Monday, March 14, 2011

ശതകോടികളുടെ വിശുദ്ധരോമം!



പ്രവാചകകേശത്തിന്റെ പേരില്‍ സാമ്പത്തിക ചൂഷണത്തിനൊരുങ്ങുന്ന യാഥാസ്ഥിതിക തന്ത്രങ്ങളെക്കുറിച്ച്‌ എ പി കുഞ്ഞാമു എഴുതിയ ലേഖനം (ലക്കം 30) ശ്രദ്ധേയമായി. മുഹമ്മദ്‌ നബി(സ)യോടുള്ള `ഹുബ്ബി'ന്റെ ആധിക്യത്താല്‍ സലഫുസ്സ്വാലിഹുകളൊന്നും ചെയ്‌തിട്ടില്ലാത്ത പലതരം ആചാരങ്ങള്‍ സുന്നികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മേല്‍മുറിയിലെ സ്വലാത്ത്‌ നഗറില്‍ വരാനോ നബി(സ)യുടെ മുടിയിട്ട വെള്ളം നുണയാനോ കഴിയാതെ എത്രയെത്ര സുന്നികളാണ്‌ മരണപ്പെട്ടത്‌! ഇവരുടെയൊക്കെ അവസ്ഥ ഇനിയെന്താകും? നബി(സ)യോട്‌ ഹുബ്ബുള്ളവര്‍ അവിടുത്തെ ജീവിതചര്യകള്‍ പിന്‍പറ്റുകയായിരുന്നില്ലേ വേണ്ടത്‌ എന്ന്‌ ഇവരോട്‌ ചോദിക്കരുത്‌.

ഒരു അറബിയില്‍ നിന്ന്‌ കാന്തപുരം മുസ്‌ലിയാര്‍ക്ക്‌ കൈമാറിക്കിട്ടിയതെന്ന്‌ അവകാശപ്പെടുന്ന ഈ മുടിക്ക്‌ എന്ത്‌ ആധികാരികതയാണുള്ളത്‌? ഈ മുടി നബി(സ)യുടേതാണെന്ന്‌ ഏതെങ്കിലും മൊല്ലമാര്‍ കിനാവുകണ്ടാലും മതിയാകും! സംഭാവന കൊടുക്കാനില്ലാതെ വന്നപ്പോള്‍ കീശയിലുണ്ടായിരുന്ന ഒരു മുടിയെടുത്ത്‌ ഇത്‌ പ്രവാചകന്റെ(സ) മുടിയാണെന്നും ഈ മുടികൊണ്ട്‌ നിങ്ങള്‍ക്ക്‌ രക്ഷപ്പെടാമെന്നും അറബി വരം കൊടുത്തത്രെ! പുത്തന്‍പള്ളി മഖാമിലെ വെള്ളംപോലെ ഇവര്‍ക്ക്‌ മുടിവെള്ളവും പ്രിയപ്പെട്ടതായിരിക്കും. `ശഅറെ മുബാറക്‌' എന്നാണത്രെ ഈ മുടിയുടെ പേര്‌. ശഅ്‌ര്‍ എന്നാല്‍ മുടി. ഇതിന്റെ കൂടെ മുബാറക്‌ എന്ന്‌ ചേര്‍ത്തിയാല്‍ അത്‌ അനുഗൃഹീതവുമാകും.

വിശുദ്ധ ഖുര്‍ആനില്‍ വിശദമാക്കിയ ഗുഹാവാസികളുടെ ഗുഹക്കു മുന്നില്‍ ഇരുന്നിരുന്ന നായ ഔലിയാക്കന്മാരെ സ്‌നേഹിച്ചതിനാല്‍ സ്വര്‍ഗത്തിലാണെന്ന്‌ ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്‌തുത നായയുടെയോ ഗുഹാവാസികളുടെയോ എല്ലുകളാണെന്നു പറഞ്ഞ്‌ ഏതെങ്കിലും ഒരു എല്ലിന്‍തുണ്ട്‌ ആരെങ്കിലും `അദ്വ്‌മേ മുബാറക്‌' എന്ന്‌ പേരിട്ട്‌ ഇവരത്‌ സ്വീകരിക്കില്ലെന്നാരു കണ്ടു. ഈസ(അ)യെ കുരിശിലേറ്റാന്‍ വേണ്ടി ശത്രുക്കള്‍ മല്‍പിടുത്തം നടത്തിയതിന്നിടയില്‍ കൊഴിഞ്ഞുവീണ മുടിയാണിതെന്നും പറഞ്ഞ്‌ ക്രിസ്‌ത്യാനികള്‍ വന്നാല്‍ ഇവര്‍ അതും സ്വീകരിക്കുമോ? മൂസാ നബി(അ) ഹാറൂന്‍ നബിയുടെ താടിയിലും തലയിലും പിടിച്ചപ്പോള്‍ കൊഴിഞ്ഞുവീണ മുടിയാണിതെന്നും പറഞ്ഞ്‌ ജൂതന്മാര്‍ വന്നാലോ? നുരുമ്പിയ ഒരു കപ്പലിന്റെ അവശിഷ്‌ടവുമായി വന്ന്‌ ഒരാള്‍ ഇത്‌ നൂഹ്‌ നബിയുടെ കപ്പലിന്റെതാണെന്ന്‌ പറഞ്ഞാല്‍ നമുക്കത്‌ നിഷേധിക്കാനാകുമോ? അപ്പോള്‍ സഫീനത്തെ മുബാറക്കയും അദ്വ്‌മേ മുബാറക്കും കല്‍ബേ മുബാറക്കും വരാന്‍ സാധ്യതയുണ്ട്‌, അല്ലേ.

ആര്‍ക്കാണ്‌ നബി(സ) തന്റെ മുടി കൊടുത്തത്‌? ആരാണ്‌ അതിന്റെ സംരക്ഷകരായി ചരിത്രത്തില്‍ അറിയപ്പെട്ടത്‌? 63 കൊല്ലം ജീവിച്ച പ്രവാചകന്റെ ഏത്‌ കാലത്തെ ഏത്‌ ദിവസത്തെ മുടിയാണിത്‌? സ്വഹാബികളും താബിഉകളും ഇമാമുകളും ഈ `ശഅറെ മുബാറക്‌' എന്നു പ്രയോഗിച്ചു കേട്ടിട്ടില്ല. നബി(സ)യുടെ പുണ്യകേശം മാത്രമാണോ ഇങ്ങനെ കൈമാറപ്പെട്ടത്‌? പ്രവാചകന്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും വസ്‌ത്രങ്ങളും ഈ വിധം കൈമാറപ്പെട്ടിട്ടുണ്ടോ? നബി(സ)യുടെ തലപ്പാവാണിതെന്ന്‌ പറഞ്ഞ്‌ ഏതെങ്കിലുമൊരു തലപ്പാവ്‌ കൊണ്ടുവന്നാല്‍ നിങ്ങള്‍ സ്വീകരിക്കുമോ?
അബൂഹിശാം, പേങ്ങാട്ടിരി
ശബാബ് 11.3.2011

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More