‍ ഡോ. അഹമ്മദ് ഖസ്‌റജി പ്രവാചകന്റേത് എന്ന് അവകാശപ്പെടുന്ന ആയിരക്കണക്കിന് കേശങ്ങളാണ് പലയിടത്തും പ്രദര്‍ശിപ്പിക്കുകയും അനേകം പേര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിട്ടുള്ളത്. പ്രവാചകന്റെ കേശം അത്യപൂര്‍വ്വം ഇടങ്ങളില്‍ മാത്രമാണ് സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍ പ്രവാചകന്റെ വിയോഗത്തിന്  ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇത്രയേറെ കേശങ്ങളുമായി ആരെങ്കിലും വിശ്വാസത്തെ ചൂഷണം ചെയ്യുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി പറയുന്നു. 
    ലോകത്തുള്ള തൊണ്ണൂറ് ശതമാനം മുസ്ലീങ്ങളും തിരുശേഷിപ്പുകളില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്ത് അതിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച് പള്ളികളും സാംസ്‌കാരിക കേന്ദ്രങ്ങളും നിര്‍മ്മിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിന് വലിയ വില നല്‍കേണ്ടിവരും. നേരത്തെ പ്രവാചകന്റെ തിരുകേശം തങ്ങളുടെ സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വാദിക്കുകയും അതിന്റെ പേരില്‍ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യുന്നതിനിടെ ഇതിന്റെ സത്യസ്ഥിതി അറിയുന്നതിന് പരിശോധന നടത്തണമെന്ന് വെല്ലുവിളികള്‍ ഉയര്‍ന്നപ്പോള്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറി പുതിയ കേശവുമായി രംഗത്തെത്തുകയായിരുന്നു കാന്തപുരമെന്നും ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ആരോപിച്ചു. 
    ഇ കെ വിഭാഗം സുന്നികളുടെ യുവജന സംഘടനയായ എസ് കെ എസ് എസ് എഫും തിരുമുടിക്കെതിരെ പരസ്യമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
    ഇ കെ സുന്നികളുടെ പ്രതിഷേധങ്ങള്‍ക്ക് ഉടനടി തന്നെ കാന്തപുരം വിഭാഗം മറുപടി നല്‍കി. ആയിരക്കണക്കിന് പ്രവാചക തിരുകേശം അബൂദാബി ഹെറിറ്റേജ് മേധാവി ഷൈഖ് ഖസ്‌റജി വിതരണം ചെയ്തുവെന്ന ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ പ്രസ്താവന സത്യവിരുദ്ധവും കറകളഞ്ഞ ജല്‍പനവുമാണെന്ന് കാന്തപുരത്തിന്റെ ആസ്ഥാനമായ കാരന്തൂര്‍ മര്‍കസില്‍ നിന്ന് പുറത്തിയ പ്രതിഷേധക്കുറിപ്പില്‍ പറയുന്നത്. 
    പ്രവാചക തിരുകേശത്തിനെതിരെയും ഷൈഖ് ഖസ്‌റജിക്കെതിരെയും തരംതാഴ്‌ന്ന പ്രസ്താവനയിറക്കിയ ബഹാവുദ്ദീന്‍ നദ്‌വി തന്റെ പ്രസ്താവനക്ക് അടിസ്ഥാനമാക്കിയ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാവണമെന്ന് മര്‍കസ് മീഡിയാഫോറം അറിയിച്ചു. സുന്നിവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും പ്രവാചകവിരുദ്ധര്‍ക്കും തണലേകുന്നതരത്തിലുള്ള പ്രസ്താവനയിലൂടെ ബഹാവുദ്ദീന്‍ നദ്‌വിയുടെ പാണ്ഡിത്യ ഷണ്ഡീകരണമാണ് വെളിപ്പെട്ടത്. സുന്നിവിരുദ്ധ നപുംസകങ്ങള്‍ക്ക് കുഴലൂതുന്ന പ്രവൃത്തികള്‍ ഒരു പണ്ഡിതനെന്ന നിലക്ക് ബഹാവുദ്ദീന്‍ നദ്‌വിക്ക് യോജിച്ചതല്ല. പ്രവാചക വിരുദ്ധ അക്ഷരങ്ങളുമായി ഉപജീവനം നടത്തുന്ന ഒ അബ്ദുള്ളക്ക് തണലേകാന്‍ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തിയ ചില സാംസ്‌കാരിക മച്ചുനന്‍മാരെയും വിശ്വാസികള്‍ തിരിച്ചറിയണമെന്നും മര്‍കസ് മീഡിയാഫോറം ഭാരവാഹികള്‍ അറിയിച്ചു.  
    കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ കയ്യില്‍ പ്രവാചകന്റെ മൂന്ന് തലമുടിനാരുകള്‍ ഉണ്ടെന്നാണ് എ പി വിഭാഗം സുന്നികള്‍ അവകാശപ്പെടുന്നത്. രണ്ടെണ്ണം മുമ്പ് ഉണ്ടായിരുന്നു. ഒരെണ്ണം അബൂദാബി ഹെറിറ്റേജ് മേധാവി ഷൈഖ് ഖസ്‌റജി അടുത്തിടെ നല്‍കി. ഈ തിരുമുടിയിഴകള്‍ സൂക്ഷിക്കുന്നതിനായാണ് 40 കോടി രൂപ മുടക്കി കാരന്തൂരില്‍ പള്ളി സ്ഥാപിക്കുന്നത്.
    ഉറവിടം

    0 comments:

    Post a Comment

    ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

    Twitter Delicious Facebook Digg Stumbleupon Favorites More